അസ്മാഅ് റമളാൻ
വിവ. റാഫി ടി എം ഒറ്റപ്പാലം
സർവ്വ സ്തുതികളും പ്രപഞ്ചനാഥനിലർപ്പിക്കുന്നതോടൊപ്പം അവന്റെ രക്ഷയും അനുഗ്രഹവും, അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)യുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും, അവിടുത്തെ അനുചരരുടെ മേലിലും സദാ വർഷിക്കട്ടെ….ആമീൻ
അല്ലാഹു പറയുന്നു: “തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം”. (തൗബ:128).
നാമിന്ന് ആഘോഷങ്ങൾ കൊണ്ടാടേണ്ട ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമായും നിലവിലെ ആഘോഷങ്ങൾ റബീഉൽ അവ്വലുമായി ബന്ധപ്പെട്ടവയാണ്. കാലങ്ങളെ രണ്ടാക്കി തിരിക്കുമ്പോൾ ഋതുക്കളുടെ ഒരു റബീഅ് (വസന്ത കാലം) മാസവും, അതുപോലെ പ്രകാശത്തിന്റെ റബീഉം (പ്രകാശ വസന്തം/റബീഉൽ അവ്വൽ) കാണാം. പ്രകാശം ലോകമാകെ പരത്തി പുണ്യ നബി (സ) ഭൂജാതനായ പ്രകാശത്തിന്റെ മാസം റബീഉൽ അവ്വൽ പ്രവാചക ചരിത്രത്തിലെ പ്രോശോഭിതമായ നിമിഷാർദ്ധങ്ങളെ ഓർത്തെടുക്കാൻ നമ്മെ പ്രാപ്തമാക്കുന്നു. പുണ്യ നബിയുടെ ആഗമനം പരിലാകെ പ്രഭ പരത്തിയപ്പോൾ ഭൂമിലോകത്ത് മുഴുവൻ ആ പ്രകാശ കിരണങ്ങൾ ജ്വലിച്ചു നിൽക്കുകയാണുണ്ടായത്. തീർന്നില്ല പ്രസ്തുത മാസം വിശ്വാസികളുടെ ഹൃദയാന്തരങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയിട്ടുമുണ്ട്. മറ്റുള്ള ഋതുക്കളുടെ ദിവസങ്ങളിൽ വരുന്ന ആഘോഷങ്ങളാണ് മുഅല്ലിം ഡേയും(അധ്യാപക ദിനം), മദർസ്ഡേയും(അമ്മ ദിനം). ജനങ്ങൾ അധ്യാപക ദിനം ആഘോഷിക്കുകയാണെങ്കിൽ നമ്മുടെ ആദ്യ ഗുരുവും, അധ്യാപകനും, വഴികാട്ടിയുമായ മുഹമ്മദ് മുസ്തഫ (സ) യെ കാണാൻ സാധിക്കും. പ്രവാചകൻ നബി (സ) തന്നെ പറയുന്നുണ്ട്: “നിശ്ചയം ഞാൻ നിയോഗിതനായത് ആധ്യാപകനായിട്ടാണ്”. സമർപ്പണത്തിന്റെയും, ഇസ്ലാമിക നാഗരികതയുടെ സമുന്നതമായ പാഠങ്ങൾ പകർന്നു തന്ന പ്രവാചകനെന്ന അധ്യാപകനെ നാം ഈ ആഘോഷങ്ങൾക്കിടയിലും വായിക്കേണ്ടതുണ്ട്. നിരക്ഷരരായ സമൂഹത്തിനെക്കൊണ്ട് സാക്ഷരതയുടെ ഇസ്ലാമീകരണം സാധ്യമാക്കിയ ഒരു സാമൂഹ്യ പരിഷ്ക്കർത്താവായ തിരു നബി (സ) പെരുമാറ്റത്തിന്റെയും, മാനുഷിക ധർമ്മം മുറുകെ പിടിച്ചുള്ള സ്നേഹ സുരഭില തലങ്ങളിലേക്ക് സഞ്ചരിക്കാനും, കയറാനും കൂടി പഠിപ്പിക്കുകയുണ്ടായി. എന്ത് കൊണ്ടും ആ പുണ്യ പിറവി കൊണ്ട് അറിവും, സന്മാർഗ്ഗവും, പ്രകാശവും ഭുമിയിലേക്ക് പ്രവഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
നാം മാതൃത്വങ്ങളെ സ്നേഹിച്ചും, ആദരിച്ചും എല്ലാ നാടുകളിലും ആഘോഷങ്ങൾ കൊണ്ട് അമ്മ ദിനത്തെ മുഖരിതമാക്കുമ്പോൾ പരിശുദ്ധ ഇസ്ലാമിന്റെ വചനപ്പൊരുളുകൾ ആ മാതൃ സ്നേഹത്തെ മഹത്വവൽക്കരിക്കുന്നു. അല്ലാഹു തആല മാതാവിനെ ബഹുമാനിക്കുകയും മാതാവിന്റെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തിയുമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. മാത്രമല്ല മാതാപിതാക്കളോട് ഗുണം ചെയ്യുകയെന്നതിനെ മറ്റുള്ള നിർബന്ധമായ കർമ്മങ്ങൾക്ക് മുമ്പിലായി വെക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) യോട് താൻ ആരോടാണ് കൂടുതൽ സഹവാസം നന്നാക്കണമെന്നുള്ള സ്വഹാബിയുടെ ചോദ്യത്തിന് മുന്നിൽ നിന്റെ മാതാവ്, നിന്റെ മാതാവ്, നിന്റെ മാതാവിനോടാണ് നീ കൂടുതൽ അടുക്കേണ്ടതെന്ന മറുപടി നൽകിയപ്പോ
ൾ കേവലം വാചകങ്ങളിൽ ഒതുങ്ങി നിൽക്കേണ്ട ഉപദേശമായിരുന്നില്ല അത്. മാതാവിനെ ബഹുമാനിക്കാൻ വേണ്ടിയുള്ള ഈ പ്രഖ്യാപനത്തേക്കാൾ മറ്റെന്തുണ്ട്..? അതുകൊണ്ട് തന്നെ അല്ലാഹു ഇഷ്ടപ്പെട്ടതായ മാതാക്കളോടുള്ള ഈ സ്നേഹ കൈമാറ്റങ്ങൾക്ക് ഒരു കാലത്തിന്റെ ആവശ്യമുണ്ടോ.?
ഇത്തരം സ്നേഹം പങ്കുവെക്കുന്നതും, ചരിത്രം സ്മരിക്കുന്നതുമായ ആഘോഷങ്ങളുടെയുമെല്ലാം അടിസ്ഥാനം പ്രവാചക ജന്മദിന സ്മരണകളാണ്. ആ നബിയോടുള്ള സ്നേഹത്തിന്റെ നന്ദി പ്രകടനങ്ങൾ സാക്ഷാൽകൃതമാകുന്നതും, സ്വീകാര്യമാകുന്നതും മാതൃത്വത്തിനോടും, അധ്യാപകരോടും മറ്റുള്ള നന്ദിക്കർഹരായവരോടും നാം നന്ദി ചെയ്യുമ്പോൾ മാത്രമാണ്. തിരു നബി (സ) തലമുറകളെ വളരാൻ പഠിപ്പിച്ചവരും, മനുഷ്യ സമൂഹത്തിന്റെ അധ്യാപകനുമാണ്. അങ്ങിനെ മനോഹരമായ അല്ലാഹുവിന്റെ സൃഷ്ടിയുടെ രൂപത്തിൽ നമ്മെ നബി (സ)വലയം ചെയ്യുകയാണ്. അതിനാൽ ഈയവസരം അവിടുത്തെ ഔദാര്യത്തെ തിരിച്ചറിയാനും, അവിടുത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ സത്യസന്ധത ശക്തിപ്പെടുത്താനുമുള്ളതാകണം.
അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും, കാരുണ്യം കൊണ്ടും നിങ്ങൾ സന്തോഷിക്കുക” (സൂറത്ത് യൂനുസ്: 58) അപ്പോൾ നബി (സ) യുടെ ജന്മദിനം മറ്റുള്ള ഏത് മനുഷ്യ വർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കാരണം പുണ്യ പ്രവാചകരെ അല്ലാഹു നിയോഗിച്ചത് കാരുണ്യമായിട്ടാണല്ലോ. അല്ലാഹു പറയുന്നു:” സർവ്വ ലോകത്തിനും കാരുണ്യമായിട്ടല്ലാതെ നബിയെ അങ്ങയെ നാം അയച്ചിട്ടില്ല”.(അമ്പിയാഅ്:107)
നബി (സ)ക്ക് മാത്രം സവിശേഷമായ ചില കാര്യങ്ങളുണ്ട്. എന്ന് മാത്രമല്ല അല്ലാഹുവിന്റെ റസൂലിനെ അനുസരിക്കാനും, അവന്റെ സുന്നത്തിനെ മുറുകെ പിടിക്കാനുമുള്ള ഒരു ഗുണമെങ്കിലും ചെയ്യാതെ അവന്റെ അവകാശം നിറവേറ്റപ്പെടുകയില്ല. ഇതിന് വേണ്ടി നാം അവിടുത്തെ അപദാനങ്ങൾ വാഴ്ത്താൻ ഈ പുണ്യ ദിനങ്ങളിൽ അവസരം കണ്ടെത്തണം. ഇത് കൊണ്ടുള്ള ഗുണങ്ങളെ നമുക്ക് പരിചയപ്പെടാം.
നമ്മുടെ സന്തോഷങ്ങളും, തിരു നബിയോടുള്ള സ്നേഹവും നാം ഓരോ നിമിഷവും പുതുമയുള്ളതാക്കുക. എന്നാൽ വലിയൊരു ആസ്വാദന ജീവിതം നമുക്ക് മുമ്പിൽ തുറക്കപ്പെടും. നമുക്കതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യാം. ഈയവസരം നാം അവിടുത്തെ ജീവിതം വായിക്കുമ്പോഴും, നമ്മുടെ വീടകങ്ങളിൽ പുണ്യ ഹബീബിന്റെ മദ്ഹുകൾ കൊണ്ട് നിറയുമ്പോഴും നമ്മുടെ ജീവിത വിജയത്തിന്റെ നിദാനമായി ഇത് മാറുകയാണ് ചെയ്യുക. അവിടെത്തോടുള്ള സ്നേഹം അധികരിക്കാൻ വേറെയൊന്നും ചെയ്യേണ്ട ആവശ്യമില്ല. ധാരാളം സ്വലാത്ത് വർധിപ്പിക്കുകയും നബി (സ)യുടെ സുന്നത്തിനെ ജീവിപ്പിക്കുകയും ചെയ്യുക മാത്രം മതിയാകും. നബി (സ)തങ്ങൾ പറയുന്നുണ്ട്: “ഖിയാമത്ത് നാളിൽ എന്നിലേക്ക് ഏറ്റവും അടുത്തയാൾ എന്റെ മേൽ ഏറ്റവും കൂടുതൽ സ്വലാത്ത് അധികരിപ്പിച്ചവനാണ്”.
ഇങ്ങിനെ ഒരു വർഷം നമ്മിൽ നിന്നും കടന്നു പോയിട്ട് നാം എന്ത് നേടിയെന്നും, എന്താണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വന്നതെന്നും ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. വയസ്സിൽ നിന്ന് ഒരു വർഷം കഴിയുകയും, മരണത്തിലേക്കുള്ള ഒരു വർഷത്തിലേക്ക് കടന്നിരിക്കുകയും ചെയ്തിരിക്കുകയാണ് ഓരോരുത്തർക്കും. ഈ നിമിഷമാണ് അല്ലാഹുവിനെയും, അവന്റെ പ്രവാചകനെയും ഇഷ്ടം വെക്കുന്നതിലും വഴിപ്പെടുന്നതിലും നാം ലുബ്ധത കാണിച്ചോയെന്ന് ചിന്തിക്കേണ്ടത്. അപ്പോൾ പ്രവാചക സ്നേഹത്തിലൂടെ മാത്രമേ അല്ലഹുവിന്റെ പ്രീതിയും കരഗതമാക്കാൻ സാധ്യമാവുകയുള്ളൂ. നാം ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ച് തിരു നബി (സ)നമ്മെ ഇപ്രകാരം ഉൽബോധിപ്പിക്കുന്നുണ്ട്: “നിങ്ങൾ അറിവ് നുകരുക. ഇൽമ് പടിക്കൽ അല്ലാഹുവിന് വേണ്ടിയാണെങ്കിൽ അത് ദൈവഭയമാണ്.
അറിവ് തേടൽ ആരാധനയാണ്. അതിനെ ഓർത്തെടുക്കൽ തസ്ബീഹ് ആണ്, ചർച്ച ചെയ്യൽ ജിഹാദാണ്, അറിയാത്തവർക്ക് അറിവ് പകരൽ സ്വദഖയാണ്, മറ്റുള്ളവർക്ക് ചിലവഴിക്കൽ നന്മയുമാണ്”. ഈ ഹദീസിൽ നിന്ന് അറിവിന്റേയും, അറിവ് പകർന്നു കൊടുക്കുന്ന മുഅല്ലിമിന്റെയും മഹത്വം വായിച്ചെടുക്കാനാകും. ഒരു അധ്യാപകൻ അല്ലാഹുവിന്റെ വഴിയിലും തിരു നബി (സ)യെ മഹത്വവും, പ്രതാപവും നേടിയെടുക്കാൻ വേണ്ടി സഞ്ചരിക്കുന്നു. മനുഷ്യഹൃദയത്തെ മറികടക്കാത്ത അല്ലാഹുവിന്റെ പരിചരണം അയാൾക്ക് ലഭിക്കുമെന്നത് തീർച്ചയാണ്.
മാതാപിതാക്കൾക്കുള്ളത് പോലെ സന്താനങ്ങളുടെ സംരക്ഷണ ഉത്തരവാദിത്വം അധ്യാപകർക്കുമുണ്ട്. പുതിയ തലമുറ അതർഹിക്കുന്നവരാണ്. സന്താനങ്ങൾ അവരെ വലയം വെക്കുന്ന ഒരു സൂക്ഷിപ്പ് സ്വത്തുമാണ്. യഹ്യ ബ്നു മുആദ് (റ) പറയുന്നു: ” പണ്ഡിതന്മാർക്ക് അവരുടെ പിതാക്കന്മാരെയും മാതാക്കളെക്കാളും മുഹമ്മദ് നബി (സ) യുടെ ജനതയോട് കരുണയുള്ളവരാണ്. ഇത് എങ്ങനെയെന്ന് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:” മാതാപിതാക്കൾ ദുനിയാവിലെ മ്ലേച്ചതകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നുവെങ്കിൽ, പണ്ഡിതന്മാർ അവരെ പരലോക ശിക്ഷയെ തൊട്ട് സുരക്ഷയേകുന്നവരാണ്. അവസാനമായി ചില കാര്യങ്ങൾ കൂടി നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്. മാതൃദിനാഘോഷം നടത്തൽ നിഷിദ്ധമാണോയെന്ന് ചോദിക്കുന്നവരുണ്ട്. ഇത് യഥാർത്ഥത്തിൽ ഒരു പാശ്ചാത്യ ആശയമാണ്, വിദേശികൾ തമ്മിലുള്ള കുടുംബബന്ധം തകർന്നതിന്റെ ഫലമായാണ് ഇത് വന്നത്. ഞാൻ ഈ ആഘോഷം പാശ്ചാത്യമാണെന്ന് ശരി വെക്കുകയാണ്. എന്നാൽ അതിൽ ചിലതിലൊക്കെ ഇസ്ലാമിക നിയമം ലംഘിക്കുന്ന ആചാരങ്ങളൊന്നുമില്ലതാനും. മാതാവിന് സന്തോഷദായകമായ നിമിഷങ്ങളാണ് പ്രസ്തുത ദിനാഘോഷം കൊണ്ടുണ്ടാകുന്നതെങ്കിൽ പ്രശ്നമില്ല. എന്നിരുന്നാലും മാതാക്കൾക്ക് എല്ലാ ദിവസവും ആഘോഷ ദിനമാക്കാനാണ് നാം നോക്കേണ്ടത്. അതിലൂടെ അവർ തൃപ്തയാവുകയും, ഇത് അവരോടുള്ള അവകാശ പൂർത്തീകരണവും, സ്നേഹ ഗുണ ഗണങ്ങൾ നിലനിൽക്കാൻ നിദാനമാവുകയും ചെയ്യും.
