എന്താണ് ഖുര്‍ആന്‍?
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റെ വാചകങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍. അവസാന പ്രവാചകരായ മുഹമ്മദ് നബി (സ) യിലേക്ക് ജിബ്രീല്‍ (അ) മുഖേന അവതരിച്ച ഗ്രന്ഥമാണിത്. ഖുര്‍ആന്‍ ഏതെങ്കിലും ഒരു വിഭാഗത്തിലേക്കോ സമുദായത്തിലേക്കോ അല്ല അവതരിച്ചത്, മുഹമ്മദ് നബിയുടെ കാലംതൊട്ട് ഇനി വരാന്‍ പോകുന്ന മുഴുവന്‍ സമുദായത്തിലേക്കുമാണ്. സാരസമ്പൂര്‍ണ്ണവും അന്യൂന്യവുമായ ഒരു ഗ്രന്ഥമാണത്. ഖുര്‍ആന് സമാന്തരമായി മറ്റൊരു ഗ്രന്ഥം കൊണ്ടുവരുക എന്നത് മനുഷ്യശേഷിക്കതീതമാണ്.
ഖുര്‍ആന്‍ അവതരിച്ചത് അറബി ഭാഷയുടെ സുവര്‍ണ്ണ ദശയായിരുന്ന ജാഹിലിയ്യാ കാലഘട്ടത്തിലേക്കാണ്. അറബി ഭാഷയില്‍ നിപുണരും സാഹിത്യ സാമ്രാട്ടുകളും യഥേഷ്ടം ഉണ്ടായിരുന്ന ആ കാലഘട്ടത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാവുന്നത്. അതുകൊണ്ട് തന്നെ അവരെയാണ് വിശുദ്ധ ഖുര്‍ആന ് സമാന്തരമായി മറ്റൊരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധ്യമാണോ? എന്ന് വെല്ലുവിളിച്ചത്. അവര്‍ക്കതിന് സാധിച്ചില്ലെങ്കില്‍ പിന്നീടുളളവര്‍ക്കതിന് സാധിക്കുകയില്ലെന്ന് സപഷ്ടമായിരുന്നതാണ്.
അതുകൊണ്ടുതന്നെ അവരെല്ലാം ശ്രമം നടത്തുകയുണ്ടായി. ഒരു ആയത്ത് പോലും കൊണ്ടുവരാന്‍ സാധിക്കാതെ അമ്പേ പരാജയമടയുകയും ഖുര്‍ആന്‍റെ അതുല്യതയെ വാഴ്ത്താനും നമിക്കാനും അവര്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്. ‘നിശ്ചയം യുക്തിമാനും സര്‍വജ്ഞനുമായവനില്‍ നിന്നാണ് താങ്കള്‍ക്ക് ഈ ഖുര്‍ആന്‍ നല്‍കപ്പെട്ടുകൊണ്ടുകൊണ്ടിരിക്കുന്നത്.'(ഹൂദ്:6) ഈ സൂക്തത്തിന്‍റെ അടിസ്ഥാനത്തില്‍ വിശുദ്ധഖുര്‍ആനില്‍ പിഴവുകള്‍ സംഭവിക്കാന്‍ യാതോരുവിധ വിദൂര സാധ്യത പോലും അവശേഷിക്കുന്നില്ല എന്നത് പകല്‍വെളിച്ചം പോലെ സപഷ്ടമായ വസ്തുതയാണ്.
വൈയക്തികവും സാമൂഹികവുമായ എല്ലാ ചിട്ടവട്ടങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വിഷയീഭവിക്കുന്നുണ്ട്. അതിനാല്‍ തന്നെ മര്‍ത്യകുലത്തിന്‍റെ അവസാനം വരെയുളള അവസ്ഥാന്തരങ്ങളെ വിശുദ്ധ ഖുര്‍ആന്‍ യതോചിതം വിവരിച്ചിട്ടുണ്ട്. അവയില്‍ എല്ലാം പ്രകടമായവയല്ല. പലതും ഗവേഷണസ്വഭാവം ആവശ്യമുളളവയാണ്. അതുകൊണ്ടാണ് ‘എന്‍റെ ഒട്ടകത്തിന്‍റെ കയര്‍ നഷ്ടപ്പെട്ടാല്‍ പോലും ഞാനത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് കണ്ടെത്തുമെന്ന് ‘ ഇമാം ശാഫിഈ (റ) പറഞ്ഞത്.
ഖുര്‍ആന്‍റെ അവതരണം
ദൈവീക ഗ്രന്ഥങ്ങളില്‍ അവസാനമായി ഇറക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആനിന്‍റെ അവതരണത്തോടെ പൂര്‍വ്വവേദങ്ങള്‍ അപ്രസക്തമാവുകയുണ്ടായി. ഖുര്‍ആനിന് മുമ്പ് അവതീര്‍ണ്ണമായ വേദങ്ങളെല്ലാം പൂര്‍ണ്ണമായും ഒന്നിച്ചാണ് അവതരിച്ചിട്ടുളളത്, എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 23 വര്‍ഷത്തിനിടയ്ക്ക് അവസരോചിതമായി മുഹമ്മദ് നബി (സ) ക്ക് ജിബ് രീല്‍ (അ) എന്ന മലക്ക് മുഖേന അവതരിച്ചിട്ടുളളതാണ്. ഇന്‍ഞ്ചീല്‍, സബൂര്‍, തൗറാത്ത് തുടങ്ങി പൂര്‍വ്വവേദങ്ങളെല്ലാം പൂര്‍ണ്ണമായി ഒരു സമയത്ത് തന്നെ അവതരിച്ചിട്ടുളളതാണ്. ദൈവഹിതമനുസരിച്ച് ഫുര്‍ഖാന്‍ മുഹമ്മദ് നബി (സ)യുടെ നുബുവ്വത്തിന്‍റെ പ്രാരംഭം മുതല്‍ക്ക് വഫാത്ത് വരെയുളള വ്യത്യസ്ത നിമിഷങ്ങളിലായി ഇറക്കപ്പെടുകയാണുണ്ടായത്.
മക്കയിലെ സത്യനിഷേധികള്‍ പ്രവാചകരോട് ചോദിച്ചു. തൗറാത്ത് മൂസായുടെ മേല്‍ പൂര്‍ണ്ണമായി അവതരിച്ചത് പോലെ ഈസായുടെ മേല്‍ ഇന്‍ഞ്ചീല്‍ അവതരിച്ചത് പോലെ സബൂര്‍ ദാവൂദിന്‍റെ മേലിലും അവതരിച്ചത് പോലെ എന്തുകൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായി
ഒന്നിച്ച് അവതരിച്ചുകൂടാ?. അപ്രകാരം നാം ചെയ്തത് താങ്കളുടെ ഹൃദയത്തില്‍ ദൃഢപ്പെടുത്താന്‍ വേണ്ടി എന്നായിരുന്നു അല്ലാഹു അതിന് നല്‍കിയ മറുപടി. (റാസി: 24:457).
ഇബ്നു ജുറൈജ് (റ) എന്നിവരെ തൊട്ട് നിവേദനം: ഖുര്‍ആന്‍ അവതരണത്തിന്‍റെ പ്രാരംഭം തൊട്ട് അവസാനം വരെ ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ട്. അപ്രകാരമായിരുന്നു താങ്കളുടെ മനസ്സിനെ നാം സ്ഥിരപ്പെടുത്തിയത് എന്നായിരുന്നു അല്ലാഹു ചോദ്യകര്‍ത്താക്കള്‍ക്ക് നല്‍കപ്പെട്ട മറുപടി.
ഖുര്‍ആന്‍ വര്‍ഷങ്ങളെടുത്ത് അവതരിക്കാനുണ്ടായതിന് മുഖ്യമായ ചില കാരണങ്ങള്‍ ഉണ്ട്.
1. പ്രവാചകര്‍ (സ) എഴുത്തും വായനയും അറിയുന്ന ആളായിരുന്നില്ല. അതിനാല്‍ പൂര്‍ണ്ണമായി ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ വരികയോ മനസ്സിലാക്കുന്നതില്‍ പിഴവുകള്‍ സംഭവിക്കുകയോ മറന്നുപോകുകയോ ചെയ്തേക്കാം. മൂസാ (അ) ന് തൗറാത്ത് പൂര്‍ണ്ണമായവതരിക്കാനുണ്ടായ കാരണം അവര്‍ക്ക് എഴുത്തും വായനയും അറിയുമായിരുന്നതിനാലാണ്.
2. ഖുര്‍ആന്‍ പൂര്‍ണ്ണമായി ഒരുമിച്ച് ഒരു വേദഗ്രന്ഥമായി അവതരിച്ചാല്‍ പ്രവാചകര്‍ മനപ്പാഠമാക്കാതിരിക്കുകയും വേദഗ്രന്ഥത്തെ ആശ്രയിക്കുകയും ചെയ്യും, അപ്പോള്‍ ഖുര്‍ആനില്‍ നിന്നുളള ഗ്രാഹ്യത കുറഞ്ഞെന്നു വരും.
3. അല്ലാഹു വേദത്തെ പൂര്‍ണ്ണമായി ഒരുമിച്ച് ഇറക്കുകയാണെങ്കില്‍ നിയമവ്യവസ്ഥയോടുകൂടെയേ ഇറക്കുകയൊളളൂ. അതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ടാണ് ഖുര്‍ആന്‍ ശകലങ്ങളായി ഇറക്കിയത്.
4. ജിബ്രീല്‍ (അ) നെ ഇടക്കിടെ ദര്‍ശിക്കുക വഴി പ്രവാചകര്‍ കൂടുതല്‍ ശക്തരായി മാറുന്നു. അതുകൊണ്ടു തന്നെ ഇടക്കിടെയുളള ജിബ് രീലിന്‍റെ ദര്‍ശനം നബി പട്ടത്തിനേല്‍ക്കുന്ന പ്രതിബദ്ധങ്ങളില്‍ ക്ഷമിക്കാനും പ്രവാചകരെ യുദ്ധ സജ്ജരാകാനും സഹായിക്കുന്നുണ്ട്.
5. ഖുര്‍ആന്‍ ഖഢുക്കളായി അവതരിക്കുക വഴി ഖുര്‍ആനിന്‍റെ അമാനുഷികത ഒന്നുകൂടി വ്യക്തമായി. അതു മനുഷ്യ ശേഷിക്ക് സാധ്യമായതാണെങ്കില്‍ അവര്‍ ഖുര്‍ആനിനെപ്പോലെ ഖഢുക്കളാക്കിയിട്ട് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. പക്ഷെ, അതു സംഭവിക്കുകയുണ്ടായില്ല.
6. ഖുര്‍ആന്‍ അവതീര്‍ണ്ണമായിട്ടുളളത് ചോദ്യങ്ങള്‍ക്കും സംഭവങ്ങള്‍ക്കുമുളള മറുപടിയായിട്ടാണ്. ഇത് ഉള്‍കാഴ്ച വര്‍ദ്ധിക്കുന്നതിന് കാരണമായി.
7. ഖുര്‍ആന്‍ ഖഢുക്കളായി അവതരിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ തന്നെ നബിതങ്ങള്‍ അവരെ വെല്ലുവിളിക്കുകയുണ്ടായി. ഖഢുക്കളായിട്ടെങ്കിലും ഖുര്‍ആനിന് തതുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധിക്കുമോ എന്ന ഖുര്‍ആനിന്‍റെ വെല്ലുവിളി നിലനില്‍ക്കലോടുകൂടെ ഇനിയാരുമുഖേനെയും അത്തരമൊരു ശ്രമം അസംഭവ്യമാണെന്ന തിക്തയാതാര്‍ത്ഥ്യം ലോകാന്തരീക്ഷത്തില്‍ മാറ്റൊലി കൊളളുകയാണ്.
