സുരക്ഷിതമായ മൂന്ന് ഇരിട്ടി
ആദില്‍ ആറാട്ടുപുഴ
ചുരം കയറിപ്പോകുന്ന കവിതകളുടെ യാത്രയാണ് ‘സുരക്ഷിതമായ മൂന്ന് ഇരിട്ടി’. പാപ്പാത്തി പുസ്തകങ്ങളിലൂടെ മഷിപുരണ്ട ഈ കവിതാ സമാഹാരം ഒരു വായനാ വര്‍ഷകാലത്തേക്കാണ് വായനക്കാരനെ ക്ഷണിക്കുന്നത്. തുളുമ്പാന്‍ വെമ്പിനില്‍ക്കുന്ന വികാരങ്ങളുടെ ഒരു അടച്ചുകെട്ടാണ് ഈ ഇരിട്ടിയാത്രയെന്ന് ഒറ്റവാക്കില്‍ പറയാം. ദൈന്യതയുടെ ലോകത്തോട് അനുഭവസാക്ഷ്യങ്ങള്‍ വിളിച്ചോതുന്ന അജേഷ് ചന്ദ്രന്റെ ഈ ഇരിട്ടിയാത്ര കണ്‍കോണിലൊരായിരം വികാരലോകങ്ങള്‍ വായനക്കാരന് സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. ജീവിതത്തോട് പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന വാക്കുകളില്‍ അനാവൃതമാകുന്ന കവിതാ സമാഹാരം ഹൃദയം കൊണ്ട് എഴുതപ്പെട്ടതാണ്. അവതാരികയില്‍ രാജേഷ് ചിറപ്പാട് പറയുന്നത് പോലെ നിശബ്ദതയും നിലവിളികളും നിറഞ്ഞ കവിതകളുടെ ഈ യാത്ര പലപ്പോഴും ആത്മസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തുള്ളിയില്‍ തുടങ്ങി അപായത്തിലവസാനിക്കുന്ന 53 കവിതകളുടെ ലോകത്ത് ഇടക്കിടെ വെള്ളിടി വെട്ടുന്നുണ്ട്, കണ്ണീര്‍ മഴ പെയ്തുതോരുന്നുണ്ട്, നിലാവില്‍ കാഴ്ചകള്‍ മങ്ങുന്നുണ്ട്…
കാലത്തിനനുസൃതമായി മനുഷ്യബന്ധങ്ങളിലുണ്ടായ വ്യത്യാസങ്ങളും ഓരോ മനുഷ്യനും വിവിധ സന്ദര്‍ഭങ്ങളില്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും പ്രയാസങ്ങളുമെല്ലാം ഈ ഇരിട്ടിയാത്രയിലുണ്ട്.
ഈ സമാഹാരത്തില്‍ എടുത്തുപറയേണ്ട കവിതകളിലൊന്ന് സുരക്ഷിതമായ മൂന്ന് ഇരിട്ടി തന്നെയാണ്. ഇരിട്ടി എന്ന കുടിയേറ്റ പ്രദേശത്തു നടന്ന ദാരുണമായ സംഭവമാണ് കവിതയുടെ ഇതിവൃത്തം. ബംഗാളിയായ ഒരു പെണ്‍കുട്ടിയെ തദ്ദേശീയരായ യുവാക്കള്‍ ക്രൂരമായി പീഡിപ്പിച്ചതാണ് സംഭവം.
‘മുര്‍ഷിദാബാദില്‍ നിന്നും
ഒരു ബംഗാളി സ്വപ്‌നം
ഇരിട്ടിയിലേക്ക്
വണ്ടികയറുകയാണ്’
അവളുടെ സ്വപ്നങ്ങളുടെ ആകാശത്തേക്ക് കരിനിഴല്‍ വീഴ്ത്തിയ വേട്ടനായ്ക്കളെയും ഇതര സംസ്ഥാനക്കാരോട് നമ്മുടെ പൊതുബോധം വെച്ചു പുലര്‍ത്തുന്ന മുന്‍വിധികളെയും ഈ കവിത ചര്‍ച്ചചെയ്യുന്നുണ്ട്. പണിയെടുക്കുന്ന വെറും യന്ത്രങ്ങളായി മാത്രം അവരെ കാണുന്ന നമ്മുടെ പൊതുബോധത്തെ ചോദ്യം ചെയ്തുകകൊണ്ടാവണം കവി ലോറിയെന്ന യന്ത്രത്തെ മാനുഷികത കൊണ്ട് നിറക്കുന്നത്.
