– അലി
ലോക നവീകരണത്തിന്റെ പുതിയ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ .പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം ഡി.സി പബ്ലിക്കേഷൻസ് പുറത്തിറക്കുന്നത്.
അദ്ദേഹത്തിന്റെ തന്നെ മുൻകാല രചനകളായ സൂഫി പറഞ്ഞ കഥ, ചരമ വാർഷികം, ജീവിതത്തിന്റെ പുസ്തകം ഇവയിലൊക്കെ നിറഞ്ഞു നിന്ന മതനിരപേക്ഷതയുടെ മറ്റൊരു അദ്ധ്യായം ആയിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് . എന്നാൽ തകഴിയുടെ കയറിനും, വിലാസിനിയുടെ അവകാശികൾക്കും ശേഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വലിയ നോവൽ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഈ രചനാ സൃഷ്ഠി അനുവാചകന് സമ്മാനിക്കുന്നത് വായനയുടെയും പ്രതീക്ഷകളുടെയും ചിന്തകളുടെയും ഒക്കെ ഒരു പുതിയ വലിയ ലോകം തന്നെയാണ്.
മനുഷ്യൻ തന്റെ ചരിത്രത്തിൽ ഇന്നോളമുള്ളതിൽ വെച്ച് ഏറ്റവും വിനാശകരവും സങ്കീർണവുമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, മതത്തിന്റെയും സമ്പത്തിന്റെയും, വർഗ്ഗ വർണ്ണ രാഷ്ട്രീയ ചിന്താഗതികളുടെയും പേരിൽ പരസ്പരം പോരടിച്ചു ജീവിക്കുമ്പോൾ , മാനവ വിമോചനത്തിനായി കടന്നു വന്ന മുഹമ്മദ് നബിയും ശ്രീകൃഷ്ണൻ ഭഗവാനും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കു കടന്നു വന്നാലുണ്ടാകുന്ന ആശ്ചര്യങ്ങളാണ് ദൈവത്തിന്റെ പുസ്തകം മുന്നോട്ടു വെക്കുന്ന പ്രമേയം എന്ന് ചുരുക്കാം. എന്നാൽ ആ ചുരുക്കിയെഴുത്തിൽ ഒന്നും ഒതുങ്ങാത്ത വലിപ്പം തന്നെയാണ് നോവലിസ്റ്റ് അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതും .
”ആറിഞ്ചിന്റെ സ്‌കെയിലുമായി ഹിമാലയം അളക്കാന്‍ പോകുന്ന വിഡ്ഢിയെ പോലെയാണ് ഈ എഴുത്തിനെക്കുറിച്ച് എനിക്ക് തോന്നുന്നത്.” എന്നാണ് കെ.പി രാമനുണ്ണി തന്നെ അതെ പറ്റി പറയുന്നത്.
രാഷ്ട്രീയ പരമായും മതപരമായും ചരിത്ര പരമായും ഒക്കെ തികച്ചും വിവാദ പരമായേക്കാവുന്ന ഒരു വിഷയത്തെ ഗൃഹാതുരതയുടെ സൗന്ദര്യത്തോടെയും ഗഹനമായ പ്രതിപാദനത്തോടെയും ആസ്വാദ്യകരമാക്കി മാറ്റുകയാണ് നോവലിസ്റ്റ്. മുഹമ്മദ് നബി കൃഷ്ണൻ ഭഗവാനെ ‘മുത്തേ’ എന്ന് വിളിക്കുന്നതും തിരിച്ചു ‘ഇക്കാ ‘ എന്ന് സ്നേഹാഭിവാദ്യം ചെയ്യുന്നതും ഒക്കെ മതേതരത്തിന്റെ നഷ്ട സൗന്ദര്യമായാണ് വായനക്കാരന് അനുഭവപ്പെടുന്നത്.
