മുസ്ലിം ലോകം ചരിത്രവും വർത്തമാനവും

കെ ടി അജ്മൽ പാണ്ടിക്കാട്

ഏകമതവും അതുതന്നെ. ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ)വരെയുള്ള ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തോളം വരുന്ന പ്രവാചകന്മാർ പ്രബോധനം ചെയ്തത് വിശുദ്ധ ഇസ്‌ലാമിന്റെ പരിശുദ്ധ ആശയങ്ങളായിരുന്നു.
അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും വ്യക്തിപൂജയിൽ നിന്ന് അല്ലാഹുവിന്റെ സർവാധിപത്യത്തിലേക്കും ഭൗതികതയുടെ കുടുസ്സിൽ നിന്ന്  ആത്മീയതയുടെ വിശാലതയിലേക്കും മതങ്ങളുടെ അനീതിയിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കും അവർ ജനങ്ങളെ നയിച്ചു കൊണ്ടിരുന്നു .ഒടുവിൽ, മുഹമ്മദ് നബി (സ്വ)യുടെ അറഫാ മൈതാനിയിലെ പ്രഖ്യാപനത്തോടെ വിശുദ്ധ ഇസ്ലാം സമ്പൂർണ്ണമായി.
പ്രവാചകർ കത്തിച്ചുവച്ച പ്രകാശ ദീപത്തിൽ നിന്നും വെളിച്ചം ഉൾകൊണ്ടവർ ആത്മീയ- ഭൗതീക- രാഷ്ട്രീയ -സാമൂഹിക- പുരോഗതികൾ നേടികൊണ്ടേയിരുന്നു. ഹിജ്റ ഒന്നാം നൂറ്റാണ്ട് പിന്നിടുമ്പോഴേക്ക് മുസ്ലിം ഖലീഫമാരുടെ ആധിപത്യം ഇന്ത്യമുതൽ അറ്റ്ലാൻറിക് സമുദ്രം വരെ വ്യാപിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോഴേക്കും ലോകം അതുവരെ ദർശിച്ചിട്ടില്ലായിരുന്ന പല അത്ഭുത കണ്ടുപിടുത്തങ്ങളും മുസ്ലിംപണ്ഡിതന്മാരിലൂടെ ലോകത്തിനു മുന്നിലെത്തി. ഇതെല്ലാം മുസ്ലിംകൾ പ്രത്യേകിച്ച് അറബികൾ നേടിയെടുത്തത് ഇസ്ലാമിന്റെ ഒളിമങ്ങാത്ത പ്രഭയിൽ നിന്നായിരുന്നു.