8. അല്ലാഹുവിനും അമ്പിയാക്കള്‍ക്കും ഇടയില്‍ മനുഷ്യ കുലത്തിലേക്ക് ബോധനം നല്‍കുന്ന ഒരു എംബസിയായി പ്രവര്‍ത്തിക്കുക എന്നത് മഹത്തായ ഒരു സ്ഥാനമാണ്. അല്ലാഹുവെങ്ങാനും ഖുര്‍ആനിനെ ഒന്നായി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ജിബ്രീലിന് ആ സ്ഥാനം നഷ്ടമാകുമായിരുന്നു. ഖുര്‍ആന്‍ ഖഢുക്കളായിത്തന്നെ അവതരിച്ചപ്പോള്‍ ജിബ്രീലി (അ) ന്‍റെ സ്ഥാനം അദ്ധേഹത്തിന് ലഭിക്കുകയും ഖുര്‍ആന്‍ ഖഢുക്കളായി അവതരിക്കുകയും ചെയ്തു. (റാസി: 24:457). മുഹമ്മദ് നബി (സ) ക്ക് ഖുര്‍ആന്‍ അതരിക്കാന്‍ കാലതാമസം എടുത്തതിന്‍റെ പൊരുളറിയാന്‍ ഈ വസ്തുതകള്‍ തന്നെ പര്യാപ്തമാണ്.
വിശുദ്ധ ഖുര്‍ആന്‍ ഒരു ദിവ്യ ഗ്രന്ഥമെന്ന നിലക്ക്
ലോകത്ത് അനേകം ലക്ഷങ്ങളോളം ഗ്രന്ഥങ്ങളുണ്ട്. ധാരാളം ഭാഷകളും. മിക്കവയും ആഗോള ഭാഷകള്‍. എല്ലാ ഭാഷകളിലും പരകോടി ഗ്രന്ഥങ്ങളുണ്ട്. ഈ ഗ്രന്ഥങ്ങളില്‍ ലോകവ്യാപകമായി ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അറബി ഭാഷയിലാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്. ആഗോള ജനത ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. ബൈബിള്‍ പോലെയുളള മറ്റു വേദങ്ങളും ലോകവ്യാപകമായി വായിക്കപ്പെടുന്നുണ്ടെങ്കിലും ഒരോ പ്രദേശക്കാരും അവരുടെ ഭാഷയിലാണ് വായിക്കപ്പെടുന്നത്. എന്നാല്‍ ഖുര്‍ആനിന്‍റെ സ്ഥിതി അതല്ല. ഖുര്‍ആന്‍ അവതരിച്ച അറബി ഭാഷയില്‍ തന്നെയാണ് വായിക്കപ്പെടുന്നത്. ഇത് ഖുര്‍ആനിന്‍റെ പരാമര്‍ശയോഗ്യമായ പ്രത്യേകതകളില്‍ ഗണനീയമയ ഒന്നാണ്.
ലോക ജനതയില്‍ വിശുദ്ധ ഖുര്‍ആനിനെ മനപ്പാഠമാക്കിയവര്‍ തന്നെ വലിയരവോളം വരും. വിവിധ ദേശങ്ങളില്‍ അധിവസിക്കുന്നവരും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുമായിട്ടും ഖുര്‍ആന്‍ അറബിയില്‍ തന്നെയാണ് മനപ്പാഠമാക്കിയിട്ടുളളത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മനപ്പാഠമാക്കിയ ഗ്രന്ഥവും വിശുദ്ധഖുര്‍ആന്‍ തന്നെയാണെന്നുളള വസ്തുത ഇവിടെ അടിവരയിടുകയാണ്.
ലോകത്തേറ്റവും കൂടുതല്‍ ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും അരങ്ങേറുന്നത് ഈ ഗ്രന്ഥത്തെ ചൊല്ലിയാണ്. കേവലം എഴുപത്തേഴായിരത്തിലധികം വാക്കുകള്‍ മാത്രം ഉള്‍ക്കൊളളുന്ന ഈ ചെറിയ ഗ്രന്ഥം വാക്കുകള്‍ക്ക് വിവരിക്കാന്‍ സാധിക്കാത്ത പ്രപഞ്ചലോകമാണ്. പാരായണം ചെയ്യുന്ന ആരുടെയും ഹൃദയത്തെ ആഴത്തില്‍ സ്വാധീനിക്കാനുളള മാസ്മരിക ശേഷി വിശുദ്ധ ഖുര്‍ആന്‍റെ സവിശേഷതയാണ്. വിശുദ്ധ ഖുര്‍ആന്‍റെ ആദ്ധ്യത്മീക സാരം ഉള്‍ക്കൊണ്ടുകൊണ്ട് ഇസ്ലാമിന്‍റെ ശാദ്വല തീരത്തണഞ്ഞവരുടെ എണ്ണം രേഖപ്പെടുത്തുക പ്രയാസകരമാണ്.
വിശുദ്ധ ഖുര്‍ആന്‍റെ ഭാഷാശൈലി തന്നെ ഏറെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമായിട്ടുളളതാണ്. മനുഷ്യ ശേഷിക്കതീതമായ രചനയാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സന്നിവേശിപ്പിക്കപ്പെട്ടിട്ടുളളത്. ഗദ്യവുമല്ല, പദ്യവുമല്ല, വൃത്തമില്ല, പ്രാസവുമില്ല. എന്നാല്‍ ഉത്തരാധുനികമെന്നപോലെ എല്ലാമുണ്ട് താനും. ഗദ്യവും പദ്യവും കവിതയും കഥയും പ്രാസവും ആഖ്യാനവും തുടങ്ങി ഗദ്യപദ്യആഖ്യാന സാഹിത്യത്തിന്‍റെ നിഖില മേഖലകളും മനുഷ്യചിന്തയെ അതിശയിപ്പിക്കും വിധം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം സ്വന്തം വാദമുഖങ്ങളെ ചോദ്യം ചെയ്യാന്‍ മനുഷ്യരോടാവശ്യപ്പെടുന്നുണ്ട്.
