സ്വതന്ത്ര ഇന്ത്യ;സ്വപ്നങ്ങളിലേക്കിനിയുമെത്ര ദൂരം…?

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

Image result for freedom struggle
  
  വൈവിധ്യങ്ങളുടെ സമന്വയമാണ് ഭാരതീയ സംസ്കാരത്തിന്‍റെ ആത്മസത്ത.മതപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ നിരന്തരമായ സ്വാധീനമാണതിന്‍റെ പിന്നിലെ രാസത്വരകമായി വര്‍ത്തിച്ചത്.വൈവിധ്യങ്ങള്‍ ഭാരതമെന്ന ഏകാത്മകയില്‍ അസൂയാവഹമായ രീതിയില്‍ സുന്ദരമായി സമ്മേളിച്ചപ്പോള്‍ ഇന്ത്യയുടെ മേല്‍വിലാസം നാനാത്വത്തില്‍ ഏകത്വം(യൂണിറ്റി ഇന്‍ ഡൈവേഴ്സ്ററി)എന്ന പേരില്‍ ലോകത്തിന് മുന്നില്‍ അതുല്യമായി മാറി.സാംസ്കാരികത്തനിമയുടെ പൈതൃക സാക്ഷ്യങ്ങള്‍  ചരിത്രത്തിന്‍റെ ക്രമാനുഗതമായ വികാസത്തോടൊപ്പം ഇഴപിരിയാതെ ഉള്‍ച്ചേര്‍ന്നപ്പോഴാണ് ഇന്ത്യയുടെ അസ്തിത്വത്തിന്‍റെ മാറ്റ് കൂടിയത്.അധിനിവേശ ശക്തികള്‍ നിരന്തരമായി ഇന്ത്യന്‍ മണ്ണിലേക്ക് കണ്ണെറിഞ്ഞപ്പോഴും ബഹുസ്വരതയില്‍ അടിയുറച്ച ഇന്ത്യയുടെ ദേശീയത അതിനെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനും തക്കവണ്ണം പ്രാപ്തമായിരുന്നതായി ചരിത്രം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
എന്നാല്‍ ഇവിടെ വൈവിധ്യങ്ങളോടുള്ള സമീപന രീതികളും    ദേശീയതയുടെ സ്വഭാവവും  സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും എന്ന രീതിയിലേക്ക് മാറ്റിയെഴുതപ്പെടേണ്ട സാഹചര്യം ഇന്ത്യാചരിത്രത്തില്‍ സംഭവിച്ചു എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യമാണ്.ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും സുകൃതമായി  സാന്ദ്രസുന്ദരമായി ഒഴുകിയിരുന്ന വിവിധ സമൂഹങ്ങള്‍ക്കിടയില്‍ അസ്വാഭാവികമായ ഇഴപിരിച്ചിലുകള്‍ ഇവിടെ ഉടലെടുക്കുകയുണ്ടായി.രാജ്യം റിപ്പബ്ലിക്കായതിന്‍റെ മറ്റൊരു വാര്‍ഷികം കൂടി ആഘോഷിക്കുന്ന ഈ വേളയില്‍ വൈവിധ്യങ്ങളുടെ സംഗമഭൂമിയായിരുന്ന ഇന്ത്യ ഇന്ന് എവിടെയെത്തിയെന്നതിനെക്കുറിച്ചുള്ള പര്യാലോചനക്ക് നേരമതിക്രമിച്ചിരിക്കുന്നു.ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്കുള്ള യാത്രയില്‍ നമുക്ക് കൈമോശം വന്നതെന്ത്  എന്നത് കണ്ടെത്തേണ്ടതും ഭാവിയെ ഭാസുരമാക്കാനുള്ള ക്രമപൃവൃദ്ധമായ നടപടിക്രമങ്ങള്‍ ഇന്ത്യന്‍ പൊതുബോധത്തിന്‍റെ അടയാളമായി സ്വീകരിക്കപ്പെടേണ്ടതും അനിവാര്യമായിരിക്കുകയാണ്.