  അറബികൾ ഇസ്ലാമിന് മുമ്പ്

ഒരു ഭാഗത്ത് വരണ്ട മരുഭൂമി ഭൂമിയും മറ്റു മൂന്നു ഭാഗങ്ങൾ സമുദ്രത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന ഒരു ജന സമൂഹമായിരുന്നു ഇസ്ലാമിന് മുമ്പുള്ള അറബികൾ. അരാജകത്വവും അനാചാരങ്ങളും അശ്ലീലങ്ങളും അധമത്വവും അന്ധകാരവും അറേബ്യൻ ജനതയെ ആകമാനം മൂടിയിരുന്നു. ഇസ്ലാമിനു മുമ്പുള്ള അറബികളുടെ അവസ്ഥയറിയാൻ നമുക്ക് പേർഷ്യൻ ചക്രവർത്തി യസ്ദഗിർദും മുസ്ലിം പ്രതിനിധികളും ഒരു യുദ്ധത്തിനുമുന്നോടിയായി നടത്തിയ സംഭാഷണം വായിച്ചു നോക്കാം .മഹാനായ ഇബ്നു കസീർ (റ)തന്റെ ബിദായയിൽ രേഖപ്പെടുത്തിയതാണ് ഈ സംഭവം.മുസ്ലിംകളോട് പേർഷ്യൻ ചക്രവർത്തി പറഞ്ഞു:അങ്ങേയറ്റം അധപതിച്ചവരും  പരസ്പരം കലഹിക്കുന്ന വരും അംഗസംഖ്യ കുറഞ്ഞതുമായി നിങ്ങളാണ് ഈ ഭൂമിയിൽ കുറവ് എന്നാണ് അറിവ്. തീരപ്രദേശങ്ങളെ ചെറുക്കാൻ ആളുകളെ നിയോഗിക്കുകയല്ലാതെ നിങ്ങളോട് യുദ്ധം ചെയ്യാൻ താൽപര്യമൊന്നും പേർഷ്യക്കില്ല. അംഗസംഖ്യ വർദ്ധിച്ചു എന്ന് തോന്നുന്നുവെങ്കിൽ സ്വയം വഞ്ചിതരാകാതിരിക്കുക. അതല്ല, സാമ്പത്തിക വിഷമമാണ് നിങ്ങളെ ഇങ്ങോട്ട് നയിച്ചത് എങ്കിൽ നിങ്ങൾക്കു സുഭിക്ഷമായ ഭക്ഷണവും വസ്ത്രങ്ങളും നൽകാം. കൂടാതെ ദയാനിധിയായ ഒരു രാജാവിനെ നിങ്ങൾക്ക് നിയോഗിച്ചുതരാം. രാജാവിന്റെ സംഭാഷണത്തിന് മറുപടിയായി മുഗീറബ്നു ശുഅബ (റ) പറഞ്ഞു: “വ്യക്തമായ ധാരണയില്ലാതെയുള്ള വിശേഷണങ്ങളാണ് താങ്ക ൾ ഞങ്ങളെക്കുറിച്ച് നടത്തിയിട്ടുള്ളത് .താങ്കൾ പരാമർശിച്ചതിലുമപ്പുറമുള്ള ശോചനീയ  അവസ്ഥയിലായിരുന്നു ഞങ്ങൾ. പട്ടിണിയും പരിവട്ടവുമായിരുന്നു ഞങ്ങളുടെ കൂട്ട് . ഞണ്ട്, വണ്ട് ,തേൾ ,പാമ്പ് എന്നിവ കൊണ്ടായിരുന്നു ഞങ്ങൾ വിശപ്പകറ്റിയിരുന്നത്. മേൽക്കൂരയില്ലാത്ത ഭൂമി ലോകമായിരുന്നു ഞങ്ങളുടെ വീട്. ആക്രമണമായിരുന്നു ഞങ്ങളുടെ മതം. സ്വന്തം മക്കളെ ഞങ്ങൾ കുഴിച്ചുമൂടിയിരുന്നു. അല്പം മുമ്പ് വരെ ഞങ്ങളുടെ അവസ്ഥ ഇതായിരുന്നു. അതിനിടയിലാണ് അല്ലാഹു ഞങ്ങളിലേക്ക് ഒരു ദൂതനെ നിയോഗിക്കുന്നത്.” ഇസ്ലാമിനു മുമ്പുള്ള അറബികളുടെ അവസ്ഥാവിശേഷങ്ങളാണ് മുകളിൽനിന്ന് മനസ്സിലാക്കപ്പെട്ടത്.

