മുഹ്സിന് ശംനാദ് പാലാഴി
‘ഒന്നായലിഞ്ഞവര്‍ ആദ്യമായി ഒരു പ്രണയകഥ കേട്ട നിമിഷം മുതല്‍ ഞാന്‍ നിനക്കായുള്ള തിരച്ചില്‍ തുടങ്ങി. എനിയ്ക്കറിയില്ലായിരുന്നു എത്ര അന്ധമാണതെന്ന്! പ്രണയിനികള്‍ പരസ്പ്പരം കണ്ടുമുട്ടണമെന്നില്ല. എന്തെന്നാല്‍ അവര്‍ എന്നേ ഒന്നായി അലീഞ്ഞവര് തന്നെ’റൂമി
കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടും കാതങ്ങള്‍ക്കിപ്പുറവും ദിവ്യാനുരാഗതിന്റെ കാവ്യ ലഹരിയില്‍ ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ആത്മീയ ലോകത്തെ ‘ മൗലവി’യായി ജലാലുദ്ദീന്‍ റൂമി ഇപ്പോഴും ജീവിക്കുന്നു. 13ാം നൂറ്റാണ്ടില്‍ ഖുന്യായിലിരുന്ന് പേര്‍ഷ്യനില്‍ രചിക്കപ്പെട്ട റൂമിയുടെ അധ്യാത്മിക കവിതകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജന ഹൃദയങ്ങളെ കുളിരണിയിപ്പിച്ച് കൊണ്ടിരിക്കുന്നു. മസ്നവി, ഫീഹി മാഫീഹി, ദിവാനെ ശംസ് തുടങ്ങിയ റൂമിയുടെ രചനകള്‍ ജനപ്രിയ വായനകളില്‍ നിറഞ്ഞ് നില്ക്കുന്നു. ആത്മീയ ലഹരിയില്‍ ഉന്മാദനയപ്പോള് റൂമിയുടെ അധരങ്ങളില്‍ നിന്ന് അണപൊട്ടിയ വാക്കുകള്‍ ജനങ്ങള്‍ക്ക് അകക്കാഴ്ച്ചയുടെ തെളിമായാര്‍ന്ന നേരൊഴുക്കായി അനുഭവപ്പെടുകയായിരുന്നു.
പുതിയ കാലത്ത് റൂമിയേയും അദ്ദേഹത്തിന്റെ കവിതകളെയും ഏറെ തെറ്റായ രീതിയില്‍ വായിക്കപ്പെടുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. കേവല പ്രണയിതാക്കളുടെ കവിയായും കമിതാക്കളുടെ കവിതകളായും റൂമിയെയും റൂമികവിതകളെയും ആഘോഷിക്കപ്പെടുന്നു. അത് കൊണ്ട് ജലാലുദ്ധീന്‍ റൂമിയെയും അദ്ദേഹത്തിന്റെ കവിതകളെയും പുനര്‍വായനക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജീവിത വഴിയും ആത്മീയ ലോകവും
