ഫലസ്തീന്‍: അധിനിവേശ ചരിത്രവും വിമോചന സ്വപ്നങ്ങളും

എം.എ. സലാം റഹ്മാനി കൂട്ടാലുങ്ങല്‍

 

ഫലസ്തീന്‍, ലോക മനസ്സാക്ഷിയുടെ നൊമ്പരമായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മനുഷ്യത്വ രഹിതമായ ഇസ്രായേലിന്‍റെ സംഹാരവീര്യം ഫലസ്തീന്‍ മക്കളുടെ നെഞ്ച് പിളര്‍ക്കുന്ന കാഴ്ചകള്‍ ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമാണ്. സയണിസ്റ്റ് സേന യാതൊരുവിധ പ്രകോപനവുമില്ലാതെ മസ്ജിദുല്‍ അഖ്സയിലും ഗസ്സയിലും കിരാതമായ ആക്രമണമാണ് ഇപ്പോള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ കുറച്ചുകാലമായി ശാന്തമായിരുന്ന ഫലസ്തീന്‍ വീണ്ടും ലോകത്തിന്‍റെ വേദനയായി മാറുകയാണ്. അഖ്സയില്‍ പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെയും ഗസ്സയിലും നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ മുപ്പതോളം ആളുകള്‍ മരണപ്പെടുകയും എഴുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ ജറൂസലേം പൂര്‍ണമായി ജൂതകുടിയേറ്റ പ്രദേശമാക്കുന്നതിന്‍റെ ഭാഗമായി മസ്ജിദുല്‍ അഖ്സക്കടുത്തുള്ള ശൈഖ്ജറാഹ് ഭാഗത്ത് വസിക്കുന്ന ഫലസ്തീനികളെ കുടിയിറക്കാനുള്ള ഇസ്രയേല്‍ സേനയുടെ ശ്രമമാണ് ഫലസ്തീന്‍റെ മണ്ണിനെ വീണ്ടും അസ്വസ്തമാക്കിയത്.
ഇസ്രയേല്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും വേട്ടക്കാരന്‍റെ റോള്‍ മാത്രമാണ് അണിഞ്ഞത്. നിരായുധരായ ഫലസ്തീന്‍ സിവിലിയന്മാരെയും പിഞ്ചു പൈതങ്ങളെയും ബോംബിട്ട് പച്ചയായി കൊന്നൊടുക്കുന്നതില്‍ യാതൊരുവിധ മനസ്സാക്ഷിക്കുത്തുമനുഭവപ്പെടാത്തവര്‍ മാത്രമാണ് ആ രാഷ്ട്രത്തിന്‍റെ രൂപീകരണ കാലം തൊട്ട് ഇന്നോളം അതിന്‍റെ ഭരണം കയ്യാളിയിട്ടുള്ളത്. ഇപ്പോഴത്തെ പുതിയ ആക്രമണവും പ്രധാനമന്ത്രി നെതന്യാഹുവിന് അധികാരത്തില്‍ തുടരാന്‍ വേണ്ടി ജൂതകുടിയേറ്റക്കാരെ തൃപ്തിപ്പെടുത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യം മുന്നിറുത്തി അണിയറയില്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി മാത്രമാണെന്ന് അഖ്സ ഇമാം ശൈഖ് ഇക്രിമ സ്വാബ്രിയും ഇസ്രയേല്‍ പാര്‍ലമെന്‍റിലെ ബലദ് പാര്‍ട്ടി അംഗം സമി അബൂ ഷഹാദയും ആക്രമണം നടന്നയുടന്‍ പ്രസ്താവിച്ചത് ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഇസ്രായേലിന്‍റെ നേതൃ പദവി കയ്യാളാനുള്ള ആദ്യത്തെ യോഗ്യത ഗീബല്‍സിയന്‍ നുണകള്‍ പറഞ്ഞ് ഫലസ്തീന്‍റെ മേല്‍ കുതിര കയറാനുള്ള ചെന്നായ മനസ്സാണ് എന്നതാണ് ശരി. സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുടെ മനസ്സാവാചാകര്‍മ്മണായുളള പിന്‍ബലവും കൂടിയുണ്ടാകുമ്പോള്‍ ആരും ചോദ്യം ചെയ്യാനുമില്ല എന്ന ധൈര്യം കൂടി അവര്‍ക്ക് ലഭിക്കുന്നു.ലോകമനസ്സാക്ഷിയെ വിറപ്പിച്ച നിരവധി രക്ത പങ്കിലമായ ചരിത്രവും വര്‍ത്തമാനവുമാണ് ഇസ്റായേലിന് ലോകത്തിന് മുന്നിലുള്ള ഐഡന്‍റിറ്റി.