ബുദ്ധിപരമായി സംവദിക്കാന്‍ തയ്യാറാവാതെ അംഗീകരിക്കാന്‍ തുനിയുന്നവനെ ഈ ഗ്രന്ഥം വിഢിയായി കാണുന്നു. ‘തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ കേള്‍പ്പിക്കപ്പെട്ടാല്‍ അന്ധമായും ബധിരമായും അതിേډല്‍ മുട്ടുകുത്തിവീഴുന്നവരല്ല വിശ്വാസികള്‍ ‘ (അല്‍ഫുര്‍ഖാന്‍:73).
മാനവരാശിക്കാകമാനമുളള മുഴുവന്‍ സന്ദേശങ്ങളുമടങ്ങിയിട്ടുളള ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതവതരിച്ചതോ അത്യുന്നതും പ്രതാപശാലിയും സര്‍വജ്ഞനും കരുണാമയനും സ്രഷ്ടാവും പരിപാലകനും സംഹാരകനുമെല്ലാമായ അല്ലാഹുവില്‍നിന്നും. സംസ്കാരിക ധാര്‍മിക മൂല്യങ്ങളെ വകവെക്കാതിരുന്ന യുദ്ധവും പെണ്ണും മദ്യപാനവും ജീവിതരീതിയാക്കിയിരുന്ന ഒരു സമൂഹത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നത്.
ധാര്‍മികത മരീചികയായ യുഗത്തില്‍ ജനിച്ചുവളര്‍ന്ന മുഹമ്മദ് നബി (സ) യെയാണ് അല്ലാഹു ഈ ദിവ്യ ഗ്രന്ഥത്തിന്‍റെ പ്രചാരകനായി തെരഞ്ഞെടുത്തത്. വിശുദ്ധ ഗ്രന്ഥത്തിന്‍റെ വാഹകനായ പ്രവാചകര്‍ (സ) ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും പോലുളള ആധുനിക സാങ്കേതിക വിദ്യകളൊന്നും സ്വപ്നത്തില്‍ പോലും ദര്‍ശിക്കാത്ത അക്കാലത്ത് വിശുദ്ധ ഖുര്‍ആനിന്‍റെ സന്ദേശം ലോകത്തിന്‍റെ അഷ്ടദിക്കിലേക്കും എത്തിച്ച് തന്‍റെ ദൗത്യം പൂര്‍ത്തീകരിക്കുകയുണ്ടായി.
അന്നേവരെ മനുഷ്യവംശത്തിന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത എത്രയെത്ര വിഷയങ്ങളെയാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്!. മനുഷ്യര്‍ക്ക് പുറമെ ഇതുജന്തുജാലങ്ങളിലും സസ്യലതാധികളിലും ലിംഗവൈവിധ്യമുണ്ടെന്ന് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അവയുടെ പരസങ്കലനം വഴി വംശ വര്‍ധനയുണ്ടാവുന്നു. സസ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നിടത്തെല്ലാം അതിനെ ഇണകളായി സംവിധാനിച്ചതിനെ പരാമര്‍ശിക്കുന്നത് കാണാം. ‘അവര്‍ ഭൂമിയിലേക്ക് നോക്കിയില്ലേ, എത്രയെത്രയിനം വിശിഷ്ട സസ്യ ഇണകളെയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്'(അശ്ശുഅറാഅ്:7).
ഭുവനവാനങ്ങളുടെ സൃഷ്ടിപ്പിനെയും അതിലല്ലാഹു സംവിധാനിച്ച ജൈവസമ്പത്തിനെയും സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക. ‘ നിങ്ങള്‍ക്ക് ഗോചരീഭവിക്കുന്ന തൂണുകളൊന്നുമില്ലാതെയാണ് അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെയും കൊണ്ട് ഉലയാതിരിക്കാനായി അതിലവന്‍ ഉറച്ച മലകള്‍ സ്ഥാപിച്ചു. സകലയിനം ജീവികളെയും അതില്‍ വ്യാപിപ്പിച്ചു. അന്തരീക്ഷത്തില്‍ നിന്നും നാം മഴ പെയ്യിക്കുകയും ഉദാത്തമായ സസ്യജോഡികള്‍ അതില്‍ മുളപ്പിക്കുകയും ചെയ്തു. (സൂ.ലുഖ്മാന്‍:10). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ‘ ഭൂമിയാകട്ടെ നാം പ്രവിശാലമാക്കുകയും ദിഢീകൃത പര്‍വ്വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും വശ്യമായ സര്‍വ്വവിധ സസ്യലതാദി ജോടികളെയും മുളപ്പിക്കുകയും ചെയ്തു. (സൂ.ഖാഫ്:7).
പുനര്‍ ജډത്തെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. വരണ്ടുണങ്ങി തരിശായി കിടക്കുന്ന ഭൂമിയില്‍ മഴപെയ്താല്‍ എത്ര വലിയ മാറ്റമാണ് ഉണ്ടാവുക!. സസ്യശ്യാമളവും ചേതോഹരവും കായ്കനികളും ഫലവര്‍ഗങ്ങളും നിറഞ്ഞതുമായ പുതിയൊരു ഭൂമിയായി അത് പരിണമിക്കുന്നു. പരസഹസ്രം വൃക്ഷങ്ങളും സസ്യലതാദികളും സൃഷ്ടിക്കുന്നത് അല്ലാഹുവാണല്ലോ.