ക്രിസ്താബ്ദം 1207 സെപ്തംപര്‍ 30ന് പേര്‍ഷ്യയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ ബല്‍ഖിലെ ഒരു പണ്ഡിത കുടുംബത്തിലാണ് റൂമി ജനിക്കുന്നത്. പിതാവ് ബഹാഉദ്ദീന്‍ വിഖ്യാത പണ്ഡിതനും സൂഫിയുമായിരുന്നു. തന്റെ അഞ്ചാമത്തെ വയസില്‍ റൂമിയുടെ കുടുംബം ബാഗ്ദാദിലേക്ക് പോവുകയും ശേഷം 1228ന് അന്നത്തെ സുല്‍ത്താന്‍ ഖയ്കൂബാദിന്റെ ക്ഷണ പ്രകാരം തുര്‍ക്കിയിലെ അനത്തോലിയയുടെ ഭാഗമായ കൊനിയയിലേക്ക് താമസം മാറുകയും ചെയ്തു. തുര്‍ക്കി ഇസ്ലാമിക ചരിത്രത്തില്‍ കിഴക്കന്‍ റോമായി അറിയപ്പെടുന്നതിനാലാണ് ജലാലുദ്ദീന്‍ റൂമി എന്ന പേരില്‍ റൂമി വിളിക്കപ്പെടുന്നത്.തന്റെ 38 ാ0 വയസിലാണ് തന്റെ ജീവിതത്തെ ദിവ്യ സാഗരത്തിലേക്ക് ദിശ മാറ്റി ഒഴുക്കിയ മഹാനായ ശൈഖ് ശംസ് തബ് രീസുമായുള്ള റൂമിയുടെ പ്രഥമ സമാഗമം നടന്നത്. അതിനെ കുറിച്ച് പല കഥകളും പറയപ്പെടാറുണ്ട്.ഒരിക്കല്‍ റൂമി ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോള്‍ വഴിയാത്രകനെ പോലെ ശംസ് തബ്രീസ് കടന്ന് വരുകയും ഗ്രന്ഥങ്ങളെ ചൂണ്ടിക്കാണിച്ച് എന്താണ് ഇവയിലൊക്കെയുള്ളത് എന്ന് ചോദിക്കുകയും ചെയ്തു. അതൊന്നും നിങ്ങള്‍ക്ക് മനസിലാവില്ലെന്ന് റൂമി മറുപടി പറയുകയും തല്‍ക്ഷണം ശംസ് തബ്രീസ് പ്രസ്തുത ഗ്രന്ഥങ്ങളെല്ലാം അടുത്തുള്ള കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് കണ്ട് റൂമിയുടെ മുഖം ചുവന്ന് തുടുക്കുകയും ശേഷം തബ്രീസ് കുളത്തില്‍ മുങ്ങി ഗ്രന്ഥങ്ങളെല്ലാം പുറത്തെടുക്കുകയും ചെയ്തു. ഗ്രന്ഥങ്ങള്‍ക്ക് ഒരു നനവ് പോലും ഉണ്ടായിരുന്നില്ല. ഇത് കണ്ട് ആശ്ചര്യത്തോടെ റൂമി ചോദിച്ചു. എന്താണ് ഈ അത്ഭുതത്തിന് പിന്നില്‍. ശംസ് തബ്രീസ് പ്രതിവചിച്ചു. അത് നിങ്ങള്‍ക്ക് മനസ്സിലാവില്ല. അദ്ധ്യാത്മിക ലോകത്തേക്ക് റൂമിയെ വഴി നടത്തിയ ആത്മീയ ഗുരുവായിരുന്നു ശംസ് തബ്രീസ്. ശംസ് തബ്രീസിന്റെ വിയോഗം റൂമിയെ അതീവ ദുഃഖിതനാക്കി. അങ്ങനെ പതിയെ ദിവ്യാനുരാഗത്തിന്റെ കാവ്യ ലോകത്തേക്ക് റൂമി കടന്നു വന്നു.
