സത്യാനന്തരകാലത്ത് കാൾ ക്രോസിന്റെ പ്രസക്തി

തിരുവനന്തപുരം ജില്ലയിലെ വർക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഒരു പരിപാടിയെ ഇസ്ലാമിക് സ്റ്റേറ്റ്- അൽ ഖ്വയ്ദ പരിപാടിയാക്കി സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ച സംഭവം അടുത്തകാലത്താണ് കേരളത്തിൽ നടന്നത്. ‘കേരളത്തില്‍ ഐ.എസ്- അല്‍ ഖ്വയ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് കോളജിനെതിരെ ഒരു ചാനൽ ‘ബിഗ് ബ്രേക്കിങ്’ എന്ന എന്ന രീതിയിൽ പ്രചരിപ്പിച്ചത്. സംഭവം പുറത്തു വന്ന സമയത്ത് തന്നെ വ്യാജമാണെന്ന വ്യക്തമായ തെളിവോടെ കോളജ് വിദ്യാർഥികളും മാനേജ്മെന്റും പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ സലിംകുമാറും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പിറ്റേന്ന് ബി.ജെ.പിയുടെ മുഖപത്രത്തിൽ അതേ വാർത്ത ആദ്യ പേജിൽ വലിയ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. 2018 മാര്‍ച്ച് 14ാം തിയ്യതി കോളജ് വാര്‍ഷിക ദിനത്തിന് എടുത്ത ദൃശ്യങ്ങളാണ് മുസ്ലിം മാനേജ്മെന്റ് നടത്തുന്ന കോളേജ് എന്നതിന്റെ പേരിൽ ഒൻപത് മാസങ്ങൾക്കിപ്പുറം തീവ്രവാദ ആരോപണം ചാർത്തി പ്രചരിപ്പിച്ചത്. വാർത്തയുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ, രഹസ്യന്വേഷണ വിഭാഗം, പൊലിസ് അടക്കമുള്ള സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പടച്ചുവിട്ട വ്യാജ വാർത്തക്കെതിരെ ഒരു പെറ്റി കേസ് പോലും ഫയൽ ചെയ്യാൻ രാജ്യത്തെ ഒരൊറ്റ നിയമസംവിധാനം പോലും തയ്യാറായില്ല എന്നതാണ് ഏറ്റവും വലിയ വൈരുധ്യത. യു.എ.പി.എ, 153 എ, 295എ, 120 ബി അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട സംഭവമാണ് പൊലിസ് അടക്കമുള്ള നിയമസംവിധാനങ്ങൾ കണ്ടില്ലെന്ന് നടിച്ചത്. ഇത് തന്നെയാണ് വീണ്ടും വീണ്ടും വ്യാജവാർത്തകൾ സൃഷ്ടിക്കുവാനും പ്രചരിപ്പിക്കുവാനും ഇത്തരം മാധ്യമങ്ങൾക്ക് ഊർജം നൽകുന്നതും. തെളിയിക്കപ്പെടാനാവാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഒരു പത്രത്തിന് പരസ്യം നിഷേധിച്ച കേരളത്തിലാണ് പരസ്യമായ വർഗീയതയും വ്യാജവാർത്തകളും നിരന്തരം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ സർക്കാർ തൊടാൻ മടിക്കുന്നത്.
പൊള്ളയാകുന്ന മാധ്യമ ധർമം
