സലീം ദേളി
ഭൂലോകത്തെ മനുഷ്യര്‍ ബഹുസ്വരത സമൂഹത്തില്‍ ജീവിക്കുന്നവരാണ്. മാനസിക മൂല്ല്യങ്ങളാണ് മനുഷ്യജീവിതത്തിന്റെ അടിത്തറയായിട്ടുള്ളത്. ബഹുസംസ്കാരങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ലോകത്തെ ഏകചിന്തകളിലൂടെ ഒന്നിപ്പിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്.
മാനവീകതയുടെ പ്രത്യയശാസ്ത്രമായ ഖുര്‍ആനില്‍ മനുഷ്യനെ സംസ്കരിച്ചെടുക്കുക എന്നതിനപ്പുറം ബഹുസ്വരതയെ നിലനിര്‍ത്തി മനുഷ്യരെ ഒന്നിപ്പിക്കുക എന്ന ദൈവിക ലക്ഷ്യമാണ് മുന്നോട്ടു വെച്ചത്.
ജനാധിപത്യ സംവിധാനമുള്ള രാജ്യങ്ങള്‍, ഭരണകൂടങ്ങള്‍, വര്‍ഗങ്ങള്‍, മതങ്ങള്‍, ജാതികള്‍, വംശങ്ങള്‍ ഇതാണ് ലോകത്തിന്റെ വൈവിധ്യം. വൈവിധ്യങ്ങള്‍ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് നിയന്ത്രിക്കുന്നതും. എല്ലാ മത-ഭാഷാ-സാംസ്കാരിക വിഭാഗങ്ങള്‍ക്കും അവകാശങ്ങള്‍ ലഭിക്കണം. ഇസ്ലാം ബഹുസ്വരതയെ അംഗീകരിക്കുന്നുണ്ട്. വിശ്വാസ ഭ്രമണങ്ങളില്‍ അതിന് മുഖ്യസ്ഥാനവുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മ മാര്‍ഗവും നാം നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന് തീര്‍ച്ചയായും നിങ്ങളെ ഒറ്റ സമൂഹമാക്കുമായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നല്കിയതു കൊണ്ട് നിങ്ങളെ പരീക്ഷിക്കാനാണ് അവന് അങ്ങനെ ചെയ്യാതിരുന്നത്. അതിനാല്‍ നډ ചെയ്യുന്നതില്‍ നിങ്ങള്‍ മത്സരബുദ്ധിയോടെ മുന്നേറുക. അല്ലാഹുവിലേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെക്കുറിച്ച് അപ്പോള്‍ നിങ്ങള്‍ക്കവന്‍ വിവരിച്ചുതരുന്നതാണ്ڈ(5.48).
ഓരോ സമുദായത്തിനും സമൂഹത്തിനും സ്വന്തമായ നിയമവും ജീവിതമാര്‍ഗത്തെ സംരക്ഷിക്കുന്നതുമാണ് ഇസ്ലാമിന്റെ നയം. ഭൂലോകത്തിലെ ജനതയെ ഒരൊറ്റ സമുദായമാക്കി മാറ്റാന്‍ സൃഷ്ടിച്ച നാഥന് എളുപ്പമാണ്. എന്നാല്‍ അല്ലാഹു നമ്മെ ബഹുസ്വരത കൊണ്ടാണ് അനുഗ്രഹിച്ചത്. സംവാദാത്മകതയെ ഖുര്‍ആന്‍ നിരന്തരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവിധ മതങ്ങളുടെ ഗ്രന്ഥങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍ സംവാദത്തിലേര്‍പ്പെടാന്‍ (സംഹാരത്തിലേക്കല്ല) അല്ലാഹു വഴിയൊരുക്കിയത് ധൈഷണിക മുന്നേറ്റത്തിന് വേണ്ടിയാണ്. വൈവിധ്യങ്ങളോടെ ജീവിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ പരസ്പരം മത്സരിക്കുകയുമാണ് മനുഷ്യര്‍ക്ക് ആശാവഹമായത്.
വിവിധ മത സമുദായങ്ങള്‍ ആരാധനയ്ക്ക് തിരിയുന്ന വിവിധ മാനങ്ങളെ കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. ഓരോ വിഭാഗത്തിനും ഓരോ ദിശയുണ്ട്. അവര്‍ അതിലേക്ക് തിരിയുന്നു. നിങ്ങള്‍ ചെയ്യുന്നതില്‍ മുന്നേറുക (2.148)
ഖുര്‍ആന്‍ ലോകത്തോട് മതസഹിഷ്ണുതയോടു കൂടെ ജീവിക്കാന്‍ കല്പിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ പാടെ ഇകഴ്ത്തുന്ന ഖുര്‍ആനിക നയം മതസഹിഷ്ണുതയെ വാഴ്ത്തുന്നതാണ്.
