മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്
വിശ്വപ്രസിദ്ധനായ അറബി വ്യാകരണ പണ്ഡിതർ, ഒരു കാലത്ത് ഇസ്ലാമിന്റെ ഈറ്റില്ലവും പോറ്റില്ലവുമായ സ്പെയിനിലെ സുപ്രസിദ്ധനായ ഭാഷാപണ്ഡിതൻ, വിജ്ഞാനത്തിന്റെ വിസ്മയ ലോകത്തേക്ക് കാലെടുത്തു വച്ചപ്പോഴും വിനയമെന്ന മൂന്നക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്തവർ, തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾക്ക് ഉടമയായിരുന്നു ഇബ്നു മാലിക് (റ) എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇമാം മുഹമ്മദ് ബിൻ അഹ്മദ് ബ്നു മാലിക് (റ).
ജനനവും ജീവിതവും
പ്രബലാഭിപ്രായപ്രകാരം സ്പെയിനിലെ ജയ്യാൻ എന്ന പ്രദേശത്ത് ഹിജ്റ 600 നാണ് മഹാനവർകൾ ജനിച്ചത്. അവിടെത്തന്നെയായിരുന്നു മഹാനവറുകളുടെ വളർച്ചയും .വിജ്ഞാനത്തോട് അതിരറ്റ സ്നേഹം കുട്ടിക്കാലം മുതലേ മഹാന് ഉണ്ടായിരുന്നു. വിജ്ഞാനം കരസ്ഥമാക്കുന്നതിൽ അതീവതൽപ്പരരായിരുന്നു മഹാൻ .ചെറുപ്പത്തിൽ തന്നെ സമപ്രായക്കാരെ വെല്ലുന്ന വിജ്ഞാനമാണ് മഹാന് ഉണ്ടായിരുന്നത്. കുട്ടിക്കാലത്തുതന്നെ അത്യപൂർവ്വ ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. വിജ്ഞാനത്തോടുള്ള അത്യാർത്ഥി അദ്ദേഹത്തെ നിരവധി നാടകയാത്ര ചെയ്യിപ്പിച്ചു .വിജ്ഞാനം തേടിയുള്ള ആ യാത്ര അവസാനിച്ചത് ഡമസ്കസിൽ വെച്ചായിരുന്നു .തൻറെ ജീവിതാന്ത്യം വരെ അദ്ദേഹം താമസിച്ചതും അവിടെത്തന്നെ. ഡമസ്കസിൽ വച്ച് അബൂ സ്വാദിഖുൽ ഹസന് സ്വലാഹ് അബുൽ ഹസൻ സഖാവിഎന്നിവരിൽനിന്ന് വിജ്ഞാനം കരസ്ഥമാക്കി. തഖ് വയെന്ന വിജയ മാർഗ്ഗത്തെ കൈമുതലാക്കിയ മഹാനവർകൾക്ക് അറബി ഭാഷയോടുള്ള സ്നേഹം ആഘാതമായിരുന്നു. അറബി വ്യാകരണ ശാസ്ത്രത്തിലും(നഹ് വ്) പദോൽപത്തി ശാസ്ത്രത്തിലും (സ്വറഫ്) ഇല്മിന്റെ കടലായിരുന്നു മഹാനവർകൾ .
ശാഫിഈ മദ്ഹബുകാരനായ മഹാൻ അക്കാലത്തെ സുപ്രസിദ്ധ പണ്ഡിതരായ സാബിത്ത് ഇബ്നു ഹയ്യാൻ അബൂ അലിയ്യു ശൽവീൻ, ഇബ്നു യശൂൽ ഹർബി എന്നിവരിൽ നിന്നാണ് പ്രധാനമായും വിജ്ഞാനം കരസ്ഥമാക്കിയത്. എന്നാൽ മഹാന്റെ ഉസ്താദുമാർ ഇവയിലൊന്നും പരിമിതമല്ല. നിരവധി പണ്ഡിതന്മാർ മഹാന്റെ ഉസ്താദുമാരുടെ നിരയിലുണ്ട് .അബൂ റയ്യാൻ എന്നവർ പറയുന്നു: ഞാൻ അദ്ദേഹം കൂടുതൽ അവലംബമാക്കിയ ഉസ്താദുമാരെ കുറിച്ച് അന്വേഷിച്ചു .പക്ഷേ അദ്ദേഹം കൂടുതൽ കാലം താമസിച്ചതായ ഉസ്താദുമാരെ ഞാൻ കണ്ടില്ല .
എന്താണിതിനു കാരണം? കുറച്ചുകാലം ഒരു ഉസ്താദിന്റെയടുക്കൽ താമസിക്കുകയും അവിടെയുള്ള അധിക വിജ്ഞാനങ്ങളും കരസ്ഥമാക്കിയ ശേഷം മറ്റൊരു ഉസ്താദിൻറെ അടുക്കൽ പോവുകയും തന്നെ .പക്ഷേ, ഇബ്നുമാലിക് തങ്ങളുടെ ചില ശിഷ്യർപറയുന്നു: ഇബ്നു മാലിക്ക് (റ) ഇങ്ങനെ പറഞ്ഞിരുന്നു: ജയ്യാനിൽവച്ച് ഞാൻ സാബിതുബ്നു ഹയ്യാൻ അവരുടെ അടുക്കൽ പഠിച്ചിട്ടുണ്ട് അബൂ അലിയ്യിൽ ശൽവീനി എന്നവരുടെ അടുക്കൽ പതിമൂന്നോളം ദിവസം പഠിപ്പിച്ചിട്ടുണ്ട്. വിജ്ഞാനത്തിലും തഖ് വയിലും ജീവിതം നയിച്ച മഹാനവർകൾ തികഞ്ഞ ഒരു സാഹിദും സൂക്ഷ്മ ക്ഷാലിയുമാരുന്നു.
ഗ്രന്ഥങ്ങൾ
രചനാരംഗത്ത് അത്ഭുതകരമായ വിസ്മയങ്ങൾ മഹാനവർകൾ തുന്നിച്ചേർത്തിട്ടുണ്ട്. വ്യാകരണ ശാസ്ത്രത്തിലും (നഹ് വ്) പദോൽപ്പത്തി ശാസ്ത്രത്തിലും (സ്വറഫ്) ഭാഷാശാസ്ത്രത്തിലും (ലുഗത്ത്) പാരായണ ശാസ്ത്രത്തിലും(ഖിറാഅത്ത്) ഏറെ അദ്ഭുതകരമായ ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട് .അവയിൽ ചിലത് താഴെ വിവരിക്കാം 1:ഖുലാസത്തുൽ അൽഫിയ്യ:-അറബി വ്യാകരണ ശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥമാണിത്. കാവ്യരൂപത്തിലാണിത് രചിക്കപ്പെട്ടിട്ടുള്ളത്. ആയിരത്തോളം കവിതകൾ ഇതിലടങ്ങിയിട്ടുണ്ട്.
2-തസ്ഹീലുൽ ഫവാഇദ് വ തക്മീലുൽ മഖാസ്വിദ്: ഫവാഇദ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥം അറബി വ്യാകരണ ശാസ്ത്രത്തിൽ തന്നെയാണ് രചിക്കപ്പെട്ടിട്ടുള്ളത് നിരവധി പണ്ഡിതന്മാർ നിരവധി വിശദീകരണങ്ങൾ (ശറഹ്)ഈ ഗ്രന്ഥത്തിന് എഴുതിയിട്ടുണ്ട്.