“കോഴിക്കോട് വലിയങ്ങാടിയില്‍ ഒരു ക്വിന്റലിന്റെയും മറ്റും അരിച്ചാക്കുകള്‍ ഏറ്റുന്ന കുറ്റിയന്മാരായ മൂപ്പന്മാരെ കണ്ടിട്ടില്ലേ. അവര്‍ ഏറ്റുന്ന ഭാരം വെറും എല്ലന്‍ കോലന്‍ ചെറുക്കന്‍ ശ്രമിക്കുന്നത് പോലെയാണ്-ദൈവത്തിന്റെ പുസ്തകമെഴുത്ത്.” അദ്ദേഹം പറയുന്നു. പക്ഷേ ഈ ധാരണയൊക്കെ തിരുത്തുന്നതു തന്നെയായിരുന്നു പിന്നീടുള്ള ഓരോ അധ്യായവും.
നാസയുടെ അറ്റ്ലാന്റിസ് ബഹിരാകാശ പേടകം തകർന്നു വീഴുന്നതും ബഹിരാകാശത്തു നടക്കുന്ന മറ്റു ചില അസാധാരണ സംഭവങ്ങളെയും വിശകലനം ചെയ്യുന്ന ഐ.എസ്.ആർ.ഒ സയന്റിസ്റ്റുകളായ കുട്ടിശ്ശങ്കരനും ഹസ്സൻകുട്ടിയും ചെന്നെത്തുന്നത് അതീവ ഞെട്ടലുളക്കുന്ന ഒരു കണ്ടുപിടുത്തത്തിലേക്കാണ്. അതി ഭീകരമായ ഒരു തമോഗര്ത്ത സ്വാധീനത്തിലേക്കു ഭൂമി മെല്ലെ ആകർഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ലോകാവസാനത്തിനു ആരംഭം കുറിക്കപ്പെട്ടു എന്നുമുള്ള അവരുടെ ഗവേഷണം എങ്ങനെ ലോകത്തെ അറിയിക്കണമെന്നറിയാതെ അവർ ഉഴറുന്നു. അത്തരമൊരു വാർത്ത സമൂഹം അറിഞ്ഞാലുണ്ടാകുന്ന അവസ്ഥകളെ പറ്റി അവർ വെറുതെ ആലോചിക്കുകയാണ്. ഒരു സയൻസ് ഫിക്ഷൻ നോവലായി അനുഭവപ്പെടുമെങ്കിലും പിന്നീടുള്ള രംഗങ്ങൾ തീർത്തും വ്യത്യസ്തമാണ് .
സയൻസിന്റെ സകലമാന കാഴ്‌ചപ്പാടുകളെയും തകിടം മറിക്കുന്നതാണലോ തമോഗർത്ത വലയങ്ങൾ !!
ഈ വലയത്തിയിൽ തട്ടി പതിനാലാം നൂറ്റാണ്ടിൽ ഭൂമിയിൽ നിന്നും പുറപ്പെട്ട പ്രവാചക പ്രകാശവും , പതിയായിരം വര്ഷങ്ങള്ക്കു മുന്നേ പുറപ്പെട്ട ശ്രീകൃഷ്ണ ചൈതന്യവും വീണ്ടും ഭൂമിയിലേക്ക് അടർന്നു വീഴുകയാണ്. ആ വീഴ്ചക്കിടയിൽ അവരുടെ ജീവിത ദൗത്യങ്ങൾ ഒന്നൊന്നായി അവരുടെ മുന്നിലേക്ക് പുനരാവിഷ്കരിക്കപ്പെടുകയും, അവ സഫലമാക്കി എടുത്ത ചാരിതാർഥ്യത്തോടെയും ആണ് അവർ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കു പൊട്ടി വീഴുന്നത്.
