മുഹമ്മദ് ശാക്കിര്‍ മണിയറ
പ്രകൃതി ക്ഷോഭങ്ങളും ആഗോള താപനവുമൊക്കെ മനുഷ്യന് അനുദിനം വെല്ലുവിളിയുയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍, ഏതൊരു ആധുനിക സമസ്യകളിലുമെന്ന പോലെ പരിസ്ഥിതി സ്നേഹത്തിന്‍റെ വിഷയത്തിലും ഇസ്ലാമിന്‍റെ തത്വാധിഷ്ഠിതമായ ശൈലിയിലേക്കാണ് ലോകം നടന്നടുക്കുന്നത്. സസ്യലദാതികളും ജലവും ജന്തുജാലങ്ങളുമടങ്ങിയ നമ്മുടെ സുന്ദരമായ പരിസ്ഥിതി ഇന്ന് വളരെ അപകടകരമായ അവസ്ഥയിലാണ്. മനുഷ്യമക്കള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളാല്‍ തന്നെ നമ്മുടെ മാതാവായ ഭൂമിക്ക് മരണമണി മുഴങ്ങുമ്പോള്‍ ജനങ്ങളുടെ കരങ്ങള്‍ ചെയ്തത് കാരണം കരയിലും കടലിലും കുഴപ്പങ്ങള്‍ വെളിവായി എന്ന വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനം പകല്‍ വെളിച്ചം പോലെ പുലരുന്നതാണ് ഇന്ന് നാം കാണുന്നത്.
പരിസ്ഥിതിയിലെ ഓരോ സൂക്ഷ്മ വസ്തുക്കളെ കുറിച്ചു പോലും ഇസ്ലാം വ്യക്തവും സ്പഷ്ടവുമായ കാഴ്ച്ചപ്പാടുകളാണ് വെച്ചു പുലര്‍ത്തുന്നത്. മനുഷ്യസൃഷ്ടിപ്പിന്‍റെ ആദിമ കാലം മുതല്‍ക്ക് തന്നെ ഈ പരിസ്ഥിതി സ്നേഹത്തിന്‍റെ വെളിച്ചം നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. പ്രഥമ മനുഷ്യ പുത്രനായ ഹാബീല്‍(റ) ഒരു കര്‍ഷകനായിരുന്നു എന്ന് കിതാബുകളില്‍ രേഖപ്പെടുത്തുമ്പോള്‍ ഇതിന്‍റെ പൗരാണികതയും നമുക്ക് വായിച്ചെടുക്കാം.
സാംബിയയിലെ ലുസാക്ക എന്ന സ്ഥലത്തെ ഒരു മൃഗശാലയുടെ അവസ്ഥ ഇവിടെ വിവരിക്കുക ഏറെ ഉചിതമാണെന്ന് തോന്നുന്നു. എന്തെന്നാല്‍, മൃഗശാലയിലെ വലിയ ഒരു കൂടിനു മുന്നില്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ജീവി എന്നൊരു ബോര്‍ഡെഴുതി വെച്ചിട്ടുണ്ട്. പക്ഷെ, കൂടിനുള്ളില്‍ ഒരു ജീവിയെയും കാണാന്‍ സാധിക്കില്ല. മറിച്ച്, സഞ്ചാരികളുടെ പ്രതിബിംബം കാണിക്കുന്ന പടുകൂറ്റന്‍ കണ്ണാടിയാണ് അവിടെ വെച്ചിട്ടുള്ളത്. ഏതായാലും മനുഷ്യനെ ലോകത്തെ ഏറ്റവും അപകടകാരിയായി ചിത്രീകരിക്കുന്ന ഈ മൃഗശാല ഇന്ന് അര്‍ത്ഥത്തിലും അക്ഷരത്തിലും യാഥാര്‍ത്ഥമായ ഒരു കാര്യമാണ് ചെയ്തിട്ടുള്ളതെന്ന് പറയാതെ വയ്യ. നമ്മുടെ പരിസ്ഥിതി ഇത്രയേറെ മോശമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ വരും തലമുറക്ക് മാതൃകയാകും വിധം പരിസ്ഥിതിയെ സ്നേഹിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്.