ഏറ്റവുമധികം ആയുധ സമ്പത്തിനുടമകളും കൂടുതല്‍ സംഹാരവീര്യമുള്ള ആയുധങ്ങളുടെ സൂക്ഷിപ്പുകാരുമായ ഇസ്രയേല്‍ എഴുന്നേറ്റുനടക്കാന്‍ ശേഷിയില്ലാത്ത ഒരു രാജ്യത്തെ നിരാലംബരായ ജനതക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെല്ലാം ‘ പ്രൊട്ട ട്ടക്ഷന്‍ , ഡിഫന്‍സ്’ എന്നൊക്കെ ചേര്‍ത്താണ് ഓമനപ്പേരിടുന്നതെന്നതാണ് ഏറെ വിചിത്രകരം! ഇവിടെ ഇസ്രയേല്‍ ആരെയാണ് പ്രതിരോധിക്കുന്നത് എന്നത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകമനസ്സാക്ഷിക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ഇസ്റായേലെന്ന ജൂതരാഷ്ട്രത്തിന്‍റെ സാന്നിധ്യമാണ് പശ്ചിമേഷ്യയില്‍ ഫലസ്തീനെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കുന്നത്. തിയോഡോര്‍ ഹെര്‍സല്‍ മുതല്‍ ജൂത രാഷ്ട്രത്തിന്‍റെ രൂപീകരണത്തിന് വേണ്ടി പണിയെടുത്തവര്‍ ചരിത്രത്തില്‍ മായം കലര്‍ത്തി കാലങ്ങള്‍ക്ക് മുന്നേ തുടങ്ങിയ ഫലസ്തീന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് 1948 മെയ് 14 ന് ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം നിലവില്‍ വന്നതോടെ ശക്തി വര്‍ദ്ധിക്കുകയാണ് ചെയ്തത്. പീഢനങ്ങളുടെ കരള്‍ പിളര്‍ക്കുന്ന എത്രയെത്ര ഉറക്കം കെടുത്തുന്ന ഓര്‍മകളാണ് ഫലസ്തീന്‍റെ നെഞ്ചകങ്ങളില്‍ ഇസ്രയേല്‍ ബാക്കി വെച്ചത്. കാലങ്ങളായി സയണിസ്റ്റ് ലോബികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന തേര്‍വാഴ്ചയുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും.വേട്ടനായക്ക് ചോരക്കുടി നിറുത്താനാകില്ലല്ലോ.

ഇസ്രയേല്‍: അധിനിവേശത്തിന്‍റെ ചരിത്രം
——————————–
ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സാമ്രാജ്യത്വ ശക്തികളുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഏകദേശ അധിനിവിഷ്ട രാജ്യങ്ങളെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.എന്നാല്‍ പാവപ്പെട്ട രാജ്യങ്ങളുടെ പരമാധികാരത്തിന്മേല്‍ പാവകളിക്കുന്ന സ്വഭാവം വന്‍ശക്തികളില്‍ നിന്നും പാടെ ഇല്ലാതായിട്ടില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. പക്ഷെ ഇവിടെയെല്ലാം മറ്റൊരു മുഖവും ചരിത്രവുമാണ് ഫലസ്തീന് പങ്കുവെക്കാനുള്ളത്.
ആധുനിക സിറിയ,ജോര്‍ദാന്‍,അധിനിവിഷ്ട ഫലസ്തീന്‍(ഇസ്രയേല്‍)എന്നിവയുള്‍പ്പെടുന്ന പ്രദേശം 1918 വരെ ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലായിരുന്നു. അുസ്ലിം തുര്‍ക്കിയുടെ തകര്‍ച്ചക്ക് ശേഷം ഈ അറബ് രാഷ്ട്രങ്ങളെ സാമ്രാജ്യത്വശക്തികള്‍ പകുത്തെടുത്തു.ഇറാഖ്, ഫലസ്തീന്‍ എന്നിവ ബ്രിട്ടനുകീഴിലും സിറിയ,ലബനാന്‍ എന്നിവ ഫ്രാന്‍സിന് കീഴിലുമായി. കാലാന്തരത്തില്‍ മറ്റു രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോഴും ഫലസ്തീന്‍ ബ്രിട്ടണുകീഴില്‍ തന്നെ തുടര്‍ന്നു. ഇതു ബ്രിട്ടീഷുകാര്‍ സയണിസ്റ്റ് നേതൃത്വവുമായുണ്ടാക്കിയ നീക്കുപോക്കുകളുടെ ഭാഗമായായിരുന്നു.
