അന്‍വര്‍ സാദത്ത് കാളികാവ്
(പ്രാസം സെക്കന്‍റ് ബാച്ച് മെമ്പര്‍)
ആഗോള മുസല്‍മാന്‍റെ ആശാകേന്ദ്രമാണ് മക്ക എന്ന പുണ്യ ഭൂമി.ഓരോവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലക്ഷ കണക്കിനാളുകള്‍ അല്ലാഹുവിന്‍റെ വിളികേട്ട് ഹജ്ജ് കര്‍മത്തിനായി മക്കയില്‍ സമ്മേളിക്കുന്നു. ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതായതിനാല്‍ തന്നെ ഹജ്ജ് ഇസ്ലാമിന്‍റെ പൂര്‍ത്തീകരണമാണെന്ന് വ്യക്തം. ഇന്ന് നിങ്ങളുടെ ദീനിനെ പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് റബ്ബ് അരുളിയത് നബി(സ)യുടേയും സ്വഹാബത്തിന്‍റെയും ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിച്ച ശേഷമാണെന്ന കാര്യം ചരിത്രത്തില്‍ വ്യക്തമാണ്.
ഹജ്ജ് നിര്‍വഹിക്കുന്നവന്‍ അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍ ലയിച്ചു ചേരുകയാണ്. അതിനാല്‍ ആന്തരികവും ബാഹ്യവുമായ തഖ് വ ഹജ്ജ് നിര്‍വഹിക്കുന്നവന് അനിവാര്യമാണ്. ഹജ്ജിലെ ഒരോ പ്രവര്‍ത്തിയും തഖ്വയിലധിഷ്ടിതമായിരിക്കണം കാരണം എല്ലാ കര്‍മ്മങ്ങളുടെയും ജീവനും ആത്മാവുമാണ് തഖ് വ. അതിന്‍റെ അസാന്നിധ്യത്തില്‍ നിര്‍വഹിക്കപ്പെടുന്ന ഇബാദത്ത് സ്വീകരിക്കുകയില്ല എന്ന കാര്യത്തില്‍ സന്ദേഹമില്ല. പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യത മനപ്പൊരുത്തതിലാണെന്ന പ്രവാചക വചനത്തില്‍ നിന്ന് ഇത് ഗ്രഹിക്കാവുന്നതാണ്. അല്ലാഹു വ്യക്തമാക്കുന്നത് കാണുക; നിശ്ചയംദൈവ ഭക്തരില്‍ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ(മാഇദ 27). കേവലം പ്രകടനങ്ങള്‍ കൊണ്ട് നിര്‍വഹിക്കപ്പെടുന്ന മതാനുഷ്ടാനങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ലെന്ന് സാരം. ആദം നബി(അ)ന്‍റെ മകന്‍ ഖാബീലിന്‍റെ ബലി സ്വീകരികാത്തതിന്‍റെ കാരണവും അതു തന്നെയായിരുന്നു. അല്ലാഹുവിന്‍റെ എകത്വ ബോധവും, നിഷ്കളങ്കതയും, അവന്‍റെ പ്രീതിയോടുള്ള താല്പര്യവും, അര്‍പ്പണ ബോധവും, ഹജ്ജിലെ അനുഷ്ഠാനങ്ങളെ യഥായോഗ്യമായ നിര്‍വഹണവുമെല്ലാം ഒന്നിച്ചു ചേരുന്നവരുടെ ഹജ്ജിനായിരിക്കും അല്ലാഹുവിന്‍റെ അടുത്ത് സ്വീകാര്യതയുണ്ടാകുക.
