സൂഫിസം: തീരാത്ത ആത്മീയ ദാഹം

നിഫ്‌ല ബീവി ലക്ഷദ്വീപ്

‘സൂഫിസം’ വാര്‍ത്തമാനലോകം അനേകം ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കിയ വിഷയം. യഥാര്‍ത്ഥത്തില്‍ എന്താണ് സൂഫിസം? എവിടനിന്നാണ് സൂഫിസം എന്ന ആശയത്തിന്റെ ഉത്ഭവം? പരിശുദ്ധ ഇസ്ലാമിന്റെ സത്തയും ആദര്‍ശങ്ങളും നിത്യ ജീവിതത്തിന്റെ ഭാഗമാക്കി അവന്റെ ഇലാഹിലേക്കടുത്ത് ആത്മീയ ദാഹത്തിന് ശമനം കണ്ടെത്തുന്നവനാണ് സൂഫികള്‍.

അന്ത്യപ്രവാചകന്‍ തിരു നബി (സ) ഹിറാ ഗുഹയില്‍നിന്ന് ഏറ്റുവാങ്ങിയ ആത്മധ്യാനത്തില്‍ നിന്ന് പകര്‍ന്നുനല്‍കിയ ദിവ്യപ്രകാശത്തിന്റെ പ്രഭ അവന്റെ ആത്മാവിലെക്ക് ആവാഹിച്ചവരാണ് സൂഫികള്‍. സൂഫിചിന്തകള്‍ ഇസ്‌ലാമില്‍ ആകസ്മികമായി ഉടലെടുത്ത പുതിയദര്‍ശനം അല്ല. അത് തൗഹീദിന്റെ യഥാര്‍ത്ഥ രൂപമാണ്. പ്രവാചകര്‍ ഉള്‍പ്പെടുന്ന ഇസ്‌ലാമിക വഴിത്താരകളിലൂടെ മുന്‍കടന്നു പോയവരുടെ ആത്മീയമായ രാജപതായാണത്. മനസിന് പിടിപെട്ടിരിക്കുന്ന സകല മാലിന്യങ്ങളും ശുദ്ധീകരിച്ച് ചിന്തയുടെ ഉല്‍കൃഷ്ടതയാണത് ലക്ഷ്യമാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സൂഫി നമ്മുടെ നബി മുഹമ്മദ് (സ) തന്നെയാണ്. ആ തിരുദൂതരുടെ അനുചരന്മാരിലും പില്‍ക്കാല ജനതയിലും സൂഫി വ്യക്തിത്വം നിറഞ്ഞുനിന്നവര്‍ ധാരാളമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ കാലത്ത് സൂഫിസത്തെ ഒരു പ്രത്യേക വിഭാഗമായി വേര്‍തിരിക്കപ്പെട്ടിരുന്നില്ല. നിരന്തരമായ ആരാധനയിലും ഇലഹീസ്മരണയിലും അവര്‍ ജീവിച്ചു. ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങളോടുള്ള താല്‍പര്യങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലും അതിനെ പരിത്യജിക്കലും ആയിരുന്നു അവരുടെ ജീവിതരീതി. എന്നാല്‍ രണ്ടാം നൂറ്റാണ്ടിനും അതിനുശേഷവും ഭൗതികതയോടുള്ള ആഭിമുഖ്യം വര്‍ധിക്കുകയും ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹം വളര്‍ന്നു വരികയും ചെയ്തു. അതോടുകൂടി സമൂഹത്തിലെ ആരാധനനിരധരായ സാത്വിക വിഭാഗത്തെ സൂഫികള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ഏത് കാലഘട്ടത്തില്‍ ജീവിച്ച സൂഫിക്കും പ്രവാചകന്‍ റസൂല്‍ (സ) വരെ എത്തുന്ന സൂഫി ഗുരുക്കന്മാരുടെ ഒരു സില്‍സില ഉണ്ടായിരിക്കും. പ്രവാചകനില്‍ നിന്നും ഒരു ശിഷ്യന്‍ ബൈഅത് ചെയ്തു സ്വീകരിച്ച മാര്‍ഗത്തിന്റെ തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തില്‍ സൂഫിസം.