ദിവ്യാനുരാഗത്തിന്റെ ഈരടികള്‍
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന പുസ്തകങ്ങളോടാണ് വായനക്കാര്‍ക്കെന്നും പ്രിയം. മിസ്റ്റിക്ക് ഗ്രന്ഥങ്ങളെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട മിസ്റ്റിക്ക് ഗ്രന്ഥങ്ങള്‍ ഇന്നും ഏറെ വായിക്കപ്പെടുന്നത് അത് കൊണ്ടാണ്. റൂമി, ഖലീല്‍ ജിബ്രാന്, ഇബ്നു അറബി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ വായനക്കാരുടെ ഇഷ്ട വിഭവങ്ങളായി മാറിയതിന് പിന്നിലെ രഹസ്യവും അതുതന്നെ. എന്നാല്‍ ജലാലുദ്ദീന്‍ റൂമിയുടെ രചനകള്‍ ഈ ഗണത്തില്‍ മുന്‍പന്തിയിയില്‍ നില്ക്കുന്നതായി കാണാം.ശംസ് തബ്രീസ് എന്ന ആത്മീയ ഗുരുവാണ് റൂമിയുടെ ഹൃത്തടത്തില്‍ ഒളിഞ്ഞിരുന്ന കാവ്യ മനസ്സിനെ വിളിച്ചുണര്‍ത്തിയത് എന്ന് പറയപ്പെടുന്നു. ശംസ് തബ്രിസിയുടെ വേദനജനകമായ തിരോധാനമായിരുന്നു ജലാലുദ്ദീന്‍ റൂമിയെ നാല്പതിനായിരം കാവ്യശകലങ്ങളുള്ള ദിവാനെ ശംസ് തബ്രീസ് എന്ന ആത്മീയാനന്ദം മുറ്റി നില്ക്കുന്ന കവിതാ സമാഹാരത്തിലേക്ക് വഴി നടത്തിയത്.
റൂമിയുടെ മാസ്റ്റര്‍ പീസായി പലരും വിശേഷിപ്പിക്കാറുള്ളത് മസ്നവിയെയാണ്. 24660 ഈരടികളിലായി ഏഴ് വാല്യങ്ങളായി പരന്നു കിടക്കുന്ന മസ്നവി അനുവാചകരെ ആത്മീയ ഉന്മാദത്തിലാഴ്ത്തുന്നു. ദൈവ സ്നേഹത്തെ മുഖ്യ പ്രമേയമാക്കി മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും ദൈവ സാമീപ്യത്തിലേക്കും വായനക്കാരനെ മസ്നവി കൂട്ടികൊണ്ട് പോകുന്നു. ജലാലുദ്ദീന്‍ റൂമിയുടെ പ്രസിദ്ധമായ ഗദ്യ കൃതിയാണ് ഫീഹി മാഫീഹി. അതിലുള്ളത്അതിലുണ്ട്/ അവനിലുള്ളത് അവനിലുണ്ട് എന്നതാണ് ഇതിന്റെ വാക്കര്‍ത്ഥം. ജലാലുദ്ദീന്‍ റൂമിയുടെ പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ ശിഷ്യന്മാര് എഴുതി ക്രോഡീകരിച്ചതിന്റെ ഗ്രന്ഥാവിഷ്ക്കാരമാണ് ഇത്. ആത്മീയ ജ്ഞാനത്തിലേക്ക് വായനക്കാരന് വെളിച്ചം വീശുന്നതാണ് ഇതിലെ ഒരോ വാക്കുകളും. ഉപമകളും കഥകളും ദര്‍ശനങ്ങളും കടന്ന് വരുന്ന റൂമിയുടെ ഭാഷണങ്ങള്‍ ആത്മീയാനന്ദത്തിന്റെ തെളിനീരായി ജനഹൃദയങ്ങളിലേക്ക് വേഗം ആഴ്ന്നിറങ്ങുന്നതാണ്.
ശംസ് തബ്രീസില്‍ നിന്നും ലഭിച്ച ആത്മീയ വെളിച്ചം കെട്ടു പോവാതെ തന്റെ ശിഷ്യന്മാര്ക്ക് റൂമി വഴികാട്ടി. കാവ്യ നൗകയില്‍ കയറ്റി ആത്മീയ ലോകത്തെ യഥാര്‍ത്ഥ ഉണ്മയിലേക്ക് ജലാലുദ്ദീന്‍ റൂമി അവരെ തുഴഞ്ഞു. ആ യാത്രയില്‍ ഉറവപൊട്ടിയ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന റൂമിയുടെ കവിതകള്‍ നിരവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇന്നും വിധേയമായിക്കൊണ്ടിരിക്കുന്നു.
