ഉപ്പമാര്‍ അവഗണിക്കപ്പെടേണ്ടവരല്ല

സിനാന്‍ തളിപ്പറമ്പ

 ഒരു യാത്രക്കിടെ അവിചാരിതമായി കണ്ടുമുട്ടിയ ഒരു വ്യപാരി അല്‍പ നേരം മനസ്സ് തുറന്ന് സംസാരിച്ചു. ഏറെ കാലം പ്രവാസിയായിരുന്നു. ഇപ്പോള്‍ നാട്ടില്‍ തന്നെ കച്ചവടം ചെയ്യുന്നു. താന്‍ കച്ചവടം കഴിഞ്ഞ് തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ ഉമ്മയും മക്കളും ടിവിയുടെ മുന്നിലായിരിക്കും. ഞാന്‍ കുളിച്ച് ഭക്ഷണം കഴിച്ച് ഏതെങ്കിലുമൊരു മൂലയില്‍ കിടക്കും. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകും. തികച്ചും യാന്തികമായ ജീവിതമാണ്. ആരും തന്നെ ശ്രദ്ധിക്കുന്നേയില്ല . ഇത് കേവലം ഒരു പിതാവിന്‍റെ മാത്രം കഥയല്ല. സമകാലിക സാഹചര്യത്തില്‍ ജീവിക്കുന്നു ശരാശരി പിതാക്കډാരുടെയും അവസ്ഥായാണിത്.

ഒരിക്കലും തിരിച്ചറിയാന്‍ കഴിയാത്ത സ്നേഹത്തിന്‍റെ പര്യായമാണ് ഉപ്പ അല്ലെങ്കില്‍ ബാപ്പ. ആ സ്നേഹം പലപ്പോഴും ഗോപ്യമാണ്. അല്ലെങ്കില്‍ നമ്മുടെ സ്വഭാവ സംസ്കരണത്തിനും ശിക്ഷണത്തിനും വേണ്ടി അറിയാതെ ഗോപ്യമാക്കപ്പെടുന്നു, അത് കൊണ്ടാവാം ആ സ്നേഹം തിരിച്ചറിയാതെ പോവുന്നത്.

ഉപ്പയോട് നേരിട്ട് സംസാരിക്കാത്തവരുണ്ട്. കുശലം പറയാനോ സ്നേഹം പ്രകടിപ്പിക്കാനോ സന്നദ്ധരാകാത്തവരാണ് മക്കളിലധികപേരും. ഉപ്പയോട് പറയേണ്ടത് ഉമ്മ എന്ന് വിളിച്ച് ഉപ്പ കേള്‍ക്കാത്തവിധം ഉച്ചത്തില്‍ വിളിച്ച് പറയുന്ന മക്കള്‍വരെ നമുക്കിടയിലുണ്ട്. വിയര്‍പ്പിന്‍ തുള്ളികള്‍കൊണ്ട് താന്‍ നിര്‍മ്മിച്ച വീട്ടില്‍ അന്യനായി കഴിയേണ്ട പിതാക്കډാരുടെ സങ്കടം എത്രമേല്‍ വലുതായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അഞ്ച് വര്‍ഷമായി മകന്‍ പഠിക്കുന്ന സ്ഥാപനത്തിലേക്ക് കടന്നുവന്നപിതാവ് ഗദ്ഗദത്തോടെ അധ്യാപകരോട് പറഞ്ഞു ഈ സ്ഥാപനത്തില്‍ വന്ന ശേഷം അവന്‍ ഇന്നേ വരെ ഫോണ്‍ വിളിച്ചിട്ടില്ല. ഉമ്മ വഴിയാണ് ഞാന്‍ വിവരങ്ങളെല്ലാം അറിയുന്നത്. ഉമ്മ എന്ന മീഡിയേറ്റര്‍ വഴി തുടരേണ്ടതാണോ ഒരു പിതാവും മകനും തമ്മിലുള്ള ബന്ധം? ആണെങ്കിലും അല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിതീര്‍ക്കും വിധമാണ് സമകാലിക പിതൃ?പുത്ര ബന്ധങ്ങളെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോവാറുണ്ട്.
ഉമ്മയെ     അര്‍ഹിക്കുന്ന വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുമ്പോള്‍ പകുതി വൈകാരികതയോടെയെങ്കിലും പിതാവ് ആവിഷ്ക്കരിക്കപ്പെടേണ്ടതല്ലേ.. ഉമ്മ ഒമ്പത് മാസം ഗര്‍ഭം ചുമന്നു. പരിശുദ്ധ ഖുര്‍ആന്‍ തെര്യപ്പെടുത്തുന്നത്. പോലെ ക്ഷീണത്തില്‍ മേല്‍ ക്ഷീണമായിട്ടാണ് ഉമ്മ ഗര്‍ഭം ചുമന്നത്. എന്നാല്‍ ഉമ്മയുടെ ഉദരത്തില്‍ ഒരു കുത്ത് ജീവന്‍ മൊട്ടിടുന്നുണ്ടെന്നറിഞ്ഞത് മുതല്‍ പിതാവ് നമ്മെ മനസ്സില്‍ ഗര്‍ഭം ചുമക്കുന്നുണ്ട്.