1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ആര്‍തര്‍ ബാല്‍ഫര്‍ മുന്നോട്ട് വെച്ച സയണിസ്റ്റുകള്‍ക്ക് വേണ്ടിയുളള കരാറില്‍ ബ്രിട്ടീഷ് ഭരണകൂടം ഒപ്പുചാര്‍ത്തിയതോടുകൂടെയാണ് ജൂതരാഷ്ട്രത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ വ്യവസ്ഥാപിത രീതിയിലേക്ക് ചുവട് മാറുന്നത്. ഈ കരാറിന്‍റെ ഭാഗമായുളള നയരേഖയില്‍ പറയുന്നത് ഇപ്രകാരമാണ്: ‘ജൂതവര്‍ഗത്തിന് ഫലസ്തീനുമായുള്ള ചരിത്രബന്ധം അംഗീകരിച്ചുകൊടുക്കേണ്ടത് ബ്രിട്ടന്‍റെ കടമയാണ്.ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തിനും അധിനിവേശത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നിര്‍ബന്ധമായും ബ്രിട്ടണ്‍ ബാധ്യസ്ഥരായിരിക്കും’.
സയണിസ്റ്റ് സൈദ്ധാന്തികനായ തിയോഡര്‍ ഹെര്‍സല്‍ 1896 ല്‍ ജൂതരാഷ്ട്രം എന്ന കൃതിയിലൂടെ ആവിഷ്കരിച്ചെടുത്ത വ്യവസ്ഥകള്‍ ഇതോടെ പ്രായോഗിക രൂപത്തില്‍ നടപ്പിലാക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ സയണിസ്റ്റുകള്‍ക്ക് ഒത്തുവന്നു. അങ്ങനെയാണ് 1918 ല്‍ കേവലം ഏഴ് ശതമാനം മാത്രമുണ്ടായിരുന്ന ഫലസ്തീനിലെ ജൂതജനസംഖ്യ 1947 ആയപ്പോഴേക്കും 37 ശതമാനമായി വര്‍ദ്ധിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഒരു ജൂതന് പത്ത് അറബികളെന്ന അനുപാതത്തിലായിരുന്നു ജൂത അറബ് ജനസംഖ്യാനിരക്ക്. എന്നാല്‍ ഇത് 1947 ആയപ്പോള്‍ രണ്ട് അറബികള്‍ക്ക് ഒരു ജൂതന്‍ എന്ന നിലയിലായി മാറി.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ നിഗൂഢമായ പിന്തുണയോടെയാണ് ഇതെല്ലാം നടന്നതെന്നതിന് ചരിത്രവും രേഖകളും സാക്ഷിയാണ്. ലോകത്തുടനീളമുള്ള ജൂതര്‍ ഫലസ്തീന്‍റെ മണ്ണിലേക്ക് കുടിയേറുന്നതിന് വേണ്ടി എത്രയെത്ര കഥകള്‍ അണിയറയില്‍ മെനെഞ്ഞുണ്ടാക്കി. ഹോളോകോസ്റ്റ് ഇതിലൊന്ന് മാത്രമായിരുന്നു.
ജൂതകുടിയേറ്റം ഏകദേശം പൂര്‍ണരൂപം പ്രാപിച്ച ഘട്ടത്തിലാണ് ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ ബ്രിട്ടണ്‍ യു.എന്‍.ഒക്ക് മുന്നില്‍ അവതരിപ്പിച്ചത്.1947 ലെ യു.എന്‍.ഒയുടെ 181 ാം പ്രമേയമനുസരിച്ചാണ് ഇസ്രയേല്‍ രൂപീകരണം നടക്കുന്നത്. ജറുസലേമിന്‍റെ ഒരു ഭാഗമടക്കം ഗാസയും വെസ്റ്റ്ബാങ്കുമൊഴിച്ചുള്ള പ്രദേശങ്ങളാണ് ഇസ്രയേല്‍ എന്ന രാഷ്ട്രമായി പരിഗണിച്ചത്.