എന്നാൽ യുദ്ധവും, ലാഭക്കൊതിയും, അധികാര മോഹവും, വർഗീയതയും നിറഞ്ഞ പുതിയ ലോകം അവർ ഞെട്ടലോടെ നോക്കി കാണുന്നു. തുടർന്ന് കൃഷ്‌ണ–നബി പ്രഭാവത്താൽ ഭൂലോകത്ത് ചില നവീകരണപ്രക്രിയകൾ നടക്കുന്നതും അമേരിക്കയിലെ വാൾസ്‌ട്രീറ്റ് ബ്രോക്കറായ മാർഗരറ്റ് കൊനൻ, ഇറാഖിലെ ഷിയാ നേതാവ് അബുൽ ഹസൻ, ഗുജറാത്തിലെ ആർ.എസ്.എസ്. കാര്യവാഹക് ചന്ദ്രവദൻ പരീഖ് തുടങ്ങിയവർ തങ്ങളുടെ ജീവിതവീക്ഷണങ്ങൾ മാറ്റുന്നതും മറ്റുമാണ് രചനയുടെ ബാക്കിയുള്ള ഭാഗങ്ങൾ. അഡോൾഫ് ഹിറ്റ്ലർ,കാറൽ മാക്സ്, മഹാത്മാഗാന്ധി എന്നിവരും ചരിത്രത്തിൽ നിന്നുയിർത്ത് തങ്ങളുടെ പല ചെയ്‌തികളും വിമർശാത്മകമായി തിരുത്തുന്നുണ്ട്.
കഴിഞ്ഞുപോയ ജീവിതം മുഴുവൻ ഒരു നിമിഷം കൊണ്ട് മനുഷ്യൻ തന്റെ മരണവേളയിൽ കണ്ടു തീർക്കുമെന്ന് പറയുന്ന പോലെ മാനവ ചരിത്രത്തിന്റെ ഇന്നോളമുള്ള സകല സംഭവ വികാസങ്ങളെ മുഴുവൻ ഒരു ഫ്രയിമിലെന്ന പോലെ നോവലിസ്റ് വരച്ചു വെക്കുന്നുണ്ട്. പലയിടത്തും സംങ്കീർണ്ണവും, അതിഗഹനവും ഒരു നോൺ-ലീനിയർ കഥ പറച്ചിൽ ശൈലിയും ഒക്കെ കഥാകാരൻ പ്രയോഗിക്കുന്നുമുണ്ട്.
എക്സ്പീരിയൻസ് എക്കണോമിക്സ്, കമ്മ്യൂണിറ്റി ഓഫ് ഹെവൻ , ഇസ്ലാം ഫോർ യൂണിറ്റി, കംപാഷനേറ്റ് ഹിന്ദു തുടങ്ങി ‘നന്നാവാനുള്ള മനുഷ്യന്റെ അവസാന ശ്രമം’ എന്ന് നോവലിൽ കഥാപാത്രം കുട്ടിശ്ശങ്കരൻ പറയുന്ന പോലെ ഒരുപിടി നവീന ആശയങ്ങളും നോവലിസ്റ്റ് മുന്നോട്ട് വെക്കുന്നുണ്ട്.
നാല് ഖണ്ഡങ്ങളായി നോവലിനെ തിരിക്കാം . ഒന്നാമത്തേത് ലോകാവസാനം ആസന്നമാകുന്നു എന്ന് കണ്ടെത്തുന്ന ശാസ്ത്രജ്ഞരായ കുട്ടിശ്ശങ്കരന്റെയും, ഹസ്സൻ കുട്ടിയുടെയും നിരീക്ഷണ വീക്ഷണങ്ങൾ. മനുഷ്യന് തെന്റെ കാലശേഷം സാംസ്കാരികമായി ഒരു സമൂഹം നിലനിൽക്കാൻ പോകുന്നില്ലെന്ന ബോധ്യം വന്നു തുടങ്ങിയാൽ പിന്നെ താൻ അതുവരെ കൊണ്ട് നടന്ന സദാചാരത്തിന്റെ സകല മൂടുപടങ്ങളും വലിച്ചെറിയുമെന്നും അതുണ്ടാക്കുന്ന അവസ്ഥ ഭീതിതമായിരിക്കുമെന്നും ഇവിടെ വരച്ചു കാട്ടുന്നു.
കൃഷ്ണ ഭാഗമെന്നും നബി ഭാഗമെന്ന് പേരിട്ടിരിക്കുന്ന രണ്ടും മൂന്നും ഭാഗങ്ങളിൽ മുഹമ്മദ് നബി (സ ) യുടെയും ശ്രീകൃഷ്ണ ഭഗവാന്റെയും ജീവിത കാലഘട്ടത്തെ ആത്മകഥാ രൂപേണ അവതരിപ്പിക്കുകയാണ് കഥാകൃത് .