അറബികൾ ഇസ്ലാമിനു ശേഷം

അറേബ്യൻ ഉപഭൂഖണ്ഡത്തിൽ വിശുദ്ധ ഇസ്ലാമിന്റെ വെള്ളിവെളിച്ചം പരന്നതോടെ അതുവരെയുണ്ടായിരുന്ന അറബികളുടെ അപരിഷ്കൃതങ്ങളെല്ലാം അപ്രത്യക്ഷമായി. ഇസ്ലാമികാഗമനത്തോടെ പുരോഗതിയിൽനിന്നും പുരോഗതിയിലേക്കുള്ള കാൽവെപ്പായിരുന്നു അറബികളുടെ ഓരോ ചവിട്ടടികളും. നൂറ്റാണ്ടുകൾക്കുള്ളിൽ പേർഷ്യയും റോമയും ഈജിപ്തും സ്പെയിനും സിറിയയും ആഫ്രിക്കയുമെല്ലാം മുസ്ലിങ്ങളുടെ കൈപ്പിടിയിലൊതുങ്ങി. അങ്ങനെ ഒട്ടകങ്ങളെയും ആടുകളെയും മേച്ചിരുന്നവർ സംസ്കാരത്തിലും ശാസ്ത്രത്തിലും നാഗരികതയിലും വൈജ്ഞാനിക -സാഹിത്യ- സാംസ്കാരിക-ധാർമിക മേഖലകളിലും ഒന്നാമതായി തീർന്നു. ഇസ്ലാമിന്റെ ഈ അത്യപൂർവ്വ വളർച്ചയെക്കുറിച്ച്  അമേരിക്കക്കാരനായ സ്റ്റോർഡാർഡ് പറയുന്നു: ”മനുഷ്യ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട അത്ഭുതങ്ങളിൽ ഒന്നാണ് ഇസ്ലാമിന്റെ ആകസ്മികമായ വളർച്ച. അന്നോളം അധോഗതിയിൽ കഴിഞ്ഞിരുന്ന ഒരു ജനതയിൽ അപ്രശസ്തമായ ഒരു പ്രദേശത്താണ് ഇസ്ലാം പിറവിയെടുക്കുന്നത്.പിറവിയെടുത്ത് പത്ത് ദശകങ്ങൾ കഴിഞ്ഞപ്പോഴേക്കും ആഗോളതലത്തിലെ പകുതിയോളം പ്രദേശങ്ങളിൽ ഇസ്ലാം പ്രചരിക്കുകയുണ്ടായി. വിഖ്യാതമായ ഭരണകൂടങ്ങളെയും പരമ്പരാഗതവും പൗരാണികവുമായ മതങ്ങളെയും ഇസ്ലാമിന്റെവെളിച്ചം നിഷ്പ്രഭമാക്കി.
വേഗതയുള്ള കുതിരപ്പുറത്ത് അഞ്ച് മാസം കൊണ്ട് ചെന്നെത്താൻ സാധിക്കാത്ത ഒരു വലിയ സാമ്രാജ്യം ഡമസ്കസിലെ ഖലീഫമാർ  സ്ഥാപിച്ചെടുത്ത് വെന്ന് എം.ൻ  റോയ് രേഖപ്പെടുത്തിയിട്ടുണ്ട്.

മധ്യകാലഘട്ടത്തിലെ ഇസ്ലാം

മധ്യകാലഘട്ടത്തിൽ ഇസ്ലാം നേടിയ പുരോഗതികൾ എണ്ണമറ്റതായിരുന്നു. ഗോളശാസ്ത്രവും വൈദ്യശാസ്ത്രവും ഉൾപ്പെടെ വൈജ്ഞാനിക ശാസ്ത്രങ്ങളിലും മുസ്ലിങ്ങൾ മുടിചൂടാമന്നരായി മാറി. ഒരുകാലത്ത് കടൽതീരത്ത് കക്ക പെറുക്കി ഉപജീവനമാർഗ്ഗം നടത്തിയിരുന്ന പാശ്ചാത്യർക്ക് കണ്ടുപിടുത്തങ്ങളുടെ താക്കോൽ കൂട്ടങ്ങൾ നൽകിയത് മുസ്‌ലിംകളായിരുന്നു. ഇബ്നു സീനയും  ഇബ്നു ഹൈസമും അബൂബക്കർ റാസിയുമടക്കം നിരവധി മുസ്ലിം  പണ്ഡിതർ ഉയർന്നുവന്നത് മധ്യകാലഘട്ടത്തിലായിരുന്നു. കോർദോവയും ബഗ്ദാദും ഗ്രാനഡയും സ്പെയിനുമെല്ലാം കണ്ടുപിടുത്തങ്ങളുടെയും പുരോഗതിയുടെയും ഉത്ഭവസ്ഥലമായി മാറാൻ തുടങ്ങിയത് ഇസ്ലാം വഴിയായിരുന്നു. ലോകത്ത് ആദ്യമായി ഹോസ്പിറ്റൽ നിർമ്മിച്ചത് മുസ്ലിങ്ങളായിരുന്നു. റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ ജാബിറുബ്നു ഹയ്യാൻ എന്നമുസ്ലിം ശാസ്ത്രജ്ഞൻ സൂറത്തുൽ മുൽകിലെ ആശയങ്ങൾ ഉൾക്കൊണ്ട് വിമാനം പറത്തിയിരുന്നുവെന്ന് മൂടിവെക്കാൻ കഴിയാത്ത ചരിത്രസത്യങ്ങളാണ്. ലക്ഷക്കണക്കിന് ഗ്രന്ഥശേഖരങ്ങളുടെ കലവറയായിരുന്നു ബഗ്ദാദും ഖുത്തുബയുംമെല്ലാം. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ ലോകത്തെ നിയന്ത്രിച്ചിരുന്നത് മുസ്ലിംകളായിരുന്നു. പതിനഞ്ച് ,പതിനാറ്  നൂറ്റാണ്ടുകളിൽ മുസ്ലിങ്ങൾ നേടിയ പുരോഗതിയുടെ എല്ലാം അടിസ്ഥാനം ഈമാനും ഐക്യവുമായിരുന്നു. എന്നാൽ അത് രണ്ടും മുസ്ലിംകളിൽനിന്ന് അപ്രത്യക്ഷമായതോടെ മുസ്ലിം സ്പെയിനും മുസ്ലിം കുർത്തുബയുമെല്ലാം നാമാവശേഷമായി.

മുസ്‌ലിംകളുടെ ശക്തി യാഥാർത്ഥ്യമെന്ത് ?

മുസ്ലിങ്ങൾ യുദ്ധങ്ങൾ ജയിച്ചടക്കിയത് അംഗബലംകൊണ്ടോ ആയുധബലംകൊണ്ടോ ഒന്നുമായിരുന്നില്ല .മറിച്ച് ഈമാന്റെശോഭ കൊണ്ടായിരുന്നു മുസ്ലിങ്ങൾ രാജ്യങ്ങളും സാമ്രാജ്യങ്ങളുമെല്ലാം പിടിച്ചടക്കിയത്.യർമൂഖ് യുദ്ധത്തിൽ മുസ്ലിംകളുടെ ശക്തി പ്രതിപക്ഷമായ റോമക്കാരുടെതിനെക്കാൾ ഇരട്ടികൾ കുറവായിരുന്നു റോമക്കാരുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമായിരുന്നു.മുസ്ലിങ്ങളുടെ എണ്ണം കേവലം ഇരുപത്തിനാലായിരവും.(വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്). ഖാദിസിയ്യ യുദ്ധവും ഏകദേശം ഇതേ അനുപാതത്തിൽ തന്നെയായിരുന്നു. എന്നിട്ടും മുസ്ലിംകൾ ശത്രുക്കളെ പരാജയപ്പെടുത്തിയത് എന്തുകൊണ്ടായിരുന്നു ? ഈമാനി അത്യപൂർവ്വമായ പ്രകാശം അവരുടെ ഉള്ളിൽ നിറഞ്ഞു നിന്നു എന്നതുകൊണ്ട് തന്നെ. മാർക്സ് മേയർ ഹോപ്പ് തൻറെ ദിഇസ്ലാമിക് വേൾഡ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: ആയുധസന്നാഹങ്ങളും അംഗബലവും ഇല്ലാതെ ഗോത്രസമൂഹങ്ങളായ അറബികൾ ഇത്രയും ചുരുങ്ങിയ കാലയളവിൽ അവരെക്കാൾ പതിന്മടങ്ങ് സായുധബലമുള്ള റോമാ- പേർഷ്യൻ സൈന്യങ്ങളെ പരാജയപ്പെടുത്തുക എന്നത് മനസ്സിലാക്കാൻ പ്രയാസമാണ്. വ്യവസ്ഥാപിതവും പ്രബലവുമായ സൈനിക വ്യൂഹങ്ങളോട് അവർ യുദ്ധംചെയ്തു വിജയിച്ചു എന്നത് അത്ഭുതങ്ങളിലൊന്നാണ്. മുസ്ലിങ്ങളുടെ പുരോഗതിയുടെയെല്ലാം മാനദണ്ഡം  ഈമാനായിരുന്നു. ഇങ്ങനെ പറയാൻ വ്യക്തമായ കാരണങ്ങളുണ്ട്.ഇസ്ലാം വരുന്നതിന് മുമ്പ് അറബികൾ അബ്സീനിയയോടും പേർഷ്യയോടും കീഴടങ്ങിയിട്ടുണ്ട്. കൂടാതെ മക്കയിലേക്ക് പടയോട്ടം നടത്തിയ അബ്റഹത്തിന്റെ സൈന്യത്തെപോലും ചങ്കൂറ്റത്തോടെ നേരിടാനുള്ള ധൈര്യവും കെൽപ്പും അറബികൾക്കുണ്ടായിരുന്നില്ല .കബയുടെ നാഥൻ തന്നെ അതിനെ സംരക്ഷിച്ചുകൊള്ളുമെന്നു പറഞ്ഞു ഉൾവലിയാൻ അവരെ പ്രേരിരിപ്പിച്ചത് ഇസ്ലാമിന്റെ അസാന്നിധ്യമായിരുന്നു.
എന്നാൽ ഇസ്ലാമെത്തിയതോടെ അറബികൾക്ക് ധൈര്യവും സ്ഥൈര്യവും ഉണ്ടായിയെന്നതാണ് യാഥാർത്ഥ്യം.
നൂറ്റാണ്ടുകൾക്ക മുമ്പ് പേർഷ്യക്കും റോമിനും മുന്നിൽ കീഴടങ്ങിയവർ നൂറ്റാണ്ടുകൾക്ക് ശേഷം അവനെ മുഴുവൻ തകർത്തെറിഞ്ഞത് ഇസ്ലാമിന്റെയും ഈമാനിന്റെയും പ്രഭാകിരണങ്ങളുടെ സാന്നിധ്യംകൊണ്ട് തന്നെയായിരുന്നു. അതിലേക്ക് വിരൽചൂണ്ടുന്ന ഒരു ചരിത്രം ഇവിടെ കുറിക്കുന്നു.
പരാജയം ഏറ്റുവാങ്ങി കൊട്ടാരത്തിൽ തിരിച്ചെത്തിയ റോമൻ സൈന്യത്തോട് ഹിർഖൽ ചക്രവർത്തി ചോദിച്ചു: എന്തൊരു നാശം. നിങ്ങളോട് യുദ്ധം ചെയ്യുന്ന വിഭാഗത്തെ കുറിച്ച് നിങ്ങൾ എന്നോട് പറയൂ .അവർ നിങ്ങളെ പോലെ മനുഷ്യർതന്നെയല്ലെ?അവർ പറഞ്ഞു: അതെ.
നിങ്ങളാണോ അവരാണോ കൂടുതൽ?ഹിർഖലിന്റെ ചോദ്യത്തിന് അവർ മറുപടി പറഞ്ഞു: എല്ലാ യുദ്ധങ്ങളിലും ഞങ്ങൾ തന്നെയാണ് കൂടുതൽ .ഉടനെതന്നെ വന്നു അടുത്ത ചോദ്യം: പിന്നെ നിങ്ങൾ എന്തുകൊണ്ട് പരാജയപ്പെടുന്നു ? അവരുടെ കൂട്ടത്തിൽ നിന്നും പ്രഗത്ഭനായ ഒരു വയോധികൻ മറുപടി പറഞ്ഞു :അവർ രാത്രികളിൽ നമസ്കരിക്കുന്നു .പകൽ നോമ്പ് പിടിക്കുന്നു. കരാർ പാലിക്കുന്നു.നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു .പരസ്പരം നീതി പുലർത്തുന്നു. ഇതാണ് അവരുടെ വിജയത്തിന്റെ നിദാനം. എന്നാൽ ,നാം മദ്യപിക്കുന്നു. വ്യഭിചരിക്കുന്നു. ആക്രമിക്കുന്നു.  അല്ലാഹുവിൽ അതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇതാണ് നമ്മുടെ പരാജയകാരണം. ഹിർഖൽ അദ്ദേഹം പറഞ്ഞത് ശരിവച്ചു.

മതത്തെമറന്ന മുസ്ലിങ്ങൾ അധോഗതിയിലേക്ക് ആഴ്ന്നിറങ്ങി

യുഗാന്തരങ്ങൾ പിന്നിട്ടതോടെ മുസ്ലിംകളുടെ ഹൃദയങ്ങൾ മരവിച്ചുപോയി. ഈമാനികമായ ചൈതന്യ മുസ്ലിങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് അകന്നു. അതോടെ അധോഗതിയുടെ പടുകുഴിയിലേക്ക് മുസ്ലിം സമൂഹം എടുത്തെറിയപ്പെട്ടു. മുസ്ലിങ്ങളുടെ ശരീരങ്ങൾ ശത്രുക്കൾ കാർന്നുതിന്നാൻ തുടങ്ങി. ലോകത്തിന്റെ വിവിധയിടങ്ങളിൽ പീഡിതരും മർദ്ദിതരുമായി മുസ്ലിം ജനത മാറി. അതിനെല്ലാം കാരണം മുസ്‌ലിംകൾ തങ്ങളുടെ മതത്തെ തന്നെ സ്വയം അവഗണിച്ചുവെന്നത് തന്നെയാണ് .മത നിയമങ്ങളെ കാറ്റിൽ പറത്തി സ്വയേഛയിലേക്ക് അവർ ഉൾവലിഞ്ഞു. ഭൗതിക പരിത്യാഗത്തിന്റെ മാർഗ്ഗം കൈവെടിഞ്ഞ് ഭൗതിക പ്രമത്തതയുടെ വഴി അവർ തെരഞ്ഞെടുത്തു. നന്മയുടെ വഴികളിൽനിന്ന് അവർ വ്യതിചലിച്ചു. തിന്മയുടെ ഉപാസകരായി അവർ മാറി .അതോടെ മുസ്ലിങ്ങൾ നേടിയ പുരോഗതികൾ പഴങ്കഥയായി മാറി. ഇസ്ലാമിക നിയമങ്ങൾ കാറ്റിൽ പറത്തിയതോടെ പ്രവിശാലമായ സാമ്രാജ്യങ്ങളും സമ്പൽസമൃദ്ധമായ ഖജനാവുകളും മുസ്ലിംകൾക്ക് ഉണ്ടായിരുന്നിട്ടു കൂടി അവർ അവഗണിക്കപ്പെട്ടു. നാഗരികതയിലും അതിന്റെ ആർഭാടങ്ങളിലും മികച്ചവർ ആയിരുന്നിട്ടുകൂടി ജനങ്ങൾക്ക് അവരോടുള്ള ആദരവും ഭയവുമെല്ലാം നഷ്ടപ്പെട്ടു.
സജിസ്ഥാനിലെ രാജാവായിരുന്ന റത്ബിൽ നികുതി പിരിക്കാനെത്തിയ യസീദ് ബ്നു അബ്ദുൽ മലികിന്റെ ദൂതന്മാരോടു ഇപ്രകാരം ചോദിച്ചുവത്രേ. ഒട്ടിയ വയർകളും മുഖത്ത് നിസ്കാരത്തയമ്പുമായി പനയോലയുടെ ചെരിപ്പും അണിഞ്ഞു വരാറുണ്ടായിരുന്ന നികുതി പിരിക്കാരെവിടെ ?