ബ്രിട്ടന്‍റെ ഒത്താശയോടെ രാഷ്ട്രാന്തരീയ നിയമങ്ങളെ കാറ്റില്‍ പറത്തിയുള്ള ജൂതകുടിയേറ്റത്തെ ലോകനേതാക്കളൊന്നടങ്കം എതിര്‍ത്തിരുന്നുവെങ്കിലും അതൊന്നും വിലപോയില്ല.1946 ജൂലൈ 14 ന് മഹാത്മാഗാന്ധിജി ഇപ്രകാരം അഭിപ്രായപ്പെട്ടു: ജൂതര്‍ ബ്രിട്ടന്‍റെയും അമേരിക്കയുടെയും സഹായത്തോടെ ഫലസ്തീനില്‍ കുടിയേറുന്നത് വളരെ നീചവും നികൃഷ്ടവുമായ ഒരു കര്‍മമാണ്. നേരിടാനിരിക്കുന്ന വിപത്തുകള്‍ അവരെ സമാധാനത്തിന്‍റെ പാത പഠിപ്പിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. തങ്ങളെ സ്വാഗതം ചെയ്യാത്ത ഒരു നാട്ടില്‍ അമേരിക്കന്‍ സമ്പത്തും ബ്രിട്ടീഷ് ആയുധങ്ങളുമുപയോഗിച്ച് ആക്രമിച്ചു കയറാന്‍ എന്തിനാണവര്‍തുനിയുന്നത്(ഉദ്ധരണം:ഫലസ്തീന്‍,ജൂതര്‍ക്കെന്തവകാശം?,പേജ്:39). രൂപീകരണകാലം മുതല്‍ ആഗോളനിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഇന്നോളം കടന്നുകയറ്റങ്ങളുടേയും അതിക്രമങ്ങളുടെയും കഥകള്‍ മാത്രമാണ് ഇസ്രയേലെഴുതിയിട്ടുള്ളത്. അതുമുഴുവനും ഫലസ്തീനിലെ നിരപരാധികളുടെ ചുടുചോരകൊണ്ടായിരുന്നു താനും.

പ്രതിരോധവും വിമോചന സ്വപ്നങ്ങളും:
———————-
ഇസ്രയേലിന്‍റെ അതിക്രമങ്ങളെ പ്രതിരോധിക്കാനും ഫലസ്തീനികളെ സംരക്ഷിക്കാനും വേണ്ടി പല വിമോചന പ്രസ്ഥാനങ്ങളും രംഗത്തുവരികയുണ്ടായി. അറബ് നാടുകളുടെ പിന്തുണയോടെയായിരുന്നു പലതും.1957 ല്‍ ഇതിന് വേണ്ടി ഫത്ഹ് പാര്‍ട്ടി രൂപീകൃതമായി.കുവൈത്തില്‍ വെച്ചായിരുന്നു ഇത്. യാസിര്‍ അറഫാത്തായിരുന്നു പ്രഥമ പ്രസിഡണ്ട്. പക്ഷെ, ഇസ്രയേലിന്‍റെ അമേരിക്കന്‍ പിന്തുണയോടെയുള്ള അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് മുന്നില്‍ ഫത്ഹ് പാര്‍ട്ടിക്ക് വേണ്ടത്ര വിജയിക്കാനായില്ല.
1964 ല്‍ ഫലസ്തീന്‍ വിമോചനമെന്ന ലക്ഷ്യം മുന്നിറുത്തിചേര്‍ന്ന അറബ് ഉച്ചകോടിയില്‍ വെച്ച് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) രൂപീകൃതമായി. പിന്നീട് പി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇസ്രയേല്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെട്ടത്.
1967 ല്‍ ജമാല്‍ അബ്ദുന്നാസറിന്‍റെ നേതൃത്വത്തില്‍ ഫലസ്തീന് വേണ്ടി ഇസ്രയേലിനെതിരെ നടത്തിയ യുദ്ധം, ഫലസ്തീനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് ചെയ്തത്. അക്കാലത്തെ അറബ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു നാസര്‍. പക്ഷെ ഇസ്രയേലിന്‍റെ തിരിച്ചടിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിനായില്ല. 1967 ജൂലൈ അഞ്ചിന് തുടങ്ങിയ യുദ്ധം ആറ് ദിവസം നീണ്ടു നിന്നു. വെസ്റ്റ്ബാങ്ക്, ഗാസയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി ഈ യുദ്ധത്തിലൂടെ ഇസ്രയേല്‍ പിടിച്ചടക്കുകയാണ് ഉണ്ടായത്.