സ്‌നേഹമാണ് സൂഫിസത്തിന്റെ അടിസ്ഥാന ദര്‍ശനം. ദിവ്യ പ്രണയത്തില്‍ നിന്ന് ആവാഹിച്ചെടുത്ത സ്‌നേഹദര്‍ശനമാണ് എക്കാലത്തെയും സൂഫികളെ മുന്നോട്ട് നയിച്ചത്. സൂഫിസം എന്ന ചിന്താധാര വാര്‍ത്തമാനകാലത്തില്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയം മൗലാനാ റൂം എന്ന് പ്രസിദ്ധനായ മുഹമ്മദ് ജലാലുദ്ധീന്‍ റൂമി (റ) ആണ്. പേര്‍ഷ്യന്‍ ദാര്‍ശനിക കവിയാണദ്ദേഹം. തന്റെ ആറുപതിറ്റാണ്ടു കാലത്തെ ജീവിതത്തിനിടയില്‍ അവന്റെ സൃഷ്ടാവിനോടുള്ള ഇഷ്‌കിനെ നിര്‍വചിക്കാനും ജനങ്ങളെ ദൈവാനുരാഗത്തിന്റെ അതിതീവ്രതയിലേക്ക് വഴി നടത്താനും അദ്ദേഹത്തിന് സാധിച്ചു. ശംസുതബ്രീസി എന്ന ഗുരുവിന്റെ ശിക്ഷണത്തില്‍ തന്റെ ആത്മീയ പടവുകള്‍ ഓരോന്നായി കയറി. റൂമിയുടെ കവിതകള്‍ ജനമനസുകളെ കീഴടക്കി. ഇലാഹീ സ്‌നേഹം പ്രണയമായും വിരഹമായും കവിതയുടെ ഈരടികളിലൂടെ പ്രകടിപ്പിച്ചു. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ എക്കാലവും വേറിട്ടു നില്‍ക്കുന്ന കൃതിയാണ് റൂമി രചിച്ച ഇരുപത്തി എണ്ണായിരത്തോളം വരികള്‍ ഉള്‍കൊള്ളുന്ന ‘മസ്‌നവി’. ഇരുപതാം നൂറ്റാണ്ടില്‍ ആഗോള മുസ്‌ലിമുകള്‍ക്കിടയിലുണ്ടായ ഭൗതിക അതിപ്രസരവും ശാസ്ത്രത്തിന്റെ കടന്നുകയറ്റവും സംശയത്തിന്റെ വിത്തുകള്‍ പാകിയപ്പോള്‍ തിരമാലകണക്കിന് ഉദിച്ചുയരുന്ന ഭൗതികതയെ തടഞ്ഞു നിര്‍ത്താന്‍ മസ്‌നവിക്ക് കഴിഞ്ഞു. അദ്ദേഹം വിളിച്ചു പറഞ്ഞു:’ഭൗതിക ലോകം ഭൗതികവാദികളുടേതാണ് ഞാന്‍ അപാരമായപ്രണയ സാമ്രാജ്യത്തില്‍ കേവലമൊരു അടിമ’ എണ്ണൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഇന്ന് സാഹിത്യ വര്‍ണ്ണനകളിലും കാല്‍പനികതയിലും എല്ലാം റൂമിയാണ് ചര്‍ച്ചാവിഷയം, റൂമിയുടെ തൂലികയില്‍ പിറന്ന പ്രണയവരികളാണ്, എന്തിനേറെ പറയുന്നു സിനിമകളിലില്‍വരെ സൂഫികളും സൂഫി വചനത്തിന്റെ പ്രണയ മാധുര്യങ്ങളും പ്രസിദ്ധമാണ്. ഇവിടെയാണ് നാം ചിന്തിക്കേണ്ടത് സിനിമകള്‍ ആത്മീയതക്കു വേണ്ടി ഉള്ളതല്ല ഭൗതികതക്കുവേണ്ടിയുള്ളതാണ്. കാമുകന്‍ കാമുകിയുടെ വാതില്‍ക്കല്‍ മുട്ടുന്ന കഥ ജലാലുദ്ദീന്‍ റൂമി പറഞ്ഞിട്ടുണ്ട്. വാതില്‍ തുറക്കാത്ത കാമുകിയോട് ഒടുവില്‍ നീ തന്നെയാണ് കാമുകി എന്ന് പറഞ്ഞപ്പോഴാണ് ആ കവാടം തുറക്കപ്പെട്ടത്. കാരണം സമ്പൂര്‍ണ പ്രണയത്തിന്റെ കാവടത്തിനകത്തു രണ്ടുപേര്‍ക്കിടമില്ലെന്ന സത്യം ബോധ്യപ്പെടുത്തുകയാണ് ഇതില്‍ റൂമി. അല്ലാതെ നീളന്‍ പൈജമായും അണിഞ്ഞു നീളന്‍ തൊപ്പിയും ധരിച്ചു തസ്ബീഹ് മാലയും മറിച്ചു പമ്പരംപോലെ കറങ്ങി അങ്ങേയറ്റത്തെ പ്രണയംമൂത്ത് അന്യസ്ത്രീയെ കെട്ടിപ്പിടിച്ച് സുബ്ഹാനള്ളാഹ് മൊഴിഞ്ഞു നെടുവീര്‍പ്പിടുന്നവനല്ല സൂഫി. സൂഫിസം കേവലം നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടിയുള്ള പ്രണയമല്ല. അത് ഹൃദയത്തിന്റ സംഗീതവും ആത്മാവിന്റെ ശുദ്ധീകരണവുമാണ്. പ്രണയ ഭാജനത്തിന്റെ ശബ്ദമല്ലാതെ അവര്‍ കേള്‍ക്കില്ല. ആ വദനമല്ലാതെ മറ്റൊന്നും കാണുകയുമില്ല. ആ നാമമല്ലാതെ മറ്റൊന്നും മൊഴിയുകയുമില്ല. അവന്റെ റബ്ബിനോടുള്ള പ്രണയമല്ലാതെ മറ്റൊന്നും ആ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല.