സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…

മുഹമ്മദ് ശാക്കിര്‍ മണിയറ

കിംഗ് ഫൈസല്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സദസ്സിനെ അഭിമുഖീകരിച്ച് മുന്‍ ബോസ്നിയന്‍ പ്രസിഡന്‍റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് നടത്തിയ ഒരു സുപ്രസിദ്ധമായ പ്രഭാഷണമുണ്ട്. അതിലെ പ്രസക്ത ഭാഗം ഇങ്ങനെ: ‘ എന്‍റെ മനസ്സില്‍ നാലു ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിന് യഥാവിധി ഉത്തരം നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് ഞാന്‍ കിംഗ് ഫൈസല്‍ അവാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. ആദ്യമായി, മുസ്ലിംകളുടെ ഏതെങ്കിലുമൊരു സമ്മേളനം കൃത്യ സമയത്ത് തുടങ്ങിയിട്ടുണ്ടോ എന്ന ചോദ്യമാണ്’. ബെഗോവിച്ചിന്‍റെ ആത്മപരിശോധനാപരമായ ഈ വാക്കുകള്‍ വിദ്യാര്‍രഥി ജീവിതം വായിക്കുമ്പോള്‍ പ്രസക്തമാവുന്നത് വഴിയെ ബോധ്യമാവും. അപ്രകാരം, മിന്‍ഹാജിന്‍റെ ആരംഭത്തിലെ നവവി ഇമാമിന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത വിദ്യാര്‍ഥികള്‍ വിരളമായിരിക്കും. ‘ നിശ്ചയം വിജ്ഞാനസമ്പാദനത്തില്‍ സമയം ചെലവിടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സുകൃതവും അമൂല്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും ഉചിതമായ കര്‍മവും എന്ന നവവി ഇമാന്‍റെ ഈ വാക്കുകളില്‍ തന്നെ വിദ്യാര്‍ഥി ജീവിതത്തിലെ സമയമൂല്യത്തിന്‍റെ സര്‍വ തലങ്ങളും ഉള്‍കൊണ്ടിട്ടുണ്ട്.

സമയം വിദ്യാര്‍ഥി ജീവിതവുമായി എത്രമേല്‍ ഗാഢമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ചരിത്രത്തിലെ യശശ്ശരീരായ പണ്ഡിതന്മാരുടെ ജീവിതം വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാവും. ജീവിച്ച ആയുസിലെ ദിവസങ്ങളുടെ എണ്ണത്തേക്കാളുമധികം പേജുകള്‍ കിതാബുകള്‍ എഴുതിയും ഗ്രന്ഥരചനക്ക് ഉപയോഗിച്ച മരത്തിന്‍റെ പേനകള്‍ കൊണ്ട് മയ്യിത്ത് കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാന്‍ വസ്വിയ്യത്ത് ചെയ്തും ചരിത്രത്തെ അത്ഭുതപ്പെടുത്തിയ മഹാമനീഷികള്‍ നമുക്ക് മുമ്പേ കടന്നു പോയിട്ടുണ്ട്. അവര്‍ക്കൊക്കെയും നമ്മുടേതിനു തുല്യമായി 24 മണിക്കൂര്‍ മാത്രം ദിവസവും നല്‍കപ്പെട്ടിട്ടും അത്രയും ചെയ്യാനായത് സമയത്തിന്‍റെ യഥാര്‍ഥ വിലയറിഞ്ഞു കൊണ്ട് അവര്‍ ജീവിച്ചു എന്നതു കൊണ്ടാണ്. ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തില്‍ സമയത്തിന് എത്രമാത്രം മൂല്യമുണ്ടെന്നും അതിനെ എവ്വിധം ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.

തിരിച്ചു വരില്ല എന്നോര്‍ക്കുക!