വിവിധ മത സമൂഹങ്ങള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് തന്നെ മതേതരത്വമെന്നത് ഇന്ത്യയുടെ അസ്തിത്വമായി പരിഗണിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്ര പിതാക്കള്‍ മനസ്സിലാക്കിയതിന്‍റെയടിസ്ഥാനത്തിലാണ് ഇന്ത്യ ഒരു സെക്കുലര്‍ സ്റ്റേറ്റായി മാറിയത്.പാശ്ചാത്യ ലോകത്ത് മതേതരത്വത്തെ നിര്‍വചിക്കപ്പെട്ടത് പോലെയല്ല ഇന്ത്യയില്‍ അതിനെ സ്വീകരിച്ചതും നമമുടെ മുഖ മുദ്രയായി സ്വീകരിച്ചതും.ബഹുസ്വര സംസ്കാരങ്ങളുടെ കൂടിച്ചേരലിന്‍റെയടിസ്ഥാനത്തിലാണ് സെക്കുലര്‍ എന്ന പദത്തെ ഇന്ത്യന്‍ ഭരണഘടന ഉള്‍ക്കൊണ്ടത്.ഇന്ത്യന്‍ ദേശീയതയെ രൂപപ്പെടുത്തിയതില്‍ നിരവധി സമൂഹങ്ങള്‍ കൃത്യമായ പങ്ക് വഹിച്ചുയെന്നത് കൊണ്ട് തന്നെ എല്ലാവരെയും പരിഗണിക്കുകയും ഒരേ തൂവലുകളായി അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് നമ്മുടെ ഭരണ ഘടന സംവിധാനിക്കപ്പെട്ടിരിക്കുന്നത്.ഇന്ത്യക്കൊരു ബഹുമത പശ്ചാത്തലമാണുള്ളത്.چആര്യേതരമായ അതിപ്രാചീന സംസ്കാരവും വൈദിക സംസ്കാരവും തമ്മിലുണ്ടായ സംശ്ലേഷണത്തിലൂടെയാണ് ഇന്ത്യന്‍ സംസ്കാരം വികസിച്ചത്.ആ സംശ്ലീത സംസ്കാരത്തിന് ഹിന്ദുക്കള്‍ മാത്രമല്ല,മുസ്ലിങ്ങളും കൃസ്ത്യാനികളും പാര്‍സികളുമെല്ലാം സംഭാവന നല്‍കിയിട്ടുണ്ട്.چ1 ഈ ദേശീയത രൂപം കൊണ്ടതിന് പിന്നിലെ ഘടകങ്ങളെ അവഗണിച്ച് തള്ളുന്നത് നാടിന്‍റെ തകര്‍ച്ചക്ക് മാത്രമേ വഴി വെക്കുകയുള്ളൂ.സമകാലിക ഇന്ത്യയില്‍ ഈ രീതിയിലുള്ള വൈവിധ്യങ്ങളെ നിരാകരിക്കുന്ന സാംസ്കാരിക നീക്കുപോക്കുകള്‍ വര്‍ദ്ധിച്ച് വരുന്നതായി നമുക്ക് കാണാനാകുന്നതാണ്.
ഡോക്ടര്‍ രാധാകൃഷ്ണന്‍ ഇന്ത്യയുടെ അന്തസത്തയെ വിവരിക്കുന്നത് കാണുക;ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കുമെന്ന് പറയുമ്പോള്‍ അദൃശ്യമായ ഒരു ആത്മാവിന്‍റെ യാഥാര്‍ത്ഥ്യത്തെയോ ജീവിതത്തില്‍ മതത്തിന്‍റെ  പ്രസക്തിയെയോ നാം നിരാകരിക്കുകയോ മത രഹിതത്വത്തെ മാനിക്കുകയോ ചെയ്യുകയാണെന്ന് അതിനര്‍ത്ഥമില്ല.മത നിരപേക്ഷത തന്നെ ഒരു വാസ്തവിക മതമായി തീരുന്നുവെന്നോ രാഷ്ട്രം ദിവ്യമായ പ്രത്യേകാധികാരങ്ങള്‍ ഏറ്റെടുക്കുന്നുവെന്നോ ഉള്ള അര്‍ത്ഥവും അതിനില്ല.ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ അടിസ്ഥാന തത്വം ഈശ്വര വിശ്വാസമാണെങ്കിലും ഇന്ത്യാരാജ്യം ഒരു മതവുമായി ഇണങ്ങിച്ചേരുകയോ അതിന്‍റെ നിയന്ത്രണത്തിന് വിധേയമാകുകയോ ചെയ്യില്ല.ഇവിടെ നിര്‍വചിക്കപ്പെട്ട മതേതരത്വം ഇന്ത്യയുടെ  പൗരാണിക മത പാരമ്പര്യത്തിന് അനുസൃതമാണ്.വ്യക്തിപരമായ ഗുണങ്ങളെ സംഘബോധത്തിന് അടിയറ വെക്കാതെ ഏവരെയു പരസ്പരം രജ്ഞിപ്പിലേക്ക് നയിച്ചു കൊണ്ട് വിശ്വാസികളുടെ പരസ്പര സംസര്‍ഗ്ഗം കെട്ടിപ്പടുക്കാനാണ് അത് ശ്രമിക്കുന്നത്.2
വര്‍ത്തമാന കാലത്ത് ഇന്ത്യയുടെ പൈതൃകത്തെ അവമതിക്കാനും മതേതരത്വ മൂല്യങ്ങളെ പിഴുതെറിയാനും മനപ്പൂര്‍വ്വമുള്ള ചില ശ്രമങ്ങള്‍ ഈ മണ്ണില്‍ അരങ്ങേറുന്നുണ്ടെന്നത് സുവിദിതമാണ്.ഇന്ത്യാചരിത്രത്തില്‍ ഏകവംശാധിഷ്ഠിത ദേശീയതയുടെ വിത്തുകള്‍ പാകിയ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്‍റെയും പിډുറക്കാര്‍ വീണ്ടും രംഗപ്രവേശം ചെയ്യുന്ന ദാരുണമായ കാഴ്ചകള്‍ ഇവിടെ പുന;സംപ്രേഷണം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.ബ്രാഹ്മണിസത്തെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ സ്വന്തമായൊരു ദേശീയത സ്ഥാപിക്കുകയെന്ന ലക്ഷ്യം വെച്ച് വി.ഡി സവര്‍ക്കര്‍ 1924 ല്‍ എസ്സന്‍ഷ്യല്‍ ഓഫ് ഹിന്ദുത്വ എന്ന കൃതി രചിക്കുകയും ഇന്ത്യന്‍ ദേശീയതക്കടിസ്ഥാനം ഹിന്ദുത്വമാണെന്ന വാദമുന്നയിക്കുകയും ചെയ്തു.ഇതിന്‍റെയലയൊലികള്‍ കെട്ടടങ്ങാതെ ഇന്നും തുടരുകയാണ്.
സ്വതന്ത്രാനന്തര ഭാരതത്തില്‍ ഇഴപിരിച്ചിലുകളുടെ രംഗവേദികള്‍ക്കാണ് പലപ്പോഴും പ്രാമുഖ്യം കല്‍പ്പിക്കപ്പെട്ടത്.വിവിധ ചിന്താധാരകളും ദാര്‍ശനികതകളും മതങ്ങളും സംസ്കാരങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിക്കേണ്ടത് അനിവാര്യമാണ്.ഭരണഘടന ഉറപ്പു നല്‍കുന്ന ആ അവകാശം പലപ്പോഴും പല കാരണങ്ങളാലും ഇവിടെ ഹനിക്കപ്പെടുകയാണ് ചെയ്തത്.വര്‍ഗീയതതളും അരികുവല്‍ക്കരണങ്ങളും ചിദ്രതകളും കെട്ടടങ്ങാതെ ഒരു ശാപമെന്നോണം ഇന്ത്യയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്.
ന്യൂനപക്ഷങ്ങളും ഭൂരിഭക്ഷങ്ങളും എന്ന വിഭിന്ന ചിന്താഗതികളും വര്‍ഗീയ ചേരിതിരിവുകളും ഇന്ത്യയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കാലങ്ങളായി പണിയെടുത്തവര്‍ വിജയിക്കുന്ന രംഗങ്ങള്‍ക്കാണ് സ്വാതന്ത്രാനന്തര ഭാരതം പലപ്പോഴും സാക്ഷിയായത്.വിഭജനത്തിന്‍റെ നീറ്റലുകളില്‍ നിന്നുമാരംഭിച്ച അത് ഇന്നും തീക്കനലായി ഇന്ത്യയുടെ മാനസികാവസ്ഥയെ മതിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യാ ചരിത്രത്തെ നിര്‍മാണാത്മകമായി സ്വാധീനിച്ചവരാണ്.തങ്ങളുടെ കഴിവിന്‍റെ പരമാവധി ഇന്ത്യക്ക് വേണ്ടി അനിവാര്യ സന്ദര്‍ബത്തില്‍ സമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരാണവര്‍.എന്നാല്‍ ഖേദകരമെന്ന് പറയട്ടെ സ്വാതന്ത്ര്യം കിട്ടി ആണ്ടുകള്‍ പലതും കഴിഞ്ഞിട്ടും ന്യൂനപക്ഷ ഇന്ത്യ ഇന്നും പുറം പോക്ക് ഭൂമിയിലെറിയപ്പെട്ട വിഭാഗമാണ്.ഇവിടെ ഏറ്റവും അരിക് വല്‍ക്കപ്പെട്ടത് ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിങ്ങളും.മുസ്ലിങ്ങള്‍ക്ക് ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധത്തെ ഇല്ലാതെയാക്കി സാമൂഹിക മുന്നേറ്റത്തെ തടയുകയെന്ന കുത്സിതമായ ലക്ഷ്യമാണ് ഇന്ത്യയില്‍ പലപ്പോഴും നിറവേറ്റപ്പെട്ടിട്ടുള്ളത്.
