അന്ത്യപ്രവാചകര്‍(സ്വ) തങ്ങളുടെ വഫാത്തിന് ശേഷം ഇസ്ലാമിക ശരീഅത്ത് നടപ്പാക്കിയത് ഖുലഫാഉ റാഷിദുകള്‍ ആയിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ),ഉസ്മാന്‍(റ), അലി(റ) എന്നിവരായിരുന്നു ആ ഭരണകര്‍ത്താക്കള്‍. ഈ നാല് സ്വഹാബാക്കളും തങ്ങളുടെ ജീവിതം മുഴുവനും ഇസ്ലാമിനു വേണ്ടി ഒഴിഞ്ഞുവെച്ചവരായിരുന്നു. അവരുടെ ആരോഗ്യവും മുതലും എല്ലാം തന്നെ അവര്‍ അല്ലാഹുവിന്‍റെ റസൂലിനും അനുചരര്‍ക്കും നല്‍കി. ഇവരുടെ ചരിത്രം അനാവരണം ചെയ്യാതെ ഇസ്ലാമിക ചരിത്രം പൂര്‍ണ്ണമല്ല. അതുകൊണ്ട് ഇനി അവരെ കുറിച്ച് ചര്‍ച്ച ചെയ്യാം.
അബൂബക്കര്‍ (റ)
ഇസ്ലാമിക ചരിത്രത്തില്‍ സിദ്ദീഖ് (റ) ന് മഹത്തായ സ്ഥാനമാണുളളത്. ഇസ്ലാമിന്‍റെ പ്രചരണത്തിനും സംസ്ഥാപനത്തിനും വേണ്ടി കഠിനത്യാഗം ചെയ്തവരില്‍ നബി(സ്വ) കഴിഞ്ഞാല്‍ പ്രമുഖ സ്ഥാനമാണ് അബൂബക്കര്‍ (റ)നുളളത്. മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പു തന്നെ മക്കയില്‍ നബിയുടെ സന്തത സഹചാരിയും ആത്മസുഹൃത്തുമായിരുന്നു അബൂബക്കര്‍(റ). പ്രവാചകത്വം ലഭിച്ചപ്പോള്‍ ആദ്യമായി ഇസ്ലാം ആശ്ലേഷിച്ച പുരുഷനും ഇദ്ദേഹമായിരുന്നു. നബി(സ്വ)യുടെ ജനനത്തിനു ശേഷം രണ്ടു വര്‍ഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് മക്കയില്‍ ഖുറൈശി തമീം വംശത്തിലാണ് ജനനം. പിതാവ് ഉഥ്മാന്‍ അബൂഖുഹാഫയും മാതാവ് ഉമ്മുല്‍ ഖൈര്‍ സല്‍മാ ബിന്‍ത് സ്വഖ്റും ആയിരുന്ന. അബ്ദുല്‍ കഅ്ബ എന്നായിരുന്നു അബൂബക്കറിന് മാതാപിതാക്കള്‍ നല്‍കിയ പേര്. നബി(സ്വ) ഈ പേരിനു പകരം അബ്ദുല്ല എന്നു വിളിച്ചു. ഇസ്ലാമില്‍ ആദ്യമായി കടന്നു വന്ന പുരുഷന്‍ എന്ന നിലക്ക് അബൂബക്കര്‍(റ) പിന്നീട് അറിയപ്പെട്ടു. നബി(സ്വ)യുടെ ഓരോ വാക്കും സംശയലേശമന്യേവിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ സിദ്ദീഖ് എന്ന നാമവും നബി(സ്വ) തങ്ങള്‍ അദ്ദേഹത്തിന് നല്‍കി. പില്‍കാലത്ത് അബൂബക്കര്‍ സിദ്ധീഖ്(റ)എന്ന പേരില്‍ വിഖ്യാതനാവുകയും ചെയ്തു.
നബിയോടൊപ്പം
ഇസ്ലാമം ആശ്ലേഷണം അബൂബക്കര്‍(റ) നെ നബി(സ്വ)തങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ആ ബന്ധം കൂടുതല്‍ ദൃഢമായി. പലപ്പോഴും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. തന്‍റെ സമ്പത്ത് മുഴുവന്‍ ഇസ്ലാമിക പ്രവര്‍ത്തനത്തിനു വേണ്ടി അദ്ദേഹം വിനിയോഗിച്ചു. അബൂബക്കര്‍(റ) ന്‍റെ സമ്പത്ത് പ്രയോജനപ്പെട്ടതുപോലെ മറ്റാരുടെയും സമ്പത്ത് എനിക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്ന നബി(സ്വ)ഒരിക്കല്‍ പറയുകയുണ്ടായി.
മക്കയിലെ ഖുറൈശികളുടെ പീഢനം അസഹ്യമായപ്പോള്‍ അബ്സീനിയയിലേക്ക് ഇതര സ്വഹാബികളോടൊപ്പം പോകുവാന്‍ തയ്യാറായി. എന്നാല്‍ അബൂബക്കര്‍(റ)നെ പോലുളള ഒരാള്‍ മക്കയില്‍ നിന്നും പോകുവാന്‍ പാടില്ല എ്ന്നു ശഠിച്ച മക്കയിലെ വര്‍ത്തക പ്രമാണിമാരായ ഇബ്നു ദുഗ്ന അദ്ദേഹത്തിനു അഭയം നല്‍കി. നാട്ടിലെ പ്രമുഖര്‍ ആര്‍ക്കെങ്കിലും അഭയം നല്‍കിയാല്‍ അത് എല്ലാവരും മാനിക്കണമെന്നായിരുന്നു അറേബ്യയിലെ നിയമം എതിര്‍പ്പുകളെ അവഗണിച്ചും പരസ്യമായി അല്ലാഹുവിനെ ആരാധിക്കുവാന്‍ തന്‍റെ വീട്ടുമറ്റത്ത് ഒരു പളളി പണിയുവാന്‍ പോലും അദ്ദേഹം ധൈര്യം കാണിച്ചു. പരസ്യമായി നമസ്കരിച്ചതു മൂലം ഇബ്നു ദുഗ്ന തന്‍റെ അഭയം പിന്‍വലിച്ചു. തനിക്ക് അല്ലാഹുവിന്‍റെ മാത്രം അഭയം മതി എന്നു പറഞ്ഞ് അബൂബക്കര്‍(റ) നബി(സ്വ)യുടെ കൂടെ ഇസ്ലാമിക പ്രബോധനങ്ങളിലും ആരാധനകളിലും മുഴുകി. മുന്നോട്ട് പോയി.