ഫലസ്തീനികളുടെ നഷ്ടപ്പെട്ട ആത്മവീര്യം വീണ്ടെടുക്കാനും ജൂതകുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കാനും വേണ്ടി 1987 ഡിസംബര്‍ ഒമ്പതിന് ഒന്നാം ഇന്‍തിഫാദക്ക് (സായുധ വിപ്ലവം) തുടക്കമായി. ഇസ്രയേല്‍ സേനക് നേരെ ഫലസ്തീനികള്‍ കല്ലുകള്‍ വരെ ആയുധമായി ഉപയോഗിച്ചു. ഇതോടെ വര്‍ദ്ധിത വീര്യത്തോടെ ഇസ്രയേലിനെതിരെ ആളുകള്‍ രംഗത്തുവന്നു. ആഗോള തലത്തില്‍ ഇന്‍തിഫാദക്ക് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. 1987 ഡിസംബര്‍ 17 ന് ഇന്‍തിഫാദക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്ന ഫലസ്തീന്‍ വിമോചന പ്രസ്ഥാനമാണ് ഹര്‍ഖത്തുല്‍ മുഖാവമതില്‍ ഇസ്ലാമിയ്യ(ഹമാസ്). എന്നാല്‍ ഖേദകരമെന്നു പറയട്ടെ, പി.എല്‍.ഒ ഹമാസിനെ പിന്തുണക്കുകയുണ്ടായില്ലെന്ന് മാത്രമല്ല, ഇന്‍തിഫാദ നിര്‍ത്തിവെക്കാന്‍ വേണ്ടി ഇസ്രയേല്‍ നടത്തിയ ചര്‍ച്ചകളില്‍ വീണുപോവുകയും ചെയ്തു.
പിന്നീട് ചരിത്രം വഴിമാറിയൊഴുകുന്നതിനാണ് ഫലസ്തീന്‍റെ മണ്ണ് സാക്ഷിയായത്.ഇസ്രയേലിനെ പാടെ തുരത്താന്‍ വേണ്ടി രൂപീകരിക്കപ്പെട്ട പി.എല്‍.ഒ ഇസ്രയേലിന്‍റെ അസ്തിത്വം ഫലസ്തീന്‍റെ മണ്ണില്‍ അംഗീകരിക്കാന്‍ ഗത്യന്തരമില്ലാതെ മുന്നോട്ട് വന്നു. നോര്‍വേയിലെ ഓസ്ലോയില്‍ വെച്ച് ഇസ്റയേലും പി.എല്‍.ഒയും തമ്മില്‍ സമാധാനകരാറിലെത്തി.1993 സെപ്തംബര്‍ 13 നായിരുന്നു ഇത്. പി.എല്‍.ഒ ഇസ്റയേലിനെ ഔദ്യോഗികമായി അംഗീകരിക്കുകയും പകരം ഗസ്സയിലും വെസ്റ്റ് ബാങ്കിലും പി.എല്‍.ഒക്ക് സ്വയംഭരണാവകാശം നല്‍കുകയും ചെയ്യുകയെന്നതായിരുന്നു ഓസ്ലോയില്‍ ചുട്ടെടുത്ത ഉടമ്പടിയുടെ ചുരുക്കരൂപം. കാങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഫലസ്തീന്‍റെ മണ്ണില്‍ എങ്ങനെയെങ്കിലും സമാധാനം കൊണ്ടുവരിക എന്ന ചിന്തയോടെയാണ് യാസര്‍ അറഫാത്ത് ഇതിന് തയ്യാറായത്. ഇതിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. ഓസ്ലോ ഉടമ്പടിയിലൂടെ മധ്യേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തു എന്നതിന്‍റെ പേരില്‍ യാസര്‍ അറഫാത്തിന് 1994 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കപ്പെടുകയുണ്ടായി.
ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് സായുധപോരാട്ടത്തിലൂടെ തന്നെ ഫലസ്തീനെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി കടന്നുവന്ന വിമോചന പ്രസ്ഥാനമാണ് ഹമാസ്. പി.എല്‍.ഒയുടെ അഴകൊഴമ്പന്‍ സമീപനത്തിനെതിരെ ശക്തമായ മുദ്രാവാക്യമുയര്‍ത്തിയാണ് ഹമാസിന്‍റെ രംഗപ്രവേശനം.