കലാപ കലുഷിതമായ പരിസരങ്ങളെ സ്വാതന്ത്രാനന്തര ഭാരതം നിരവധി തവണ അഭിമുഖീകരിക്കുകയുണ്ടായി.മുസ്ലിങ്ങളുടെ പുരോഗതിയും ചലനാത്മകതയും ഇല്ലാതെയാക്കുകയെന്ന ചിന്താഗതികളായിരുന്നു ഇത്തരം സമീപനങ്ങള്‍ക്ക് പിന്നിലെ ശക്തി കേന്ദ്രങ്ങള്‍.മുസ്ലിം പിന്നാക്കത്തിന്‍റെ ആഴത്തെക്കുറിച്ച് കൃത്യമായി അറിയാനും അതിനനുസരിച്ച് മുന്നാക്കത്തിന്‍റെ മാര്‍ഗരേഖകള്‍ വരച്ചുകാട്ടാനും വേണ്ടി ഔദ്യോഗികവും വ്യവസ്ഥാപിതവുമായി രൂപീകരിക്കപ്പെട്ട കമ്മീഷനുകളെ പോലും തള്ളിക്കള്ളയുന്ന രീതിയിലുള്ള അപസ്വരങ്ങള്‍ വരെ ഇവിടെ ഉയരുകയുണ്ടായി.
വര്‍ത്തമാന ഇന്ത്യയില്‍ മതേതരത്വം ഭീഷണിയിലാണ്. മോഡി ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്ന ശേഷം ഇന്ത്യയുടെ അന്തസിന് കളങ്കമേല്‍പ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ മാത്രമാണ് ഓരോ മതേതര ജനാധിപത്യ വിശ്വാസികള്‍ക്കും കേള്‍ക്കാനാകുന്നത്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങളേക്കാള്‍ പശുവിനാണ് സ്ഥാനമുള്ളത് എന്നത് വലിയൊരു ദു:ഖ സത്യമാണ്. പശുവിന്‍റെ പേരില്‍ എത്രയെത്ര കൊലപാതകങ്ങളാണ് സ്വതന്ത്ര്യ ഇന്ത്യയില്‍ അരങ്ങേറിയത്. മുസ്ലിംകളടക്കമുളള ന്യൂനപക്ഷങ്ങള്‍ ഏറെ ആശങ്കയിലാണ് ഇവിടെ ജീവിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ കഷ്ടപ്പെട്ട ജനവിഭാഗങ്ങള്‍ ഇന്ന് څരാജ്യ സ്നേഹമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ്چ കഴുത്തില്‍ കെട്ടി തൂക്കി നടക്കേണ്ട ദുരവസ്ഥയിലാണ് ജീവിക്കുന്നത്. ഇത് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അസ്തിത്വ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയില്‍ അടിയന്തരമായി പരിഹാരം കാണേണ്ട വിഷയമാണ് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഈ അരക്ഷിതാവസ്ഥ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ  ന്യൂനപക്ഷ വിഭാഗം നേരിടുന്ന പൗരത്വ പ്രശ്നങ്ങള്‍  ഭരണകൂട ഭീകരതയാ ഉള്‍ക്കൊള്ളലിന് പകരമായി പുറം തള്ളല്‍ രാഷ്ട്രീയം ഏറെ അപകടം ചെയ്യുമെന്ന തിരിച്ചറിവ് ഇവിടെ അനിവാര്യമാണ്.പൗരډാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണല്ലോ ഒരു ജനാധിപത്യ ഗവണ്‍മെന്‍റിന്‍റെ ആത്യന്തിക ബാധ്യത. ഇതു ജനങ്ങളോടുള്ള ഭരണകൂട ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റുന്നതിനപ്പുറം തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അധികാരത്തിന്‍റെ കരുത്തുപയോഗപ്പെടുത്തുന്ന ഒരു ഗവണ്‍മെന്‍റാണ് ഇന്നു നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ടാണ് ഇന്നു ഭരണകൂടം തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത്. ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യ ദിനത്തിലോ റിപ്പബ്ലിക്ക് ദിനത്തിലോ ഓര്‍മപ്പെടുത്താനുള്ള ഒരു വ്യവസ്ഥിതി മാത്രമായി മാറിയ ദുരവസ്ഥയാണ് സ്വതന്ത്ര ഭാരതത്തില്‍ നിലനില്‍ക്കുന്നത്.
ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ് എന്ന തിരിച്ചറിവില്ലാത്ത ഭരണകൂടങ്ങളാണ് സ്വതന്ത്രാനന്തര ഭാരതം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മോഡി ഗവണ്‍മെന്‍റിന്‍റെ ഇന്നോളമുള്ള ഇടപെടലുകള്‍.
മോഡി എന്ന വ്യക്തിയല്ല ഇവിടെ പ്രശ്നം മറിച്ച് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയ ശാസ്ത്രമാണ്.ഒരു മതത്തിലും വിശ്വാസമില്ലാതിരുന്ന തികഞ്ഞ സെക്കുലറിസ്റ്റായിരുന്ന നെഹ്റു പോലും ഇന്ത്യയില്‍ നിരോധിച്ച വര്‍ഗീയ പാര്‍ട്ടിയായ ആര്‍.എസി.എസിന്‍റെ സഹയാത്രികനായ മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നു എന്നത് തന്നെ മതി രാജ്യം അഭിമുഖീകരിക്കുന്ന പ്രത്യയ ശാസ്ത്ര പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍.ആര്‍.എസ്.എസുകാര്‍ക്ക് അധ്വാനി അസ്വീകാര്യനും മോഡി സ്വീകാര്യനുമാകുന്നതിന് പിന്നിലെ വര്‍ത്തമാനങ്ങള്‍ പരസ്യമായ രഹസ്യമാണല്ലോ.ഗോള്‍വാള്‍ക്കറിന്‍റെ ചിന്താധാരകളാണല്ലോ ആര്‍.എസ്.എസിന്‍റെ ആശയ സ്രോതസ്സ്.അദ്ദേഹത്തിന്‍റെ വാക്കുകള്‍ കാണുക;ഹിന്ദുസ്ഥാനിലെ അഹിന്ദുക്കളായ ആളുകള്‍ ഒന്നുങ്കില്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം.ഹിന്ദുമതത്തെ ബഹുമാനിക്കാനും പൂജ്യനീയമായി കരുതാനും പഠിക്കണം.ഹിന്ദു വംശത്തിന്‍റെയും സംസ്കാരത്തിന്‍റെയും മഹത്വവല്‍ക്കരണമല്ലാതെ മറ്റൊരാശയവും ഗൗനിക്കാതെയിരിക്കണം3.
യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വവും ഹിന്ദുമതവും തമ്മില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്.ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്‍റെ വ്യാപനമാണ് ഇന്ത്യക്ക് അപകടം.ഡോക്ടര്‍ എന്‍.വി.പി ഉണ്ണിത്തിരി പറയുന്നത് കാണുക;വിശാലവും വൈവിധ്യപൂര്‍ണവും വൈചിത്ര സങ്കുലവു വൈരുദ്ധ്യ സങ്കീര്‍ണ്ണവുമായ ഹിന്ദുമതവുമായി ഹിന്ദുത്വത്തിന് യാതൊരു വിധ ബന്ധവുമില്ല.ഹിന്ദുത്വം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.മതത്തെയും ദൈവ വിശ്വാസത്തെയും ഉപയോഗിച്ച് കൊണ്ടുള്ള വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്‍റെ  പ്രത്യയശാസ്ത്രം.അന്യമത വിദ്വേഷത്തിലും അധ;കൃത ജാതി വിദ്വേഷത്തിലും അധിഷ്ഠിതമായ സമ്പന്ന വര്‍ഗ താല്‍പര്യ സംരക്ഷണ ലക്ഷ്യമുള്ള പ്രത്യയ ശാസ്ത്രം.ജാതി മത വികാരങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള ഇന്ത്യയില്‍ അവയെ സമര്‍ത്ഥമായി മുതലെടുത്തുകൊണ്ട് ,സാമ്രാജ്യത്വത്തിന്‍റെ ഒത്താശയോടെ ഇവിടെ അധികാരം പിടിച്ചെടുക്കാന്‍ ,കൊണ്ടുപിടിച്ച് ശ്രമിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രം യഥാര്‍ത്ഥമായ ജനാധിപത്യത്തെയും മത നിരപേക്ഷതയെയും തുരങ്കം വെച്ചുകൊണ്ട് മാത്രമേ സ്വന്തം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്നതിനാല്‍ ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്കെതിരായി ഗൂഢമായി കരുക്കള്‍ നീക്കുന്ന വര്‍ഗ്ഗീയ ഫാഷിസത്തിന്‍റെ പ്രത്യയ ശാസ്ത്രം.4
മത ന്യൂനപക്ഷങ്ങളെ അര്‍ഹമായ രീതിയില്‍ പരിഗണിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും മതേതരത്വവും ഇവിടെ പൂര്‍ണ്ണമാകുകയുള്ളൂ.അതിന് വിഘാതം നില്‍ക്കുന്ന ഘടകങ്ങളേതെല്ലാം എന്ന് കണ്ടെത്തി ചികിത്സിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നത് വരെ ഇന്ത്യ അസ്വസ്ഥമായി തുടരുക തന്നെ ചെയ്യും.വര്‍ഗീയ വല്‍ക്കരണമാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ബാബരിയുടെ തകര്‍ച്ചക്ക് ശേഷം ഇന്ത്യയുടെ പൊതുബോധം വര്‍ഗീയതക്കെതിരെ ഉണര്‍ന്നിരുന്നുവെങ്കിലും അത് ക്രമേണ കെട്ടടങ്ങുകയാണുണ്ടായത്.അതിന് നിരവധി ഉദാഹരണങ്ങള്‍ സമകാലിക ഇന്ത്യയില്‍ നമുക്ക് കാണാനാകുന്നതാണ്.കെ.എന്‍ പണിക്കര്‍ പറയുന്നത് കാണുچകഭരണകൂടം മത വികാരങ്ങളെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുന്ന അനുഭവ പാഠമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ കൊളോണിയല്‍ ഇന്ത്യയെ പോലെ മുന്നോട്ട് വെക്കുന്നത്.ഇത് ഇന്ത്യന്‍ ഭരണ വര്‍ഗപ്രത്യയ ശാസ്ത്രത്തിന്‍റെ ആഭ്യന്തര വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു.ചുരുക്കത്തില്‍ രാഷ്ട്രീയത്തിന്‍റെ വര്‍ഗീയ വല്‍ക്കരണം ഇന്ത്യന്‍ ഭരണ വര്‍ഗത്തിന്‍റെ പ്രത്യയശാസ്ത്ര പ്രതിസന്ധിയെയാണ് അനാവരണം ചെയ്യുന്നത്.സ്വന്തം വര്‍ഗ താല്‍പര്യ സംരക്ഷണത്തിന് ഇന്ത്യന്‍ ഭരണകൂടം ആവര്‍ത്തിച്ചാവര്‍ത്തിച്ച് മത വര്‍ഗീയതയുമായി അനുരജ്ഞനത്തിലും സന്ധിയിലുമേര്‍പ്പെടുന്നു.5
ഭരണഘടനയുടെ മൗലിക ദര്‍ശനത്തിലൊന്നായി സെക്കുലറിസത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ഭരണകൂടം സെക്കുലറിസത്തില്‍ അടിയുറച്ച് നില്‍ക്കാത്ത സന്ദര്‍ബങ്ങള്‍ വിരളമല്ലല്ലോ.മാത്രമല്ല രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി വര്‍ഗീയതയെ പലപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.ഭരണവര്‍ഗ രാഷ്ട്രീയം പലപ്പോഴും വര്‍ഗീയതയെ ഊന്നിയാണ് നടത്തപ്പെടുന്നത്.ഇതിന് ഒരു കാരണം ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗീയാവബോധമാണ്.ഈ അവബോധത്തെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭരണ വര്‍ഗം ചൂഷണം ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല.6
ഇന്ത്യന്‍ അസ്തിത്വം വര്‍ഗീയമായി വിഭജിക്കപ്പെടുന്നതും അതിന്‍റെ സ്വാധീനം പ്രബലമായി തുടരുകയും ചെയ്യുന്ന ഈ പുതിയ സാഹചര്യത്തില്‍ ശോഭനമായ ഇന്നലെകളില്‍ നിന്നും നമുക്ക് പാഠമുള്‍ക്കൊളളാനുണ്ട്.ഏറ്റവുമൊടുവില്‍ മുസാഫര്‍ നഗര്‍ വരെയെത്തി നില്‍ക്കുന്ന കലാപങ്ങളുടെ അലയൊലികള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത് തുടരുമ്പോള്‍ ഭരണകൂടവും ഭരണഘടനാമൂല്യങ്ങളും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെട്ടാലുണ്ടാകുന്ന ദുരന്തങ്ങള്‍ എത്രമാത്രം ഭീതിതമായിരിക്കുമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.
നൂറ്റാണ്ടുകളോളം ഇന്ത്യന്‍ സമൂഹത്തിനിടയിലെ സാംസ്കാരിക സമന്വയങ്ങളെ കൃത്യമായി പരിഗണിച്ച് ഭരണം നടത്തിയ  ഭരണാധികാരികളുടെ മാതൃകാ സമ്പൂര്‍ണ്ണമായ ജീവിത പാഠങ്ങള്‍ ഇവിടെ ഒരാവര്‍ത്തികൂടി വായിക്കപ്പെടേണ്ടതുണ്ട്.
ബാബര്‍ ചക്രവര്‍ത്തി ഹുമയൂണിന് നല്‍കിയ അന്ത്യോപദേശത്തില്‍ ഇങ്ങനെ കാണാവുന്നതാണ്;چഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്.അതിന് നീ നന്ദി രേഖപ്പെടുത്തണം.അല്ലാഹു നിനക്കധികാരം നല്‍കിയാല്‍ മത പക്ഷപാതിത്വം കാണിക്കരുത്.ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്.ഭരണാധികാരി ഭരണീയരെയും തിരിച്ചും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക.چ
ഡോക്ടര്‍ താരാചന്ദ് എഴുതുന്നു.മുസ്ലിം ജേതാക്കള്‍ പരാജിതരോട് വളരെ നന്നായി പെരുമാറി.ഹിന്ദു പണ്ഡിതډാര്‍ക്കും പൂജാരികള്‍ക്കും തങ്ങളുടെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി.പൂജാരിമാര്‍ക്കും ദേവാലയങ്ങള്‍ക്കും ചട്ടപ്പടിയുള്ള അവകാശം നല്‍കാന്‍ കര്‍ഷകരെ അനുവദിച്ചു.7
ഇന്ത്യയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട മുസ്ലിം ഭരണാധികാരിയായ ടിപ്പുവിനെ ക്കുറിച്ച് ഗാന്ധിജി കൃത്യമായി മനസ്സിലാക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. څവിദേശ ചരിത്രകാരډാര്‍ ടിപ്പുവിനെ മത ഭ്രാന്തനായും ഹിന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്.എന്നാല്‍ അദ്ദേഹം അത്തരക്കാരനായിരുന്നില്ല.ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം തികച്ചും സൗഹാര്‍ദ്ദ പരമായിരുന്നു.മൈസൂര്‍ നാട്ടു രാജ്യത്തിന്‍റെ പുരാവസ്തു വിഭാഗത്തില്‍ ടിപ്പു ശൃംഖേരി മഠത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതിയ മുപ്പതിലേറെ കത്തുകളുണ്ട്.ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ സ്വത്തുക്കള്‍ ദാനം ചെയ്തു.ടിപ്പുവിന്‍റെ കൊട്ടാരങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ശ്രീ വെങ്കിട്ടരാമണ്ണ ശ്രീനിവാസ്,ശ്രീ രങ്കനാഥ് തുടങ്ങിയ ക്ഷേത്രങ്ങള്‍ ആ മഹാനുഭാവന്‍റെ സഹിഷ്ണുതയുടെയും വിശാല മനസ്കതയുടെയും അനശ്വര സ്മരണകളാണ്.അല്ലാഹുവിന്‍റെ ഭക്തനായ മഹാനായ ഈ രക്ത സാക്ഷി(അദ്ദേഹം സ്വാതന്ത്ര്യത്തിന്‍റെ രക്ത സാക്ഷിയായിരുന്നു) ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള മണിനാദങ്ങള്‍ തന്‍റെ പ്രാര്‍ത്ഥനക്ക് ശല്യമായി കരുതിയിരുന്നില്ല.8