ഉമയ്യത്തുബന് ഖലഫ് എന്ന ഖുറൈശി പ്രമാണിയുടെ പീഢനത്തില്‍ നിന്നു അടിമയായ ബിലാല്‍(റ)വിനെ വിലക്കു വങ്ങി മോചിപ്പിച്ചത് ഇന്നും വജ്രശോഭയോടെ ഇസ്ലാമിക ചരിത്രത്തില്‍ സ്ഫുരിച്ചു നില്‍ക്കുന്നു. കൂടാതെ നിരവധി അടിമകളെ തന്‍റെ മുതല്‍കൊണ്ട് അബൂബക്കര്‍(റ)മോചിപ്പിച്ചു. തന്‍റെ കൂട്ടുകാരായിരുന്ന ഉസ്മാനു ബ്നു അഫ്ഫാന്‍, സുബൈറുബ്നു അവ്വാം, സഅദ് ബന്ു അബി വഖാസ്, അബ്ദുറഹ്മാനു ബ്നു ഔഫ്, ത്വല്‍ഹതു ബ്നു ഉബൈദില്ല, അബൂ ഉബൈദത്തു ബ്നു ജറാഹ് എന്നീ പ്രമുഖര്‍ ഇസ്ലാം സ്വീകരിച്ചത് സിദ്ദീഖ്(റ) മുഖേനയാണ്.
മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്റയില്‍ നബി(സ്വ) യെ അനുഗമിച്ചത് സിദ്ദീഖ് (റ)ആയിരുന്നു. യാത്രാ മദ്ധ്യേ ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ കൗഥര്‍ പര്‍വ്വതത്തിലെ ഗുഹയില്‍ അഭയം തേടിയതും പാമ്പിന്‍റെ മാളം തന്‍റെ കാല്‍ വിരല്‍ കൊണ്ട് അടക്കുകയും ചെയ്ത പാമ്പിന്‍റെ കടിയേറ്റതും സിദ്ദീഖ് (റ)നെ ഇന്നും മുസ്ലിം മനസ്സുകളില്‍ നിന്നും വായ്ച്ചെടുക്കാന്‍ കഴിയും. ഈ സംഭവം സൂറത്ത്ു തൗബ40 ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നുണ്ട്.
മക്കാ ജീവിത കാലത്ത് തന്‍റെ സമ്പത്ത് മുഴുവനും ഇസ്ലാമിന്ന് വേണ്ടി നിര്‍ലോഭം വിനിയോഗിച്ചിരുന്നു. തബൂക്ക് യുദ്ധ വേളയില്‍ സ്വഹാബികള്‍ ഓരോരുത്തരായി സംഭാവനകള്‍ കൊണ്ടു വന്നു.സിദ്ദീഖ് (റ)വും സംഭാവന നല്‍കി. ഇനിയും എന്താണ് വീട്ടിലുളളത് ? നബി (സ്വ) ചോദിച്ചു. അല്ലഹുവും അവന്‍റെ റസൂലും എന്നായിരുന്നു അബൂബക്കര്‍(റ)വിന്‍റെ മറുപടി.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഖലീഫയാകുന്നു
അബൂബക്കര്‍ (റ) ഖലീഫയായി തെരെഞ്ഞെടുക്കപ്പെട്ടതിന്‍റെ പിറ്റേദിവസം മസ്ജിദു ന്നബവിയില്‍ വെച്ച് മുസ്ലിംകള്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. അങ്ങനെ അദ്ദേഹം മദീനയില്‍ നബി(സ്വ)ക്കു ശേഷം ഇസ്ലാമിക രാഷ്ട്രത്തിന്‍റെ പ്രഥമ ഖലീഫയായി ബൈഅത്തിനു ശേഷം അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും ചരിത്രത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ഉത്തമ ഭരണാധികാരിയുടെ ചുമതലകളും ബാധ്യതകളും പൊതു ജനങ്ങളുടെ അവകാശങ്ങളും വിവരിച്ചു കൊണ്ടുളള ആ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്. ‘ ജനങ്ങളെ ഞാന്‍ നിങ്ങളുട ഭരണാധികാരിയാക്കപ്പെട്ടിരിക്കുകആണ്. നിങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും യോഗ്യന്‍ ഞാനല്ല. ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്നെ അനുസരിക്കുക. തെറ്റായ വഴിക്കു പോവുകയാണെങ്കില്‍ നിങ്ങളെന്നെ നേരെയാക്കുക’
ഭരണം ഏറ്റെടുത്ത് ആദ്യം ചെയത്ത് ആഭ്യന്തര രംഗം ഭദ്രമാക്കുകയാണ്. കലാപത്തിന്‍ മുതിര്‍ന്ന ചില കപടവിശ്വാസികളെയും സക്കാത്തിന് വിമുഖത കാണിച്ചവരെയും കളളപ്രവാചകന്‍ മുസൈലിമയെ നേരിടലുമായിരുന്നു ആദ്യ ദൗത്യങ്ങള്‍. തുടര്‍ന്ന കളളപ്രവാചകനായി വന്ന തുലൈഹ, അസ് വദുല്‍ അന്‍സി എന്നിവരെയും നേരിട്ടു. ഖൈബര്‍-ഖിസ്റ ഭരണാധി കാരികളെ പരാജയപ്പെടുത്തിയതും സിദ്ദീഖ് (റ)ന്‍റെ ഭരണ കാലത്താണ്. യമാമ യുദ്ധത്തില്‍ ധാരാളം ഹാഫിളീങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉമര്‍(റ)ന്‍റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ക്രോഡീകരിച്ചത് സീദ്ദീഖ് (റ)ന്‍റെ കാലത്താണ്. ഇതിന് വേണ്ടി സൈദുബ്നു സാബിത്തിനെ ചുമതലപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.
അന്ത്യം
വാര്‍ധക്യ സഹജമായ അസുഖം പിടികൂടിയപ്പോള്‍ പ്രമുഖ സ്വഹാബികളെ വിളിച്ചു വരുത്തി അടുത്ത ഖലീഫയെ കുറിച്ച് ആലോചിച്ചു. അവര്‍ ഒന്നടങ്കം ഉമര്‍(റ)നെ നിര്‍ദേശിച്ചു. ഒസ്യത്ത് എഴുതിവെച്ച് ജനങ്ങളോട് അദ്ദേഹം ചോദിച്ചു. ‘എന്‍റെ കുടുംബക്കാരായ ആരുമല്ല, ഉമറിനെയാണ് ഞാന്‍ ഖലീഫയാക്കിയിട്ടുളളത്. നിങ്ങള്‍ക്കത് സമ്മതം തന്നെയല്ലേ?’ ജനങ്ങള്‍ ഒരേ ശ്വാസത്തില്‍ സമ്മതിച്ചു. ഹിജ്റ മൂന്നാം വര്‍ഷം ജമാദുല്‍ ആഖിര്‍ 22 ന് രോഗ ബാധിതനായ അബൂബക്കര്‍ സിദ്ദീഖ് (റ) ഈ ലോകത്തോട് വിടപറഞ്ഞു.
ഉമറുബ്നുല്‍ ഖത്താബ്(റ)
ഇസ്ലാമിക ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഉമര്‍ ബിന്‍ ഖത്താബ് അഥവാ ഖലീഫ ഉമര്‍. പ്രവാചകന്‍ (സ്വ)യുടെ സഹചാരിയായിരുന്ന അദ്ദേഹം ഒന്നാം ഖലീഫ അബൂബക്കര്‍ (റ)വിന് ശേഷം പത്ത് വര്‍ഷത്തോളം ഭരണം നടത്തി. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് ഈജിപ്തും പേര്‍ഷ്യയും കോണ്‍സ്റ്റാന്‍റിനോപ്പളും കീഴടക്കിയത്.
മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിലെ ഹാശിമിബ്നു മുഗീറയുടെ പുത്രി ഹന്‍തമയുടെയും മകനായി ക്രി. 583ല്‍ ജനിച്ചു. എന്നാല്‍ 586 ലാണെന്നും 591ലാണെന്നും ഇതരാഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. പ്രവാചകന്‍ (സ്വ) യുമായി ഉമര്‍(റ)ന്‍റെ പ്രായ വ്യത്യാസം 13 വയസ്സാണ്.
ഇസ്ലാമിനു മുമ്പ്
അക്കാലത്തെ അറബികളില്‍ അക്ഷരാഭ്യാസം ലഭിച്ച അപൂര്‍വ്വം ആളുകളിലൊരാളായിരുന്നു ഉമര്‍(റ). ബാല്യത്തില്‍ തന്നെ പിതാവിന്‍റെ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ജോലിയില്‍ മുഴുകി.യൗവ്വനത്തോടെ വ്യാപര രംഗത്തേക്ക് പ്രവേശിച്ച് സിറിയ, യമന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രകള്‍ ചെയ്തു, പക്ഷെ വലിയ സാമ്പത്തിക നേട്ടമൊന്നും കൈവരിക്കാന്‍ സാധിച്ചില്ല. സാഹിത്യ0-വിജ്ഞാന മേഖലകളിലായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. ചെറുപ്പത്തില്‍ തന്നെ അയോധന കല അഭ്യസിച്ചിരുന്നു. മക്കയിലും പരിസരത്തും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ തക്ക കഴിവുളള ആരും ഉണ്ടായിരുന്നുല്ല. അറേബ്യയിലെ യുവതീ-യുവാക്കളുടെ ആരാധ്യനായിരുന്ന അദ്ദേഹത്തിന്‍റെ തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥന്‍ വഹിക്കാനുളള കഴിവ് അപാരമായിരുന്നു.
ഇസ്ലാം സ്വീകരണം
മക്കയില്‍ പ്രവാചകനെന്ന അവകാശപ്പെട്ട് വന്ന മുഹമ്മദ്(സ്വ)തങ്ങള്‍ ഇതുവരെ ആരാധിച്ചു പോരുന്ന ദൈവങ്ങളെയും വിഗ്രഹങ്ങളെയും തളളിപറയുന്നതില്‍ അത്യധികം രോഷാകുലനായിരുന്നു ഉമര്‍(റ). ഇസ്ലാമിന്‍റെ വളര്‍ച്ചെക്കെതിരെ സാധ്യാമയ എല്ലാ നടപടികളും മക്കക്കാര്‍ സ്വീകരിച്ചിട്ടും മുഹമ്മദ് (സ്വ) വളരുകയാണെന്നും ഇനി മുഹമ്മദിനെ(സ്വ) കൊലപ്പെടുത്തുക മാത്രമാണ് പരിഹാരമെന്നും തീരുമാനിച്ച ഉമര്‍ അതിനായി പ്രവാചകനെ തേടി ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ടു. ഇതു കണ്ട അബ്ദുല്ലയുടെ മകന്‍ നുഐം അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
വഴങ്ങാതെ മുന്നോട്ട് നീങ്ങിയ ഉമര്‍(റ)നോട് എങ്കില്‍ മുസ്ലിമായ സഹോദരിയും ഭര്‍ത്താവിനെയും ആദ്യം കൊല്ലാനും എന്നിട്ടാവാം മുഹമ്മദ് (സ്വ) യുടെ കാര്യമെന്നും പറഞ്ഞു. സഹോദരിയും ഭര്‍ത്താവും ഇസ്ലാം സ്വീകരിച്ചത് അതുവരെയും അറിയാതിരുന്ന ഉമര്‍ ഉടനെ അവരുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ഉമര്‍ എത്തുമ്പോള്‍ സഹോദരിയും ഭര്‍ത്താവുംവ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. വീട്ടില്‍ പ്രവേശിച്ച ഉമര്‍ അവര്‍ വായിച്ചു കൊണ്ടിരുന്ന ഖുര്‍ആന്‍ ഭാഗം വായിച്ചു. അതില്‍ ആക്യഷ്ടനായ അദ്ദേഹം പിന്നീട് പ്രവാചകന്‍(സ്വ)യെ സന്ദര്‍ശിച്ച് ഇസ്ലാം സ്വീകരിച്ചു.
നബി(സ്വ)യുമായുളള വ്യക്തിബന്ധം
ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് നബിയുടെ കടുത്ത ശത്രുവായിരുന്ന ഉമര്‍ മുസ്ലിമായതിനു ശേഷം നബി(സ്വ)യുടെ അടുത്ത സുഹൃത്തും അനുയായിയും ആയി മാറി. ഉമര്‍(റ)ന്‍റെ വിധവയായിരുന്ന മകള്‍ ഹഫ്സയെ നബി(സ്വ)വിവാഹം കഴിക്കുക വഴി ഉമര്‍(റ) നബിയുടെ ഭാര്യാപിതാവു കൂടിയായി. ‘തനിക്ക് ശേഷം ഒരു പ്രവാചകനുണ്ടായിരുന്നെങ്കില്‍ അത് ഉമറാകുമായിരുന്നു ‘ എന്ന നബി വചനം നബി(സ്വ) ക്ക് ഉമര്‍(റ) നോടുളള ആദരവ് വ്യക്തമാക്കുന്നു. ഭരണപരമായ കാര്യങ്ങളില്‍ നബി(സ്വ) ഉമര്‍(റ)നോട് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായം ശരിവെച്ചു കൊണ്ട് പലപ്പോഴും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഒരു ഉദാഹരണം, കപടനായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന വ്യക്തി മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ്വ) അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, ഉമര്‍(റ) ഇതിനെതിരായിരുന്നു. താമസിയാതെ അദ്ദേഹത്തിന്‍റെ അഭിപ്രായം ശരിവെച്ചു കൊണ്ട് സൂറത്തു തൗബ 84ാം സൂക്തം അവതരിപ്പിച്ചു.
മറ്റൊരിക്കല്‍ പ്രവാചകന്‍(സ്വ) അദ്ദേഹത്തെ കുറിച്ച് പറഞ്ഞു. ‘ അല്ലാഹു ഉമറിന്‍റെ നാവിലൂടെയും മനസ്സിലൂടെയും സത്യം അനാവരണം ചെയ്യുന്നു.അദ്ദേഹം സത്യഅസത്യ വിമോചകനാണ് (അല്‍ ഫാറൂഖ്) അല്ലാഹു ഉമറിലൂടെ അത് പ്രകാശനം ചെയ്യുന്നു.
ഒന്നാം ഖലീഫയോടൊപ്പം
പ്രവാചകന്‍ മുഹമ്മദ് (സ്വ) വഫാത്തായപ്പോള്‍ തന്‍റെ പിന്‍ഗാമിയെ നിശ്ചയിച്ചിരുന്നില്ല. ഖലീഫയായി അബൂബക്കര്‍ (റ)ന്‍റെ പേര് നിര്‍ദേശിച്ചത് ഉമര്‍(റ) ആണ്. അതോടൊപ്പം സിദ്ദീഖ് (റ)വിന് മറ്റ് പ്രവാചകാനുയായികളുടെ പിന്തുണ ഉറപ്പാക്കാനും ഉമര്‍(റ) മുന്‍കൈയെടുത്തു. യമാമ യുദ്ധത്തില്‍ ഹാഫിളീങ്ങള്‍ മരണപ്പെട്ടപ്പോള്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ സിദ്ദീഖ് (റ)നോട് നിര്‍ദേശിച്ചതും ഉമര്‍(റ)ആണ്.
ഖിലാഫത്ത്
രോഗാതുരനായ ഖലീഫ അബൂബക്കര്‍ (റ) തന്‍റെ വഫാത്തിനു മുമ്പായി മറ്റൊരു ഖലീഫയെ സിദ്ദീഖ് (റ) തന്നെ നിര്‍ദേശിക്കണമെന്നാണ് സ്വഹാബികള്‍ പറഞ്ഞത്. സ്വഹാബികളോട് കൂടിയാലോചിച്ച ശേഷമാണ് ഉമര്‍(റ)നോട് ഖലീഫയായി ചുമതയേല്‍ക്കാന്‍ സിദ്ദീഖ് (റ) നിര്‍ദേശിക്കുന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും സിദ്ധീഖ് (റ)ന്‍റെ നിര്‍ബന്ധത്തെതുടര്‍ന്ന് ഉമര്‍(റ) ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അധികാരമേറ്റെടുത്ത് അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും മുസ്ലിം ലോകത്ത് തെളിഞ്ഞു കിടക്കുന്നുണ്ട്.