മുഹമ്മദ് നബി (സ ) യുടെ ജീവിതത്തെ അത്തരം ഒരു ആംഗിളിൽ നിന്നും നോക്കി കാണുന്ന ഒരു രചന ഒരു പക്ഷെ മലയാളത്തിലെന്നല്ല ലോക സാഹിത്യത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും.
ഇരുവരുടെയും സാമൂഹ്യ മണ്ഡലങ്ങളിലെ കർത്തവ്യ ചരിത്രത്തെക്കാൾ ആ നിയോഗങ്ങളുടെ ഭാരം ഇറക്കി വെച്ച് സ്വസ്ഥമാകുന്ന വ്യക്തി ജീവിതത്തെയാണ് കൂടുതൽ പ്രതിപാധിച്ചിരിക്കുന്നത്.
“ഉണ്ണ്യേ നമ്മുടെ ശ്രീകൃഷണനെ പോലെത്തന്നെയാണ്, ഖയ്യൂമിന്റെ വീട്ടുകാരുടെ നബിയും” എന്ന് അമ്മ പറയുന്നത് ചെറുപ്പത്തിലേ കേട്ടുവളര്‍ന്ന രാമനുണ്ണിയെ നബിനിന്ദകള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു.അതുകൊണ്ടായിരിക്കണം പ്രവാചകന്റെ ജന്മമുഹൂര്‍ത്തം പോലും മാതാവിന് വേദനരഹിതമായൊരു അനുഭവമാക്കി മാറ്റാന്‍ കഥാകൃത്ത് ശ്രമിക്കുന്നത്:
“തന്റെ അടിവയറ്റില്‍നിന്നൊരു കീഴ്പ്രവാഹം അവള്‍ക്ക് അനുഭവപ്പെട്ടു. അതോടെ മിഴികളില്‍ ചിത്രശലഭങ്ങള്‍ പൊടിഞ്ഞും പല്ലുകളില്‍ മുത്തുകള്‍ വിളഞ്ഞും ആ മുഖം പ്രകാശപൂരിതവും പ്രതീക്ഷാനിര്‍ഭരവുമായി.”
അതേപോലെ പ്രവാചക ചരിത്രത്തിൽ അതുവരെ കാണാത്ത വശ്യ മനോഹാരിതയോടെയാണ് ഖദീജ ബീവിയുടെ പ്രണയാർദ്ര നിമിഷങ്ങളെയും രാമനുണ്ണി വർണിച്ചു വെച്ചിരിക്കുന്നത്.
”ഖദീജ തന്നെ ഇമ വെട്ടാതെ നോക്കി നില്‍ക്കുകയാണ്. ഉമ്മയും ഉപ്പാപ്പയും തിരോഭവിച്ച ശേഷം ഇത്ര സാന്ത്വനപൂരിതമായൊരു നോട്ടം മുഹമ്മദ് അറിഞ്ഞിരുന്നില്ല. ആഹ്, ആഹ്, ആഹ്….”
സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്ഥൈര്യവും ദൃഢവിശ്വാസവും കാരുണ്യവും സഹജീവിസ്‌നേഹവും നീതിബോധവുമെല്ലാം നോവലിൽ മനോഹരമായി ഇതൾ വിടർത്തുന്നു.
മുഹമ്മദ് എന്ന പേര് പോലും പലയിടത്തും രേഖപ്പെടുത്താതെ അത്യധികം പ്രണയാർദ്രമായി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്ന് വിളിക്കപെടുമ്പോൾ കഥാകാരനിൽ എത്രമേൽ പ്രവാചകാനുരാഗം തുളുമ്പുന്നുണ്ടെന്നു മനസ്സിലാക്കാം . ആയിഷ ബീവിയോട് തമാശ പറയുന്ന പ്രവാചകൻ, ഉമറിനെ സ്വാധീനിക്കുന്ന പ്രവാചകൻ, അബൂബക്കറിനോട് സൗഹൃദം പങ്കു വെക്കുന്ന പ്രവാചകൻ, ഖുറൈശികൾക്കു മുന്നിൽ ദൗത്യ നിർവഹണത്തിന്റെ കാർക്കശ്യം കാണിക്കുന്ന പ്രവാചകൻ, ബദറിൻറെ രണാങ്കളത്തിൽ തേങ്ങി പൊട്ടുന്ന പ്രവാചകൻ.., ഇങ്ങനെ പ്രവാചക ജീവിതത്തിന്റെ സകല മേഖലകളിലും ഇഴചേർന്നു ഒരു ആശിഖായി കഥാകാരൻ മാറുകയാണ്.