വല്ല കാര്യവും ചെയ്തു തീര്‍ക്കാനുള്ള സമയപരിധി കഴിഞ്ഞ ശേഷം ചെയ്യാത്തതില്‍ ഖേദിച്ച് വിരല്‍ കടിക്കേണ്ടി വരുന്ന അവസ്ഥ വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. ഇതിനുള്ള ഏകപരിഹാരം അവസരങ്ങളെ വിടാതെ പിന്തുടര്‍ന്ന് അവയെ കൃത്യമാംവിധം ഉപയോഗപ്പെടുത്തുക എന്നതു മാത്രമാണ്. അവസരങ്ങള്‍ നിങ്ങളെത്തേടി വരില്ല, നിങ്ങള്‍ അവസരങ്ങളെത്തേടി പോവണം എന്നതു പ്രകാരം വീണുകിട്ടുന്ന അവസരങ്ങള്‍ എന്തു തന്നെയായാലും തന്‍റെ കഴിവ് അടയാളപ്പെടുത്താന്‍ കഴിവുള്ളവനാകണം വിദ്യാര്‍ഥി. ചിലപ്പോള്‍ അത്തരം അമൂല്യ നിമിഷങ്ങളിലൂടെയാവും ചരിത്രം നിന്നെ ഓര്‍ത്തെടുക്കുക!. വെറുതെ ഇരിക്കുക എന്ന പ്രവൃത്തി ഒരിക്കലുംതന്നെ വിദ്യാര്‍ഥി ജീവിതത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണ്. മുഴുസമയവും വല്ല പ്രവര്‍ത്തനങ്ങളുമായി നിരതനാവണം അവന്‍. കാരണം, വെറുതെയുള്ള ഇരുത്തത്തിനിടെ പൈശാചിക പ്രലോഭനങ്ങള്‍ ഉണ്ടാവാനും പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴാനുമുള്ള സാധ്യത ഏറെയാണ്.

ജനങ്ങളില്‍ അധികപേരും വഞ്ചിതരാവുന്നത് രണ്ട് അനുഗ്രഹങ്ങളുടെ വിഷയത്തിലാണ് എന്ന് പറഞ്ഞ തിരുനബി അതില്‍ രണ്ടാമതായി എണ്ണിയത് ഒഴിവു സമയത്തെയാണ്. ഒഴിവു സമയങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയാണ് അപ്പോള്‍ വിദ്യാര്‍ഥിയുടെ കടമ. അപ്രകാരം, ടെന്‍ഷന്‍ പരിഹരിക്കാനുള്ള മാര്‍ഗമായി മനഃശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നതും മുഴുസമയവും കര്‍മനിരതമായ ശരീരവും മനസ്സും ഉണ്ടാവുക എന്നതാണ്. അതാണ് ഒരു വിദ്യാര്‍ഥിക്ക് ഏറ്റവും അനിവാര്യവും. ‘ നിങ്ങള്‍ ഒരു ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അടുത്തതില്‍ വ്യാപൃതമാവുക’ (സൂറത്തു ശറഹ്: 7,8) എന്ന ഖുര്‍ആനിക വചനം ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

ഉയര്‍ച്ചയുടെ ഉന്നതികള്‍ കീഴടക്കിയ വിദ്യാഭ്യാസ വിചക്ഷണന്മാരും ചിന്തകന്മാരും മഹാന്മാരുമെല്ലാം ഏറെ ആവേശത്തോടെ പഠനകാലത്തെ ഓര്‍ക്കുന്നവരും ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ നാളുകള്‍ വിദ്യാര്‍ഥി ജീവിതമാണ് എന്നു സാക്ഷ്യപ്പെടുത്തിയവരുമായിരുന്നു. സമയത്തിന്‍റെ മൂല്യത്തെപ്പറ്റി വിലപിക്കാത്ത കവികളാരുമുണ്ടായിരുന്നില്ല. ‘ പുതുതായി യാതൊരു അറിവും നേടാത്ത ഒരു ദിവസം എന്നില്‍ നിന്ന് കടന്നുപോയാല്‍ ആ ദിവസം എന്‍റെ ആയുസില്‍ പെട്ടതല്ല’ എന്ന കവിവാക്യം വിദ്യാര്‍ഥിക്ക് ചിന്തിക്കാന്‍ ഏറെ വക നല്‍കുന്നുണ്ട്. സമയം ഒരു വാളു പോലെയാണ്, നീ അതിനെ വെട്ടിയില്ലെങ്കില്‍ അതു നിന്നെ വെട്ടും എന്ന ആപ്തവാക്യവും ഇതോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

സമയം കൊല്ലികളാവരുത്!

ഉള്ള സമയം എങ്ങനെയെങ്കിലും ജീവിച്ചു തീര്‍ക്കുക എന്നതാവരുത് ഒരിക്കലും വിദ്യാര്‍ഥിയുടെ അജണ്ട. മറിച്ച്, കൃത്യമായ ലക്ഷ്യത്തോടുകൂടി ചിട്ടയാക്കപ്പെട്ട ജീവിതമാവണം വിദ്യാര്‍ഥിയുടേത്. കാരണം, ശരാശരി 60 വര്‍ഷം ജീവിക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഒഴിഞ്ഞിരിക്കുന്നത് അല്‍പം ചില വര്‍ഷങ്ങള്‍ മാത്രമാണ്. 60 വര്‍ഷം ജീവിക്കുന്ന ഒരാള്‍ ശരാശരി 20 വര്‍ഷം ഉറങ്ങാനും 4 വര്‍ഷം ഭക്ഷണം കഴിക്കാനും 2 വര്‍ഷം ദിനപത്ര വായനക്കും 6 മാസം കുളിക്കാനും 3 മാസം ബ്രഷ് ചെയ്യാനും 5 മാസം ബസ്, ട്രെയിന്‍ എന്നിവ കാത്തു നില്‍ക്കാനുമായി ഉപയോഗിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒരു വിദ്യാര്‍ഥിക്ക് പഠനത്തിനും വായനക്കുമായി ചുരുങ്ങിയ സമയം മാത്രമാണ് ലഭിക്കുക. അത് ഫലപ്രദമായി ഒന്നും നഷ്ടപ്പെടുത്താതെ ഉപയോഗിക്കുമ്പോഴാണ് വിദ്യാര്‍ഥി വിജയിക്കുന്നത്.

ഇടവേളകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് പല വിദ്യാര്‍ഥികള്‍ക്കും വീഴ്ച പറ്റാറുള്ളത്. പഠന കാലത്ത് വിശിഷ്ടമായ ജീവിതം നയിച്ചവര്‍ വെക്കേഷന്‍ കാലങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടും മദ്യം, മയക്കുമരുന്ന് അടക്കമുള്ള സര്‍വവിധ അനാചാരങ്ങള്‍ക്കും വശംവദരാവുന്ന കാഴ്ച ഇന്ന് സര്‍വ വ്യാപകമാണ്. ഇത്തരം സമയങ്ങള്‍ കൂടി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുമ്പോഴേ ധാര്‍മിക മൂല്യമുള്ള വിദ്യാര്‍ഥി രൂപപ്പെടൂ. ഓരോ നിമഷങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ഉത്തരോത്തരം ഉയര്‍ച്ചയിലെത്താന്‍ വിദ്യാര്‍ഥി സദാ ബദ്ധശ്രദ്ധനായിരിക്കണം. ഒരാളുടെ ഇന്നെലെയേക്കാള്‍ മികച്ചതല്ല ഇന്ന് എങ്കില്‍ ആ ജീവിതം നിരര്‍ഥകമാണെന്നാണ് പണ്ഡിത മഹത്തുക്കള്‍ പഠിപ്പിക്കുന്നത്. പ്രത്യേകിച്ച്, പല കാത്തിരിപ്പിന്‍റെ നേരങ്ങളും പലരും അവജ്ഞയോടെയാണ് കാണാറുള്ളത്. ട്രെയിന്‍ കാത്തും ബസ്സു കാത്തും നാം കളഞ്ഞു കുളിക്കുന്ന നേരങ്ങള്‍ ഫലപ്രദമായ വായനക്കും സംസാരങ്ങള്‍ക്കുമായി ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം സൂക്ഷ്മമായ ഒഴിവുനേരങ്ങള്‍ പോലും കൃത്യമായി ഉപയോഗിക്കാത്തവരാരും ചരിത്രത്തില്‍ ഇടം നേടിയിട്ടില്ല എന്നതും ഇതോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

മുഴുസമയവും ഗൗരവതരമായ ചര്‍ച്ചകളിലും പഠനത്തിലുമായി മുഴുകണമെന്ന് ഒരിക്കലും ഇത് അര്‍ഥമാക്കുന്നില്ല. മറിച്ച്, ഇടക്കിടെ മാനസികോല്ലാസത്തിനുതകുന്ന വിനോദങ്ങളില്‍ ഏര്‍പ്പെട്ട് മനസ്സിന് വിശ്രമവും സൗഖ്യവും നല്‍കലും അനിവാര്യമാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ എപ്പോഴും തെളിഞ്ഞിരിക്കുമെന്നപോലെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനസ്സ് എപ്പോഴും ശുദ്ധമായിരിക്കും എന്നാണ് പണ്ഡിതവചനം. ഇടക്കിടെ ഉല്ലാസ- പഠന യാത്രകളിലൂടെ മനസ്സിന് നവോന്മേഷം പകരണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നിങ്ങള്‍ പ്ലാനിംഗ് ചെയ്യാറുണ്ടോ?…