ഇത്തരം നൈതിക മൂല്യങ്ങളെ തൊട്ടുണര്‍ത്തുന്ന പാഠങ്ങള്‍ ഇന്ത്യയില്‍ പുനര്‍ജ്ജനി തേടേണ്ടതുണ്ട്.ഒരു നാടിന്‍റെ സാംസ്കാരിക സമന്വയത്തിന്‍റെ സവിഷേശതകള്‍ കൃത്യമായി മനസ്സിലാക്കപ്പെട്ടാല്‍ ഭീകരവാദങ്ങളും തീവ്ര വാദങ്ങളുമെല്ലാം ഇവിടെ നിന്നും തുടച്ച് മാറ്റപ്പെടും.അതിനുള്ള ശ്രമങ്ങളാണ് ഇത്തരം ചരിത്രങ്ങളില്‍ നിന്നും നാം സ്വീകരിക്കേണ്ടത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് മുസ്ലിങ്ങള്‍ മാത്രമാണെന്ന ചില വാര്‍പ്പുമാതൃകകള്‍ ഔദ്യോഗികമായും അല്ലാതെയും ഇന്ത്യന്‍ മുഖ്യധാരയില്‍ പലപ്പോഴും ഉയര്‍ന്ന് വരാറുണ്ട്.സവര്‍ണ ചിന്താഗതിയുള്ള മീഡിയകള്‍ ഇങ്ങനെ പ്രചരിപ്പിക്കാന്‍ മത്സരിക്കാറുമുണ്ട്.ഇതെല്ലാം ഇന്ത്യന്‍ ബഹുസ്വരതയെ തകര്‍ക്കാനും വൈവിധ്യങ്ങളെ ഉഛാടനം ചെയ്യാനും മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് തിരിച്ചറിയാന്‍ ഇനിയും സമയം വൈകരുത്.മുസ്ലിമിന്‍റെ വഴി നീതിയുടേത് മാത്രമാകണമെന്നത് അല്ലാഹു നിര്‍ണ്ണയിച്ച് നല്‍കിയ യാഥാര്‍ത്ഥ്യമാണ്.ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പ്രത്യേകിച്ചും  അതിനെ പരിഗണിക്കേണ്ടത് ഇഹപര വിജയത്തിന് അനിവാര്യവുമാണ്.അല്ലാഹു പറയുന്നത് കാണുക;സത്യ വിശ്വാസികളേ,നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊളളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക.ഒരു ജനതയോടുള്ളഅമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്.നിങ്ങള്‍ നീതി പാലിക്കുക.അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്.നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.9
ചുരുക്കത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണത കൈവരുന്നത് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെയാണെന്നത് ഇനിയും വിസ്മരിക്കപ്പെടരുത്. വര്‍ഗീയമായ വേര്‍തിരിവുകളില്ലാതാക്കിയെങ്കില്‍ മാത്രമേ ഇന്ത്യന്‍ മതേതരത്വത്തിന്‍റെ ആത്മസത്തക്ക് പോറലേല്‍ക്കാതിരിക്കുകയുള്ളൂ.ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന അഴിമതി,സ്വജനപക്ഷപാതിത്വം തുടങ്ങിയ ബാഹ്യമായ പ്രതിസന്ധികളെക്കാള്‍ ഭീതിതമായത് ഈ ആന്തരികമായ ഇഴപിരിച്ചിലുകളാണ്.വര്‍ഗീയ വിത്തിറക്കി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചൂലുമായി രംഗപ്രവേശം ചെയ്യുന്ന ആം ആദ്മികളെയാണ് ഇന്ത്യന്‍ ബഹുസ്വരതയുടെ മൂല്യങ്ങളെ കാത്തുവെക്കാന്‍ അനിവാര്യമായിട്ടുള്ളത്.
റഫറന്‍സുകള്‍;
1.ഭാരതീയ ചിന്ത,കെ ദാമോദരന്‍.പേജ്;599
2.ഉദ്ധരണം.എം.വി പൈലി, ഇന്ത്യന്‍ ഭരണഘടന,പേജ് 145
3.വി.അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്,ഗോള്‍വാള്‍ക്കര്‍,പേജ്,55,56
4.അവതാരിക,വന്ദേമാതരം,ഹിന്ദുത്വം,ദേശീയത,പേജ് 16
5.കെ.എന്‍ പണിക്കര്‍,വര്‍ഗീയത,മത നിരപേക്ഷത,സംസ്കാരം പേജ്;54
6.അതേ പുസ്തകം;പേജ്,102
7.അഹ്ലേ ഹിന്ദ് കീ മുഖ്തസര്‍ താരീഖ്. പേജ്;153
8.യങ്ങ് ഇന്ത്യ,1930 ,ജനുവരി 27,പേജ് 31
9.സൂറത്തുല്‍ മാഇദ;8