ഇത്തരം ആഘോഷങ്ങളെ നിരസിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ. മാത്രമല്ല ഇത് പാശ്ചാത്യ സമൂഹത്തോട് സാദൃശ്യമാകുമെന്ന ഭയത്താലും, അവരുടെ പരമ്പരാഗത ആഘോഷങ്ങളിൽ മുസ്ലിംകൾ കൈകടത്തി നിഷിദ്ധമാകുന്നതിനെയും കണ്ട് കൊണ്ട് അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ദിനം വന്നുപോ
കാറുണ്ടെങ്കിലും വേണ്ട വിധം ശ്രദ്ധ കൊടുത്തിരുന്നില്ല. എന്റെ വിവാഹ ശേഷം ഒരിക്കൽ കുടുംബത്തോടെയായിരുന്ന നേരം ഈ ദിവസം വരികയും ഇതിൽ ആഘോഷിക്കുന്നത്തിന്റെ വിധിയെ കുറിച്ച് ഡോക്ടർ മുഹമ്മദ് സഈദ് റമളാൻ ബൂത്തി (റ) എന്നിവരോട് ഞാൻ ചോദിക്കുകയുണ്ടായി. അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്: ” നാസാറാക്കാൾ ഞായറാഴ്ച്ച ദിവസം അവരുടെ ചർച്ചകളിൽ പ്രാർത്ഥന നടത്തുന്നു എന്ന് വെച്ച് നാം ഈ ദിവസം നിസ്ക്കാരം ഒഴിവാക്കുമോ..? ഇല്ല നാം ഈ ദിവസവും മറ്റു ദിനങ്ങളിലും നിസ്ക്കരിക്കുകയും,പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ മാതൃത്വത്തെ ഇഷ്ടം വെക്കുന്ന ദിനങ്ങളെ ഇസ്ലാം എതിർക്കുന്നില്ല. നിനക്ക് സാധ്യമെങ്കിൽ നിന്റെ ഉമ്മയെയും, ഭാര്യയുടെ ഉമ്മയെയും അവരുടെ സവിധത്തിൽ ചെന്ന് ബഹുമാനിക്കുകയും, സന്തോഷിപ്പിക്കുകയും ചെയ്യാം. എന്നാൽ ഈ ദിനം നബി ചര്യയായി ഒരിക്കലും കാണരുത്. ഇത് മാതാവിനെ ബഹുമാനിക്കലാണ്. മാതാപിതാക്കളെ ബഹുമാനിക്കൽ നിർബന്ധവുമാണ്. അതിന് പ്രത്യേക ദിവസം നോക്കാതെ തന്നെ അവരുടെ പ്രീതിയും, അനുഗ്രഹവും സമ്പാദിക്കണം നാം”.
ഇപ്രകാരമാണ് അല്ലാഹുവും,അവന്റെ പ്രവാചകരും നമുക്ക് നൽകിയ പാഠങ്ങൾ. ഈ പാഠങ്ങൾ നാം നിറവേറ്റുമ്പോഴാണ് നാം വിശ്വാസ്യത പൂർത്തിയാക്കിയവരായും, പ്രവാചക സന്ദേശം മാലോകർക്ക് പകർന്നതായും, അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ യുദ്ധം നടത്തിയവരായും അറിയപ്പെടുക. അല്ലാഹു അവന്റെ പൊറുക്കൽ കൊണ്ടും, ഔദാര്യം കൊണ്ടും നമ്മെ മുഴുവൻ മഹ്ശറിൽ ഒരുമിച്ചു കൂട്ടുന്നവനായേക്കാം. പിന്നീട് അവന്റെ ഈ സ്നേഹം നമ്മിൽ നിക്ഷേപിച്ചുകൊണ്ട് നമ്മെ സന്തോഷിപ്പിച്ചേക്കാം. അല്ലാഹു ഉത്തരവാദിത്വങ്ങളിൽ മഹത്വവാനാണ്.