ഈ സമയം എത്ര പെട്ടെന്നാ തീരുന്നത് എന്ന് ഇടക്കിടെ പരിഭവപ്പെട്ട് തലചൊറിയുന്ന പ്രവണത വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് സമയബന്ധിതമായി ചെയ്തു തീര്‍ക്കലാണ് ഇത്തരം പരിഭവങ്ങള്‍ക്കുള്ള ഏക പരിഹാരം. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെടുന്നവരും എക്സ്ട്രാ ജോലികളുമായി ഏര്‍പ്പെടുന്നവരും ഇത്തരം ചിട്ടപൂര്‍ണമായ ജീവിതം നയിക്കല്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ അവരുടെ കര്‍മങ്ങള്‍ ഫലപ്രദമാവൂ. കൃത്യമായ ചിട്ടയുള്ള ജീവിതം മനുഷ്യമനസ്സിലെ അത്യധികം സ്വാധീനിക്കുന്നുവെന്നാണ് ശാസ്ത്രവശം. വിദ്യാര്‍ഥികളെപ്പോലെ- പ്രത്യേകിച്ച് മതകീയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍- ചിട്ടയായ ജീവിതം നയിക്കുന്നവരും നയിക്കല്‍ അനിവാര്യമായവരുമായ മറ്റൊരു വിഭാഗവും ഇല്ല. കാരണം, വിദ്യാര്‍ഥി ജീവിതമാണ് മനുഷ്യന്‍റെ ഭാവിയെ നിര്‍ണയിക്കുന്നത് എന്നതു തന്നെ.

പ്രധാനമായും വിദ്യാര്‍ഥി ജീവിതത്തില്‍ ഫലപ്രദമായി ഉപയോഗിക്കേണ്ട സമയം സുബ്ഹിന്‍റെ ശേഷമുള്ള അനുഗ്രഹീത നേരമാണ്. ‘ അല്ലാഹുവേ, എന്‍റെ സമുദായത്തിന് അവരുടെ പ്രഭാത നേരങ്ങളില്‍ നീ അനുഗ്രഹം ചെയ്യണേ എന്ന് നബി(സ) പ്രാര്‍ഥിച്ചതും സുബ്ഹിന് ശേഷം ഉറങ്ങുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയതും ഇതിന് ഉപോല്‍ബലകമായി നമുക്ക് കാണാവുന്നതാണ്. അപ്രകാരം, നിശയുടെ നിശബ്ദതയെപ്പോലും ജ്ഞാനസമ്പാദനത്തിനായ് ഉപയോഗിച്ചവരായിരുന്നു മുന്‍ഗാമികള്‍. പക്ഷെ, ഏറ്റവും പരിശുദ്ധമായ പകല്‍നേരം ഉറക്കച്ചടവിലും ക്ഷീണത്തിലുമായി നഷ്ടമാവുമെങ്കില്‍ രാത്രിയിലെ ആരാധനകളെപ്പോലും നിരുത്സാഹപ്പെടുത്തിയവരായിരുന്നു മുന്‍ഗാമികള്‍. മാത്രമല്ല, പുതിയ പഠനങ്ങള്‍ അനുസരിച്ച്, ഓരോ വിദ്യാര്‍ഥികളിലെയും ബയോളജിക്കല്‍ ക്ലോക്കിന്‍റെ സഞ്ചാരം വൈവിധ്യപ്പെടുന്നതിനാല്‍ തന്നെ പലരുടെയും പഠന താത്പര്യ സമയങ്ങള്‍ വ്യത്യാസപ്പെടുന്നുവെന്നാണ് വിദഗ്ധ ഭാഷ്യം. അപ്പോള്‍, പഠിക്കാന്‍ ഉചിതമായ സമയം ഏതാണെന്ന് ചോദിച്ചാല്‍ വിദ്യാര്‍ഥി ഉന്മേഷവാനായിരിക്കുന്ന സമയം എന്നതാണ് ഉത്തരം.