പ്രഭാതം മുതല്‍ പ്രദോശം വരെ ചോരനീരാക്കി പണിയെടുക്കുമ്പോഴും നെറ്റിയില്‍ വിയര്‍പ്പ് പൊടിയുമ്പോഴും ആ മനസ്സില്‍ അപാരമായ ഒരു ആനന്ദമായിരുന്നു. ഇതൊക്കെ തന്‍റെ മക്കള്‍ക്ക് വേണ്ടിയാണല്ലോ എന്ന ആനന്ദം. വൈകിട്ട് ആ ഉപ്പ വരുമ്പോള്‍ പലപ്പോഴും നമ്മള്‍ ഉറങ്ങിയിട്ടുണ്ടാകും. നമ്മള്‍ ഉറങ്ങുന്ന മുറിയില്‍ വന്ന് ഏറെ നേരം നമ്മുടെ വദനത്തിലേക്ക് നോക്കി സ്വപ്നങ്ങള്‍ നെയ്യുന്ന, ഉറക്കമുണര്‍ത്താതെ ചുംബിക്കുന്ന, തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു പിതാവിനെ ഉണര്‍ന്ന ബുദ്ധിയില്‍ പലപ്പോഴും നമുക്ക് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം നമ്മുടെ സംസ്കരണത്തിനായി കര്‍ക്കശ സ്വഭാവക്കാരനാകേണ്ടി വരുന്നതാണ്.

 പക്ഷെ അത് കൊണ്ടൊന്നും ആ മനുഷ്യന് സ്നേഹിക്കാനറിയില്ലെന്ന് നാം വിചാരിച്ച് പോകരുത്.
ഉമ്മാക്ക് പ്രസവവേദന അനുഭവപ്പെടുമ്പോള്‍ കൂടുന്നത് ഉപ്പാന്‍റെ ഹൃദയമിടിപ്പാണ് അപ്പോഴും പതറാതെ പുഞ്ചിരി തൂകാന്‍ ഉപ്പയില്‍ അന്തര്‍ലീനമായ ആണത്വത്തിനേ കഴിയൂ. പ്രസവിക്കുമ്പോള്‍ ഉമ്മ അനുഭവിക്കുന്ന ശരീര വേദന പോലെ ഉപ്പ മാനസിക വേദന  അനുഭവിച്ചിരുന്നു. പക്ഷെ ഇതൊന്നും ആരും ഓര്‍ക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

പറഞ്ഞതനുസരിച്ചില്ലെങ്കില്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന ഭീകരമുഖമാണ് പിതാക്കډാരെ കുറിച്ച് പലമക്കളുടെയും മനസ്സില്‍ കയ്യില്‍ കിട്ടിയത് കൊണ്ട് അടിക്കുന്ന നിഷ്കരുണന്‍ എന്ന് അറിയാതെ ചിന്തിച്ച് പോകുന്ന ദേഷ്യക്കാരനായ ഉപ്പയോട് പലര്‍ക്കും വെറുപ്പാണ്. യഥാര്‍ഥ്യത്തില്‍ നമ്മളില്‍ നിന്ന് ഒരു മുഖവാട്ടം പോലും, ഒരു കളവ് പറച്ചില്‍ പോലും ആ മനസ്സ് സഹിക്കില്ല. ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് നമ്മെ അത്രമേല്‍ ഇഷ്ട്മായത് കൊണ്ടാണ്. നമ്മള്‍ നന്നാവണം എന്ന ഉപ്പാന്‍റെ പ്രാര്‍ത്ഥനയാണത്.

