ന്യൂ ഇയർ ആഘോഷിക്കാനല്ല ചിന്തിക്കാനാണ്

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്

ജീവിതത്തിന്റെ ഏടിൽ നിന്നും ഒരിലകൂടി  പൊലിഞ്ഞു പോകാനടുത്തിരിക്കുന്നു. ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളിൽ നിന്ന് ഒരു വർഷം കൂടി വിടപറയാറായിരിക്കുന്നു. വളരെ വ്യക്തമായി പറഞ്ഞാൽ, മരണത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുന്നു. തീർത്തും ദുഃഖിക്കേണ്ട അല്ലെങ്കിൽ സ്വയം വിചാരണ ചെയ്യേണ്ട സന്ദർഭമാണിത് .ആ നേരത്താണ് ഭൗതികതയുടെ പച്ചപ്പിൽ കണ്ണു മഞ്ഞളിച്ച ചിലർ പുതുവത്സരം ആഘോഷങ്ങളുടെ പറുദീസയാക്കി തീർക്കുന്നത്. ആഘോഷങ്ങളുടെ ആഹ്ലാദത്തിമിർപ്പിൽ അഴിഞ്ഞാടുന്ന ആധുനിക യുവത നൽകുന്ന സൂചനകൾ അശുഭകരമാണ് .
കേവലം എഴുപതോ എമ്പതോവർഷം ജീവിക്കേണ്ട നാം നമ്മുടെ ആയുസ്സിൽ നിന്ന് ഒരു വർഷം വിടപറയുമ്പോൾ സന്തോഷിക്കുകയാണോ ചെയ്യേണ്ടത് .
സമയത്തി വളരെയധികം പ്രാധാന്യമുണ്ട്. നബി(സ്വ) പറയുന്നു:
”അധിക ജനങ്ങളും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളാണ് സമയവും ആരോഗ്യവും”. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് അനുഗ്രഹങ്ങളെയും മുതലെടുക്കണം. അതിലേക്കാണ് ഈ പ്രവാചക വചനം വിരൽചൂണ്ടുന്നത്. മറ്റു പ്രവാചകന്മാരുടെ സമുദായങ്ങളെ അപേക്ഷിച്ച് നമ്മുടെ ആയുസ്സ് തുലോം തുച്ഛമാണ് .ആയിരവും തൊള്ളായിരവുംവർഷം വരെ ജീവിച്ച് അവരുടെ ആയുസ്സ് നമ്മുടെ ആയുസുമായി തുലനം ചെയ്യുമ്പോൾ തുച്ഛമെന്നാല്ലാതെ മറ്റ് എന്ത് പറയും?
ഒരിക്കൽ മൂസാ നബിയുടെ അനുയായികൾ വന്ന് മൂസാ നബിയോട് ഇങ്ങനെ പറഞ്ഞു: മൂസാനബിയെ ഞങ്ങളുടെ മക്കൾ ചെറുപ്പത്തിലേ മരണപ്പെട്ടു പോവുന്നു. ഇതുകേട്ട് മൂസാനബി പുഞ്ചിരിച്ചു. അപ്പോൾ അനുയായികൾ തിരിച്ചു ചോദിച്ചു :നിങ്ങൾ എന്തിനാണ് ചിരിക്കുന്നത്? മൂസാ നബി പറഞ്ഞു: മുഹമ്മദ് നബിയുടെ സമുധായത്തിന്റെ പ്രായം അറുപതിനും എഴുപതിനും ഇടയിലാണ്.നിങ്ങളുടെ മക്കൾ നാനൂറാം വയസ്സിലും അഞ്ഞൂറാം വയസ്സിലുംമരണപ്പെടു മ്പോൾ നിങ്ങൾ പരാതി ബോധിപ്പിക്കാൻ വന്നത് കണ്ടുകൊണ്ടാണ് ഞാൻ ചിരിച്ചത്. അപ്പോൾ അനുയായികൾ മൂസാ നബിയുടെ തിരിച്ചു ചോദിച്ചു :നബിയേ,അവർ താമസിക്കാൻ വേണ്ടി വീടുകൾ പണിയുമോ? ഇതുകേട്ട് മൂസാ നബി പറഞ്ഞു വീടുണ്ടാക്കുമോയെന്നോ?  അവർ വലിയ കൊട്ടാരങ്ങൾ പണിതുണ്ടാക്കും. ഇതുകേട്ട് അനുയായികൾ ചിരിച്ചു പോയത്ര!
നബിതങ്ങളുടെ സമുധായത്തിന്റെ ആയുസ്സിന്റെചുരുക്കമാണ് ഈ ചരിത്രം ദ്യോതിപ്പിക്കുന്നത് .
