ആഴ്ച്ചപ്പുസ്തകം -3

ആദില്‍ ആറാട്ടുപുഴ

ബാല്യകാല സ്മരണകള്‍- മാധവിക്കുട്ടി

 

ഓര്‍മയേടുകളിലേക്ക് മാധവിക്കുട്ടിയുടെ അക്ഷരങ്ങള്‍ പതിയുന്നത് പുന്നക്കാസെന്റിലൂടെയാണ്. ആറാംക്ലാസിലെ മലയാളം പുസ്തകത്തിലെ പുന്നക്കാസെന്റിന് ബാല്യത്തിന്റെ സുഗന്ധമുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളില്‍ തങ്ങിനില്‍ക്കുന്ന നാലപ്പാട് തറവാടും പുന്നയൂര്‍ക്കുളവുമായി അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുകയാണ്. ജ്യേഷ്ഠനുമായി ചേര്‍ന്ന് പുന്നക്കാസെന്റുണ്ടാക്കാന്‍ ശ്രമിക്കുന്ന ആമിയുടെ നിഷ്‌കളങ്കതയും സ്വപ്നങ്ങളുടെ ആകാശത്തില്‍ പുന്നക്കാസെന്റ് തീര്‍ക്കുന്ന സുഗന്ധവും സെന്റ് ബിസ്നസിന്റെ വളര്‍ച്ചയും വായനക്കാരന്‍ നേരിട്ടനുഭവിക്കുന്നുണ്ട്. പാളിപ്പോയ പരീക്ഷണത്തിനൊടുവില്‍ പുന്നക്കാസെന്റ് കുപ്പി ജ്യേഷ്ഠന്‍ ഓവറയ്ക്ക് പുറത്തെ കുപ്പയിലേക്കെറിയുമ്പോള്‍ സെന്റ് കുപ്പിക്കുള്ളില്‍ പിറവിയെടുത്ത ജീവനും പുതിയ പരീക്ഷണങ്ങളുടെ ആകാശവും ആമിയുടെ ലോകത്തേക്ക് നിറയുകയാണ്. ഇത്തരം അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഒരായിരം കിനാക്കാലങ്ങള്‍ വായനക്കാരന് മുന്നിലേക്കൊഴുക്കിയാണ് ബാല്യകാല സ്മരണകള്‍ ഉറവയെടുക്കുന്നത്.

സ്‌നേഹം ചുരത്തുന്ന ശൈശവത്തിലൂടെ ഒഴുകി നടക്കുന്ന ഒരു കവിതപോലെയാണ് മാധവിക്കുട്ടിയുടെ ‘ബാല്യകാല സ്മരണകളുടെ’ അയവിറക്കല്‍. ബാല്യത്തിന്റെ കളങ്കമെഴാത്ത ഓര്‍മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ബാല്യകാല സ്മരണകള്‍ പരാവര്‍ത്തനത്തിന് വഴങ്ങാതെ നില്‍ക്കുന്ന സാന്ദ്രീകൃത മന്ത്രങ്ങളാണ്. ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവനും ഈ ഓര്‍മ്മക്കുറിപ്പുകളില്‍ വിടര്‍ന്നു നില്‍ക്കുന്നുണ്ട്. രസമൂറുന്ന ബാല്യത്തിന്റ വികൃതിയുടെയും കുസൃതിയുടെയും കഥകള്‍ ആരെയാണ് ആകര്‍ഷിക്കാതിരിക്കുക. മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകള്‍ മലയാളത്തിന്റെ സര്‍വസൗന്ദര്യമാണ്. ഈ മോഹന സ്മരണകളിലേക്ക് വായനക്കാരന്‍ പലപ്പോഴും തളച്ചിടപ്പെടുന്നു. നാലപ്പാട്ട് തറവാടിന്റെ കോലായിലും ഉമ്മറത്തും തെക്കിനിയിലും വടക്കിനിയിലുമെല്ലാം വായനക്കാരനും പലപ്പോഴും കയറിയിറങ്ങുന്നു. വേലക്കാര്‍ക്കിടയിലും സന്ദര്‍ശകര്‍ക്കിടയിലും ചര്‍ച്ചയാകുന്ന ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കമലയെന്ന കുട്ടി അന്തംവിട്ടാണ് കേട്ടുനില്‍ക്കുന്നത്. മനസിലാകാത്ത ലോകത്തിലേക്കുള്ള കമലയുടെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും ഉത്തരം കിട്ടാറില്ല. പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടും കല്‍ക്കത്തയിലെ ലാന്‍ഡ്ഡൗണ്‍ റോഡിലെ വസതിയുമെല്ലാം കമലയെന്ന മാധവിക്കുട്ടിയെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് ഈ ബാല്യകാല സ്മരണകളിലൂടെ അനാവൃതമാകുന്നുണ്ട്. വളര്‍ച്ചയുടെ പാതയിലെങ്ങോ നഷ്ടപ്പെട്ട ബാല്യത്തിന്റെ സ്മൃതിച്ചെപ്പുകള്‍ ഒന്നൊന്നായി തുറക്കുന്ന മാധവിക്കുട്ടി സ്‌നേഹത്തിന്റെയും നൈര്‍മല്യത്തിന്റേതുമായ ഒരു ലോകത്തേക്ക് നമ്മെ കൈപിടിച്ചാനയിക്കുമ്പോള്‍ നാം നമ്മുടെതന്നെ ബാല്യകാലം ഒരിക്കല്‍കൂടി അനുഭവിക്കുകയാണ്. ബാല്യത്തിന്റെ നിഷ്‌കളങ്കതയുടെ സൗന്ദര്യം മുഴുവന്‍ വിടര്‍ത്തിനില്‍ക്കുന്ന ഒരു പൂങ്കുലയാണ് ഈ സ്മരണകള്‍…