റൂമിയെ റൂമിയല്ലാതെ വായിക്കുമ്പോള്‍
പാശ്ചാത്യ ലോകത്ത് പോലും ഏറെ സ്വാധീനിക്കപ്പെട്ട വ്യക്തിയായി ജലാലുദ്ദീന്‍ റൂമി മാറി കഴിഞ്ഞു. റൂമിയുടെ കവിതകള്‍ക്ക് അവിടെ ലഭിക്കുന്ന പ്രചാരം ചെറുതല്ലാത്തതാണ്.റൂമിയുടെ മസ്നവി അടക്കമുള്ള രചനകള്‍ മില്യണ്‍ കണക്കിന് കോപ്പികള്‍ വിറ്റ് പോകുന്നത് ഇതിന്റെ തെളിവാണ്. 2007ല്‍ അമേരിക്കയിലെ ഏറ്റവും ജനപ്രിയ കവിയായി തിരഞ്ഞെടുത്തത് റൂമിയെയായിരുന്നു. ആര്.എ നിക്കോള്‍സണ്‍, എ.ജെ ആര്‍ബറി, ആന്മേരി ശിമ്മേല് തുടങ്ങിയ പ്രശസ്തരായ വിവര്‍ത്തകരാണ് റൂമിയെ ഇരുപതാം നൂറ്റാണ്ടില്‍ ജനപ്രിയമാക്കിയത്.എങ്കിലും പടിഞ്ഞാറില്‍ സുലഭമായ റൂമി വിവര്‍ത്തനങ്ങള്‍ അദ്ദേഹം ഒരു മുസ്ലിമായിരുന്നു എന്ന കാര്യവും കൃതികളിലെ ആത്മീയസാരവും മനപ്പൂര്‍വം മറച്ച് വെക്കുന്നു. അമേരിക്കയിലെ വിവാഹച്ചടങ്ങുകളില്‍ കേവല ആസ്വദനത്തിന് ആലപിക്കുന്ന കവിതകളായി റൂമിയുടെ കവിതകള്‍ മാറിയതും പോപ് ഗായകര്‍ സ്വന്തം മക്കള്‍ക്ക് റൂമി എന്ന് പേരിട്ട് റൂമിയെ ആഘോഷിക്കുന്നതുമെല്ലാം ഇതിന്റെ മകുടോദാഹരണങ്ങളാണ്.ഇത് കാരണം തെറ്റായ വായനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും റൂമി വിധേയമാകുന്നു.റൂമിയുടെ ജീവിതവും അദ്ദേഹത്തിന്റെ കവിതകളും രചനകളുമൊക്കെ പാശ്ചാത്യ മൂല്ല്യബോധനങ്ങളുടെ കണ്ണിലൂടെയാണ്ഭൂരിപക്ഷം അക്കാദമിക പഠനങ്ങള്‍ പോലും വീക്ഷിക്കുന്നത്. പലപ്പോഴും റൂമിയുടെ കവിതകളിലൊളിഞ്ഞ് കിടക്കുന്ന അധ്യാത്മിക ദര്‍ശനങ്ങളെ കാണാതെ പോകുന്നത് അത്കൊണ്ടാണ്.
മൗലാന ജലാലുദ്ദീന്‍ റൂമിയുടെ കാവ്യാവിഷ്കാരങ്ങളുടെയും ദാര്ശനികതയുടെയും പ്രചോദനം വിശുദ്ധ ഖുര്‍ആനാണെന്നത് മുഖ്യധാരയില്‍ പറയപ്പെടാതെയും അറിയപ്പെടാതെയും പോകുന്നു. അത് കൊണ്ട് റൂമിയെ ജലാലുദ്ദീന്‍ മുഹമ്മദ് റൂമിയായും അദ്ദേഹത്തിന്റെ കവിതകളെ അമൂര്‍ത്തമായ ദിവ്യാനുരാഗത്തിന്റെ ഉറവകളായും മുഖ്യധാരയില്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.