പഠന കാലത്ത് അസൈമെന്‍റ് വര്‍ക്കുകളാലും മറ്റും ഒട്ടനേകം ജോലികള്‍ കുമിഞ്ഞുകൂടുമ്പോള്‍ മാനസിക പിരിമുറുക്കങ്ങളിലകപ്പെട്ട് ഒന്നും ചെയ്യാനാവാത്ത സംഘര്‍ഷഭരിത അവസ്ഥകള്‍ പലപ്പോഴും വിദ്യാര്‍ഥികളില്‍ രൂപപ്പെടാറുണ്ട്. മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തലാണ് മനഃശാസ്ത്ര വിദഗ്ധര്‍ ഇതിനുള്ള പരിഹാരമായി നിര്‍ദേശിക്കുന്നത്.

Important+ Not Urgent
Urgent + Not Important
Not Urgent+ Not Important
ഇതില്‍ നാലാമത്തെ ഗണം(പ്രാധാന്യമില്ലാത്തതും അടിയന്തിരമല്ലാത്തതുമായ കാര്യം) തീര്‍ത്തും ഉപേക്ഷിക്കപ്പെടേണ്ടതാണ്. മുകളില്‍ പറഞ്ഞ പ്രകാരം വിദ്യാര്‍ഥി തന്‍റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകായണെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ വിജയവും സുതാര്യതയും കാണാം. അപ്രകാരം നിശ്ചയിച്ച പ്രവര്‍ത്തനങ്ങളെ മറ്റൊരു നേരത്തേക്ക് നീട്ടിവെക്കുന്നത് ഒരിക്കലും വിദ്വാന് ഭൂഷണമല്ല. നാളെ നാളെ, നീളെ നീളെ എന്ന് നാം ആലങ്കാരികമായി പറയുന്ന വാക്ക് വിദ്യാര്‍ഥി ജീവിതത്തില്‍ പൂര്‍ണമായും ഉള്‍കൊള്ളേണ്ടതാണ്. നീട്ടിവെക്കുന്നതിനു പിന്നിലുള്ള ദുഷ്യഫലങ്ങളെ പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം എണ്ണുന്നുണ്ട്. പ്രധാനമായും വിശ്വാസിക്ക് അടുത്ത നിമിഷം ജീവിച്ചിരിക്കുമോ  എന്ന് യാതൊരു വിധേനയും ഉറപ്പിക്കാന്‍ കഴിയില്ല.

അപ്രകാരം കൃത്യസമയത്ത് ചെയ്യാതെ നീട്ടിവെക്കുന്നത് മനസ്സിനെ മടുപ്പിക്കുകയും അതില്‍ നിന്ന് പിന്തിരിയാനുള്ള കാരണമായിത്തീരുകയും ചെയ്യുന്നതാണ്.  Past is history, Future is mistery, Live in the present( ഭൂതം ചരിത്രമാണ്, ഭാവി നിഗൂഢവും, വര്‍ത്തമാനത്തില്‍ ജീവിക്കുക) എന്ന ആപ്തവാക്യപ്രകാരം ഗതകാലം ഓര്‍ത്ത് ദുഃഖിച്ചിരിക്കുകയോ ഭാവിയോര്‍ത്ത് വ്യാകുലപ്പെടുകയോ ചെയ്യാതെ ആസന്നമായ വര്‍ത്തമാനത്തില്‍ ഉല്‍കൃഷ്ടമായ ജീവിതം നയിക്കാന്‍ വിദ്യാര്‍ഥിക്ക് സാധിക്കണം. ചുരുക്കത്തില്‍, വിദ്യാര്‍ഥി ജീവിതവും സമയവും തമ്മില്‍ ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്. സമയത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ് സദാ ബദ്ധശ്രദ്ധനായിരിക്കണം വിദ്യാര്‍ഥി, അല്ലാത്ത പക്ഷം ഭാവിയില്‍ തന്‍റെ കൂടെ ജീവിച്ചവര്‍ ഉന്നതങ്ങള്‍ കീഴടക്കുന്നതു കാണുമ്പോള്‍ വിരല്‍ കടിക്കേണ്ടി വരുമെന്ന് തീര്‍ച്ച.

 

One thought on “സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…”

Comments are closed.