അതെ സ്നേഹവായ്‌പോടെ തന്നെയാണ് അടുത്ത അദ്ധ്യായവും മുന്നോട്ടു പോകുന്നത്. ദൈവീകതയുടെ അവതാര രൂപം നൽകി സകലരാലും ആദരിച്ചു പോരുന്ന ദ്വാരകപാലകനായിട്ടുള്ള കേശവനെ കള്ള കുറുമ്പനും ഗോപികാ വല്ലഭനായും അവതരിപ്പിക്കുന്നു. രുക്മിണിക്കൊപ്പം സല്ലാപം പറയുന്ന, സത്യഭാമക്കൊപ്പം അനുരാഗം പങ്കു വെക്കുന്ന , ജാംബവതിക്കൊപ്പം കളികളിൽ ഏർപ്പെടുന്ന , ദ്രൗപതിക്കും ഹിഡുംബിക്കും വഴികാട്ടിയാകുന്ന കാലിച്ചെറുക്കനെ മനസ്സിൽ മായാത്ത ശിൽപം പോലെ കൊത്തി വെക്കുന്നുണ്ട് .
ധർമ്മ സംസ്ഥാപനത്തിനായി അവതരിക്കപ്പെട്ട വ്യക്തി എന്ന് സമൂഹം വാഴ്ത്തുമ്പോഴും തന്റെ നിയോഗ ലക്ഷ്യം യഥാക്രമം പൂർത്തീകരിക്കപ്പെടുന്നുണ്ടോ എന്ന ആകുലതയും ശ്രീകൃഷ്ണനിൽ കാണാം.
കുടുംബ വഴക്കിന്റെ പേരിൽ കുരുക്ഷേത്ര മഹായുദ്ധം ആരംഭിക്കേണ്ടി വരുമ്പോഴും, ബന്ധു മിത്രങ്ങളെ വധിക്കുവാൻ കല്പന കൊടുക്കേണ്ടി വരുമ്പോഴും ധര്മ്മാധർമകളുടെ ഒരു വലിയ ചുഴിയിൽ ആ മനസ്സ് ആകുലപ്പെടുന്നുണ്ട്. തളർന്നിരിക്കുന്ന അർജുനനോട് ഗീതോപദേശം നല്കാൻ തുനിയും മുന്നേ കേശവൻ അനുഭവിക്കുന്ന മാനസീക വിസ്ഫോടനകൾ ഇങ്ങനെ വരച്ചു വെക്കുകയാണ് നോവലിസ്റ്റ്.
“…മെല്ലെ മെല്ലെ ആത്യന്തികസത്യത്തെ അവൻ നേരിട്ടതും ജീവാത്മാവും പരമാത്മാവുമായി ഇണപിരിഞ്ഞു നിൽക്കുന്ന വിഷമപൊരുൾ കണ്മുന്നിൽ ഉയിർത്തു. ജീവാത്മാവിനു വേണ്ടി പരമാത്മാവിനെ മറക്കാത്ത , പരമാത്മാവിനു വേണ്ടി ജീവാത്മാവിനെ അവഗണിക്കാത്ത സന്തുലനമാണ് യഥാർത്ഥ മനുഷ്യാർത്ഥമെന്ന കാര്യം തേച്ചുരച്ച ചെമ്പുഭാജനം പോൽ തിളങ്ങി ..”
ഭഗവത് ഗീതയുടെ സമ്പൂർണ ആശയം ഇത്രമേൽ മനോഹരമായി ഒരു വാക്യത്തിൽ ഒതുക്കാൻ മറ്റേതു കഥാകാരന് സാധിക്കും !!