ഇസ്ലാമിന്റെ കാഴ്ചപ്പാട് മാനവികമാണ്. നന്മയ്ക്കാണ് ഇസ്ലാം പ്രാധാന്യം നല്‍കുന്നത്. സമൂഹത്തിനും മനുഷ്യത്തിനും ദോഷം ചെയ്യുന്ന തിډകളെ ഇസ്ലാം ശക്തമായി അപലപിക്കുന്നു. (ആ വാഗ്ദത്ത പ്രതിഫലം) നിങ്ങളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചുള്ളതല്ല. വേദക്കാരുടെ വ്യാമോഹങ്ങളെ ആശ്രയിച്ചുള്ളതുമല്ല. ആരെങ്കിലും ദുഷ്കര്‍മ്മം ചെയ്താല്‍ അവരുടെ പ്രതിഫലം നല്കപ്പെടും. അല്ലാഹുവിനു പുറമെ മറ്റൊരു രക്ഷകനെയും സഹായിയെയും കണ്ടെത്തുകയുമില്ല (2.123). നന്മചെയ്തവന് പ്രതിഫലം ലഭിക്കും. തിന്മ ചെയ്യുന്നവര്‍ക്ക് ശിക്ഷയും കിട്ടും. ഇതാണ് പ്രപഞ്ചനാഥന്റെ നിയമം.
ഖുര്‍ആന്‍ വ്യക്തി സ്വാതന്ത്ര്യത്തിന് ഏറെ പ്രാമുഖ്യം നല്‍കുന്നുണ്ട്. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം ബഹുസ്വരതയുടെ മുഖ്യ ഘടകമാണ്. മതത്തില്‍ ബലാത്കാരമില്ലെന്ന് ഖുര്‍ആന്‍ വ്യക്തായി പറയുന്നുണ്ട്(2.256). ആദമിന്റെ എല്ലാ മക്കളും ആദരണീയരാണ്(17.70). മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനു ഖുര്‍ആന്‍ അനുമതി നല്കുന്നു. എന്നാല്‍ മാന്യതയിലൂടെയായിരിക്കണം. സ്വതന്ത്രചിന്തയാണ് ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നത്. വ്യതിരിക്തമായ ചിന്തകളെ ആശാവഹമായ രീതിയില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതിനെ സാംശീകരിച്ചെടുക്കാനുള്ള ബുദ്ധിശക്തിയും അല്ലാഹു മനുഷ്യര്‍ക്ക് നല്കി. അതു തന്നെയാണ് ഖുര്‍ആന്‍ ബഹുസ്വരത കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മനുഷ്യകുലത്തിന്റെ വര്‍ഗപരവും, ഭാഷാപരവും, ദേശപരവുമായ അസ്തിത്വങ്ങള്‍ ദൈവത്തിന്റെ ദൃഷ്ടാന്തമാണ്. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും സൃഷ്ടിപ്പും നിങ്ങളുടെ ഭാഷകളുടെയും നിറത്തിന്റെയും വൈവിധ്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്ച്ചായായും ചിന്തിക്കുന്നവര്‍ക്കിതില്‍ ദൃഷ്ടാന്തമുണ്ട്. വൈവിധ്യത്തെ ഖുര്‍ആന്‍ ദൃഷ്ടാന്തമായാണ് വിവരിക്കുന്നത്. അതുകൊണ്ട് ബഹുസ്വരതയെ ബഹുമാനിക്കേണ്ടതുണ്ട്. കേവലമൊരു ഐഡന്റിറ്റിക്കു മാത്രമാണ് മനുഷ്യന് വിവിധ മാനങ്ങള്‍ നല്‍കിയത്.
എല്ലാ ആരാധനാസ്ഥലങ്ങളും ബഹുമാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന് ഖുര്‍ആന്‍ ശക്തമായി പറയുന്നുണ്ട്. പ്രവാചകന്(സ്വ) ഹിജ്റ പോയത് തന്നെ വൈവിധ്യത്തെ സ്വീകരിക്കാന്‍ വേണ്ടിയാണ്. മതപരവും ഗോത്രപരവുമായ വൈവിധ്യത്തെ ഉള്‍ക്കൊള്ളാനും പരസ്പര ധാരണ, സഹകരണ മനോഭാവം ലോകത്തോട് വിളിച്ചു പറയാനുമാണ് പ്രവാചകന്(സ്വ) ഹിജ്റ ദൗത്യത്തെ ഏറ്റെടുത്തത്.