ഒരു സമൂഹത്തിന്റെ സാമൂഹിക ചിന്താധാരകളെയും ധൈഷണിക രൂപപ്പെടലുകളേയും മാധ്യമങ്ങളുടെ രാഷ്ട്രീയ നൈതികത വളരെയധികം സ്വാധീനിക്കുന്നുണ്ട്. സക്രിയമായ സാമൂഹിക ഇടപെടലുകൾ സാധ്യമാക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് പ്രധാനമാണ്. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന ആലങ്കാരിക പ്രയോഗം മാധ്യമങ്ങൾക്ക് ചാർത്തി നൽകിയത്. പൊതുജന നയ രൂപീകരണത്തിൽ മാധ്യമങ്ങൾ ആഴത്തിൽ സ്വാധീനിക്കുന്നത് കൊണ്ടാണ് ഏകാധിപതികളും സമഗ്രാധിപതികളും ഫാഷിസ്റ്റുകളുമൊക്കെ മാധ്യമങ്ങളെ എപ്പോഴും ശത്രുപക്ഷത്ത് നിർത്തുന്നത്. സത്യവും അസത്യവും തമ്മിലുള്ള വേർതിരിവും ശരിയും തെറ്റും തമ്മിലുള്ള വേർതിരിവും ആവശ്യമില്ല എന്ന് ചിലർ വിശ്വസിക്കുന്നതോടെയാണ് സമഗ്രാധിപത്യ ഭരണകൂടം നിലവിൽ വരുന്നതെന്ന് അമേരിക്കൻ ചിന്തക ഹന്ന ആരേൻഡ് അര നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. സത്യാനന്തര കാലത്തിൽ ഈ ചിന്തകൾക്ക് പ്രസക്തി ഏറെയാണ്. ഭരണകൂടങ്ങളുടെ സമഗ്രാധിപത്യ പ്രവണതകൾക്ക് പലപ്പോഴും തടസം നിന്നിരുന്നത് മാധ്യമങ്ങളായിരുന്നു. അതിനാൽ ഭരണകൂടങ്ങൾ ആദ്യം നിശബ്ദമാക്കാൻ നോക്കുക മാധ്യമങ്ങളെയാണ്. എന്നാൽ സമൂഹത്തോട് നിർവഹിക്കേണ്ട കടമകളെ വിസ്മരിച്ച് ചില ഹിഡൻ അജണ്ടകൾ നിർവഹിക്കുവാനുള്ള കൂലി എഴുത്തുകാർ മാത്രമായി പല മാധ്യമങ്ങളും അധ:പതിച്ചിട്ടുണ്ട്. സത്യസന്ധമായി മാധ്യമപ്രവർത്തനം നിർവഹിക്കുന്ന മാധ്യമങ്ങൾക്ക് അപമാനകരമായാണ് ഇത്തരക്കാർ നിലകൊള്ളുന്നത്. എന്നാൽ അത് സാമാന്യവൽക്കരണത്തിന് വിധേയമാകുന്ന പ്രവണത സമൂഹത്തിൽ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. നഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ച് തങ്ങളുടെ ധർമം നിർവഹിക്കുന്ന മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണിത്. അതിന് ഉദാഹരണമാണ് വർക്കല കോളജിനെ സംബന്ധിച്ച് ചില മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയത്. എന്നാൽ നൽകിയത് വ്യാജ വാർത്തയാണെന്നറിഞ്ഞിട്ടും അത് തിരുത്തുവാനോ ഖേദം പ്രകടിപ്പിക്കാനോ അവർ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. മാധ്യമ പ്രവർത്തനം ഉത്തരവാദിത്തവും സാമൂഹിക ധർമവുമായി കൊണ്ടുനടക്കുന്ന മനോഘടനക്ക് ഇപ്പോൾ വ്യക്തമായ മാറ്റം വന്നിരിക്കുന്നു. സത്യം അവഗണിക്കപ്പെടേണ്ടതും വളച്ചൊടിക്കേണ്ടതുമാണെന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സമീപനത്തോട് രാജിയാവുന്ന പ്രവണതകളാണ് സാമ്പ്രദായിക മാധ്യമങ്ങൾ പോലും ഇപ്പോൾ സ്വീകരിക്കുന്നത്. അന്വേഷണങ്ങളും അറിവുകളും അവഗണിക്കപ്പെടുന്നു. യാഥാർത്ഥ്യങ്ങളെ വേർതിരിച്ചെടുക്കുവാനോ സത്യത്തെ അടയാളപ്പെടുത്തുവാനോ മെനക്കെടാതെ മാധ്യമ ധർമത്തെ അടിയറവ് വെക്കുന്നു. ന്യൂസ് റൂമുകൾ ആരോഗ്യകരമായ സംവാദങ്ങൾക്ക് പകരം ആക്രോശങ്ങൾ മാത്രമായി മാറുന്നു.