ഇതിലെല്ലാമുപരി മാനസീക വികാര വിചാരങ്ങളെ ഐക്യപ്പെടുത്തുന്നതിലും, മനുഷ്യപരിവർത്തനത്തിന്റെ ഇടനിലക്കാരായി വർത്തിക്കുന്നതിലും , പരമമായ ദൈവികപ്രജ്ഞയുടെ സത്യത്തെ ഉൾക്കൊണ്ട് ജീവിതതർപ്പണം ചെയ്യിക്കുന്നതിലുമൊക്കെ കൃഷ്ണ – നബി ദ്വയങ്ങളെ ഒരു സഹോദര ബിംബംങ്ങളാക്കി അവതരിപ്പിക്കുന്നതിൽ കഥാകാരൻ പൂർണമായും വിജയിച്ചു എന്ന് പറയാം .
കഥയുടെ നാലാം ഘട്ടം തോമോഗർത്ത സ്വാധീനത്താൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് ആനയിക്കപെട്ട കൃഷ്ണ-നബി പ്രഭാവങ്ങളുടെ യാത്രകളാണ്. സമ്പത്തിന്റെ ഹുങ്കിൽ വിരാജിച്ചിരുന്നിട്ടും സാമ്പത്തിക മാന്ദ്യം തകർത്തെറിഞ്ഞ അമേരിക്കൻ വാൾസ്ട്രീറ്റിൽ, മാനവ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെട്ടിട്ടും തീവ്രവാദം നിലം പരിശാക്കിയ ബഗ്ദാദിൽ , സർവ മത സംഗമ ഭൂമികയായിട്ടും വർഗീയതയുടെ അരങ്ങു വാഴുന്ന ഭാരതത്തിൽ , ഒക്കെ അവർ കറങ്ങി നടന്നു വർത്തമാന കാല വിശേഷങ്ങൾ കണ്ടറിയുകയാണ് .
ഓരോ ഇടങ്ങളിലും മാറ്റത്തിന്റെ ചിന്താഗതികൾ ഉദ്ബോധനം നടത്താൻ ആളുകളെ തിരഞ്ഞെടുക്കുന്നു. അവരിലൂടെ അവരുൾകൊള്ളുന്ന സമൂഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. എന്നിട്ടും മതി വരാതെ ചരിത്രത്തിന്റെ കാല ഗതികളിൽ വന്നു പോയ തെറ്റുകളെ അതാതു കാലഘട്ടത്തിലെ ചരിത്ര പുരുഷന്മാർക്ക് കാണിച്ചു കൊടുത്തുകൊണ്ട് തങ്ങളുടെ ചെയ്തികളെ വിമർശനങ്ങൾക്കു വിധേയമാക്കുന്നു.മാർക്സിലൂടെ സ്റ്റാലിനിസത്തേയും ഗാന്ധിയിലൂടെ സമകാലിക രാഷ്‌ട്രീയത്തേയും വിമർശിക്കുന്ന സമയത്ത് ദൈവത്തിന്റെ പുസ്തകത്തിന് രാഷ്ട്രീയ ഭാവം കൂടെ കടന്നു വരുന്നു.
ഇപ്രകാരം ഭൂലോക നടനവേദിയുടെ സൂക്ഷമ കാഴ്ചകളിലേക്ക് കഥാകാരൻ നമ്മെ കൊണ്ട് പോകുമ്പോൾ കാറ്റും കോളും തിരമാലകളും നിറഞ്ഞ നടുക്കടലിൽ ഒരു ചെറു തോണിയിലെന്ന പോലെയുള്ള യാത്രയായാണ് നമുക്ക് അനുഭവപ്പെടുന്നത്.
കാറ്റൊഴിഞ്ഞു കോളടങ്ങി പ്രതീക്ഷയുടെ പച്ചത്തുരുത്തിൽ തോണി ചെന്ന് അടുക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള കടലിന്റെ വലിപ്പവും, ഭയാനകതയും മനസ്സിൽ നിന്ന് മായാത്ത വണ്ണം നോവൽ അവസാനിക്കുമ്പോൾ വായനക്കാരനിൽ ഉറഞ്ഞു കൂടിയിട്ടുണ്ടാകും.