നമ്മുടെ മുൻഗാമികളുടെ ചരിത്രങ്ങൾ പരിശോധിച്ചാൽ അവർ സമയത്തിന് നൽകിയ പ്രായോഗികതയും പ്രാധാന്യവും നമുക്ക് ബോധ്യപ്പെടും. ഭക്ഷണം കഴിക്കുന്ന സമയം ഏറ്റവും പ്രയാസകരമായ സമയമായി നമ്മുടെ മുൻഗാമികൾ കണ്ടിരുന്നു. കാരണം ഭക്ഷണം കഴിക്കാനിരുന്നാൽ അത്രയും സമയം വെറുതെ നഷ്ടപ്പെടുകയാണല്ലോ എന്ന ചിന്തയായിരുന്നു അവരിൽ നിറഞ്ഞു നിന്നിരുന്നത് .
ഒരു അറബി കവിതയുടെ സാരാംശം ഇങ്ങനെ വായിക്കാം:
“സമയമാണഖില
സൂക്ഷിപ്പുവസ്തുക്കളിലും ശ്രേഷ്ടം
നിൻ മേലിലെളുപ്പം നഷ്ടമാകുന്നതും സമയം തന്നെ.”
കേവലം നാൽപ്പത്തിയഞ്ചും അമ്പത്തിനാലും വയസ് വരെ മാത്രം ജീവിച്ച നമ്മുടെ പൂർവ്വീകർ ജീവിതത്തിൽ വിസ്മയങ്ങൾ തീർത്ത വരായിരുന്നു .നമ്മുടെ മുൻഗാമികൾ ജീവിതം മുഴുവനും ഗ്രന്ഥരചനക്കും ഗ്രന്ഥപാരായണത്തിനും നീക്കിവെച്ചവരായിരുന്നു.അവരുടെ ജീവിതം എത്ര ഉൽകൃഷ്ടം !
നമ്മുടെ മുൻഗാമികൾ ചെയ്തുകൂട്ടിയ നന്മകൾ നമുക്കൊരു പാഠമാണ്. യന്ത്രങ്ങളും സാങ്കേതികവിദ്യകളും കണ്ടെത്താത്ത അക്കാലത്ത് അഥവാ ഇന്നിന്റെനൂറിലൊരംശം സൗകര്യം പോലുമില്ലാത്ത അക്കാലത്ത് അവർ ചെയ്തുകൂട്ടിയ പ്രവർത്തനങ്ങൾ അല്പംപോലും നമുക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്നത് ഖേദകരം തന്നെ. സമയത്തെ സൽകർമ്മങ്ങളിൽ ചെലവഴിച്ചവരാണ് ബുദ്ധിമാന്മാർ. ആയുസ്സ് ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ദ്രുതഗതിയിൽ അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും. അതിനെ പിടിച്ചു കെട്ടാൻ നമുക്കാവില്ല .പക്ഷേ, നമുക്കതിനെ നല്ലരീതിയിൽ ഉപയോഗപ്പെടുത്താനാകും.
ഉമർ ബ്നു അബ്ദുൽഅസീസ് (റ) പറയുന്നു :രാത്രിയും പകലും നിന്നിൽ പ്രവർത്തിക്കുന്നു. അതിനാൽ ഈരണ്ട് സമയത്തും നീ നന്നായി പ്രവർത്തിക്കുക.
ജീവിതത്തിനു മൂല്യമുണ്ട്. ആ മൂല്യം ഒളിച്ചിരിക്കുന്നത് സമയങ്ങളിലാണ്. ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ ഓരോ കറക്കവും നമ്മുടെ ആയുസ്സിന്റെ മരണങ്ങളാണ്. പെൻഡുലം ക്ലോക്കിലെ ഓരോ ശബ്ദവും നമ്മുടെ മരണമണിയാണ് മുഴക്കി കൊണ്ടിരിക്കുന്നത്. നമ്മുടെ സമയമാണ് നമ്മുടെ ജീവിതം. നമ്മുടെ ജീവിതം നമ്മുടെ സമയങ്ങളും.
അതിനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിച്ചില്ലെങ്കിൽ ഖേദമായിരിക്കും പരിണിതഫലം. മരണമുഖത്തു മാലാഖയോട്  ഒരു സെക്കൻഡ് എങ്കിലും നീട്ടിത്തരാൻ മനുഷ്യൻകെഞ്ചുമെന്ന് വിശുദ്ധ ഖുർആൻ തന്നെ പഠിപ്പിക്കുന്നുണ്ടല്ലോ.
നബിതങ്ങൾ പറയുന്നു: എന്റെ സമുദായത്തിന്റെ ആയുസ്സ് അറുപതിനും എഴുപതിനും ഇടയിൽ ആണ് .ഈ ഹദീസനുസരിച്ച് നോക്കുമ്പോൾ ഇബാദത്തിനായി സൃഷ്ടിക്കപ്പെട്ട നാം ആയുസ്സ് അതിനായി ചെലവഴിക്കുന്നില്ലെന്ന് കൃത്യമായി ബോധ്യപ്പെടും.
ഉദാഹരണമായി ,ഒരാൾ അറുപത് വയസുവരെ ജീവിച്ചു എന്നു വിചാരിക്കുക .അതിൽ പകുതി ഭാഗവും അഥവാ മുപ്പത് വർഷവും രാത്രിയായിത്തീരും. അഥവാ ഉറങ്ങി കഴിയും. ശേഷിക്കുന്ന മുപ്പത് വർഷത്തിന്റെപകുതി (15 വർഷം )യുവത്വത്തിന്റെ പ്രസരിപ്പിൽ അശ്രദ്ധമായി തീർന്നുപോകും. ശേഷിക്കുന്നത് 15 വർഷം മാത്രം .ഭാര്യയും സന്താനങ്ങളും അവരെ തീറ്റിപ്പോറ്റാനുംആഗ്രഹ സഫലീകരണങ്ങൾക്കുമായി ആ പതിനഞ്ച് വർഷങ്ങളുംതീർന്നു പോകും.
ശേഷിക്കുന്ന അഞ്ചുവർഷം രോഗത്തിന്റെപിടിയിൽ അമരാൻ ആയിരിക്കും വിധി.
പിന്നെ എവിടെ ഇബാദത്ത് എടുക്കാൻ സമയം? മനുഷ്യജീവിതത്തിന്റെ ആദ്യന്തലക്ഷ്യമായ ഇബാദത്തിനു പോലും നമുക്ക് സമയമില്ല. അതിനാൽ തന്നെ സമയങ്ങളെ ശരിയാവണ്ണം ഉപയോഗപ്പെടുത്തിയേ തീരൂ.

വെറും നാൽപത്തിയഞ്ച് വർഷം കൊണ്ട് നൂറു കണക്കിന്  ഗ്രന്ഥങ്ങൾ തന്നെ രചിച്ചവരാണ് ഇമാം നവവി(റ).
കേവലം അമ്പത്തിനാല് വർഷങ്ങൾകൊണ്ട് വിജ്ഞാന വിഹായസ്സ് കീഴടക്കി ഒരു  മദ്ഹബിന്റെ തന്നെ ഇമാമായി ജീവിച്ചവരാണ് ഇമാം ശാഫിഈ (റ). നാല്പതു വയസ്സും അതിനപ്പുറവും ജീവിച്ചുകൊണ്ടിരിക്കുന്ന നമ്മൾ ഈ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു?
നമ്മുടെ ജീവിതംകൊണ്ട് മറ്റൊരാൾക്ക് എന്തെങ്കിലും ഉപകാരങ്ങൾ ലഭിച്ചുവോ? മനസ്സിൽ എപ്പോഴും ഉണ്ടാകേണ്ട ചോദ്യ ചിഹ്നങ്ങളാണിത്. ആമിർബിൻ ഖൈസിനോട് ഒരാൾ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ആധുനിക തലമുറയെ ആശ്ചര്യഭരിതരാക്കും. അദ്ദേഹം പറഞ്ഞു: സൂര്യനെ പിടിച്ചു കെട്ടുകയാണെങ്കിൽ നമുക്ക് സംസാരിക്കാം. സമയത്തിന് ഇത്രയും പ്രാധാന്യംനമ്മുടെ മുൻഗാമികൾ നൽകിയിരുന്നു.
അതു കൊണ്ട് തന്നെ പുതുവർഷം കടന്നുവരുമ്പോൾ ആഘോഷിക്കുകയല്ല നാം ചെയ്യേണ്ടത്.മറിച്ച് തന്റെ ജീവിതവൃക്ഷത്തിൽ നിന്ന് ഒരില കൂടി കഴിഞ്ഞു പോയല്ലോ എന്ന യുക്തിസഹജമായ ചിന്തയാണ് മനസ്സിൽ കടന്ന് വരേണ്ടത്. പുതുവർഷത്തെ നാം ഒരു ന്യൂ ഇയർ ആയി കാണണം. സാധാരണ എല്ലാവരും കാണുന്നതുപോലെയുള്ള കാഴ്ചയല്ല  ഈ പറഞ്ഞ കാഴ്ച്ച.
മറിച്ച്,ഗതകാല ജീവിതത്തിലെ തെറ്റുകളും അപരാധങ്ങളും തിരുത്തി പുതിയൊരു കുറ്റവിമുക്തമായ ന്യൂ ഇയർ നമുക്കുണ്ടാക്കിയെടുക്കണം.കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത് കൂട്ടിയ തെറ്റുകൾ ഈ വർഷം ചെയ്യില്ലെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു ന്യൂ ഇയറാണ് വിശ്വാസികൾ സ്വപ്നം കാണേണ്ടത്.   അപ്പോഴേ ഭൗതിക ലോകത്തും പരലോകത്തും വിജയത്തിന്റെ വെള്ളിരേഖകൾ വരക്കാൻ കഴിയൂ .
നാഥൻ തുണക്കട്ടെ. ആമീൻ