മരം ഒരു വരം തന്നെയാണ്……
നമ്മുടെ പരിസ്ഥിതിയിലെ വളരെ അമൂല്യവും ജീവാമൃതവുമായൊരു ഘടകമാണ് സസ്യലോകം എന്നത്. മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാന മൂലകമായ ഓക്സിജനെ നമ്മുക്ക് യഥേഷ്ടം നമുക്ക് നല്‍കുന്ന സസ്യങ്ങളെ പറ്റി മഹത്തായൊരു കാഴ്ച്ചപ്പാടാണ് ഇസ്ലാം വെച്ചു പുലര്‍ത്തുന്നത്. മരം ഒരു വരം എന്നതൊക്കെ നാം വെറും ഒരു പഴഞ്ചൊല്ലായോ അല്ല ഒരു കോപ്പിയെഴുതാനുള്ള വാചകമായോ മാത്രമേ കണക്കാക്കാറുള്ളുവെങ്കിലും അതിന്‍റെ അര്‍ത്ഥ തലങ്ങളെപ്പറ്റി പരിപൂര്‍ണ്ണ ബോധവാന്മാരാവേണ്ട സമയം അതിക്രമിച്ചു കടന്നിരിക്കുകയാണ്.
പ്രവാചകന്‍(സ്വ) തന്‍റെ ജീവിതത്തില്‍ പരിസ്ഥിതി സ്നേഹത്തിന്‍റെ അമൂല്യമായ പാഠങ്ങള്‍ പരിപൂര്‍ണ്ണമായി പകര്‍ത്തി, അതിനു ശേഷം മാത്രം തന്‍റെ അനുചരന്മാരെ അതിന്‍റെ മേല്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് റസൂല്‍(സ്വ) പരിസ്ഥിതി സ്നേഹത്തിന്‍റെ അതുല്യനായ നേതാവായി വാഴ്ത്തപ്പെടുന്നത്. മറ്റേതു മതങ്ങളേക്കാളും ഇസ്ലാമിന്‍റെ പാരിസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ക്ക് മൂല്യം കല്‍പിക്കപ്പെടുന്നതും ഇത് കൊണ്ട് മാത്രമാണ്. യുദ്ധത്തിന് വേണ്ടി പുറപ്പെടുന്ന തന്‍റെ അനുചരന്മാര്‍ക്ക് പ്രവാചകന്‍(സ്വ) നല്‍കാറുണ്ടായിരുന്ന ഉപദേശം ഒരു പക്ഷെ, ആധുനിക പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ക്കും മറ്റും വലിയൊരു മാതൃകയാണ്.
നിങ്ങള്‍ സ്ത്രീകളെയോ വൃദ്ധന്മാരെയോ വധിക്കരുത്. നിങ്ങള്‍ മരങ്ങള്‍ മുറിക്കുകയോ കെട്ടിടങ്ങള്‍ തകര്‍ക്കുകയോ ചെയ്യരുത് എന്നതായിരുന്നു നബി(സ്വ) യുടെ ഉപദേശം. പരിസ്ഥിതിയുടെ മൂല്യം വിളിച്ചോതാനുതകുന്ന ഏറ്റവും വലിയ ഒരു പ്രഖ്യാപനമായി ഈ പ്രഖ്യാപനത്തെ കാണുന്നതിലും യാതൊരു തെറ്റില്ല. പക്ഷെ, പരിസ്ഥിതി സംരക്ഷണത്തിനായി യു.എന്‍.ഒ യെപ്പോലോത്ത ഒരുപാട് അന്താരാഷ്ട്ര സംഘടനകള്‍ ഒരുപാട് പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും ആരും പരിസ്ഥിതി പാഠങ്ങള്‍ ജീവിതത്തില്‍ നിഴലിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള സാമൂഹിക ബോധങ്ങള്‍ വ്യക്തി ജീവിതത്തില്‍ നിന്നുയിര്‍ കൊള്ളേണ്ടതാണ്. വ്യക്ത ജീവിതത്തില്‍ ഇത്തരം പാഠങ്ങള്‍ പകര്‍ത്തുമ്പോള്‍ മാത്രമേ, അവിടെ നിന്ന് കുടുംബ ജീവിതത്തിലേക്കും പിന്നീട് സാമൂഹിക ജീവിതത്തിലേക്കും ഇവ രൂപമാറ്റം ചെയ്യപ്പെടുകയുള്ളൂ…..