അവർ കാലഗതിയടഞ്ഞു എന്നായിരുന്നു അവരുടെ മറുപടി .തദവസരം രാജാവ് ഇങ്ങനെ പ്രതികരിച്ചു : നിങ്ങൾ അവരെക്കാൾ സുമുഖരാണെങ്കിലും അവരായിരുന്നു നിങ്ങളെക്കാൾ നല്ലവർ .അവർ കരാർ പാലിക്കുന്നവരും കൃത്യനിഷ്ഠ  പുലർത്തുന്നവരുമായിരുന്നു. പിന്നീട് അമവി ഉദ്യോഗസ്ഥന്മാർക്കും സജിസ്ഥാനിലെ അബൂമുസ്ലിമിന്റെ നികുതിപിരിവുകാർക്കും അദ്ദേഹം നികുതി നൽകാൻ വിസമ്മതിക്കുകയായിരുന്നു .ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ അവസ്ഥയാണ് ഇതെങ്കിൽ ശേഷമുള്ള കാലഘട്ടത്തിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈമാൻ ഹൃദയങ്ങളിൽ നിന്ന് കുടിറങ്ങിയപ്പോൾ  ധൈര്യവും ധീരതയും ഭയത്തിനും കീഴടങ്ങലും വഴിമാറി കൊടുത്തു എന്നതാണ് ചരിത്രം. മുസ്‌ലിംകൾക്കെതിരിൽ താർത്താരകൾ നടത്തിയ പടയോട്ടം  ഇതിന്റെ നേർചിത്രമാണ് വരച്ചുകാട്ടുന്നത്. താർത്താരികളുടെ വാളുകൾക്ക് മുമ്പിൽ മുസ്ലിങ്ങൾ നിശബ്ദരായിരുന്നു. അവർക്കെതിരിൽ ഒരു ചെറുവിരൽപോലും ഉയർത്താൻ മുസ്ലിംകൾക്ക് സാധിച്ചില്ല .ആത്മരക്ഷക്ക് പോലും പ്രതികരിക്കാൻ സാധിക്കാത്ത മുസ്ലിങ്ങൾ താർത്താരികക്കു മുമ്പിൽ പൂച്ചക്കുട്ടികളായി മാറി. താർത്താരികളുംമുസ്ലിങ്ങളും തമ്മിൽ നടന്ന യുദ്ധത്തെ കുറിച്ച് ഇബ്നു അസീർ രേഖപ്പെടുത്തിയ സംഭവം ഇങ്ങനെ: മറ്റൊരു താർത്താരിയുടെ കയ്യിൽ തന്റെ ഇരയെ വധിക്കാനുള്ള ആയുധം ഉണ്ടായിരുന്നില്ല .പടയാളി ഇരയോട് പറഞ്ഞു :ഇതാ ഈ കല്ലിൽ തല വച്ചു കിടക്കുക .ഞാൻ വരുന്നതുവരെ അനങ്ങി പോകരുത് .അദ്ദേഹം ആജ്ഞ അനുസരിച്ചു.താർത്താരിവാളുമായി വന്നു കഴുത്തറുക്കുവോളം അദ്ദേഹം അവിടെ കിടന്നു കൊടുക്കുകയും ചെയ്തു.

ആധുനിക യുഗത്തിലെമുസ്ലിങ്ങൾ

ഭൗതികതയുടെ പുറംപൂച്ചിൽ കണ്ണുമഞ്ഞളിച്ച്  ഭൗതിക പ്രമത്തത തലക്ക് ബാധിച്ച് പരലോകത്തെ പാടെ മറന്നു ജീവിക്കുകയാണ് ആധുനികയുഗത്തിലെ മുസ്ലിങ്ങൾ. മുൻഗാമികളുടെ ജീവിതത്തെ പാടേ വിസ്മരിച്ചുകൊണ്ടാണ് ആധുനിക മുസ്‌ലിംകളിൽ അധികപേരും ഭൗതികത യിലേക്ക് കണ്ണും നട്ടു കൊണ്ടിരിക്കുന്നത്. ജാഹിലിയാ സമൂഹത്തെ പോലും കടത്തി വെട്ടുന്ന രീതിയിലുള്ള സുഖലോലുപതയാണ് ആധുനിക സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് .

മുസ്ലിങ്ങളെ ,ഞങ്ങൾ എന്തു കുറ്റമാണ് ചെയ്തത് .നിങ്ങളുടെ പ്രവാചകന് അധികാരവും സമ്പത്തും നേതൃത്വവും നൽകാമെന്ന് പറഞ്ഞപ്പോൾ അവിടുന്ന് അത് നിരസിക്കുകയാണുണ്ടായത് .നിങ്ങളുടെ പ്രവാചകൻ ഇന്നലെ നിരസിച്ച അതേ കാര്യങ്ങളുടെ പിന്നാലെയാണ് നിങ്ങൾ ഇന്നു നെട്ടോട്ടമോടുന്നത്. പരസ്പര കലഹവും ഭിന്നിപ്പും ഒഴിവാക്കാനായി മുഹമ്മദ് നബി (സ്വ)ക്ക് നേതൃത്വവും അധികാരവും
വെച്ചുനീട്ടിയ ഞങ്ങളോ നിങ്ങളുടെ പ്രവാചകൻ നിരസിച്ച  കാര്യങ്ങളിലേക്ക് ഈയ്യാംപാറ്റകളെപ്പോലെ ചാടിവീഴുന്ന നിങ്ങളോ യഥാർത്ഥ കുറ്റവാളികൾ? എന്ന്ചോദിക്കാൻ ജാഹിലിയ്യാസമൂഹത്തിന് അവസരം ലഭിച്ചാൽ നാമെന്തു മറുപടി പറയും ? മുസ്ലിം സമൂഹം ചിന്തിക്കേണ്ട ഒരു വസ്തുതയാണിത്. നമ്മുടെ മുൻഗാമികളുടെ കാൽചവിട്ടിയ മണ്ണിൽ തല വെക്കാൻ പോലും അർഹതയില്ലാത്ത നാം അവരെക്കാൾ വലിയവനാണെന്ന് മിഥ്യാധാരണയിലാണ് ജീവിക്കുന്നത് .
മദായിനിലേക്കുള്ള സഞ്ചാര മാർഗ്ഗത്തിൽ മുസ്ലിങ്ങൾക്ക് തടസ്സം സൃഷ്ടിച്ച് ടൈഗ്രീസ് നദി കരകവിഞ്ഞൊഴുകുന്നു. ഇതുകണ്ട് സഅദ് (റ) ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു: ഈ നദി മുറിച്ചു കടന്ന് പ്രബോധന വഴിയിൽ മുന്നേറാൻ നാം തീരുമാനിച്ചുകഴിഞ്ഞു. ഇതുകേട്ടതോടെ ജനം ഒന്നടങ്കം ആ അഭിപ്രായം സ്വീകരിച്ചു .ഉടനെ ഒരു വചനം ഉച്ചരിക്കാൻ സഅദ്(റ)  ജനങ്ങളോട് ആവശ്യപ്പെട്ടു .ഉടനെ എല്ലാവരും അത് ചൊല്ലി. ജനങ്ങൾ മുഴുവൻ നദീതീരത്ത് എന്നപോലെ നദിയുടെ മുകളിലൂടെ നടന്ന്നദി മുറിച്ചു കടന്നു. ഇതെങ്ങനെ സാധിച്ചു. ഈമാനിന്റെ കരുത്തുറ്റ ഹൃദയങ്ങൾ കൊണ്ടുണ്ടായ ഫലമാണിത്. ആധുനികയുഗത്തിൽ എന്തേ ഇത്തരം ചരിത്രങ്ങൾ ആവർത്തിക്കാത്തത്?അതെ ,ആധുനികതയുടെ ഹൃദയത്തിൽനിന്നും ഈമാനിന്റെ പൊൻകിരണങ്ങൾ അസ്തമിച്ചിരിക്കുന്നുവെന്നാണ് ആചോദ്യത്തിന്റെ ഉത്തരം. വിശുദ്ധ ഇസ്ലാമിന്റെ നിയമങ്ങൾ കാറ്റിൽ പറത്തി മുസ്ലിങ്ങൾ ജീവിതം നയിച്ചാൽ അവരുടെ ജീവിതം താറുമാറാകുമെന്നാണ് ഖുർതുബയും മുസ്ലിം സ്പെയിനുമെല്ലാം ഓർമിപ്പിക്കുന്നത്. ഭൗതികതയുടെ പുറംപൂച്ചിൽ നിന്നും ആത്മീയതയുടെ ആനന്ദത്തിലേക്ക് നമുക്ക് തിരിച്ചു മടങ്ങേണ്ടതുണ്ട്. മുഹിയുദീൻ മാലയും രിഫാഈ മാലയും നമ്മുടെ വീട്ടകങ്ങളിൽ സജീവമാകണം. മങ്കൂസ് മൗലൂദും ശറഫൽഅനാമുമെല്ലാം നമ്മുടെ ഹൃദയങ്ങൾക്ക് കരുത്തു പകരേണ്ടതുണ്ട്. അതെ,നമുക്ക് തിരിച്ചു നടക്കാം .നമ്മുടെ മുൻഗാമികളുടെ പാതയിലേക്ക്. സ്വാതികരായ പണ്ഡിതന്മാർ കാണിച്ചുതന്ന വിജയപാതയിലേക്ക്.