വീരാജ്പേട്ട ചുരം കടന്നുവരുന്ന ലോറിയില്‍ കൂപ്പുകൈയോടെ തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന അവളുടെ സ്വപ്നങ്ങളിലേക്കവര്‍ ഇരുട്ട് നിറയ്ക്കുന്നത് ലോറി നിസ്സംഗതയോടെയാണ് കണ്ടു നില്‍ക്കുന്നത്. അല്ലെങ്കിലും വിളിച്ചുകയറ്റിയ കാമുകന്റെ നാട്ടിലെ കാമച്ചൂടിന് മുന്നില്‍ ലോറിക്കെന്ത് ചെയ്യാനാകും. ടയറുകള്‍ മാറിക്കയറിയ റോഡിന്റെ നെഞ്ചില്‍ കത്തുന്ന കനല്‍ ചിന്തകളുമായി ലോറി ആത്മഗതം ചെയ്യുകയാണ്, മനസിലാക്കുകയാണ്.
ലോറിക്കറിയാം അവള്‍ രക്ഷപെടില്ലെന്ന്
ലോറിക്കറിയാം അവരതിനെ കൊല്ലാതെ തിന്നുമെന്ന്
ലോറിക്കറിയാം അവരതിനെ കമ്പിയില്‍ കോര്‍ക്കുമെന്ന്
ലോറിക്കറിയാം അവരതിന്റെ വിശപ്പില്‍ മണ്ണുവാരിയിടുമെന്ന്
ലോറിക്കറിയാം അവരതിന്റെ സ്വപ്നങ്ങളെ വേരോടെ പിഴുതെറിയുമെന്ന്
ലോറിക്കറിയാം അവരാ കടലാസുതോണി വലിച്ചുകീറി ഇരിട്ടിപ്പുഴയിലൊഴുക്കുമെന്ന്.
പക്ഷേ ലോറിക്ക് നാവില്ലല്ലോ? പറയാനറിയില്ലല്ലോ? പിടിച്ചുമാറ്റാന്‍ ഒരു കൈപോലുമില്ലല്ലോ? ഇറക്കമിറങ്ങുമ്പോഴും കയറ്റം കയറുന്ന മുരള്‍ച്ചയില്‍ അത് അപായസിഗ്‌നല്‍ തെളിച്ചുകൊണ്ടേയിരുന്നു. കുതറിയോടിക്കൊണ്ടേയിരുന്നു.
ലോറിക്കറിയാമെന്ന് ആവര്‍ത്തിച്ച് പറയുന്നതിലൂടെ ലോറിയുടെ മാനുഷിക ഭാവവും തുടര്‍ന്നുള്ള വരികളില്‍ പ്രതികരിക്കാനാവാത്ത അവസ്ഥയും ഉള്ളുപൊള്ളിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ കനത്തോടെ ആവിഷ്‌കരിക്കാന്‍ കവിക്കായിട്ടുണ്ട്.
ഇങ്ങനെ തുടര്‍ന്നുള്ള കവിതകളിലും വായനക്കാരന്റെ കണ്‍കോണിലെ വികാരങ്ങളെ മാറ്റിമറിക്കാന്‍ അജേഷ്ചന്ദ്രനായിട്ടുണ്ട്.
നാവിലും ചുണ്ടിലും കണ്ണിലും പടരുന്ന ഉപ്പ് നനവിന്റെ തുള്ളി,
ഇറച്ചിതിരയുന്ന കണ്ണുകളില്‍ ബാധിച്ച തിമിരം,
ചോദ്യങ്ങളില്‍ തുണിയുരിഞ്ഞില്ലാതാകുന്ന സവാളയുടെ കള്ളത്തരങ്ങള്‍,
ഉള്ളുപൊള്ളിക്കുന്ന അഞ്ച് കവിതക്കുട്ടികള്‍,
അപരിചിതനായ വീട്ടീന്നുള്ള വഴി,
കണാരേട്ടനൊപ്പം ഇല്ലാതായ പറ്റുബുക്ക്,
ഒരുമിപ്പിക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ട പുതപ്പ്,
അച്ഛന്‍ കളിച്ചു തോറ്റ കടംകളിയുടെ കൊത്തം കല്ല്,
ആരും കാണാതെ കരയാന്‍ കാത്തിരിക്കുന്ന വേഴാമ്പലിന്റെ മേഘം… തുടങ്ങിയ കവിതകള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. ഏറ്റവുമൊടുവില്‍ ഹൃദയമെന്ന ജീവനുള്ള തൊണ്ടിമുതല്‍ എന്ന ഒറ്റവരിക്കവിതയിലും കടം കയറി മുടിഞ്ഞവന്‍ കുടുക്കിലാക്കുമോയെന്ന് ഭയപ്പെടുന്ന കയറിലും സുരക്ഷിതമായ മൂന്ന് ഇരിട്ടി അവസാനിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ അവശേഷിക്കുന്ന വിങ്ങലും കവിക്കൊപ്പം ഇരിട്ടിയിലേക്ക് വണ്ടികയറും.