തല്ല് കൊണ്ട് ദേഷ്യപ്പെട്ട് കട്ടിലില്‍ കമിഴ്ന്ന് കിടക്കുമ്പോള്‍ തല്ലിയ കൈകള്‍ തല്ല് കൊണ്ടിടത്ത് കൂടി ചലിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ആ പാവം വന്ന് തടവിത്തരും മുഖത്ത് ചുംബനം തരും പിന്നെ നീറുന്ന മനസ്സുമായി അടുക്കളയില്‍ പോയി ഉമ്മയോട് പറയും അവനെ അല്ലെങ്കില്‍ അവളെ എഴുന്നേല്‍പ്പിച്ച് ഭക്ഷണം കൊടുക്ക് അതാണ് ഉപ്പയെന്ന അപാരമായ പ്രതിഭാസം.

അത് കൊണ്ടാണ് അല്ലാഹു തന്‍റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഒരിക്കല്‍ പരിശുദ്ധ പ്രവാചകര്‍(സ്വ) പറഞ്ഞു മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്‍റെ തൃപ്തി, മാതാപിതാക്കളുടെ കോപത്തിലാണ് അല്ലാഹുവിന്‍റെ കോപം. ഉപ്പാന്‍റെയും ഉമ്മാന്‍റെയും തൃപ്തിയില്ലാതെ ജീവിതത്തില്‍ വിജയമില്ല. അതിനാല്‍ അവരോടുള്ള ബന്ധം കൂടുതല്‍ സന്തോഷദായകമാക്കുകയും പൊരുത്തം നേടാന്‍ പരിശ്രമുക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിലേ സ്വര്‍ഗത്തില്‍ പ്രവേശനമുള്ളൂ.

ഇബ്റാഹീം(അ) പിതാവിനെ പരിശുദ്ധ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന രംഗം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. യുക്തി ഭദ്രമായ പ്രബോധനമെന്ന പോലെ ഉപ്പയോട് സംസാരിക്കേണ്ട രീതിയുടെയും മാതൃകയാണ് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍. ഇബ്റാഹീം(അ) വിനയ പൂര്‍വ്വം അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചപ്പോള്‍ രോഷാകുലനായ പിതാവ് താക്കീതിന്‍റെ സ്വരത്തില്‍ പറഞ്ഞു ഈ പ്രബോധനം നീ അവസാനിപ്പിക്കുന്നില്ലെങ്കില്‍ നിന്നെ എറിഞ്ഞ് കൊല്ലും. വൈകാരികമായയി പെരുമാറുന്ന പിതാവിനോട് പതിഞ്ഞ സ്വരത്തില്‍ ഇബ്റാഹീം(അ) പറഞ്ഞു എന്‍റെ നാഥനോട് ഞാന്‍ അങ്ങേക്ക് വേണ്ടി പൊറുക്കലിനെ തേടാം. മതസംഹിതകള്‍ക്കപ്പുറം കാത്ത് സൂക്ഷിക്കപ്പെടേണ്ടതാണ് പിതൃ പുതൃ ബന്ധങ്ങളെന്ന് മത നിഷേധിയായിരുന്നിട്ട് കൂടി പിതാവിനോട് ആദരവോടെ പെരുമാറിയ ഇബ്റാഹീമി ജീവിതം നമ്മെ തെര്യപ്പെടുത്തുന്നു.

മരിച്ചാലും തീരുന്നതല്ല ഉപ്പയോടുള്ള ബാധ്യതകള്‍. കുടുംബ ബന്ധം ചേര്‍ക്കുന്ന മക്കളില്‍ ഏറ്റവും ഉത്തമര്‍ പിതാക്കډാരുടെ കൂട്ടുകാരോട് ഏറ്റവും നല്ല രീതിയില്‍ ബന്ധം പുലര്‍ത്തുന്നവരാണെന്ന് പ്രവാചകര്‍(സ) നമ്മെ ഉദ്ഘോഷിക്കുന്നുണ്ട്. ജീവിത കാലത്ത് പോലും കടമകള്‍ നിര്‍വ്വഹിക്കാത്ത നമ്മള്‍ എറെ ചിന്തിക്കേണ്ടതാണ് പ്രവാചകന്‍റെ പ്രസ്തുത വചനം. അതിനാല്‍ ഉപ്പമാരോട് നല്ല രീതിയില്‍ വര്‍ത്തിക്കുക. അവരുടെ കൂട്ടുകാരോടും ബന്ധക്കാരോട് നന്നായി പെരുമാറുക. കാരണം അതൊക്കെ ഉപ്പയെ സ്നേഹിക്കുന്നതിന്‍റെ ഭാഗം തന്നെയാണ്.
പിതാക്കളെ അകറ്റുകയും കൂട്ടുകാരെ അടുപ്പിക്കുകയും ചെയ്യുന്ന കാലം വന്നാല്‍ അന്ത്യനാള്‍ അടുത്തിരിക്കുന്നുവെന്ന് അനുമാനിക്കാം. ജډം നല്‍കിയ ഉപ്പയോട് അകലം പാലിക്കുന്നവര്‍ തോളില്‍ കൈയ്യിട്ട കൂട്ടുകാരോട് മനസ്സുതറന്ന് പെരുമാറുന്നത് കാണുമ്പോള്‍ ഏറെ ആശങ്കപ്പെടാനുണ്ട്. കൂട്ടുകാരുടെ താല്‍പര്യത്തിന് വേണ്ടി പിതാവിനെ തള്ളിപ്പറയുകയും പിതാവിന്‍റെ വിസമ്മതത്തെ അവഗണിച്ച് പിക്നിക്കിന് പോകുകയും ചെയ്യുന്ന മക്കളും കൂട്ടുകാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഗുരുവിനെ ചതിക്കുന്ന ശിഷ്യډാരും നമുക്ക് നല്‍കുന്ന താക്കീത് അന്ത്യനാളിനെ കുറിച്ച് തന്നെയാണ്.
ഒരിക്കല്‍ അബ്ദുല്ലാഹിബ്നു ഉമര്‍(റ) കാട്ടറബിയായ ഒരു മനുഷ്യന് തന്‍റെ തലപ്പാവും വാഹനവും സമ്മാനമായി നല്‍കി. ഇത് കണ്ട ഒരു അറബി സുഹൃത്ത് പറഞ്ഞു. താങ്കള്‍ എന്തിനാണ് തലപ്പാവും വാഹനവും നല്‍കിയത് കാട്ടറബികള്‍ ഏതെങ്കിലും ഒന്ന് കൊണ്ട് തൃപ്തിപ്പെടുന്നവരാണല്ലോ. ഇത് കേട്ട ഉമര്‍(റ) വിന്‍റെ മകന്‍ പ്രതികരിച്ചു. അദ്ദേഹം എന്‍റെ ഉപ്പയുടെ സുഹൃത്താണ്. പിതാവിന്‍റെ സുഹൃത്തിനെ കാണുമ്പോള്‍ ഇത്രയധികം ആദരിക്കണമെങ്കില്‍ അവര്‍ക്ക് ഉപ്പയോടുള്ള സ്നേഹം എത്ര ശക്തമായിരിക്കും.

പിതൃ?പുത്ര ബന്ധങ്ങളെ ഏറെ സ്വാധീനിക്കാന്‍ കഴിയുന്നത് ഉമ്മാക്കാണ്. ഒരര്‍ത്ഥത്തില്‍ തൊട്ടതിനും പിടിച്ചതിനും ഉപ്പയോട് പറഞ്ഞ് കൊടുക്കുമെന്ന് പറയുന്ന ഉമ്മമാരാണ് മക്കളുടെ മനസ്സില്‍  ഉപ്പയെ കുറിച്ച് ഭീകര പരിവേഷം രൂപപ്പെടുത്തിയത്. ഗള്‍ഫിലേക്ക് പോകുമ്പോള്‍ കവിളില്‍ ചുംബിച്ച് യാത്രയാക്കിയ മകന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍  ഒരു ശൈക്ക് ഹാന്‍റില്‍ ഒതുക്കുമ്പോള്‍ എത്രമാത്രം വേദനിക്കുന്നുണ്ടാകും ആ മനസ്സ്. കോളേജിലെയും സ്കൂളിലെയും വിശേഷങ്ങള്‍ ഉമ്മയോട് പറയുന്നത് കേള്‍ക്കുമ്പോള്‍ എന്നോടും അവന്‍ കുശലം പറഞ്ഞിരുന്നെങ്കില്‍ അറിയാതെ ആഗ്രഹിച്ച് പോകുന്നുണ്ടാവില്ലേ ആ പാവം.

ഉപ്പ എന്ന വലിയ മരത്തിന്‍റെ ശിഖിരമാണ് മക്കള്‍. ശാഖകള്‍ വളരുമ്പോഴും ഉപശാഖകളായി മാറുമ്പോഴും ശക്തിപ്പെടുന്നത് മരമാണ്. തണ്ടും തടിയും തമ്മില്‍ ദൃഢമായ ബന്ധമുണ്ടാകുമ്പോഴെ മരം നിലനില്‍ക്കൂ  അല്ലെങ്കില്‍ ഒരുകാറ്റത്ത് പരസ്പരം അറ്റുപോകും. അതിനിടവരാതിരിക്കട്ടെ ആമീന്‍.