പാരിസ്ഥിതിക പരമായി ഇസ്ലാം ലോകത്തിന് സമക്ഷം സമര്‍പ്പിച്ചിട്ടുള്ള അമൂല്യവും അനിര്‍വ്വചനീയനുമായ സംഭാവനകളിലൊന്നാണ് പള്ളിക്കാടുകള്‍,അഥവാ മുസ്ലിം പൊതു ശ്മശാനങ്ങള്‍ എന്നത്. മുസ്ലിം സമുദായത്തില്‍ പെട്ട ഒരാള്‍ മരണപ്പെടുമ്പോള്‍ അവരുടെ ഖബ്റിന്‍റെ മുകളില്‍ ചെടികള്‍ നട്ടു പിടിപ്പിക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും ജനങ്ങള്‍ അത് അംഗീകരിക്കുകയും നടത്തിപ്പോരുകയും ചെയ്യുമ്പോള്‍ ഒരുപാട് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാണ് പടുത്തുയര്‍ത്തപ്പെടുന്നത്. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും പ്രകൃതിയെ അഗാധമായി സ്നേഹിക്കുന്നതും ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ എത്രത്തോളം പ്രതിഫലനം ചെലുത്തുന്നു എന്നതിന്‍റെ ഒരുപാട് നേര്‍ച്ചിത്രങ്ങള്‍ നമുക്കു ഇന്ന് മുമ്പിലുണ്ട്…..
ലോക ജനങ്ങളില്‍ ശരാശരി ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജനങ്ങളുള്ളത് ബ്രസീലിലെ ഒരു പ്രദേശത്താണ്. ഇതിനു പിന്നിലെ ഘടകങ്ങപ്പറ്റി ശാസ്ത്ര ലോകം പഠനം നടത്തിയപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് ഏറ്റവും കൂടുതല്‍ പ്രകൃതി ഭംഗി നറഞ്ഞതും മരങ്ങളുള്ളതുമായ ഒരു പ്രദേശമായിതനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നൊരു വസ്തുതയാണ്. ആധുനികതയോടുള്ള മനുഷ്യന്‍റെ അതിപ്രസരിപ്പു കാരണം, മനുഷ്യന്‍ പടുത്തുയര്‍ത്തുന്ന കെട്ടിട സമുച്ചയങ്ങളും അമ്പരച്ചുംബികളും മനുഷ്യ ജീവിതത്തില്‍ എത്രത്തോളം മാരകമാണെന്ന ഒരു വസ്തുതയും നമുക്ക് ബ്രസീലില്‍ നിന്ന് തന്നെ കാണാം…… ബ്രസീലിലെ ഒരു ഫാട്കറിയില്‍ നിന്ന് വിഷവാതകങ്ങള്‍ പുറത്തു വരുന്നത് കാരണം, ഒരു കിലോ മീറ്റര്‍ ചുറ്റുഭാഗത്ത് യാതൊരു പച്ചപ്പും ദര്‍ശിക്കാനാവാത്ത ഒരവസ്ഥ നാം ഏറെ ചിന്തിക്കേണ്ട ഒരു കാര്യമാണ്.
പരിസ്ഥിതിയെയും അതിന്‍റെ വരദാനങ്ങളെയും അത്യധികം സ്നേഹിച്ച റസൂല്‍(സ്വ) തന്‍റെ അനുചരډാരെയും അതിന്‍റെ മേല്‍ പ്രേരിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു മുസ്ലിം വല്ല കൃഷി ചെയ്യുകയോ വല്ല മരം നടുകയോ ചെയ്യുകയും അതില്‍ നിന്ന് വല്ല പക്ഷിയോ മനുഷ്യനോ മൃഗമോ ഭക്ഷിക്കുകയും ചെയ്താല്‍ അവന്ന് ധര്‍മ്മം ചെയ്തതിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ് എന്ന തന്‍റെ പ്രഖ്യാപനത്തിലൂടെ വരും കാല സമുദായത്തെ മുഴുവന്‍ പ്രകൃതി സ്നേഹത്തിന്‍റെ നിസ്തുല വാക്താക്കളാക്കി മാറ്റുക എന്ന ഒരു മഹത്തായ ഉദ്ദേശത്തിനായിരുന്നു നബി(സ്വ) തുടക്കമിട്ടത്.
ജലം; കരുതല്‍ ആവശ്യമാണ്
പരിസ്ഥിതിയിലെ അമൂല്യവും അഭിവാജ്യവുമായ ഒരു ഘടകവും മനുഷ്യന്‍റെ ജീവാമൃതുമായ ഒരു വസ്തുവാണല്ലോ ജലമെന്നത്……ആധുനിക ലോകത്ത് ഏറ്റവുമധികം മൂല്യമുള്ളതും എങ്കില്‍ പോലും ആരും മൂല്യം കല്‍പിക്കാത്തതുമായ ഈ ജലത്തിന്‍റെ പേരില്‍ ഇന്ന് ഒരുപാട് പ്രശ്നങ്ങളും കോലാഹലങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണല്ലോ…ഇനിയൊരു ലോക മഹായുദ്ധം നടക്കുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്ന ശാസ്ത്ര ലോകത്തിന്‍റെ പ്രഖ്യാപനവും നാം തള്ളിക്കളയേണ്ടതല്ല. കാരണം, ശാസ്ത്രത്തിന്‍റെ ഈ പ്രഖ്യാപനത്തിന് ശക്തി പകരുന്നതായ ഒരുപാട് സംഘട്ടനങ്ങള്‍ ഇന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത നദികളുടെ പേരില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ വളരെ പ്രശ്ന കലുശിതമായ സാഹചര്യത്തിലാണ് ഇസ്ലാമിന്‍റെ ജലവുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ക്ക് ആയിരം നക്ഷത്ര ശോഭ കൈവരുന്നത്. പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ആധുനിക മനുഷ്യനെ നിഴല്‍ പോലെ പിന്തുടരുമ്പോള്‍, പ്രകൃതി ഭംഗിയാസ്വദിക്കുന്നതിലൂടെയും ശുദ്ധ പ്രകൃതിയില്‍ ജീവിക്കുന്നതിലൂടെയും മനഃസമാധാനം കൈവരിക്കാന്‍ സാധിക്കും എന്ന നിലപാടിലേക്കാണ് മനുഷ്യനും ശാസ്ത്രത്തോടൊപ്പം നടന്നടുക്കുന്നത്.
അബൂത്വല്‍ഹ(റ) വിന്‍റെ മദീനയിലെ ബൈറുഹാഅ് തോട്ടത്തിലെ അരുവിയില്‍ നിന്ന് നബി(സ്വ) വെള്ളം കുടിക്കാറുണ്ടായിരുന്നുവെന്നും അവിടെ പ്രകൃതി ഭംഗിയാസ്വദിച്ചു കൊണ്ട് വിശ്രമിക്കുറുമുണ്ടായിരുന്നു എന്നുമുള്ള ചരിത്രരേഖകളും ഈ വസ്തുതക്ക് അടിവരയിടുന്നു. പക്ഷെ, അല്ലാഹുവിന്‍റെ അനുഗ്രഹമായ ഈ ജലത്തിന് മനുഷ്യന്‍ നന്ദി കാട്ടാതെ കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോള്‍ പരിശുദ്ധ ഖുര്‍ആനിലൂടെയുള്ള അല്ലാഹുവിന്‍റെ വിശുദ്ധ പ്രഖ്യാപനങ്ങള്‍ക്ക് നാം കാതോര്‍ക്കേണ്ടിയരിക്കുന്നു.
