ഭാഷയുടെ വാതിൽ അടക്കൂ പ്രണയത്തിൻ ജനാലകൾ തുറക്കൂ

-മുഹ്‌സിന ആലപ്പുഴ

സങ്കല്പങ്ങൾക്ക് അതീതമായി നശ്വരത യിൽ നിന്നും അനശ്വരതയിലേക്ക് ഒഴുകുന്ന മഹാ പ്രവാഹത്തിന്റെ ഒരു നദി പോലെയാണ് സൂഫിസം. സൂഫിസത്തെ പഠിക്കാൻ ആഗ്രഹിക്കുന്നത് അന്ധൻ പുല്മേടുകളെയോ ജലപ്രവാഹത്തെ യോ തൊട്ടറിയാൻ ശ്രമിക്കുന്നതുപോലെ ആണെന്നുള്ള ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി (റ) ന്റെ വാക്കുകൾ ശ്രദ്ധേയമാണ്. സൂഫിസത്തെ യും സൂഫികളെ യും വാക്കുകളിലൂടെയും കാഴ്ചകളിലൂടെയും മനസ്സിലാക്കാൻ നമ്മെപ്പോലുള്ള സാധാരണ ജനങ്ങൾക്ക് ഒരിക്കലും സാധ്യമല്ല. അങ്ങനെയുള്ള അസാധ്യമായ ഒരു കാര്യത്തിന് വേണ്ടി ശ്രമിച്ചവരൊക്കെയും ചെന്നെത്തുന്നത് തെറ്റിദ്ധാരണ യിലേക്കാണ്. എങ്കിലും അവരിലേക്ക് നമ്മെ നയിക്കുന്നതിന് സഹായകമായ ചിലത് നമുക്കു മുൻപേ മൺമറഞ്ഞുപോയ മഹത്തുക്കൾ നമ്മിലേക്ക് പകർന്നു തന്നിട്ടുമുണ്ട്. സമ്പൂർണമായ വിശുദ്ധീകരണ ത്തിലൂടെ മിഥ്യ കളെ നശിപ്പിച്ചു പരിപൂർണ്ണ തൗഹീദിലൂടെ ഹൃദയത്തെ അല്ലാഹുവിന്റെ ഇരിപ്പിടമായ പരിശുദ്ധ സ്ഥാനം ആക്കി മാറ്റലാണ് സൂഫിസം. സൂഫിസം എന്ന് കേൾക്കുമ്പോൾ മനുഷ്യ ഹൃദയങ്ങളിലേക്ക് റൂമിയും അദ്ദേഹത്തിന്റെ മതിവരാത്ത ഇലാഹി അനുരാഗവും വന്നെത്തു ന്നു. വിശ്വപ്രസിദ്ധ സൂഫി യും ഇലാഹി അനുരാഗത്തിന്റെ അപൂർവ്വ ജ്ഞാനികളിൽ ഒരാളുമാണ് മൗലാനാ ജലാലുദ്ദീൻ മുഹമ്മദ് റൂമി(റ) (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയും ആയിരുന്നു അദ്ദേഹം. ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിതത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു.
റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്. റൂമിയുടെ ലോകം വിശ്വ സ്നേഹത്തിലും ദൈവത്തിൻറെ അനന്യത യിലും ഊന്നിയ താണ് .സൂഫി പണ്ഡിതനായിരുന്നു പിതാവ്.അബൂബക്കർ സിദ്ധീഖ്(റ) വിന്റെ പിൻതലമുറയിൽ പെട്ടതാണ് റൂമി എന്ന ചില ചരിത്രങ്ങളിൽ കാണാമെങ്കിലും ആധുനിക ചരിത്രകാരന്മാർ ഇത് അംഗീകരിക്കുന്നില്ല.1215- നും 1220- നും ഇടയിൽ മംഗോളിയൻ പടയോട്ടത്തെ തുടർന്ന് പിതാവിനൊപ്പം ബൽഖ് വിട്ടു.
ഈ അവസരത്തിലാണ് ഖത്തർ എന്ന വിഖ്യാത സൂഫി കവിയെ നിഷാ പൂർ പട്ടണത്തിൽ വെച്ച് റൂമി കണ്ടുമുട്ടുന്നതും സൂഫി പാതയിൽ ആകൃഷ്ടൻ ആവുന്നതും. ഈ കൂടിക്കാഴ്ചയായിരുന്നു റൂമിയുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവ്. മക്കയിലേക്കുള്ള തീർത്ഥയാത്രയ്ക്കു ശേഷം 1228- ൽ ഈ കുടുംബം കോന്യയിൽ താമസമുറപ്പിച്ചു.1238- ൽ തൻറെ പിതാവിൻറെ മരണശേഷം, അലെപ്പോയിലും ദ ദമസ്കസിലുമായി ജലാലുദ്ദീൻ പഠനം നടത്തി. 1840 – ൽ കോന്യയിൽ തിരിച്ചെത്തി നാല് വർഷങ്ങൾക്കു ശേഷം അദ്ദേഹം പ്രശസ്തനായ സൂഫി, മുഹമ്മദ് ഷംസ് തബ്രീസിയുടെ ശിക്ഷണത്തിൽ ആയി. 1247- ൽ തബ്രീസി കൊലചെയ്യപ്പെട്ടു. ഇതിൽ സന്തപ്ത നായ റൂമി, കൗതുക ലോകത്തോട് വിടപറഞ്ഞ് ധ്യാനത്തിൽ മുഴുകി. ഈ ധ്യാന കാലത്താണ് അദ്ദേഹത്തിൻറെ മഹത് രചനയായ മസ്നവി എ മഅനവി രചിക്കപ്പെട്ടത്.
സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും എല്ലാ രൂപങ്ങളെയും അവയുടെ ഉറവിടം നോക്കാതെ പിന്തുടരാനും സ്നേഹമുള്ളവരും പരസ്പര ബഹുമാനം ഉള്ളവരും ദാനശീലരും ആയിരിക്കുന്നതിനും അദ്ദേഹം തൻറെ ശിഷ്യരെ പഠിപ്പിച്ചു.
റൂമിയുടെ ചിന്തകൾ തികഞ്ഞ മത വിദ്വേഷി യായിരുന്ന തുർക്കി പ്രസിഡൻറ്, കമാൽ അത്താതുർക്കിനെ വരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ മൗലവി ദൈവ വീക്ഷണം, പരമ്പരാഗത അറബി ദൈവ വിശ്വാസത്തിന്റെ മൗലിക ചട്ടക്കൂട്ടിൽ നിന്നും അയഞ്ഞതും തുർക്കി കൾക്ക് ചേർന്നതും ആണെന്നതും ആയിരുന്നു. എന്നിരുന്നാലും 1925- ൽ മൗലവി കളുടേതടക്കമുള്ള സൂഫി ആശ്രമങ്ങൾ അടച്ചുപൂട്ടാൻ കമാൽ മടിച്ചില്ല. പിന്നീട് 1957-ലാണ് ചരിത്രപാരമ്പര്യം നിലനിർത്താൻ ഒരു സാംസ്കാരിക സംഘടനയായി പ്രവർത്തിക്കാൻ മൗലവി കൾക്ക് സർക്കാർ അനുവാദം നൽകിയത്.
പ്രണയത്തിൻറെ നിത്യ ഗാഥകൾ പാടിയ സന്യാസിയായിരുന്നു ജലാലുദ്ദീൻ റൂമി. എന്നാൽ ആ പ്രണയം ഭൗതികത യോട് അല്ല എന്നുമാത്രം. ദുനിയാവിൻറെ ലൗകികതയിൽ സ്വയം മറന്ന് പ്രണയിച്ചവൻ അല്ല റൂമി. അദ്ദേഹത്തിൻറെ പ്രണയം ഒരു വ്യക്തിയോടോ ശക്തിയോടെ അല്ല മറിച്ച് ഇലാഹിൻറെ ഹക്കിനോടാണ്.
” ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതൽ
ഞാൻ നിനക്കായുള്ള
തിരച്ചിൽ തുടങ്ങി.
എനിക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്
പ്രണയികൾ ഒടുവിൽ
പരസ്പരം കണ്ടുമുട്ടുകയല്ല
അവർ എന്നേ ഒന്നായലിഞ്ഞവർ.”
ഈ വരികളിൽ ഒഴുകിയെത്തുന്ന പ്രണയം സൂഫിക്ക് സുജാത യോടുള്ള തല്ല മറിച്ച് ഏക ഇലാഹി നോടുള്ള റൂമിയുടെ അടങ്ങാത്ത വികാരമാണ്. ഈ വരികളിൽ തുടങ്ങിയ അന്വേഷണം സൂഫിസത്തിലേക്കും റൂമി എന്ന സന്യാസി യിലേക്കും ഒഴുകിയെത്തുമ്പോൾ അതുവരെ അജ്ഞാതമായിരുന്ന ഒരു ലോകത്തിൻറെ നേർത്ത മുഴക്കം കേൾക്കാം. റൂമി, അദ്ദേഹം ജീവിച്ചതും മരിച്ചതും ലോകമറിയുന്ന ഇനിയും അറിയാൻ ഇരിക്കുന്ന ഒരു കവി എന്ന നിലക്കാണ്. കവിത എഴുതുക എന്നത് മാത്രമല്ല കവി എന്നതിൻറെ ആഖ്യാനം മറിച്ച് കവിതയിൽ ധ്യാനത്തിൽ ആവുകയും അക്ഷരങ്ങളോട് പ്രണയം പ്രഖ്യാപിക്കുകയും ചെയ്യുക അതിൽ തന്നെ സ്വയം തടവിലാക്കപ്പെടുക മറ്റൊന്നിനോടും ഉള്ള തടവ് റൂമി ആഗ്രഹിച്ചിരുന്നില്ലെങ്കിലും എല്ലാത്തിൽനിന്നും മോചനം തേടിയ അദ്ദേഹം അക്ഷരങ്ങളിൽ സ്വയം സമർപ്പിക്കപ്പെട്ടിരുന്നു. റൂമിക്ക് മുൻപും പിൻപും സൂഫിസം വ്യാപിക്കപ്പെട്ടെങ്കിലും സൂഫിസം റൂമിയുടെ ചുറ്റും തന്നെ സാഹിത്യവുമായി ഇഴപിരിഞ്ഞു കിടക്കുന്നു.
എന്നിരുന്നാലും സൂഫിസത്തെ ചരിത്രത്തെ ദാർശനികമായി തന്നെ വിലയിരുത്തേണ്ടതുണ്ട്.