നിഷ്പക്ഷതയും വാർത്തകളിലെ സ്വാതന്ത്ര്യവും കാര്യക്ഷമതയും സാമൂഹിക പ്രതിബന്ധതയും മാധ്യമങ്ങൾക്കിടയിൽ കുറഞ്ഞു വരികയാണെന്ന കണ്ടെത്തൽ വലിയ ആശങ്കകളാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് സാമ്പ്രദായിക മാധ്യമങ്ങൾ സാമൂഹിക മാധ്യമങ്ങൾ മൂലം അരികുവൽക്കരിക്കപ്പെടുകയാണെന്ന നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ. പക്ഷപാതിത്വം വലിയ രീതിയിൽ പല മാധ്യമങ്ങളിലും പ്രകടമാകുന്നുണ്ട്. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾക്ക് കുഴലൂത്ത് നടത്തുന്ന ഏജന്റുമാരായി മാധ്യമങ്ങൾ അധ:പ്പതിച്ചിരിക്കുന്നു. ഇന്ത്യയും അതിൽ നിന്നും ഒട്ടും പിറകിലല്ല. സംഘപരിവാർ ഫാസിസ്റ്റു ഭരണത്തെ പ്രമോട്ട് ചെയ്യുന്ന വാർത്തകൾ നിരന്തരം നൽകിയും അവർ സ്പോൺസർ ചെയ്യുന്ന വർഗീയ അജണ്ടകളും കോർപറേറ്റ് പ്രീണനങ്ങളും മറച്ചുവെച്ചും ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ നൽകുന്ന പ്രവണത വർധിച്ചു വരികയാണ്. ദേശീയ മാധ്യമങ്ങളാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. സാമൂഹിക ജാഗ്രതയേയും ഭരണഘടന സംഹിതകളെയും വിലകൽപ്പിക്കാത്ത തീവ്ര വലതുപക്ഷ രാഷ്ട്രീയ നിലപാടുകളോട് ചായ്‌വ് പ്രകടിപ്പിക്കുന്ന പ്രവണത മാധ്യമങ്ങൾക്കിടയിൽ വർധിച്ചുവരികയാണ് ഇപ്പോൾ. ഇത്തരത്തിലുള്ള മാധ്യമ മുൻവിധികൾ സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക പൊതു ബോധത്തിന്റെ വലിയ ഇരകളാണ് ദളിതരും മുസ്ലിങ്ങളും. മുസ്‌ലിം യുവാക്കൾക്കെതിരെ ഉയരുന്ന തീവ്രവാദ ആരോപണങ്ങൾ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അതിന്റെ പ്രതിഫലനമാണ് വർക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളജിൽ കണ്ടത്.
വാർത്തകളുടെ ഉറവിടമോ സത്യസന്ധമായ വിലയിരുത്തലുകളോ നടത്താതെ ആൾക്കൂട്ട നീതിയുടെ പുറകെ പോകുന്ന പ്രവണതയും ചില മാധ്യമങ്ങൾ കാണിക്കുന്നുണ്ട്. ഒരു രാജ്യത്തെ രാഷ്ട്രീയപരമോ മതപരമോ സാംസ്കാരികപരമോ ആയ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഭൂരിപക്ഷ സമുദായം ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് പ്രമുഖ സാമൂഹിക ചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ആൾക്കൂട്ട നീതിയുടെ പിറകെ പോകുന്ന മാധ്യമങ്ങൾ യഥാർത്ഥത്തിൽ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന രീതിയിലേക്ക് വാർത്തകൾ നൽകാൻ തയ്യാറാകും. അവിടെ സത്യം മറച്ചു വെക്കപ്പെടുകയും വളച്ചൊടിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ശബരിമല കർമസമിതി ഹർത്താലിന്റെയും വിവിധ പ്രതിഷേധങ്ങളുടെയും മറവിൽ സംസ്ഥാനത്തുടനീളം കലാപങ്ങൾ അഴിച്ചുവിട്ടപ്പോൾ അവരെ കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും വിശേഷിപ്പിച്ചത് ഭക്തരുടെ പ്രതിഷേധം എന്ന നിലയിലായിരുന്നു. അതായത് ആൾക്കൂട്ട നീതി എന്നത് ഒരുവിധത്തിൽ പറഞ്ഞാൽ ഇവിടെ നിലനിൽക്കുന്ന പൊതുബോധം ആണെന്ന് വിലയിരുത്താം.
ഞെരിഞ്ഞമരുന്ന മാധ്യമ സ്വാതന്ത്ര്യം
2018 മാധ്യമപ്രവർത്തകർക്ക് ഏറ്റവും നിഷ്ഠൂര വർഷമായിരുന്നുവെന്നും വരുംകാലത്ത് അതിന്റെ തീവ്രത വർധിക്കുമെന്നുമാണ് വാഷിംഗ്ടൺ പോസ്റ്റ് വിലയിരുത്തുന്നത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ) സംഘടനയുടെ കണക്കുപ്രകാരം സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പെടെ 53 മാധ്യമ പ്രവർത്തകർക്കാണ് കഴിഞ്ഞവർഷം ജീവൻ നഷ്ടമായത്. 2017 നേക്കാൾ ഇരട്ടിയിലധികമാണിത്. 160 ഓളം മാധ്യമപ്രവർത്തരാണ് കഴിഞ്ഞ വർഷം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജയിലറകളിൽ അടയ്ക്കപ്പെട്ടത്. തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ ഒതുക്കുവാൻ പല മാർഗങ്ങളാണ് ഭരണകൂടങ്ങൾ സ്വീകരിക്കുന്നത്.  അതിലേറ്റവും പ്രധാനം സാമ്പത്തിക സ്രോതസുകൾക്ക് ക്ഷീണം വരുത്തുക എന്നതാണ്. ഇന്ത്യയിൽ തന്നെ എൻ.ഡി.എ സർക്കാരിനെതിരായി വാർത്ത നൽകുന്ന മാധ്യമങ്ങൾക്ക് പരസ്യം നിഷേധിച്ചത് അതിന്റെ ഭാഗമാണ്. അതിനപ്പുറം, അഭിലക്ഷണീയമല്ലാത്ത സ്വത്വ പ്രതിസന്ധികളും വിശ്വാസ രാഹിത്യവും ഭരണകൂട കാർക്കശ്യങ്ങളിൽ ഞെരിഞ്ഞമരുന്ന അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ ലോകത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കുന്നു. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സുരക്ഷിതത്വവും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 30 ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 10 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ലോകം കൂടുതൽ അരക്ഷിതവും ഹിംസാത്മകവും ആകുമ്പോൾ മാധ്യമങ്ങളുടെ പ്രസക്തി വർധിക്കുന്നു എന്ന നിരീക്ഷണം അവയുടെ ഉത്തരവാദിത്തങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് മുമ്പെങ്ങുമില്ലാത്ത വിധം ലോകത്ത് ആധിപത്യം ലഭിച്ചതും ജനാധിപത്യത്തിന്റെ മറവിൽ ഏകാധിപത്യ പ്രവണതകൾ ഏറി വരുന്നതും മാധ്യമ അജണ്ടകളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് മൂക്കുകയറിടാനുള്ള ഏതു ശ്രമവും സാമൂഹികമായി വലിയ പ്രത്യേകതകൾ ഉണ്ടാക്കും.
പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്നറിയാന്‍ പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ എന്ന സംഘടന വര്‍ഷംതോറും പുറത്തിറക്കാറുള്ള റിപ്പോര്‍ട്ട് (വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ്) പരിശോധിച്ചാല്‍ മതി. 2018ലെ റിപ്പോര്‍ട്ട് പ്രകാരം 180 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം 138 മതാണ്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ (106), അഫ്ഗാനിസ്ഥാന്‍ (118), ശ്രീലങ്ക (131), മ്യാന്‍മര്‍(137) എന്നീ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മെച്ചമാണ്. ഇന്ത്യയുടെ തൊട്ടുപിറകിൽ (139) പാക്കിസ്ഥാനുണ്ട്. 2002ല്‍ റാങ്കിങ് ആരംഭിച്ച വര്‍ഷം 139 രാജ്യങ്ങളുടെ കൂട്ടത്തില്‍ 80 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. സംഘപരിവാർ ഭരണകൂടം മാധ്യമങ്ങളെ പ്രകാരം കൈകാര്യം ചെയ്യുന്നുവെന്ന് ഈ കണക്കുകളിൽനിന്ന് മനസ്സിലാക്കാം. ഗൗരി ലങ്കേഷ് ഉള്‍പ്പെടെ മൂന്ന് പ്രഗൽഭരായ ഇന്ത്യൻ പത്രപ്രവര്‍ത്തകർക്ക് കഴിഞ്ഞ വർഷം ജീവന്‍ നഷ്ടപ്പെട്ടത് സംഘപരിവാർ ഫാസിസത്തെ എതിർത്തതിനായിരുന്നു.
സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനം നിരീക്ഷണങ്ങൾക്ക് വിധേയമാക്കപ്പെടുമ്പോൾ ഏറ്റവും കൂടുതൽ പ്രസക്തമാകുന്നത് ഓസ്ട്രിയൻ എഴുത്തുകാരനും പത്ര പ്രവർത്തകനുമായിരുന്ന കാൾ ക്രോസിന്റെ നിലപാടുകളാണ്. ലോകയുദ്ധകാലത്ത് അദ്ദേഹം നടത്തിയിരുന്ന പത്രമായിരുന്നു ടോർച്ച്. ഓരോ ദിവസവും മുഖ്യധാര പത്രങ്ങളിൽ വരുന്ന അസത്യ വാർത്തകൾ അടുത്തദിവസം അദ്ദേഹം തന്റെ പത്രത്തിൽ അതിന്റെ യഥാർത്ഥ സംഭവത്തോടൊപ്പം പ്രസിദ്ധീകരിക്കും.  മറച്ചുവെക്കപ്പെടുന്ന സത്യം പുറത്തുകൊണ്ടുവരാൻ കാൾ ക്രോസ് അന്ന് നടത്തിയ മാർഗങ്ങളെ പോലെ തീവ്ര വലതുപക്ഷ ആഭിമുഖ്യം അപകടകരമായ രീതിയിൽ സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ച പുതിയ കാലത്ത് നമ്മളും ചില വഴികൾ കണ്ടെത്തിയേ തീരൂ.
ആഷിഖ് അലി ഇബ്രാഹിം
8606565113
(എഴുതിയത് സുപ്രഭാതം മുക്കം ലേഖകനാണ്)