പി.എല്‍.ഒക്ക് ശേഷം ഫലസ്തീന്‍ ജനത ഹമാസിനെ നെഞ്ചേറ്റുന്നതായാണ് പിന്നീട് കണ്ടത്.ഫത്ഹ് പാര്‍ട്ടിയും പി.എല്‍.ഒയും വാടിത്തളര്‍ന്ന മണ്ണില്‍ ഹമാസിലൂടെയാണ് ഫലസ്തീന്‍ ജനത ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സ്വപ്നങ്ങള്‍ നെയ്യുന്നത്. ഹമാസിന്‍റെ തിരിച്ചടികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പലപ്പോഴും വെടിനിര്‍ത്താനും ഗസ്സയടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ മോചിപ്പിക്കാനും ഇസ്രയേല്‍ തയ്യാറായ ചരിത്രം ഹമാസിന്‍റെ ശക്തിയെയാണ് വിളിച്ചുപറയുന്നത്. പക്ഷെ ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളിലൊന്നായ ഇസ്രയേലിന് മുന്നില്‍ സ്വന്തമായി പിടിച്ചു നില്‍ക്കാന്‍ ഹമാസിന് പൂര്‍ണമായി സാധിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. അമേരിക്കയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയോടെയാണല്ലോ ഇസ്രയേല്‍ എല്ലാ കാലത്തും നരനായാട്ടുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും ഇസ്രയേലിന്‍റെ അത്യാധുനിക ആയുധങ്ങളുള്ള സൈന്യത്തിനെതിരെ ഇന്ന് ഹമാസാണ് ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷ. ഇപ്പോള്‍ മസ്ജിദുല്‍ അഖ്സക്ക് നേരെ നടക്കുന്ന അതിക്രമത്തിനെതിരെയും ജറൂസലേമിലേക്ക് റോക്കറ്റുകളയച്ച് തിരിച്ചടിക്കാന്‍ ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് ഇസ്രയേലിനും വലിയ നഷ്ടങ്ങളുണ്ടാക്കിയിട്ുണ്ടെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. മസ്ജിദുല്‍ അഖ്സയുടെ കോമ്പൗണ്ടില്‍ നിന്നും സയണിസ്റ്റ് സൈന്യം പിന്മാറുന്നത് വരെ റോക്കറ്റ് വര്‍ഷിക്കുന്നത് തുടരുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തില്‍ നടന്ന പൊതുതെരെഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെയാണ് ഇസ്രയേല്‍ ഗസ്സക്ക് നേരെയുള്ള ക്രൂരതകള്‍ക്ക് വീര്യം വര്‍ദ്ധിപ്പിച്ചത്.പലസ്തീനിലെ ഹമാസിന്‍റെ സാന്നിധ്യം ജൂതരാഷ്ട്രത്തിന് എന്നും കണ്ണിലെ കരടായിരുന്നു.
ഏതുകാലത്തും ഇസ്രയേലിന്‍റെ അതിക്രമങ്ങളെ പിന്തുണച്ച ചരിത്രം മാത്രമാണ് അമേരിക്കക്കുള്ളത്.അധിനിവിഷ്ട കുടിയേറ്റ പ്രദേശങ്ങളെയും ഫലസ്തീനികള്‍ താമസിക്കുന്ന പ്രദേശങ്ങളെയും വേര്‍തിരിച്ചുകൊണ്ട് 720 കിലോമീറ്ററോളം ദൂരത്തില്‍ ഇസ്രയേല്‍ സേന സുരക്ഷാമതില്‍ എന്ന പേരില്‍ നിര്‍മ്മിച്ച ഭിത്തി ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റമാണെന്നും നിയമവിരുദ്ധമാണെന്നും ഹേഗിലെ അന്താരാഷ്ട്ര കോടതി പോലും പ്രഖ്യാപിച്ചിട്ടും അമേരിക്കയുടെ പിന്തുണയോടെ മാത്രമാണ് അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്. യു.എന്‍ പൊതുസഭയില്‍ അതിനെ ന്യായീകരിക്കാന്‍ അമേരിക്കയായിരുന്നു മുന്നോട്ട് വന്നിരുന്നത്. ആത്മരക്ഷാര്‍ത്ഥമാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത് എന്നാണ് എല്ലാകാലത്തും അമേരിക്ക ന്യായീകരിച്ചിട്ടുള്ളത്. ലോകം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ഒബാമയുടെ കാലത്ത് പോലും അതായിരുന്നു അമേരിക്കയുടെ നയം. ഫലസ്തീന് യു.