മുഹമ്മദ് നബി (സ) യോടൊരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ തിരുദൂതരെ, മരിച്ചവരെ അല്ലാഹു എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക? സൃഷ്ടികളില്‍ നിന്ന് അതിന് വല്ല തെളിവും കണ്ടെത്താനാകുമോ?. പ്രവാചകര്‍ അദ്ധേഹത്തോടു ചോദിച്ചു: നീ താമസിക്കുന്ന കുന്നിന്‍റെ താഴ്വാരത്തെ വരണ്ടുണങ്ങിയ പുല്‍തകിടുകളെ വേനല്‍ക്കാലത്ത് നീ കണ്ടിട്ടില്ലേ?. ‘ അതെ ‘ . പിന്നീട് മഴപെയ്ത് ഹരിതാഭമാകുമ്പോള്‍ അതുവഴി നീനടക്കാറുണ്ടോ? ‘അതെ’ അപ്പോള്‍ നബി തങ്ങള്‍ പറയുകയുണ്ടായി : അപ്രകാരമാണ് അല്ലാഹു പുനരുജ്ജീവിപ്പിക്കുക. സൃഷ്ടികളില്‍ അതിനുളള തെളിവാണിത്.(അഹ്മദ്). സൂറത്ത് യാസീനില്‍ അല്ലാഹു പറയുന്നു: ഭൂമി മുളപ്പിക്കുന്ന സസ്യലതാദികളും അവരുടെ സ്വന്തത്തിലും അവര്‍ക്കറിഞ്ഞുകൂടാത്ത വസ്തുക്കളില്‍ നിന്നുമൊക്കെ ഇണകളെ പടച്ച അല്ലാഹു എത്ര പരിശുദ്ധന്‍ (യാസീന്‍:36).
മനുഷ്യാസ്തിത്വം വിശുദ്ധ ഖുര്‍ആനില്‍
മനുഷ്യസ്തിത്വത്തെപ്പറ്റി ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആധുനിക ശാസ്ത്രം കൈവരിച്ച പുരോഗതി ഉപയോഗപ്പെടുത്തി മനുഷ്യ അസ്തിത്വത്തിന്‍റെ പൗരാണിക അവസ്ഥാന്തരം എങ്ങനെയായിരുന്നുവെന്ന് ഇഴകീറി പരിശോധിക്കുന്ന ആര്‍ക്കും ഖുര്‍ആന്‍ മാനവലോകത്തോട് വിളിച്ചുപറയുന്ന മനുഷ്യോല്‍പ്പത്തിയെ സംബന്ധിച്ചുളള സപഷ്ടമായ വിവരണങ്ങള്‍ അനല്പമായ ആശ്ചര്യത്തോടെയേ ദര്‍ശിക്കാന്‍ സാധിക്കുകയൊളളൂ. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതും അല്ലാത്തതുമായ വസ്തുതകളാണ് വിശുദ്ധ ഖുര്‍ആന്‍ ഈ വക സാധ്യതകളെക്കുറിച്ചുളള ചിന്തകള്‍പോലും അപ്രാപ്യമായിരുന്ന സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്ത് മാനവലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്ന ആര്‍ക്കും ഇതൊരു ദൈവീക ഗ്രന്ഥമാണെന്ന് ബോധ്യപ്പെടാന്‍ അധികം തെളിവുകളൊന്നും ആവശ്യമുണ്ടാവുകയില്ല.
അത്ഭുതകരമായ മനുഷ്യസൃഷ്ടിപ്പിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലൂടെ മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലാഹു വിവരിക്കുന്നത് കാണുക. ‘ മനുഷ്യരേ, പുനരുത്ഥാനത്തെക്കുറിച്ച് സംശയഗ്രസ്തരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക. മണ്ണില്‍ നിന്നും പിന്നീട് ഇന്ദ്രിയ കണത്തില്‍ നിന്നും അനന്തരം രക്തപിണ്ഡത്തില്‍ നിന്നും അതിനുശേഷം, രൂപം നല്‍കപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും തന്നെയാണ് നാം നിങ്ങളെ സൃഷ്ടിച്ചത്.
വസ്തുക്കള്‍ നിങ്ങള്‍ സ്പഷ്ടമാക്കാനാണിത് പറയുന്നത്. നാം ഉദ്ധേശിക്കുന്നവയെ ഉമ്മമാരുടെ ഗര്‍ഭാശയങ്ങളില്‍ ഒരു നിശ്ചിത സമയംവരെ സൂക്ഷിക്കുകയും തദനന്തരം ശിശുക്കളായി പുറത്ത്കൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് നിങ്ങള്‍ പൂര്‍ണ്ണയൗവ്വനം പ്രാപിക്കും. ചിലര്‍ ഇടയ്ക്ക് വെച്ച് മരിക്കുകയും മറ്റു ചിലര്‍ എല്ലാം അറിഞ്ഞ ഒരുവിധ ജ്ഞാനവും ഇല്ലാതായിത്തീരുമാറ് വാര്‍ധക്യത്തിന്‍റെ അധോതലത്തിലേക്ക് അധോതലത്തിലേക്ക് മടക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭൂമി വരണ്ടുണങ്ങിക്കിടക്കുന്നതായി നിനക്കുകാണാം. പിന്നെ നാമതില്‍ മഴ വര്‍ഷിച്ചാല്‍ അത് ചൈതന്യവത്തായിത്തീരുകയും വികസിക്കുകയും ഇമ്പമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിക്കുകയും ചെയ്യുന്നു. ഈ അത്യുത്ഭുത സൃഷ്ടികര്‍മ്മം നിങ്ങള്‍ പ്രാമാണികമായി ഗ്രഹിക്കാനത്രേ.’ (അല്‍ഹജ്ജ്:5).
മനുഷ്യോല്‍പത്തി മണ്ണിലെ ധാതുലവണങ്ങളും വെളളവും ചേര്‍ന്ന മിശ്രിതത്തില്‍ നിന്നാണ് : ‘കളിമണ്ണ് കലങ്ങിയോ ഉരുകിയോ മൃദുലമാവുമ്പോഴുളള ഹമഅ്. അതില്‍ ധാതുലവണങ്ങള്‍ പാകപ്പെടുന്നു. ഈ സ്വല്‍സ്വാല്‍കൊണ്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചത്.’ (അല്‍ഹിജ്ര്‍:26), ‘ നാം അവരെ ഒട്ടുന്ന മണ്ണില്‍ നിന്ന് സൃഷ്ടിച്ചു.’ (അസ്സ്വാഫാത്ത്:11), സ്വല്‍സ്വാലി(വെളളം ചേര്‍ന്ന് കുഴമ്പായ കളിമണ്ണ്)ല്‍നിന്ന് കേവലം മണ്‍പാത്രങ്ങളുണ്ടാക്കുന്നതുപോലെ (ലളിതമായി) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു.'(അര്‍റഹ്മാന്‍:14), ‘ അല്ലാഹു മനുഷ്യന്‍റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന് തുടങ്ങി’ (അസ്സജദഃ:7), ‘ അവന്‍ തന്നെയാണ് മനുഷ്യവംശത്തെ വെളളത്തില്‍ നിന്ന് സൃഷ്ടിച്ചത്’ (അല്‍ഫുര്‍ഖാന്‍:54). ഈ വചനങ്ങളില്‍ നിന്നെല്ലാം മനുഷ്യസൃഷ്ടിപ്പിന്‍റെ അടിസ്ഥാന അസംസ്കൃത വസ്തു കളിമണ്ണും വെളളവുമായിരുന്നെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഇങ്ങനെയുളള ധാരാളം ജീവശാസ്ത്ര പരമായ വസ്തുകള്‍ പ്രവാചകരുടെ കാലഘട്ടത്തില്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ അവരുടെ കാലഘട്ടത്തില്‍ ഏത് ജീവശാസ്ത്രജ്ഞനാണ് ഉണ്ടായിരുന്നത്?. വിശുദ്ധ ഖുര്‍ആന്‍ ദൈവീകമാണെന്ന് തെളിയിക്കുന്ന അത്ഭുതകരമായ സാക്ഷ്യപ്പെടുത്തലുകളില്‍ ചിലത് മാത്രമാണ് ഇവയെല്ലാം. ഇവക്കു സമാനമായി നിരവധി സാക്ഷ്യപ്പെടുത്തലുകള്‍ വിശുദ്ധ ഖുര്‍ആന്‍ നടത്തുന്നുണ്ട്.
ശാസ്ത്രലോകത്തെ പോലും അമ്പരപ്പിക്കുന്ന വിധം മനുഷ്യപ്രജനനത്തിന്‍റെ അത്ഭുതകരവും ചിന്തോദീപകവുമായ വിവിധ ഘട്ടങ്ങളെ വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണുക. അല്ലാഹു പറയുന്നു: ‘ നിശ്ചയം മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്നും സൃഷ്ടിക്കുകയും പിന്നീട് ശുക്ലമാക്കി ഒരു ഭദ്രസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു. അനന്തരം ആ ശുക്ലത്തെ രക്ത പിണ്ഡമായും മാംസപിണ്ഡമായും തുടര്‍ന്ന് അതിനെ അസ്ഥികൂടമായും രൂപപ്പെടുത്തി. അനന്തരമത് മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാമവന് അസ്ഥിത്വമേകി. അപ്പോള്‍ ഏറ്റവും ഉദാത്തമായി സൃഷ്ടികര്‍മ്മം അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനത്രേ. തദനന്തരം നിങ്ങള്‍ മരണ വിധേയരാവുന്നതും പിന്നീട് പുനരുത്ഥാന നാളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നതുമാണ്, തീര്‍ച്ച.’
കളിമണ്ണിന്‍റെ സത്തില്‍ നിന്നാണ് ആദ്യപിതാവ് ആദം നബി (അ) നെ അല്ലാഹു സൃഷ്ടിച്ചത്. പിന്നീട് പുരുഷ ബീജം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ച് മനുഷ്യപ്രജനനം നിര്‍വ്വഹിച്ചു. വ്യത്യസ്ത ഘട്ടങ്ങള്‍ തരണം ചെയ്തുളള മനുഷ്യന്‍റെ സൃഷ്ടികര്‍മ്മം എത്രമാത്രം അത്ഭുതകരമാണ്!. നിശ്ചിത ആഴുസ്സ് കഴിയുമ്പോള്‍ ഓരോ മനുഷ്യനും മരിക്കുകയും ഖിയാമത്ത് നാളില്‍ പുനര്‍ജനിക്കുകയും ചെയ്യും. ഇതൊക്കെ ചിന്തിച്ച് സൃഷ്ടാവിന്‍റെ മഹത്വം കണ്ടെത്താനാണ് ആഹ്വാനം ചെയ്യുന്നത്.
ഖുര്‍ആനിന്‍റെ വ്യതിരിക്തത
വിശുദ്ധ ഖുര്‍ആനിന് മുമ്പും അനേകം വേദ ഗ്രന്ഥങ്ങള്‍ ഭൂമി ലോകത്തേക്കവതരിച്ചിട്ടുണ്ട്. അവയെല്ലാം ഭേദഗതി ചെയ്യപ്പെടുകയും മൂല രേഖയോട് പുലബന്ധം പോലുംമില്ലാതെയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. ഖുര്‍ആനൊഴികെയുളള ഗ്രന്ഥങ്ങളെല്ലാം ഏതെങ്കിലും സമൂഹത്തിലേക്ക് അവരിലേക്ക് അയക്കപ്പെട്ട ദൈവദൂതന്‍ മുഖേനെ അവതരിച്ചതാണ്. അവക്കെല്ലാം ആ പ്രവാചകരുടെ ആഴുസ്സ് കാലം മാത്രമേ തനിമയോടെ നില്‍ക്കാന്‍ സൗഭാഗ്യമുണ്ടായുളളൂ. വേദം നല്‍കപ്പെട്ട പ്രവാചകരുടെ വിടപറയലോടെ സമുദായം ദൈവ ഗ്രന്ഥങ്ങളെ പാടെ ഉപേക്ഷിക്കുകയോ തന്നിഷ്ടപ്രകാരം വ്യഖ്യാനിക്കുകയോ കൈക്കടത്തലുകള്‍ നടത്തുകയോ ചെയ്തു. ഫലം ദൈവീക ഗ്രന്ഥം വിസ്മൃതമായി പോവലായിരുന്നു.
വേദ വ്യാഖ്യാതാക്കളും നിയമജ്ഞരുമായി പൗരോഹിത്യ വര്‍ഗം അവതരിച്ചപ്പോള്‍ സ്വര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി യും തന്നിഷ്ടപ്രകാരം അവയെ വ്യാഖ്യാനിക്കാനിക്കാനും മുതിരുകയുണ്ടായി. ഫലം വേദഗ്രന്ഥം വൈകൃതപെടലുകള്‍ക്ക് വിധേയമായി. ദേശങ്ങളും ഭാഷകളും അന്യോന്യം സംസര്‍ഗത്തിലേര്‍പ്പെടുകയും സംസ്കാരങ്ങളും ദര്‍ശനങ്ങളും തമ്മില്‍ വിനിമയം സാധ്യമാവുകയും ചെയ്ത ചരിത്ര സന്ധിയില്‍ ആഗോള ജനതക്കാകമാനമാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. സംസ്കാരികമായി അധപതനത്തിന്‍റെ ആഴിയില്‍ എത്തിച്ചേര്‍ന്ന ജനതയെ അടിമുടി സംസ്കരിക്കുന്നതിന് കാലഗണനകളെ അതിജീവിക്കുന്ന ഒരുവേദം അവതരിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാകുന്നത്.
വിശുദ്ധ ഖുര്‍ആന്‍ ആഗോള ജനതക്ക് ഒന്നടങ്കമാണ് അവതരിച്ചത്. ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നില്ല. ഏതു കാലത്തെയും അതിജീവിക്കാന്‍ തക്കശേഷി ഖുര്‍ആനുണ്ട് അതുകൊണ്ടുതന്നെ ഒന്നര സഹസ്രാബ്ദമായിട്ടും ചെറിയ തിരുത്തലുകള്‍ക്ക് പോലും ഖുര്‍ആന്‍ വിധേയമായിട്ടില്ല. ഇനിയുമത് അങ്ങനെത്തന്നെ നിലനില്‍ക്കും. വിശുദ്ധ ഖുര്‍ആന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്ത കാര്യമാണ് ‘ നാം ആകുന്നു ഈ ഉദ്ബോധനം അവതരിപ്പിച്ചിട്ടുളളത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാകുന്നു.’ (വി.ഖു:15:19). ദൈവഗ്രന്ഥത്തിന്‍റെ സംരക്ഷണ ചുമതല അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഭേദഗതി വരുത്തേണ്ടി വരികയോ വിസ്മൃതമാവുകയോ ഇല്ല.
മുഹമ്മദ് നബി (സ) യുടെ കാലഘട്ടം മുതല്‍ക്കുളള എല്ലാ ജനവിഭാഗങ്ങളിലേക്കുമാണ് ഖുര്‍ആന്‍ അവതരിച്ചിട്ടുളളത്. അതുകൊണ്ട് ഖുര്‍ആന്‍ അനുസരിച്ച് വേണം നാം ജീവിതത്തെ ക്രമീകരിക്കാന്‍. വിശ്വാസ പരവും കര്‍മ്മ പരവുമായ കാര്യങ്ങളില്‍ ഖുര്‍ആനിനെ അനുസരിച്ച് ജീവിക്കാന്‍ നാം ബാധ്യസ്ഥരാണ്. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണത്തോടെ മറ്റു വേദ ഗ്രന്ഥങ്ങളെല്ലാം അപ്രസക്തമാവുകയുണ്ടായി. ഖുര്‍ആനിന്‍റെ അവതരണത്തിന് ശേഷം പൂര്‍വ്വ വേദങ്ങളുനസരിച്ച് ജീവിക്കാന്‍ പാടില്ലെന്ന വ്യക്തമായ താക്കീതുണ്ട്.
ഇതര വേദഗ്രന്ഥങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആനെ വ്യതിരിക്തമാക്കുന്ന മുഖ്യ സവിശേഷതകള്‍ ഇവയാണ്.
1. പൂര്‍വ്വ വേദങ്ങളുടെ മൂല രൂപം വിസ്മൃതമായിരിക്കുന്നു. പലതിന്‍റെ മൂല ഭാഷപോലും ഇന്നു നിലവിലില്ല. അവയുടെ വികലവും അപൂര്‍ണവുമായ തര്‍ജമഃകളും തര്‍ജമഃകളുടെ തര്‍ജമഃകളുമാണിന്നു നിലവിലുളളത്. അത്തരം വേദഗ്രന്ഥങ്ങളൊന്നും ദൈവത്തില്‍ നിന്നും അവതീര്‍ണ്ണമായ മൂല വചനങ്ങളല്ല എന്നത് ഇവ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചില വേദങ്ങളൊന്നും ഏതു പ്രവാചകന്ന് ഏതു കാലത്ത് അവതരിച്ചതാണെന്നോ ആര് പകര്‍ത്തി എഴുതി പ്രചരിച്ചതാണെന്നോ അറിയുകയില്ല. ഈ അജ്ഞത അവയുടെ ആധികാരികതയെ തന്നെ തീര്‍ത്തും നിഷേധിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന് , എവിടെ വെച്ച് ആര്‍ക്ക് ആര്‍ക്ക് ആരുമുഖേന എങ്ങനെ അവതരിച്ചുവെന്നത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ് അവതരിച്ചത്. ഇന്നും അറബി പരകോടി ജനങ്ങളുടെ സംസാര ഭാഷയാണ്.
2. പൂര്‍വ്വവേദങ്ങളില്‍ പലതും ദൈവവചനങ്ങനങ്ങളുടെയും വേദ പ്രചാരകരുടെയും പണ്ഡിത വ്യാഖ്യാനങ്ങളുടെയും സങ്കലനമാണ്. വേദ വചനങ്ങളെയോ ചരിത്രത്തെയോ വാഖ്യാനങ്ങളെയോ തിരിച്ചറിയാത്ത അവസ്ഥയിലാണവ. എന്നാല്‍ ഖുര്‍ആനിന്‍റെ സ്ഥിതി നേരെ മറിച്ചാണ്, അല്ലാഹുവിന്‍റെ വചനങ്ങളല്ലാത്ത ഒരക്ഷരവും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ല. വ്യഖ്യാനങ്ങളും ചരിത്രങ്ങളും തിരിച്ചറിയത്തക്ക രീതിയില്‍ തന്നെയാണുളളത്. അവയില്‍ നിന്ന് ഒരു പദം ഖുര്‍ആനിലേക്ക് ചേരാനോ ഖുര്‍ആനില്‍ നിന്ന് ചോര്‍ന്നുപോകാനോ പഴുതില്ലാത്ത വിധം ഭദ്രമാണ് ഖുര്‍ആന്‍റെ ക്രോഡീകരണം.
3. പൂര്‍വ്വ വേദങ്ങള്‍ അഭിസംബോധന ചെയ്യുന്നത് പ്രത്യേക ജനവിഭാഗങ്ങളെയാണ്. അത്തരം വിഭാഗക്കാരില്‍ പ്രാബല്യത്തിലുണ്ടായിരുന്ന വിധികള്‍ എല്ലാ കാലഘട്ടങ്ങളിലേക്കും അനുയോജ്യമോ പ്രായോഗികമോ ആയിരിക്കില്ല. അതുകൊണ്ട് പല വൈദിക സമൂഹങ്ങള്‍ക്കും വേദം ഇന്ന് പ്രായോഗിക ജീവിതവുമായി ബന്ധമേതുമില്ലാത്ത ഒരു വിശുദ്ധ പൈതൃകം മാത്രമായിരിക്കുന്നു. വേദാധ്യാപനങ്ങളെ നിരസിച്ചുകൊണ്ട് ജീവിതത്തിനാവശ്യമായ നിയമങ്ങളും ധര്‍മവ്യവസ്ഥകളും സ്വയം നിര്‍മിച്ചാചരിച്ചു വരികയാണവര്‍. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് ഏതെങ്കിലും ഒരു വിഭാഗത്തെയല്ല മറിച്ച് , മനുഷ്യകുലത്തെ ആകമാനമാണ്. ഒരു പ്രത്യേക വിഭാഗങ്ങളോടുളള കല്‍പനകള്‍ മാത്രമല്ല ഖുര്‍ആനിലുളളത്. അതിലെ നിയമവ്യസ്ഥകളും എല്ലാകാലത്തും പ്രസക്തവും എല്ലാ സമൂഹങ്ങളിലും പ്രായോഗികവുമാണ്.
ഖുര്‍ആനിന്‍റെ അവതരണം മുതല്‍ക്ക് മുസ്ലിംകള്‍ക്ക് തന്നിഷ്ടപ്രകാരം മതകര്‍മ്മങ്ങളില്‍ ഇടപെടുക സാധ്യമല്ല. ഇനി അവസാനം വരെയും അങ്ങനെത്തന്നെയാണുണ്ടാവുക. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അടിസ്ഥാനമാക്കിയാണ് മുസ്ലിം സമുദായം ചരിച്ചുകൊണ്ടിരിക്കുന്നത്.
4. പൂര്‍വ്വ വേദങ്ങളെല്ലാം മനുഷ്യ കരങ്ങളാല്‍ വൈകൃതപ്പെടുകയും വിരുദ്ധമായ ആശയങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതായിത്തീര്‍ന്നിരിക്കുന്നു. അവ നിര്‍ദ്ധേശിക്കുന്ന മിക്ക നിയമങ്ങളും അബദ്ധജഡിലവും അധാര്‍മ്മികവുമായിരിക്കുന്നു. അവ നീതിക്കോ യുക്തിക്കോ നിരക്കാത്തതായിത്തീര്‍ന്നിരിക്കുന്നു. പ്രവാചകരെയോ മലക്കുകളെയോ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും ഖുര്‍ആനിലില്ല. എന്നാല്‍ പൂര്‍വ്വ വേദക്കാര്‍ അവരുടെ പ്രവാചകരെ സംബന്ധിച്ചുളള കെട്ടുകഥകളെ ഖുര്‍ആന്‍ നിരാകരിക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ട്.
വിശുദ്ധ ഖുര്‍ആനും ഇതര വേദഗ്രന്ഥങ്ങളും തമ്മിലുളള അന്തരത്തിന് ഇസ്ലാമിക വിശ്വാസ സംഹിതയില്‍ തന്നെ വലിയ പ്രസക്തിയുണ്ട്. പൂര്‍വ്വ പ്രവാചകര്‍ക്ക് നല്‍കപ്പെട്ട ഗ്രന്ഥങ്ങളെല്ലാം ദൈവ ഗ്രന്ഥങ്ങളാണെന്നും അവയെല്ലാം സത്യത്തിലേക്കും സന്‍മാര്‍ഗത്തിലേക്കും നയിച്ചിരുന്നവയാണെന്നും പൊതുവെ അംഗീകരിക്കുക മാത്രമാണ് വിശ്വാസിയുടെ ബാധ്യത.