ഉമര്‍(റ) പത്ത് വര്‍ഷം ഖലീഫയായി ഭരണം നടത്തി ചുരുങ്ങിയ കാലയളവിനുളളില്‍ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തര ഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു. ഭരണ സംവിധാനം, പ്രജാ ക്ഷേമം, നീതി നിര്‍വ്വഹണം, രാജ്യവിസ്തൃതി ഇവയിലെല്ലാം ശദ്ധ്രനല്‍കി ഖുര്‍ആന്‍റെ വിധിവിലക്കുകളില്‍ ഊന്നിയ ഉമര്‍(റ)ന്‍റെ ഭരണം പില്‍കാല ഭരണ തന്ത്രജ്ഞരും ചിന്തകരും മുക്തകണ്ടം പ്രശംസിക്കുകയുണ്ടായി. വളരെ ലളിത ജീവിതം നയിച്ച് പില്‍കാല ഭരണകര്‍ത്താക്കള്‍ക്ക് ജീവിതം കൊണ്ട് സ്വയം മാതൃക കാണിക്കാന്‍ അദ്ദേഹത്തിനായി. സ്വന്തം നല്ല വീടുപോലും അദ്ദേഹത്തിനില്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേര്‍ത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
ഭരണ പരിഷ്കരണങ്ങള്‍
രാജ്യത്തെ പല പ്രവിശ്യകളാക്കി ത്തിരിച്ചു. മക്ക, മദീന, ജസീറ, ബസ്വറ, കൂഫ, ഈജിപ്ത് തുടങ്ങിയവ ഉദാഹരണം. പ്രവിശ്യാ മേല്‍നോട്ടത്തിന് ഗവര്‍ണര്‍മാരെയും ന്യായാധിപരെയും നിയമിച്ചു. കോടതികളെ ഭരണ കൂടത്തില്‍ നിന്നും സ്വതന്ത്രമാക്കി. പട്ടാളക്കാരുടെ നിയമം, ശമ്പള ത്തുക, പെന്‍ഷന്‍, തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാള വകുപ്പിന് രൂപം നല്‍കി.
കേന്ദ്രത്തിലും പ്രവിശ്യകളിലും പൊതു ഖജനാവ് (ധനകാര്യ വകുപ്പ്) സ്ഥാപിച്ചു.പോലീസ് വകുപ്പ് ഏര്‍പ്പെടുത്തി. ജയിലുകള്‍ സ്ഥാപിച്ചു.
സെന്‍സസ് ഏര്‍പ്പെടുത്തി.ഇമാം, മുഅദ്ദിന്‍ എന്നിവര്‍ക്ക് ശമ്പളം നല്‍കി.
റോഡുകള്‍ നിര്‍മിച്ച് ഗതാഗതം മെച്ചപ്പെടുത്തി. നിരവധി കനാലുകള്‍ നിര്‍മിച്ചു. പൊതു കിണറുകളും അഗതി മന്ദിരങ്ങളും പണിതുയര്‍ത്തി.
പെന്‍ഷന്‍ ഏര്‍പ്പെടുത്തി.
ഇവയില്‍ മക്കവയും പിന്നീട് ലോകതലത്തിന്‍റെ പലഭാഗത്തും മാതൃകയായി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് നാം കാണുന്ന നികുതി,പെന്‍ഷന്‍, ജയില്‍, ധനകാര്യം തുടങ്ങിയവയെല്ലാം തുടക്കം കുറിച്ചത് ഉമര്‍(റ) ആയിരുന്നു.
വഫാത്ത്
ഒരു ദിവസം മസ്ജിദുന്നബവിയില്‍ സുബ്ഹി നിസ്കാരത്തിന് നേതൃത്വം ല്‍കുമ്പോള്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച പേര്‍ഷ്യക്കാരനായ ഫൈറൂസ് അബൂലുഅ് മജൂസി പെട്ടന്ന് കഠാര കൊണ്ട് കുത്തി. പേര്‍ഷ്യന്‍ പടനായകനായിരുന്ന ഹുര്‍മുസാനും ഹീറയിലെ ക്രിസ്ത്യന്‍ നേതാവായ ജുഫൈനയും ജൂത പുരോഹിതനായ കഅ്ബുല്‍ അഹ്ബും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയെ ഈ പാതകത്തിന് പ്രേരിപ്പിച്ചത്. പ്രവാചകന്‍ (സ്വ)യുടെയും സിദ്ദീഖ് (റ)ന്‍റെയും സമീപം മദീനയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ സ്ഥിതിചെയ്യുന്നു.
ഉസ്മാനുബ്നു അഫ്ഫാന്‍(റ)
ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശജനായ ഉസ്മാന്‍(റ) ജനിച്ചത് നബി(സ്വ) ജനിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ് അബ്ദുല്‍ മുത്വലിബിന്‍റെ പൗത്രി അര്‍വയാണ് മാതാവ്. അബൂബക്കര്‍ (റ)ന്‍റെ പ്രബോധനത്താലാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. സ്വന്തം കുടുംബക്കാരും നാട്ടുകാരും ഇസ്ലാം സ്വീകരിച്ചതിനാല്‍ അദ്ദേഹത്തെകഠിനമായി ദ്രോഹിച്ചു. നബി(സ്വ)യുടെ പുത്രി റുഖയ്യ (റ)യെയും അദ്ദേഹം വിവാഹം ചെയ്തു. ബദര്‍ യുദ്ധകാലത്ത് റുഖയ്യ(റ) മരിച്ചപ്പോള്‍ നബി(സ്വ)യുടെ ഇളയപുത്രി ഉമ്മു കുല്‍സൂമിനെ വിവാഹം ചെയ്തു കൊടുത്തു. നബി(സ്വ)യുടെ രണ്ടു പുത്രിമാരെ വിവാഹം ചെയ്തതിനാല്‍ ദുന്നൂറൈന്‍ എന്ന പേര്‍ ലഭിച്ചു. ബദ്ര്‍ യുദ്ധമൊഴികെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ഹുദൈബിയ്യാ സന്ധിയില്‍ മധ്യസ്ഥനായി ഖുറൈശികളുമായ സംഭാഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹത്തെ യായിരുന്നു. സമ്പന്നനായിരുന്നു അദ്ദേഹം, നബി(സ്വ) യുടെ കാലത്ത് മുസ്ലിംകളുടെ വിഷമതകള്‍ കുറക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. റൂമ എന്ന് പേരുളള ഒരു കിണറുണ്ടായിരുന്നു മദീനയില്‍. അതിന്‍റെ ഉടമയായിരുന്ന ജൂതന്‍ മുസ്ലിംകള്‍ അതില്‍നിന്നും വെളളമെടുക്കുന്നത് വിലക്കി. നബി(സ്വ) പറഞ്ഞു ആ കിണര്‍ വാങ്ങി മുസ്ലിംകള്‍ക്ക് കുടിക്കാന്‍ സൗകര്യം ചെയ്യുന്നവന് അല്ലാഹു സ്വര്‍ഗ്ഗം നല്‍കും ഒട്ടും താമസിയാതെ ഉസ്മാന്‍ (റ) ആ കിണര്‍ വാങ്ങി മുസ്ലിംകള്‍ക്ക് കുടിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു. അത് പൊതു ആവശ്യത്തിന് ദാനം ചെയ്തു. ഹി. 9ാം വര്‍ഷത്തിലുണ്ടായ ക്ഷാമവും വരള്‍ച്ചയുംകൊണ്ട മുസ്ലിംകള്‍ ബുദ്ധിമുട്ടിയപ്പോള്‍ ഉസ്മാന്‍ (റ) വമ്പിച്ച ധനം യുദ്ധഫണ്ടിലേക്ക് ദാനം ചെയ്തു.
ഉമര്‍(റ)ന്‍റെ കാലത്ത് മദീനയില്‍ ഭക്ഷണ ക്ഷാമമുണ്ടായി. ആ അവസരത്തില്‍ ആയിരം ഒട്ടകങ്ങളുമായി ഒരു വലിയ വ്യാപാര സംഘം മദീനയിലെത്തി. അത് ഉസ്മാന്‍(റ) വിന്‍റെ കച്ചവട വസ്തുക്കളായിരുന്നു. ജനങ്ങള്‍ ഗോതമ്പിന് വിലപറഞ്ഞു. ലാഭം ഒരു ദിര്‍ഹം തരാം രണ്ട് ദിര്‍ഹം തരാം മൂന്ന് ദിര്‍ഹം തരാം .അദ്ദേഹം കൂടുതല്‍ വില ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘ അല്ലാഹു എനിക്ക് പത്തു ദിര്‍ഹം ലാഭം തരാമെന്ന് പറഞ്ഞിരിക്കുന്നു. കൂടുതല്‍ തരാനാരെങ്കിലുമണ്ടോ?’ ജനം നിശ്ശബ്ദരായി. അദ്ദേഹം വസ്തുക്കള്‍ മുഴുവന്‍ മദീനയിലെ സാധുക്കള്‍ക്ക് വിതരണം ചെയ്തു. അബൂബക്കര്‍ (റ) വിന്‍റെയും ഉമര്‍(റ)വിന്‍റെയും ഖിലാഫത്ത് കാലത്ത് ഭരണകാര്യങ്ങളില്‍ രണ്ടു പേരും ഉസ്മാന്‍(റ)നോട് കൂടിയാലോചന നടത്താറുണ്ടായിരുന്നു.
മൂന്നാം ഖലീഫ
ഉമര്‍(റ) മുറിവേറ്റ് രോഗശയ്യയില്‍ കിടക്കുമ്പോള്‍ അടുത്ത ഖലീഫ ആരായിരിക്കണമെന്ന് പ്രമുഖ സ്വഹാബികള്‍ അദ്ദേഹവുമായി ആലോചിച്ചു. അദ്ദേഹം യോഗ്യരായ ആറുപേരുടെ ഒരു സമിതി രൂപീകരിച്ചുകൊണ്ട് പറഞ്ഞു: ‘ ഇവരില്‍ ഒരാളെ തെരെഞ്ഞെടുക്കുക, ഇവരെ തൃപ്തിപ്പെട്ടതു കൊണ്ടാണ് അല്ലാഹുവിന്‍റെ റസൂല്‍ വഫാത്തായത്. ഉസ്മാന്‍,അലി, അബ്ദുറഹ്മാനു ബ്നു ഔഫ്, ത്വല്‍ഹത്ത്, സുബൈര്‍, സഅ്ദ് ബ്നു അബീവഖാസ് എന്നിവരായിരുന്നു അവര്‍. ഈ സമിതി ഉമര്‍(റ)ന്‍റെ മരണ ശേഷം യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ക്കു ശേഷം ഉസ്മാന്‍(റ)നെ ഖലീഫയായി തെരെഞ്ഞെടുത്തു.
ഭരണ നേട്ടങ്ങള്‍
ഇസ്ലാമിക സാമ്രാജ്യത്തിന് വളരെയേറെ വികാസം ഉസ്മാന്‍ (റ)വിന്‍റെ കാലത്തുണ്ടായി. പേര്‍ഷ്യന്‍ രാജ്യങ്ങള്‍ ചക്രവര്‍ത്തിയോട് പടവെട്ടി രാജ്യങ്ങള്‍ ഓരോന്നായി പടിച്ചടക്കി. മര്‍വ് പ്രദേശത്തുണ്ടായ ശക്തമായ പോരാട്ടത്തില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി യസ്ദര്‍ണ്ടിന്‍റെ വധത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യം തകരുകയും ആ നാടുകള്‍ ഇസ്ലാമിന്‍റെ പതാക ഉയരുകയും ചെയ്തു. ഉസ്മാന്‍ (റ)വിന്‍റെ ഭരണകാലത്ത് ദക്ഷിണ ഈജിപ്ത്തിലെ നൗബ പ്രദേശവും ഇസ്ലാമിനവീനമായി. സൈന്യം വീണ്ടും പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുകയും തുനീഷ്യ വരെ ഇസ്ലാം വ്യാപിക്കുകയും ചെയ്തു.
സൈപ്രസ്,റോഡസ് എന്നിവിടങ്ങളിലേക്ക് നാവികസേനയെ അയച്ചുവെന്നതാണ് ഉസ്മാന്‍ (റ) വിന്‍റെ കാലത്തെ മറ്റൊരു പ്രധാന സംഭവം. മുആവിയ (റ)വിന്‍റെയും അബ്ദുല്ലാഹി ബ്നു അബിസ്സര്‍ഹിന്‍റെയും നേതൃത്വത്തിലുളള ഒരു ചെറിയ കപ്പല്‍പ്പടയോട് നാലിരട്ടി വരുന്ന റോമന്‍ കപ്പല്‍പ്പട അലക്സാണ്ട്രിയ തുറമുഖത്തിനടുത്തു വെച്ച് ഒരു വലിയ യുദ്ധം നടത്തി. ദാത്തുസ്സവാരു യെന്ന പേരിലറിയപ്പെടുന്ന ഈ യുദ്ധം ഹി.34 ലാണുണ്ടായത്. യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചതോടെ മദ്ധ്യധരണ്യാഴിയിലെ സൈനിക നേതൃത്വം മുസ്ലിംകള്‍ക്കായി മാറി.
ഖുര്‍ആന്‍ ക്രോഡീകരണം
ഇസ്ലാം പ്രചരിച്ചപ്പോള്‍ ധാരാളം അനറബികള്‍ ഇസ്ലാമിലേക്ക് വന്നു. ഖുര്‍ആന്‍ ഓതുമ്പോള്‍ ധാരാളം അക്ഷരത്തെറ്റിനു പുറമെ ഉച്ചാരണത്തിലും വൈകല്യവും അവര്‍ വരുത്തി. ഈ അവസരത്തില്‍ എല്ലാവര്‍ക്കും അവലംബിക്കാവുന്ന വിധം അബൂബക്കര്‍(റ)ന്‍റെ കാലത്ത് ക്രോഢീകരിച്ച മുസ്ഹഫിന്‍റെ ഏഴുകോപ്പികള്‍ എടുത്ത് പ്രധാന നഗരങ്ങളിലേക്ക് അയച്ചു കൊടുത്തു. ദയ,ഔദാര്യം, വിട്ടുവീഴ്ച, വിശാല മനസ്കത, സമാധാന തല്‍പരത, ലജ്ജ എന്നിവ ഉസ്മാന്‍ (റ)ന്‍റെ സ്വഭാവ സവിശേഷതകളാണ്.
ഉസ്മാന്‍(റ)ന്‍റെ അന്ത്യം
ഖലീഫയുടെ ഭരണകാലം പകുതിപിന്നിട്ടപ്പോഴേക്കും രാജ്യത്ത് അഭ്യന്തര കുഴപ്പങ്ങളുണ്ടായി. സാമ്രാജ്യത്തിന്‍റെ വലിപ്പം കൂടിയായപ്പോള്‍ മദീനയില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. അതോടൊപ്പം അദ്ദേഹത്തിന്‍റെ സമാധാന തല്‍പ്പരതയും ശാന്തപ്രകൃതിയും ചില ഗവര്‍ണര്‍മാര്‍ ചൂഷണം ചെയ്തു. ഗവര്‍ണര്‍മാരും ഉദ്യോഗസ്ഥര്‍മാരും ഉസ്മാന്‍ (റ)വിന്‍റെ ബന്ധുക്കളും കുടുംബക്കാരുമാണെന്ന ആരോപണമുണ്ടായി. കൂഫ, ബസ്വറ, ഈജിപ്ത്, എന്നിവിടങ്ങളിലാണ് പ്രധാനമായും കുഴപ്പം തുടങ്ങിയത്. അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതനായിരുന്ന കുഴപ്പത്തിന് നേതൃത്വം നല്‍കിയിരുന്നത്.
മുസ്ലിംകള്‍ക്കിടയില്‍ അവന്‍ ദുശിച്ച ചിന്താഗതികള്‍ പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഖലീഫയാകേണ്ടത് അലി(റ)വാണെന്നും ഉസ്മാന്‍(റ), അലി(റ)യുടെ ആ പദവി തട്ടിയെടുത്തതാണെന്നും അവന്‍ പ്രചരിപ്പിച്ചു. കുഴപ്പക്കാര്‍ ഉസ്മാന്‍ (റ)വിനെ ഭരണത്തില്‍ നിന്ന താഴെയിറക്കാന്‍ മദീനയിലെത്തി തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം ഒഴിയുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവര്‍ അദ്ദേഹത്തിന്‍റെ വീടുവളഞ്ഞു. നാല്‍പ്പത് ദിവസത്തോളം ഈ ഉപരോധം തുടര്‍ന്നു. വെളളം പോലും മുടക്കി, ഹജ്ജിന് മക്കയിലേക്ക് പോകാനും അനുവദിച്ചില്ല, ഹജ്റ 35ല്‍ ദുല്‍ഹിജ്ജ 18 ന് അവര്‍ വീട്ടിലേക്ക് തളളിക്കയറി ദാരുണമാം വിധം അദ്ദേഹത്തെ വധിച്ചു. അന്ന് അദ്ദേഹത്തിന് 82 വയസ്സാണുണ്ടായിരുന്നത്. മദീനയിലെ ബഖീഅ് ഖബര്‍സ്ഥാനില്‍ ജനാസ ഖബറടക്കി.
അലി ബിന് അബീ ത്വാലിബ്(റ)
ഇസ്ലാമിക ചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ് അലി(റ). പ്രവാചകന്‍ (സ്വ)യുടെ പിതൃസഹോദരനായ അബൂത്വാലിബിന്‍റെ പുത്രനും പ്രവാചകന്‍ (സ്വ)യുടെ പുത്രിയായി ഫാത്വിമയുടെ ഭര്‍ത്താവുമാണ് അദ്ദേഹം.
ബാല്യം
ക്രി.600ല്‍ മക്കയിലാണ് അലി(റ)വിന്‍റെ ജനനം. ഖുറൈശി ഗോത്രത്തലവനും കഅ്ബയുടെ പരിപാലകനുമായിരുന്നു അലി(റ)ന്‍റെ പിതാവ്. മാതാവ് ഫാത്വിമ ബിന്‍ത് അസദ്. പിതാവാണ് ഉന്നതന്‍ എന്നര്‍ത്ഥമുളള അലി എന്ന പേര് അദ്ദേഹത്തിന് നല്‍കിയത്.
അലി(റ)വിന് ചെറുപ്പമായിരിക്കുമ്പോള്‍ മക്കയില്‍ കടുത്ത വരള്‍ച്ചയും ക്ഷാമവുമുണ്ടായി. തډൂലം വലിയൊരു കുടുംബത്തിന്‍റെ നാഥനായ അബൂത്വാലിബിനുണ്ടായ സാമ്പത്തിക ഞെരുക്കം ലഘൂകരിക്കാന്‍ അദ്ദേഹത്തിന്‍റെ സഹോദരډാരായ ഹംസ(റ)വും അബ്ബാസ്(റ)വും അലി(റ)ന്‍റെ സഹോദരډാരായ ത്വാലിബിന്‍റെയും ജഅ്ഫറിന്‍റെയും സംരക്ഷണ ചുമതല ഏറ്റെടുത്തു. അലിയുടെ സംരക്ഷണം മുഹമ്മദ് (സ്വ) തങ്ങളും ഏറ്റെടുത്തു. (അന്ന് പ്രവാചകനായിട്ടില്ല). അങ്ങനെ പ്രവാചകന്‍ (സ്വ)യുടെ വീട്ടില്‍ അദ്ദേഹത്തിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്നു. പത്തു വയസ്സ് പ്രായമായ സമയത്ത് അലി(റ) ഇസ്ലാം സ്വീകരിച്ചു. കുട്ടികളുടെ കൂട്ടത്തില്‍ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലി(റ)ആണ്.
യൗവനം
മുഹമ്മദ് (സ്വ)യെ വധിക്കാന്‍ ശത്രുക്കള്‍ വീടുവളഞ്ഞ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെന്‍റെ വിരിപ്പില്‍ പകരം കിടന്ന് പ്രവാചകന്‍(സ്വ)ക്ക് മദീനയിലേക്ക് കുടിയേറാന്‍ സഹായിച്ചത് അലി(റ)ആയിരുന്നു. പിന്നീട് മക്കക്കാര്‍ പ്രവാചകന്‍റെ കൈവശം സൂക്ഷിക്കാനേല്‍പ്പിച്ച മുതലുകള്‍ ഉടമകള്‍ക്ക് കൈമാറിയ ശേഷമാണ് അലി(റ) മദീനയിലേക്ക് പോയത്. മദീനയിലെത്തിയ ശേഷം തന്‍റെ മകള്‍ ഫാത്വിമ(റ) യെ നബി(സ്വ) അലി(റ)ന് വിവാഹം ചെയ്തു കൊടുത്തു. അന്ന് അദ്ദേഹത്തിന് 24 വയസ്സായിരുന്നു പ്രായം.
ഫാത്വിമ ബീവിക്ക് 19 വയസ്സും. തബൂക്ക് യുദ്ധമൊഴികെ എല്ലാ യുദ്ധങ്ങളിലും അലി(റ)നബി(സ്വ)യോടൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധവേളയില്‍ മദീനയില്‍ നബി(സ്വ)യുടെ പ്രതിനിധിയായി നില്‍ക്കുകയായിരുന്നു അദ്ദേഹം. ധീര യോദ്ധാവ്, ഉന്നത പണ്ഡിതന്‍, പ്രഗത്ഭ പ്രാസംഗികന്‍, ഐഹിക വിരക്തന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അലി(റ) ഇഹത്തിലും പരത്തിലും നീ എന്‍റെ സഹോദരന്‍ എന്ന് അലി(റ)നോട് മുഹമ്മദ്(സ്വ)പറഞ്ഞിട്ടുളള വചനം പ്രശസ്തമാണ്.
ഭരണം
പ്രവാചകന്‍(സ്വ)ക്കു ശേഷം രാഷ്ട്ര നേതൃത്വം നബിയുടെ കുടുംബമായ ബനുഹാഷിമിന് ലഭിക്കണമെന്ന് പിതൃവ്യന്‍ അബ്ബാസ്(റ)വും മറ്റു കുടുംബംഗങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുദീര്‍ഘമായ ആലോചനകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം അബൂബക്കര്‍(റ) വിനെയാണ് സ്വഹാബികള്‍ പ്രഥമ ഖലീഫയായി തെരെഞ്ഞെടുത്തത്. പിന്നീട് സിദ്ദീഖ്(റ) വഫാത്തായപ്പോഴും രണ്ടാം ഖലീഫ ഉമര്‍(റ) വഫാത്തായപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു. പിന്നീട് മൂന്നാം ഖലീഫ ഉസ്മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ മുസ്ലിംകളില്‍ ഭൂരിഭാഗവും അലി(റ)വിനെ നേതാവായി തെരെഞ്ഞെടുത്തു.
മരണം
പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്കുവെച്ച് ഖവാരിജുകളില്‍ പെട്ട ഒരു വ്യക്തി അലി(റ)ന്‍റെ നെറ്റിത്തടത്തില്‍ വെട്ടി. അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടഞ്ഞു. റമദാന്‍ 17 വെളളിയാഴ്ചയായിരുന്നു അലി(റ) വഫാത്തായത്.
അവലംബം :
ഇസ്ലാമിക വിജ്ഞാന കോശം, വാല്യം2
ഇസ്ലാമിക സമൂഹം , സര്‍വത് ദൗലത്ത്
ഫാറൂഖ് ഉമര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്.
ما شاء الله
ما شاء الله