നിങ്ങള്‍ കുടിക്കുന്ന ജലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?…നിങ്ങളാണോ അതിനെ മേഘത്തില്‍ നിന്നിറക്കിയത്, അതല്ല നമ്മളാണോ?…. നാം ഉദ്ദേശിക്കുകയാണെങ്കില്‍ അതിനെ ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു(സൂറത്തുല്‍ വാഖിഅഃ) എന്ന ഖുര്‍ആന്‍റെ പ്രഖ്യാപനം ഈ വസ്തുതയാണ് വെളിപ്പെടുത്തുന്നത്. ഇസ്ലാമില്‍ വളരെയധികം പ്രാധാന്യവും മഹത്വവും കല്‍പ്പിക്കപ്പെടുന്ന ഒന്നാണ് ജലദാനമെന്നുള്ളത്.
ഇബ്നു മാജ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം: നബി(സ്വ) പറഞ്ഞു: മരണാനന്തരം ഒരടിമക്ക് പ്രയോജനം കിട്ടുന്ന ഏഴ് കാര്യങ്ങളുണ്ട്. അറിവ് പഠിപ്പിക്കുക, പുഴ നിര്‍മ്മിക്കുക, കിണര്‍ കുഴിക്കുക, ഈന്തപ്പന നടുക, പള്ളി നിര്‍മ്മിക്കുക, മരണാനന്തരം പാപമോചനത്തിനായ് പ്രാര്‍ത്ഥിക്കുന്ന ഒരു സന്താനമുണ്ടാവുക…..ഇതില്‍ പറയപ്പെട്ട പുഴ നിര്‍മ്മിക്കുക, കിണര്‍ കുഴിക്കുക തുടങ്ങിയ രണ്ട് കാര്യങ്ങളും ജലവുമായ് ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ ഇസ്ലാം ഇതിന് കല്‍പ്പിക്കുന്ന പ്രാധാന്യം നമുക്ക് വ്യക്തമാവുന്നതാണ്. ഒരിക്കല്‍ സഅദ് ബ്നു ഉബാദ(റ) വന്നു കൊണ്ട് നബിയേ… എന്‍റെ മാതാവ് മരിച്ചിരിക്കുന്നു…അവര്‍ക്കെന്താണ് നാം ദാനം ചെയ്യേണ്ടത് എന്ന്
വൈവിധ്യങ്ങളുടെ ജന്തുലോകം
പരിസ്ഥിതിയിലെ മനോഹാരിതവും മനം കുളിര്‍പ്പിക്കുന്നതുമായ ഒരത്ഭുത ലോകമാണല്ലോ ജന്തുലോകം…മനുഷ്യന്‍ തന്‍റെ സുഖവും സന്തോഷവും മാത്രം നിറഞ്ഞ ജീവിതത്തിന് വേണ്ടി ഇവയെയും ചൂഷണം ചെയ്ത് ഇല്ലാതാക്കുമ്പോഴാണ് നമ്മുടെ ദേശീയ മൃഗമായ കടുവകള്‍ പോലും വിരിലിലെണ്ണാവുന്ന എണ്ണമായി പരിമിതപ്പെട്ടു പോയത്. ഇസ്ലാമിലെ ജീവിസങ്കല്‍പങ്ങള്‍ ഏറ്റവും മഹത്തായതും തുല്യതയില്ലാത്തതുമാണെന്നത് ഏവരാലും അംഗീകരിക്കപ്പെട്ടൊരു കാര്യവുമാണ്.
ഒട്ടകത്തിന്‍റെ മേല്‍ അമിതഭാരം കയറ്റിയ തന്‍റെ പ്രജയെ ഒരടി കൊടുത്തു കൊണ്ട് അയാള്‍ ചെയ്ത തെറ്റ് ചെറുതല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത ഉമര്‍(റ) മിണ്ടാപ്രാണിയായതിന്‍റെ പേരില്‍ അവഗണിക്കപ്പെടേണ്ടതല്ല ഒരു മൃഗം എന്ന് ലോക സമക്ഷം കാട്ടിക്കൊടുക്കുകയായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തന്നിലേക്ക് ആവലാതി ബോധിപ്പിക്കാന്‍ എത്തിയ ഒട്ടകത്തോട് പ്രവാചകന്‍(സ) കാട്ടിയ പെരുമാറ്റം ഏറെ മാതൃകാ പരമാണ്. ആദ്യം തന്നെ ഒട്ടകത്തെ മുതലാളിയെ വിളിച്ചു വരുത്തുകയും ഈ ഒട്ടകത്തെ അല്ലാഹു നിങ്ങള്‍ക്ക് ഉടമപ്പെടുത്തിത്തന്നത് ഇതിനെ പട്ടിണിക്കിടാന്‍ അല്ല എന്ന് ആ അനുചരനെ പഠിപ്പിക്കുകയുമായിരുന്നു. മിണ്ടാപ്രാണികള്‍ക്ക് പോലും അവരുടെ അവകാശങ്ങള്‍ പകുത്തു നല്‍കുന്ന ഈ ഇസ്ലാം മതം എന്തു കൊണ്ടും അതുല്യമാണെന്ന് പറയാതെ വയ്യ.
ഈ പവിത്രമായ ജീവിതങ്ങളില്‍ നിന്നാണ് മുസ്ലിം ലോകം എന്നും പാഠമുള്‍ക്കൊള്ളേണ്ടത്. പ്രവാചകന്‍(സ്വ) യും അനുയായികളും മരങ്ങളോടും മറ്റു ജീവന്‍റെ തുടിപ്പായ സസ്യങ്ങളോടുമെല്ലാം മുന്‍ചൊന്ന വിധത്തിലുള്ള സൂക്ഷ്മ കാഴ്ച്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തിയതിന്‍റെ പിന്നില്‍ പ്രധാനമായി കാണാവുന്ന വസ്തുത എന്നത് ജന്തുലോകത്തിന്‍റെ സംരക്ഷണമായിരുന്നു. നബി(സ്വ)യുടെ ചലന നിശ്ചലനങ്ങളെ വ്യക്തമായി നിരീക്ഷിക്കുമ്പോഴാണ് യുദ്ധ വേളകളില്‍ മരച്ചുവടുകളില്‍ വിശ്രമിക്കുമ്പോള്‍ തന്‍റെ വാള്‍ മരക്കൊമ്പുകളില്‍ കൊത്തി വെക്കുന്നതിന്ന് പകരം തൂക്കിയിടാറുണ്ടായിരുന്ന ആ പ്രവാചകന്‍റെ വിശാല ജീവിതത്തിന്‍റെ അര്‍ത്ഥ തലങ്ങള്‍ നമുക്കു മുമ്പില്‍ തുറക്കപ്പെടുന്നത്.
ലോകത്തിലെ സര്‍വ്വ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മാതൃകയാവും വിധത്തില്‍ മുന്‍ചൊന്നതിനു സമാനമായ ഒരുപാട് ഉദാത്ത ചരിത്രങ്ങള്‍ ആ വിശാല ജീവിതത്തില്‍ ദര്‍ശിക്കാവുന്നതാണ്. അനുചരരിലൊരാള്‍ സ്നേഹ പൂര്‍വ്വം ഒരു പക്ഷിക്കുഞ്ഞിനെ സമ്മാനിച്ചപ്പോള്‍ അതിനെ അതിന്‍റെ തള്ളപ്പക്ഷിയുടെ അടുക്കല്‍ കൊണ്ടുവിടലാണ് ഏറ്റവും ഉത്തമം എന്ന് പ്രതിവചിച്ച നബി(സ)യുടെ പ്രഖ്യാപനം യുഗങ്ങള്‍ക്കിപ്പുറം നമ്മുടെ സമുദായത്തിന് ഏറെ പാഠമുള്‍ക്കൊള്ളാനുള്ളതാണ്.
പുഴക്കരയില്‍ നിന്ന് പക്ഷിയെ വേട്ടയാടാ നിരിക്കുന്ന വേടനോട് മാനിഷാദാ… അരുത് കാട്ടാളാ…എന്ന് വിളിച്ചോതിയ വാല്‍മീകിയെ ലോകം ഈയൊരു പ്രഖ്യാപനത്തിന്‍റെ മേല്‍ ഉന്നത സ്ഥാനീയനായി വാഴിക്കുന്നുണ്ടെങ്കില്‍, പരിസ്ഥിതിയിലെ ജീവിസങ്കല്‍പങ്ങലെ പറ്റി ലോകത്തിന് ഉദാത്തമായ മാതൃക സമ്മാനിച്ച പ്രവാചകന്‍(സ) എന്തു കൊണ്ടും ഈ സ്ഥാനം അലങ്കരിക്കാന്‍ അര്‍ഹനാണെന്ന വസ്തുത ഇവിടെ ചരിത്ര സത്യങ്ങളാല്‍ തെളിയിക്കപ്പെട്ടതാണ്. ഉറുമ്പിന്‍ കൂട് കരിച്ചു കളഞ്ഞ തന്‍റെ അനുചരന്മാരെ അവര്‍ ചെയ്ത പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ശക്തമായി താക്കീത് നല്‍കുകയും കത്തിച്ചു കളയാനുള്ള അവകാശം അവയെ സൃഷ്ടിച്ചതായ അല്ലാഹുവിന്ന് മാത്രമേ ഉള്ളൂ എന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു. പക്ഷിപ്പനിപ്പേടി കാരണം ആയിരക്കണക്കിന് മിണ്ടാപ്രാണികളായ താറാവുകളെ കൊന്നൊടുക്കിയ ഈ കേരളത്തില്‍ ഒരു പക്ഷെ, ഈ അധ്യാപനങ്ങള്‍ ഏറെ കാലോചിതമാണെന്ന് തന്നെ പറയാം…..
ഇസ്ലാമിലെ ജീവസങ്കല്‍പങ്ങളെ വെളിപ്പെടുത്തിത്തരുന്ന ഒരുപാട് ചരിത്ര ശകലങ്ങള്‍ നമുക്കു മുമ്പിലുണ്ട്. ദാഹിച്ചവശനായി നാവും നീട്ടി വന്ന നായക്ക് കിണറില്‍ നിന്ന് ജലം കോരിക്കൊടുത്ത വേശ്യയായ സ്ത്രീക്ക് സ്വര്‍ഗ്ഗ പ്രവേശനം ലഭിച്ച ചരിത്ര സംഭവം ഇവിടെ എന്ത് കൊണ്ടും ഉചിതമാണ്. അപ്രകാരം തന്നെ, പൂച്ചയെ ഭക്ഷണമോ ദാഹ ജലമോ നല്‍കാതെ ബന്ധിച്ചതിന്‍റെ പേരില്‍ നരകാവകാശിയായ ഒരു സ്ത്രീയുടെ ചരിത്രവും ഇവിടെ പ്രസക്തമാണ്. ഉപര്യക്ത ചരിത്ര സംഭവങ്ങളിലൂടെ തന്നെ ഇസ്ലാമിന്‍റെ ജന്തുലോകത്തോടുള്ള കാഴ്ച്ചപ്പാട് സുവ്യക്തമാണ്. അത് കൊണ്ട് തന്നെ നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് നമ്മുടെ ഈ മനോഹരമായ പരിസ്ഥിതിയെ എങ്ങനെ നമ്മലേക്കെത്തിച്ചു വോ അതിലുപരി മനോഹരമായി ഈ ചുറ്റുപാടിനെ നമ്മുടെ വരും തലമുറക്ക് കൈമാറാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.