എന്‍ അംഗീകാരത്തോടെയുള്ള സ്വതന്ത്രരാഷ്ട്ര പദവി വേണമെന്ന ലോകസമൂഹത്തിന്‍റെ ഒന്നടങ്കമുള്ള വികാരം അമേരിക്കയുടെ കടുംപിടുത്തമൊന്നുകൊണ്ട് മാത്രമാണ് നടപ്പിലാകാതെ പോകുന്നത്. മസ്ജിദുല്‍ അഖ്സക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിറുത്തിവെക്കണമാവശ്യപ്പെട്ട് മുമ്പ് യു.എന്‍ പ്രമേയം പാസാക്കിയപ്പോഴും അമേരിക്ക മാത്രമായിരുന്നു എതിര്‍ത്തിരുന്നത്. അമേരിക്കയുടെ വീറ്റോപവറിന് മുന്നില്‍ യു.എന്നില്‍ ഒരു പരുന്തും പറക്കാറില്ലല്ലോ. 1967 മുതല്‍ നൂറിലധികം തവണ പാവനമായ മസ്ജിദുല്‍അഖ്സക്ക് നേരെ ഇസ്രയേല്‍ സേന അക്രമണമഴിച്ചുവിട്ടിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ഇപ്പോള്‍ തെരെഞ്ഞെടുക്കപ്പെട്ട പുതിയ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ നയങ്ങളെ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഇന്ത്യയും ഫലസ്തീനും:
———————
ലോകം അമേരിക്കക്കും സോവിയറ്റ് റഷ്യക്കും കീഴില്‍ അണിനിരന്ന് രണ്ട് ചേരികളായി വിഭജിക്കപ്പെട്ടപ്പോള്‍ പോലും അതിനോടൊപ്പം ചേരാതെ ചേരിചേരാപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഇങ്ങനെ ശക്തമായ നിലപാടുകളിലൂടെ നേടിയെടുത്ത ജാജ്ജ്വല്യമാനമായ അസ്തിത്വം ഇന്ത്യക്ക് ലോകത്തിന് മുന്നിലുണ്ട്.ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുകയും വേട്ടക്കാരെക്കുറിച്ച് ലോകത്തെ ഉണര്‍ത്തുകയും ചെയ്ത് നേടിയെടുത്ത മഹത്തായ ഒരു പാരമ്പര്യമാണത്.പലസ്തീന്‍റെ മക്കള്‍ ഇരകളാകാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് എന്ന പച്ചപ്പരമാര്‍ത്ഥം ലോകത്തിന് പരക്കെ ബോധ്യപ്പെട്ട യാഥാര്‍ത്ഥ്യമാണ്.സാമ്രാജ്യത്വ ദാസ്യപ്പണിക്ക് നേതൃത്വം നല്‍കുന്ന പലരും അതിനെ ചോദ്യം ചെയ്യാന്‍ മെനക്കെടാറില്ല എന്നത് മറ്റൊരു കാര്യം.എന്നാല്‍ ഇന്ത്യാമഹാരാജ്യം എന്നും പലസ്തീന്‍റെ കൂടെ നിന്ന് ഇരകളുടെ വേദനകള്‍ക്കാശ്വാസം പകരാന്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട് എന്നത് ചരിത്രബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യമാണ്.പലസ്തീന്‍റെ മണ്ണില്‍ അധിനിവേശം നടത്തി ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്‍റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളെ അതി ശക്തമായി വിമര്‍ശിച്ച് പലസ്തീന്‍റെ മണ്ണ് അനധികൃതമായി വെട്ടിപ്പിടിക്കുന്നത് നിറുത്തിവെച്ച് അവിടെ നിന്നും ഇസ്രായേലിനോട് കുടിയിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെ പാരമ്പര്യം. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, പലസ്തീന്‍റെ മണ്ണ് അസ്വസ്തമാകുമ്പേക്കും അവിടേക്ക് ഓടിച്ചെന്ന് സഹായഹസ്തം നീട്ടുന്ന നേതാക്കളുടെ പാരമ്പര്യത്തിന് തിരുത്തെഴുതുന്ന ഭരണകൂടമാണ് പുതിയ കാലത്തെ ഇന്ത്യയിലുള്ളത്. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ പലസ്തീനില്‍ നടക്കുന്ന പലഘട്ടങ്ങളിലും മോഡി ഗവണ്‍മെന്‍റ് സ്വീകരിച്ച ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ ഇന്ത്യയുടെ പാരമ്പര്യത്തോട് നീതിപുലര്‍ത്താത്തതാണ്.
ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നു എന്ന് വിലയിരുത്തുന്നതിനേക്കാള്‍ നല്ലത് ജനിച്ച മണ്ണില്‍ പോലും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അവസരം ലഭിക്കാതെ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ സ്വപ്നങ്ങളോടൊപ്പമായിരുന്നു എന്ന് പറയുന്നതാണ് ശരി. 1988 ല്‍ പലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്ത് ശബ്ദിച്ചപ്പോള്‍ അതിനെ പിന്തുണച്ച ആദ്യ അറബേതര രാജ്യം ഇന്ത്യയായിരുന്നു എന്നത് മോഡിക്കും സംഘ്പരിവാര്‍ മനസ്സുള്ള മറ്റു മന്ത്രിമാര്‍ക്കും അറിയുമോ എന്നറിയില്ല. പലസ്തീന്‍ ജനതയുടെ സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി ജീവിതം പണയംവെച്ചിറങ്ങിയ യാസര്‍ അറഫാത്തിനെ ഇന്ത്യ എന്നും ആദരവോടെയായിരുന്നു സ്വീകരിച്ചിരുന്നത്.1988 ല്‍ ജവഹര്‍ ലാല്‍ നെഹ്റു അവാര്‍ഡ് നല്‍കി ഇന്ത്യ യാസര്‍അറഫാത്തിനെ ആദരിച്ചത് അദ്ദേഹം പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നത് കൊണ്ടായിരുന്നു. ഇന്ത്യന്‍ ജനതയും ഫലസ്തീന്‍ ജനതയും എന്നും ഒരേ മനസ്സുമായായിരുന്നു നീങ്ങിയത്.സ്നേഹോഷ്മളമായ വികാരമായിരുന്നു രണ്ടു കൂട്ടരും പരസ്പം കാത്തുവെച്ചിരുന്നത്. ഫലസ്തീനുള്ള ഇന്ത്യാഗവണ്‍മെന്‍റിന്‍റെ പിന്തുണയും സഹായവുമായി മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന മുസ്ലിം ലീഗ് പ്രതിനിധി ഇ.അഹമ്മദ് യാസര്‍ അറഫാത്തിന്‍റെ അടുക്കലേക്ക് പറന്നെത്തിയ എത്രയോ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഫലസ്തീന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്താന്‍ ഒരു സന്ദര്‍ഭത്തില്‍ പത്ത് മില്യണ്‍ ഡോളറിന്‍റെ സഹായമാണ് ഇന്ത്യ നല്‍കിയത്. ആ മഹനീയ പാരമ്പര്യത്തെയെല്ലാം അവഗണിക്കുന്ന നിലപാടാണ് പലപ്പോഴായി മോഡി അധികാരത്തില്‍ വന്ന ശേഷമുണ്ടായത്. ഫലസ്തീന്‍ വിഷയത്തില്‍ പാരമ്പര്യമായി നാമുയര്‍ത്തിപ്പിടിച്ച നയങ്ങള്‍ പിന്തുടരുക തന്നെയാണ് ഇന്ത്യക്കും മോഡിക്കും കരണീയം. ലോകമാഗ്രഹിക്കുന്നത് അതാണ് താനും.
ഇസ്രയേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ലോകമനസ്സാക്ഷിയുണര്‍ന്നു കഴിഞ്ഞു. ആക്രമണത്തെ അപലപിച്ച തുര്‍ക്കി ഇത് കേവലം ഫലസ്തീന് നേരെയുള്ള അക്രമണമല്ലെന്നും ലോകമുസ്ലിംകള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേല്‍ ഉടന്‍ ആക്രമണം അവസാനിപ്പിക്കണമെന്നും തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍ ശക്തമായി ആവശ്യപ്പെടുകയുണ്ടായി. പല മുസ്ലിം രാഷ്ട്രങ്ങള്‍ക്കും പുറമേ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും യു.എന്നുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേല്‍ സേന മാരകായുധങ്ങളുമായി നടത്തുന്ന ആക്രമണം നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്‍റര്‍നാഷണലും വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്‍റെയും ഇസ്ലാമിക് ജിഹാദ് അടക്കമുള്ള ഫലസ്തീന്‍ വിമോചന സംഘടനകളുടെയുമെല്ലാം പ്രതിരോധത്തേക്കാള്‍ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫലം ചെയ്യുക ലോക രാഷ്ട്രങ്ങളുടെയും നേതാക്കളുടെയും വിവേചന രഹിതമായ പിന്തുണയാണ്. സ്വന്തം മണ്ണില്‍ ശാന്തമായി ജീവിക്കാനും സ്വപ്നം കാണാനുമുള്ള അവകാശവും അര്‍ഹതയും ഫലസ്തീന്‍ ജനതക്കുമുണ്ട്. ആ ജനതക്ക് മാത്രം ഈ മഹത്തായ സ്വാതന്ത്ര്യമനുഭവിക്കാനുള്ള അവസരം ഇനിയും അന്യമായിക്കൂടാ.സാധ്യമായ മാര്‍ഗങ്ങളിലൂടെയെല്ലാം ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.