ഇബ്രാഹീം നബി(അ)യുടെ വിളംബരത്തിന് ഉത്തരം നല്‍കിക്കൊണ്ട് അല്ലാഹുവിന്‍റെ തിരു സന്നിതിയില്‍ ഹാജറായിട്ടുണ്ടെന്ന് അറിയിക്കുകയാണ് ലബ്ബൈക്ക് എന്ന മന്ത്രധ്വനിയിലൂടെ ഹാജിമാര്‍ചെയ്യുന്നത്.കഅ്ബയുടെ നിര്‍മാണ പൂര്‍ത്തീകരണശേഷം ഇബ്രാഹിം(അ)നോട് അല്ലാഹു അരുളി:ڇമനുഷ്യരോട് ഹജ്ജിനെ കുറിച്ച് വിളംബരംചെയ്യുക .എന്നാല്‍, അവര്‍ നടന്നും ക്ഷീണിച്ചും മൃഗങ്ങളുടെ വാഹനങ്ങളിലേറിയും വിദൂര മലയിടുക്കുകള്‍ താണ്ടിയും നിന്നിലേക്ക് വരും. ഈ വിളിക്ക് പ്രത്യുത്തരമെന്നോണം ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള പലവിധ വര്‍ണ്ണക്കാരും ദേശക്കാരും ഭാഷക്കാരും ഒരെയൊരു മാതാവിന്‍റെ സന്താനങ്ങളെന്നപ്പോലെ ഒരെയൊരു വേഷത്തിലും ചിന്തയിലും മുദ്രവാക്യത്തിലും ഒരുപോലെ സംഗമിക്കുന്നു. പണ്ഡിത പാമര വിത്യാസമില്ലാതെ കുബേര കുജേര അന്തരമില്ലാതെ കറുത്തവനും വെളുത്തവനെന്നും വിവേജനമില്ലാതെ, രാജാവും പ്രജയും ഒരേ രൂപത്തിലുള്ള സഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സമ്മേളനം തീര്‍ക്കുന്നത് കാണുമ്പോള്‍ ഏതൊരുഹൃദയവും തരളിതമാകും.
ഇസ്ലാം മതം സ്വീകരിച്ച അമേരിക്കയിലെ നീഗ്രോ മുസ്ലീം നേതാവും പൗരവകാശ പ്രവര്‍ത്തകനുമായ മാല്‍കം എക്സ് തന്‍റെ ജീവചരിത്ര പുസ്തകത്തില്‍ ഹജ്ജ് തീര്‍ഥാടനത്തിനിടയില്‍ തന്നെ സ്വാധീനിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അദേഹം എഴുതുന്നു: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. നീല കണ്ണും സ്വര്‍ണ്ണ തലമുടിയുള്ളവര്‍ തൊട്ട് കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ, വ്യത്യസ്ത നിറക്കാര്‍. പക്ഷേ ഞങ്ങളെല്ലാവരും ഒരേ അനുഷ്ടാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സഹോദ്യര്യത്തിന്‍റെയും ചൈതന്യം പ്രകടമാക്കുന്നതായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. വെളുത്തവര്‍ക്കും വെളുത്തവരാല്ലാതവര്‍ക്കുമിടയില്‍ ഇത്തരം ഏകത്വ ബോധം ഒരു കാലത്തും നില നില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ് അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്. അമേരിക്ക ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് ആവിശ്യമാണ്. കാരണം സമൂഹത്തില്‍ നിന്ന് വംശീയത മായ്ച്ചു കളയുന്ന ഒരേയൊരു മതം ഇസ്ലാമാണ്. യാത്രയിലുടനീളം അമേരിക്കയില്‍ വെളുത്തവരായി പരിഗണിക്കപ്പെടുന്ന ആളുകളുമായി കൂടികാഴ്ച്ച നടത്തുകയും സംഭാഷണത്തിലേര്‍പ്പെടുകയും, അവരോടെപ്പം ഭക്ഷണം കഴിക്കുക പോലും ചെയ്തിട്ടുണ്ട് ഞാന്‍. പക്ഷേ അവരുടെ മനസ്സില്‍ നിന്ന് വെള്ളക്കാരെന്ന മനോഭാവം ഇസ്ലാം എടുത്തുമാറ്റിയിരുന്നു. എല്ലാ നിറക്കാരും ഒന്നിച്ചു ചേര്‍ന്ന് തന്‍റെ നിറമേതെന്ന് കാര്യമാക്കാതെ യഥാര്‍ത്ഥ സാഹോദര്യം നിലനിര്‍ത്തുന്നത് ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. (മാല്‍ക്കം എക്സ് ആത്മകഥ പേജ്;438)
ഹജ്ജ് കര്‍മം പുണ്യകരവും സ്വീകാര്യയോഗ്യമായെങ്കില്‍ മാത്രമേ ജീവിതത്തിന്‍റെ സര്‍വ മേഖലകളെയും സംസ്കരിക്കാന്‍ പര്യാപ്തമായ കര്‍മമാകുകയുള്ളൂ. അതിനെയാണ് പ്രവാചകന്‍(സ) ഹജ്ജുന്‍ മബ്റൂര്‍ സ്വീകാര്യമായ ഹജ്ജ് എന്ന് വിശേഷിപ്പിച്ചത്. സല്‍കര്‍മ്മങ്ങളില്‍ അതിമഹത്തരമായത് ഏതാണെന്ന് നബി(സ)യോടുള്ള ചോദ്യത്തിന് ,അല്ലാഹുവിലും അവന്‍റെ റസൂലിലുള്ള വിശ്വാസവും അവന്‍റെ മാര്‍ഗത്തിലുള്ള സമരവും മൂന്നാമതായി പുണ്യകരമായ ഹജ്ജുമാണ് എന്നായിരുന്നു പ്രവാചക പ്രതികരണം.
