-ആദില്‍ ആറാട്ടുപുഴ
കാറ്റുകവര്‍ന്ന കടലാസുതോണികള്‍
- പാതി പറത്തിയപ്പോള്‍
കണ്ണില്‍ നിന്നും മറഞ്ഞ്
ഒരുപറ്റം അപ്പുപ്പന്‍താടികള്‍…
കൂട്ടിക്കിഴിച്ചിട്ടും
കണക്ക് പിഴച്ച
എന്റെ മഞ്ചാടി ശേഖരണം…
മഴ തോര്‍ന്നപ്പോള്‍
മരിച്ചുപോയ എന്റെ
കടലാസ് തോണികള്‍…
ആത്മാവിന്‍ നൗകയില്‍
പെയ്തുപോയ
നനുനനുത്ത
ചാറ്റല്‍മഴയാണ് ബാല്യം
ഇതിലേറെ ലളിതമായി എങ്ങനെയാണ് ബാല്യത്തിലേക്കൊരു പാലം പണിയുക? ഫാത്തിമത്തുല്‍ വഹീദയുടെ കാറ്റുകവര്‍ന്ന കടലാസുതോണികള്‍ എന്ന കവിതാസമാഹാരത്തിലേക്കുള്ള പാലം നൊസ്റ്റാള്‍ജിയകള്‍ കൊണ്ടാണ് പണിതുതീര്‍ത്തിരിക്കുന്നത്. അലിഞ്ഞിറങ്ങുന്ന മിഠായിമധുരം പോലെ ബാല്യത്തിന്റെ നിഷ്‌കളങ്കതയിലേക്ക് വായനക്കാരനെ ക്ഷണിച്ചു വിരുന്നൊരുക്കിയാണ് ഈ തോണിയാത്ര തുടങ്ങിയവസാനിക്കുന്നത്. ബാല്യത്തിലേക്കുള്ള ഓര്‍മകള്‍ തെളിയുന്നതെപ്പോഴും തോര്‍ന്നുപെയ്യുന്ന ഒരു മഴക്കാലത്തിലായിരിക്കും. ഓര്‍മയേടുകളിലേക്ക് ചോര്‍ന്നിറങ്ങുന്ന മഴവെള്ളത്തോളം നനുനനുത്ത ബാല്യത്തെ നൊസ്റ്റാള്‍ജിയകളുടെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ കവയിത്രിക്കായിട്ടുണ്ട്. മഴ തോര്‍ന്നപ്പോള്‍ മരിച്ചുപോയ എന്റെ കടലാസുതോണികള്‍ എന്ന വരികള്‍ക്കപ്പുറമെങ്ങനെയാണ് നഷ്ടപ്പെട്ട ബാല്യത്തെ അടയാളപ്പെടുത്തുക. ഇത്തരത്തിലുള്ള സുഖമുള്ള പ്രയോഗങ്ങള്‍ യധേഷ്ടം ഈ തോണിയാത്രയിലുണ്ട്.
37 കവിതകളടങ്ങിയ ഈ തോണിയാത്ര ഓര്‍മകളുടെ തെകിട്ടലുകളാണ്, ബാല്യത്തിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. കാറ്റുകവര്‍ന്ന കടലാസുതോണികളില്‍ തുടങ്ങി കണ്ണുകളിലെ പകര്‍പ്പില്‍ അവസാനിക്കുന്ന ഈ യാത്ര വായനക്കാരനൊരു മഴനനഞ്ഞതോണിയാത്രയുടെ അനുഭവമാണ് സമ്മാനിക്കുക. അതില്‍ നൊസ്റ്റാള്‍ജിയയുണ്ട്, നഷ്ട ബാല്യത്തിന്റെ വേദനയുണ്ട്, നേരനുഭവങ്ങളുടെ നീറ്റലുണ്ട്. അനുഭവങ്ങളുടെയും ഓര്‍മകളുടെയും കുത്തൊഴുക്കില്ലാതെ കലങ്ങിമറിച്ചിലുകളില്ലാതെ വാക്കുകളുടെ തെളിനീരൊഴുക്കാണ് കാറ്റുകവര്‍ന്ന കടലാസുതോണി. കാലത്തിന്റെ മാറ്റവും സമൂഹത്തിലെ തിന്മകളുമെല്ലാം ഈ തോണിയിലുണ്ട്. പക്ഷേ കുത്തിമുറിവേല്‍പ്പിക്കുന്നതിലപ്പുറം നെഞ്ചെരിയുന്നൊരു പുകച്ചിലാണ് പല കവിതകളും പങ്കുവെക്കുന്നത്.
കൊച്ചരിപ്പല്ല് കാണിച്ച് ബാഗും തൂക്കി നടന്നുപോയ്മറഞ്ഞ കുഞ്ഞുടുപ്പ്. കുടയുടെ തുളയിലൂടെ ചോര്‍ന്നിറങ്ങുന്ന ഓര്‍മ മഴയുടെ വിദ്യാലയം. ദുഃഖങ്ങളില്‍ രാത്രിവിളക്ക് ഊതിക്കെടുത്തി ചിത്രങ്ങളായി മാറിയവരുടെ മരണം. അനീതിക്കെതിരേ ചോദ്യശരങ്ങളുയര്‍ത്തുന്നവരെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചവരോട് അക്ഷരങ്ങളാല്‍ പടവെട്ടുമെന്ന് പ്രഖ്യാപിക്കുന്ന, വെല്ലുവിളിക്കുന്ന ആയുധങ്ങള്‍. പ്രകൃതിചൂഷണത്തില്‍ ശ്വാസം നിലച്ചുപോയ, തൊണ്ടവരണ്ടുപോയ കവയിത്രിയുടെ ചോദ്യങ്ങള്‍ നിറയുന്ന പറഞ്ഞ് തരുമോ? കഞ്ഞിയോടൊപ്പം വാത്സല്യം കോരിത്തരാന്‍ ഉമ്മയടുത്തിരിക്കാന്‍, കണ്ണേറ് തട്ടിയതാണെന്ന് പറഞ്ഞ് നിറുകയില്‍ തലോടി മന്ത്രിക്കാന്‍ വല്യുമ്മ അരികിലുണ്ടാവാന്‍ മനപ്പൂര്‍വം കുടമറന്നുവെച്ച് പിടിപ്പിച്ച പനി. ഋതുക്കളില്‍ കെട്ടിപ്പുണര്‍ന്ന് ജീവിത നൗകയില്‍ സ്നേഹക്കാറ്റായി വീശിയ കൂട്ടുകാര്‍. കാലത്തിന്റെ ക്യാന്‍വാസില്‍ മേല്‍ക്കൂര തിരയുന്ന വീടില്ലാത്തവരെപ്പറ്റി. മരണദിവസവും ആര്‍ത്തലച്ചുപെയ്ത് കണ്ണീര്‍ പൊഴിക്കണമെന്നാവശ്യപ്പെടുന്ന മഴയോട്. ന്യൂജന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സ്ലേറ്റ് പൊട്ടിയ ഗദ്ഗദം പങ്കുവെക്കുന്ന നാലാംവയസുകാരിയുടെ മധുരമേറിയ ഓര്‍മകള്‍ കിട്ടുമോയെന്ന ഭയം. റെയില്‍വേ പാളത്തില്‍ ആശയം വിശദമാക്കാതെ… സന്ധികളും സമാസങ്ങളും തകര്‍ന്ന്… ഉടല്‍ നഗ്‌നമാക്കപ്പെട്ട്… കിടന്ന കവിത പടര്‍ത്തിയ കണ്ണുകളിലെ പടര്‍പ്പ് തുടങ്ങിയ കവിതകള്‍ എടുത്തുപറയേണ്ടവ തന്നെയാണ്. അവതാരികയില്‍ മാധവന്‍ പുറച്ചേരി പറയുന്നത് പോലെ ഓരോ കുട്ടിയും മുതിര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭൂതകാലത്തിളപ്പില്‍ അയവിറക്കുന്ന ഓര്‍മകളില്‍ തുളുമ്പിനില്‍ക്കുന്ന കവിതകളാണ് ഫാത്തിമത്തുല്‍ വഹീദയുടേത്. നൊസ്റ്റാള്‍ജിയകളുടെ തിരിച്ചുവിളിയാണ് കാറ്റ്കവര്‍ന്ന കടലാസുതോണികള്‍.