3: ഫവാഇദ്: നാംമുകളിൽ പരാമർശിച്ച തസ്ഹീലിനെചുരുക്കി എഴുതിയ ഗ്രന്ഥമാണിത്.ഈ ഗ്രന്ഥത്തെക്കുറിച്ച് സഅദുദ്ദീൻ ബ്ൻ അറബി എന്നവർ പറയുന്നു: അറബി വ്യാകരണ ശാസ്ത്രത്തിലെ എല്ലാ മസ്അലകളും ഫവാഇദിൽ ഒരുമിച്ചുകൂട്ടപെട്ടിട്ടുണ്ട്. ആ ഒരുമിച്ചുകൂട്ടൽ അതുല്യമെത്ര. (ഫവാത്തുൽ വഫയാത്ത് 2/227)(കശ്ഫുളുനൂൻ 2/1301) 4:ശറഹുതസ്ഹീൽ 5:നള്മുൽഫറാഇദ് 6: അൽകാഫിയയത്തുശ്ശാഫിയ്യ:നെഹ് വിൽ 2257 ഓളം ബൈത്തുകൾ ഉൾപ്പെട്ട ഗ്രന്ഥമാണിത്. 3000 കാവ്യങ്ങളുണ്ടെന്നും അഭിപ്രായമുണ്ട് .6-ഇക്മാലുൽ ഇഅലാമി ബി മുസലസ്സിൽ കലാം: 3000 ബൈത്തുകൾ ഉൾപ്പെട്ട ഈ ഗ്രന്ഥത്തിൽ ഹർകത്തുകൾ വ്യത്യാസം ആകുമ്പോൾ അർത്ഥം വിത്യാസം ആകുന്ന പദങ്ങളാണ് പരാമർശിക്കുന്നത്. അൽഫിയത്തുശ്ശാഫിയ്യ, മുഖ്തസറുശാഫിയ്യ, തുഹ്ഫത്തുൽ മൗദൂദി ഫിൽ മഖ്സൂറിവൽ മംമ്ദൂദി,ഗുദത്തുൽ ലാഫിളി വ ഉംദത്തുൽ ഹാഫിളി, ഖസ്വീദത്തു ദാലിയ്യ, കിതാബുൽ അറൂള്, ലാമിയത്തുൽ അഫ്ആൽ, അത്തസ്വ് രീഫ് തുടങ്ങീ മുപ്പതോ അതിലധികമോ ഗ്രന്ഥങ്ങൾ മഹാന വറുകൾ രചിച്ചിട്ടുണ്ട്.
പ്രധാന ശിഷ്യന്മാർ
ഇൽമിന്റെ കടലായിരുന്ന മഹാനവർകളിൽ നിന്ന് വിദ്യയുടെ തേൻ നുകരാൻ നിരവധിപേർ എത്തിയിട്ടുണ്ട് .ഇമാം നവവി(റ, സ്വന്തം മകൻ ബദറുദ്ദീൻ, ഇബ്നു ജഅവാൻ എന്നിവർ അവരിൽ പ്രധാനികളാണ്. ഏറ്റവും പ്രധാന ശിഷ്യൻ ഇമാം നവവി (റ) തന്നെയാണ്. അൽഫിയയിലെ “വ റജുലുൻ മിനൽ കിറാമി ഇൻദനാ” (മാന്യനായ ഒരു വ്യക്തി നമ്മുടെ അടുത്തുണ്ട് )എന്ന വാക്യം ഇമാം നവവി(റ) നെക്കുറിച്ചാണെന്ന് അൽഫിയയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ കാണാം.(ഹാശിയത്തുൽ ഖുള് രി അലാ ഇബ്നു ഉഖൈൽ 1/7)
അൽഫിയ അറബി വ്യാകരണ ശാസ്ത്രത്തിലെ അതുല്യ ഗ്രന്ഥം
ഇമാം ഇബ്നുമാലിക് (റ) വിന്റെ മാസ്റ്റർപീസ് ഗ്രന്ഥമാണ് അൽഫിയ്യ. 1000 കാവ്യങ്ങൾ അടങ്ങിയ ഈ ഗ്രന്ഥം വശ്യമായ ശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അറബി വ്യാകരണ ശാസ്ത്രത്തിലെ മുഖ്യ അവലംബ ഗ്രന്ഥവും ഇതുതന്നെ. കേരളത്തിലെ പള്ളിദർസുകളിലെല്ലാം ഈ ഗ്രന്ഥം പാരായണം ചെയ്യപ്പെടുന്നു. നിരവധി പണ്ഡിതന്മാർ ഈ ഗ്രന്ഥത്തിന് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട് .അവരുടെ നാമങ്ങൾ താഴെ ചേർക്കുന്നു: 1:ഇബ്നു ഹിശാം .ഇവർരണ്ട് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. അവയിലൊന്ന് ഔളഹുൽ മസാലിക് അലാ അൽ ഫിയ്യത്ത് ബ്നു മാലിക് എന്നും മറ്റൊന്ന് ദഫ്ഉൽഖിസാസതി അൻ ഖുറാഇൽ ഖുലാസ. ഇമാം സുയൂഥി (റ) ഇബ്നു ജമാഅ തുടങ്ങി പ്രമുഖർ ഔ ളഹുൽ മസാലിക്കിന് തഅലീഖ്(അനുബന്ധം) എഴുതിയിട്ടുണ്ട്.
2- ഇബ്നു മാലിക് (റ)ന്റെ മകൻ മുഹമ്മദ്ബദ്റുദ്ദീൻ ബ്നുമുഹമ്മദ് ബ്നു മാലിക് (മ: ഹി 686)
3 – അബ്ദുല്ലാ ബഹാഉദ്ദീൻ ബ്ൻ അബ്ദുല്ലാഹിബ്ൻ അബ്ദുറഹ്മാൻ ബ്നു അബ്ദുല്ലാഹിബ്നു ഉഖൈൽ(മ:ഹി: 769) ഈ ഗ്രന്ഥം ശറഹുബ്നു ഉഖൈൽ എന്ന പേരിലറിയപ്പെടുന്നു.ഈ ഗ്രന്ഥത്തിന് നിരവധി ഹവാശിയ(വിശദീകരണങ്ങൾ) കൾ രചിക്കപ്പെട്ടിട്ടുണ്ട്. അവ ഹാശിയത്തുൽ ജലാലുദ്ദീൻസുയൂഥി, ഹാശിയത്തു അഹ്മദ് സജാഈ, ഹാശിയത്തു അഹ്മദുൽഖുള് രി എന്നിവയാണ്.
4-അല്ലാമ ഹസൻ ബദ്റുദ്ദീൻ ബ്നു ഖാസിം ബ്നു അബ്ദുല്ലാഹിബ്നു ഉമർ(മ:ഹി: 849)
5-അശൈഖ് അബ്ദുറഹ്മാൻ സൈനുദ്ദീൻ അബൂബക്കർ (മ: 801)
6- അബുൽ ഹസൻ അലി നൂറുദ്ദീൻ ബ്നു മുഹമ്മദുൽ മിസ്രി
7- അശ്ശെഖ് അബ്ദുല്ലാ മുഹമ്മദ് ശംസുദ്ദീൻ ബ്നു അഹ്മദ് ബ്നു അലി
8 – ഇബ്റാഹിം ബുർഹാനുദ്ദീൻ ബ്നു മൂസാ ബ്നു തയ്യൂബ്
9-ഇമാം ജലാലുദ്ദീൻ സുയൂഥ്വി(റ) (മ: 911)
10- മുഹമ്മദ് ബ്നു ഖാസിം
11- അബുൽ ഖൈർ മുഹമ്മദ് ശംസുദീൻ ബ്നു മുഹമ്മദ് അൽ ഖത്വീബി
12-സൈനുദീൻ മഖ്ദൂം ഒന്നാമൻ, മഖ്ദൂം രണ്ടാമൻ(റ) (രണ്ട് മഹാന്മാരും കൂടിയാണ് ഈ ശറഹ് എഴുതിയത്)
അൽഫിയയുടെ വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രബലമായത് ശറഹുൽ ഉശ്മൂനിയാണ്.ഈ ഗ്രന്ഥത്തിന്റെ ഹാശിയകളിൽ പ്രബലമായത് ഹാശിയത്തു സ്വബ്ബാൻ ആണ്.
വഫാത്ത്
ഇൽമിന്റെ ലോകത്തെ ജ്യോതിർഗോളമായിരുന്ന മഹാനവറുകൾ ഹി 672 ൽ ഈ ലോകത്തോട് വിട പറഞ്ഞു ഡമസ്കസിലെ കാസിയൂൻ പർവ്വതത്തിലാണ് ഖബർസ്ഥിതി ചെയ്യുന്നത്.അല്ലാഹു മഹാനോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