ഹാജിമാര്‍ ഇഹ്റാമിലൂടെ അല്ലാഹുവിന്‍റെ തിരുമുമ്പില്‍ സന്നിഹിതരാകാനുള്ള പ്രഥമ കര്‍മം നിര്‍വഹിക്കുന്നു. ഇഹ്റാമിനു ശേഷം അവര്‍ക്ക് അതുവരെ അനുവദനീയമായിരുന്ന പലതും നിഷിദ്ധമായിതീരുന്നു. ഇഹ്റാമിലൂടെ ഒരു ഹാജി ആത്മീയതയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നു. ഭൂതകാലമോ ഭൗതികതയോ ഓര്‍മ്മയില്‍ വരും എന്നതിനാല്‍ സുഗന്ധ ദൃവ്യങ്ങള്‍ പോലും നിഷിദ്ധമാണ്. ഒരു അരയുടുപ്പും മേല്‍ ജോഡിയുമണിഞ്ഞ് ഇസ്ലാമിന്‍റെ സമത്വഭാവത്തിന്‍റെ മാതൃക പ്രകടമാക്കുന്നു. ഐഹിക സുഖാനുഭൂതികളുടെ ആസ്വാദനത്തിനോട് വിട പറയുമ്പോള്‍ സ്രഷ്ടാവിന്‍റെ ഓര്‍മകള്‍ മനസില്‍ വരത്തക്ക വിധം പൂര്‍ണമായ വിനയവും ആദരവും പ്രകടമാക്കുകയെന്നതും ഇതു വഴി കടന്നുവരുന്നു.
മുന്‍കാല ജീവിതത്തിലുള്ള ദുഷിച്ച സ്വഭാവങ്ങളില്‍ നിന്നുള്ള മുക്തിയും നന്മയിലേക്കുള്ള നേര്‍വഴിയും പകര്‍ന്നു നല്‍കി മനുഷ്യനെ അനുസരണയുള്ളവനും ആത്മാര്‍ഥതയുള്ളവനുമാക്കി പിറന്നു വീണ കുഞ്ഞിനെപ്പോലെ കളങ്ക രഹിത ഹൃദയത്തിന് ഉടമയാക്കുക എന്ന പരിവര്‍ത്തന പ്രക്രിയയാണ് ഹജ്ജില്‍ കൂടി സാധിക്കപ്പെടുന്നത്. ഹജ്ജ് യാത്രക്കാര്‍ തങ്ങളുടെ തീര്‍ഥാടന വേളയില്‍ സര്‍വ സമയത്തും ദൈവഭക്തി അവലംഭിക്കണമെന്ന് അല്ലാഹു അനുശാസിച്ചതിലുള്ള കാരണം മറ്റൊന്നാകാനിടയില്ല. അല്ലാഹു വിവരിക്കുന്നു: ‘ഹജ്ജിന് യാത്രാ ഉപരണങ്ങള്‍ കൂടെ കരുതുക, എന്നാല്‍ ദൈവഭക്തിയാണ് ഏറ്റവും വലിയ യാത്രാ ഉപകരണം ബദ്ധിയുള്ളവരെ, എന്നോട് ഭക്തി കാണിക്കുവിന്‍.
ഇവ്വിധം തഖ് വയില്‍ മുഴുകി അല്ലാഹുവിന്‍റെ വിളിക്കുത്തരമേകി മക്കയില്‍ സന്നിഹിതരായി തീരുകയെന്നത് ഹാജിമാരെ സംബന്ധിച്ചിടത്തോളം അഭിവാച്യമായ സൗഭാഗ്യമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആധുനിക കാലത്ത് പലപ്പോഴും ഹജ്ജും ഉംറയും പലര്‍ക്കും മറ്റുപല ഭൗതിക നേട്ടത്തിനായി മാറുന്നുണ്ടെന്നതാണ് ദുഃഖ സത്യം. മുടക്കുന്ന പണത്തിന് പകരമായി ജനങ്ങളുടെ ഇടയില്‍ അല്‍പ്പം അഭിമാനമാണ് അവരുടെ പ്രതീക്ഷ. ഇവിടെയാണ് ഉദ്ദേശ ശുദ്ധിയുടെ പ്രശ്നം ഉത്ഭവിക്കുന്നത്. വിശ്വാസിയുടെ ഒരു ചലനത്തിലും ഇഖ്ലാസ്നഷ്ടപ്പെടരുത് . അല്ലാഹുവിനെ നാം കാണുന്നിലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ടെന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍ ഹൃദായന്തരങ്ങളിലേക്ക് തഖ് വ അറിയാതെ തികട്ടി വരുന്നതാണ് .
കര്‍മ്മങ്ങളില്‍ ഇഖ് ലാസിലാത്തവരുടെ ഹജ്ജിന്‍റെ പ്രതിഫലം ശൂന്യമായിരിക്കും ആത്മീയ ലോകത്തെ ചക്രവര്‍ത്തി ജുനൈദുല്‍ ബാഗ്ദാദി(റ) തന്നെ സന്ദര്‍ശിക്കാനെത്തിയ ഒരു ഹാജിയുടെ ഉള്ളം തുറന്നുകാട്ടുന്ന സംഭവം ഈയൊരു കാര്യം വ്യക്തമാക്കുന്നതാണ്. സംഭവം ഇങ്ങനെയായിരുന്നു.
ഒരാള്‍ ജുനൈദുല്‍ ബാഗ്ദാദ്(റ)നെ സന്ദര്‍ശിക്കുകയുണ്ടായി. മഹാന്‍ അദേഹത്തോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ഹജ്ജ് കഴിഞ്ഞു മടങ്ങി വരുന്ന വഴിയാണെന്ന് മറുപടി നല്‍ക്കുകയുണ്ടായി. ശേഷം മഹാന്‍ അദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചു; ഓരോ ചോദ്യങ്ങള്‍ക്ക് മുന്നിലും അയാള്‍ പതറിപ്പോകുകയായിരുന്നു. ജുനൈദ്(റ): നിങ്ങള്‍ ആദ്യം നിങ്ങളുടെ ഭവനത്തില്‍നിന്ന് യാത്ര ചെയ്തത് മുതല്‍ നിങ്ങളുടെ പാപങ്ങളില്‍ നിന്ന് യാത്ര ചെയ്തുവോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ നിങ്ങള്‍ യാത്ര ചെയ്തിട്ടില്ല. നിങ്ങള്‍ ഹജ്ജുകാരന്‍റെ വസ്ത്രം ധരിച്ചപ്പോള്‍ നിങ്ങളുടെ നിങ്ങളുടെ സാധാരണ വസ്ത്രം കളഞ്ഞതുപോലെ നിയന്ത്രണാധീനത്തില്‍ കൊണ്ടുവന്നുവോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ നിങ്ങള്‍ ഹജ്ജുകാരന്‍റെ വസ്ത്രം ധരിചിട്ടില്ല. നിങ്ങള്‍ അറഫയില്‍ നിന്നപ്പോള്‍ അല്ലാഹുവില്‍ മുശാഹതിയയില്‍ ആയിരുന്നുവോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ അറഫയില്‍ നിന്നിട്ടില്ല, നിങ്ങള്‍ മുസ്തലിഫയില്‍ പോയപ്പോഴും ആഗ്രഹപൂര്‍ത്തി വരുത്തിയപ്പോഴും നിങ്ങളുടെ മേഛകരമായ വികാരങ്ങളെ പരിത്യജിച്ചിരുന്നുവോ ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ നിങ്ങള്‍ മുസ്തലിഫയില്‍ പോയിട്ടില്ല, നിങ്ങള്‍ കഅ്ബയെ ത്വവാഫ് ചെയ്തപ്പോ അല്ലാഹുവിന്‍റെ സൗന്ദര്യത്തെ കണ്ടുവോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ ത്വവാഫ് ചെയ്തിട്ടില്ല, നിങ്ങള്‍ സ്വഫയുടെയും മര്‍വയുടെയും ഇടയില്‍ ഓടിയപ്പോള്‍ നിങ്ങള്‍ക്ക് വിശുദ്ധയുടെയും വിശിഷ്ട ഗുണങ്ങളുടെയും പദവി ലഭ്യമായിരുന്നോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ നിങ്ങള്‍ സഅ് യി ചെയ്തിട്ടില്ല, നിങ്ങള്‍ മിനയില്‍ ചെന്നപ്പോള്‍ സര്‍വ്വ ആഗ്രഹങ്ങളും നിലച്ചുവോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ നിങ്ങള്‍ മിന സന്ദര്‍ശിച്ചിട്ടില്ല . നിങ്ങള്‍ ബലി നടത്തിയപ്പോള്‍ മോശപ്പെട്ട വികാരങ്ങളെ അര്‍പ്പണം ചെയ്തുവോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ നിങ്ങള്‍ ബലി നല്‍കിയിട്ടില്ല.നിങ്ങള്‍ കല്ലെറിഞ്ഞപ്പോള്‍ മ്ലേഛകരമായ വികാരവിചാരങ്ങളെ എറിഞ്ഞു കളഞ്ഞോ? അയാള്‍: ഇല്ല ജുനൈദ്(റ): എന്നാല്‍ നിങ്ങള്‍ കല്ലെറിഞ്ഞിട്ടില്ല. എന്നാല്‍ അതുമാത്രമല്ല നിങ്ങള്‍ ചെയ്യാതത്. നിങ്ങള്‍ ഹജ്ജ് കര്‍മ്മവും ചെയ്തിട്ടില്ല. അതിനാല്‍ നിങ്ങള്‍ ഹജ്ജ് വീണ്ടും ചെയ്യേണ്ടതാകുന്നു. ഇബ്രാഹീം നബി(അ)ന്‍റെ മഖാമില്‍ പ്രവേശിക്കണമെങ്കില്‍ ഇപ്രകാരം ഹജ്ജ് ചെയ്യണമെന്ന് ജുനൈദുല്‍ ബാഗ്ദാദി(റ)അയാളെ ഉണര്‍ത്തുകയും ചെയ്തു.
മനുഷ്യരുടെ അടുത്തു നിന്നുള്ള കീര്‍ത്തനമാകരുത് നമ്മുടെ കര്‍മ്മതിന്‍റെ ലക്ഷ്യം, നബി(സ) ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ആരെങ്കിലും തന്‍റെ കര്‍മ്മം മൂലം ആളുകള്‍ക്കിടയില്‍ കീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അല്ലാഹു അവന്‍റെ സൃഷ്ടികളുടെ കാതുകളില്‍ അവനെ അപകീര്‍ത്തിപ്പെടുത്തും അവനെ നിന്ദ്യനും നീചനുമാക്കി തീര്‍ക്കുകയും ചെയ്യും.(ബൈഹഖി)
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാവുന്നതാണ് . പരലോകത്തെ അന്വേഷിക്കുകയാണ് ഒരാളുടെ ഉദ്ദേശമെങ്കില്‍ അല്ലാഹു അയാള്‍ക്ക് മാനസിക ഐശ്വര്യം നല്‍കും. അയാള്‍ക്ക് ഒത്തുകിട്ടേണ്ടതെല്ലാം ഒപ്പിച്ചെടുക്കുകയും ചെയ്യും. ഇഹലോകം നിര്‍ബന്ധമായും അയാളെ തേടി ചെല്ലും. അതേ സമയം ഇഹലോകത്തെ അന്വേഷിക്കുകയാണ് ഒരാളുടെ ഉദ്ദേശമെങ്കിലോ, അല്ലാഹു ദാരിദ്രത്തെ അയാളുടെ കണ്‍മുന്നില്‍ നിറുത്തും. അയാളുടെ കാര്യങ്ങളെല്ലാം ശിഥിലമാക്കുകയും ചെയ്യും. ഇഹലോകത്ത് വിധിക്കപ്പെട്ടതല്ലാതെ അയാള്‍ക്ക് കരഗതമാവുകയില്ല താനും.(തുര്‍മുദി,അഹമ്മദ്)
പരമകാരുണ്യവാനും സര്‍വത്ര ഉദാരനുമായ അല്ലാഹുവിന്‍റെ കൊട്ടാര വാതില്‍ക്കല്‍ ഭിക്ഷാടനം നടത്തിയവരെ വെറും കൈയോടെ തിരിച്ചുകളയുന്നുണ്ടെങ്കില്‍ അവനിലേക്ക് നീട്ടിയ കൈകളുടെ കളങ്കം കൊണ്ട് മാത്രമാണ്. ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളെയും സംസ്കരിക്കുക എന്ന ഉദേശത്തോടെ അവനിലേക്കണയുന്നവരുടെ ലക്ഷ്യം അവന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും.