മരണ പര്യന്തം റൂഹിന്റെ നാൾ മൊഴികൾ ; വായനക്കുറിപ്പ്

-സ്വഫ്‌വാൻ എ.ടി ചൊർക്കള

 

വലിയ ചോദ്യങ്ങളിൽ നിന്നാണ് മികച്ച നോവലു കൾ പിറക്കുന്നതെന്ന് മിലൻ കുന്ദേര. സ്വതവേ,സന്ദേഹിയായ മനുഷ്യന് കാലങ്ങളായി കൈമാറിപ്പോന്നിട്ടുള്ള അക്ഷരാഭ്യാസങ്ങൾക്കും മൗലിക മൂലധനങ്ങൾക്കും പിടികൊടുക്കാതെ, കാലാതീതമായി ഉയർന്നു വന്നിട്ടുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ മികച്ചതാണ് മരണവുംമരണപര്യന്തവും.
മനുഷ്യസങ്കല്പങ്ങളിലെ അഭൗതിക പ്രധിഭാസങ്ങളെ അഭിമുഖീകരിച്ച,മരിച്ച-ഒരാൾ തിരിച്ചു വന്ന് കഥ പറഞ്ഞുതരാത്തിടത്തോളം കാലം മതപ്രമാണങ്ങളെ അംഗീകരിച്ച് അന്തഃപ്രജ്ഞയെഅംഗീകരിക്കുന്നവരെ
ഉല്ലംഖിച് ഉത്തരം കണ്ടെത്തേണ്ടി വരും. ആത്മാവിനെയും മരണശേഷമുള്ള ആത്മീയ ലോകത്തെയുംഅന്വേഷിക്കുന്നവർക്കും ധാർമ്മികമായ നേട്ടകോട്ടങ്ങളുടെ അന്തസതയെപ്പറ്റി ചോദിക്കുന്നവർക്കും മതങ്ങളും മറ്റ് ദാർശനിക ഇടങ്ങളും നേരത്തെ തന്നെ ഉത്തരം നൽകി,സ്വന്തം അസ്തിത്വത്തെപ്പറ്റി പിന്നീട് ചോദ്യങ്ങളുന്നയിപ്പിക്കുകയാണ് ചെയ്യുന്നത്.

കർതൃത്വം,സംസ്കാരം ,വിശ്വാസം തുടങ്ങി ജീവിക്കുന്ന ഇടങ്ങളുടെ നിർണ്ണിതമായ ബോധനങ്ങൾ കൊണ്ട് നിർണ്ണയിച്ചെടുക്കുന്ന മാനസിക വിചാരങ്ങളിൽ കൂടി മതം ഇടപെട്ട് ധാർമ്മിക മൂലധനമായി സ്വയം വർത്തിക്കുകയും,അത് വിശേഷിപ്പിക്കുന്ന തരത്തിൽ ജീവിതവിജയം നേടാൻ വ്യക്തിയെ സന്നദ്ധമാക്കുകയും , തുടർന്നങ്ങോട്ട് പ്രകൃതിയുടെ ഒരുക്കമെരുക്കങ്ങളിൽ സൃഷ്ടാവിന്റെ അധികാരത്തെയും സൃഷ്ടി അധീനതയെയും അംഗീകരിപ്പിക്കുകയുമാണ് നിരന്തരം മനുഷ്യനെക്കൊണ്ട് മതം.ആനിലക്ക് ജീവിത യാഥാർഥ്യത്തെയും ലക്ഷ്യത്തെയുംപറ്റി സംസാരിക്കുന്ന എല്ലാ വിധ സരണികളും ആത്മാവിനെ സ്ഥിരീകരിക്കുകയും ആത്മീയ ലോകത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

മരണം – മരണപര്യന്തത്തെ ഓർക്കാനും ഓർമ്മിപ്പിക്കാനും നല്ലൊരു മാർഗ്ഗമാണ്.മരണത്തെ ഓർക്കുന്നില്ലെങ്കിൽ മരണാനന്തരമുള്ള ഭയത്തിനും പ്രതീക്ഷയ്ക്കും മനസ്സിൽ സ്ഥാനമുണ്ടാവില്ലെന്നതാണ് സത്യം.സെക്കുലർ ഫണ്ടമെന്റലിസ്റ്റു കാലത്ത് മത ജീവിതത്തിന്റെ വലിയ പ്രസക്തി അത് വിശ്വാസിയിൽ സന്നിവേശിപ്പിക്കുന്ന പ്രതീക്ഷാനിർഭരമായ വിമോചന ചിന്തകൾക്കാണ്. ദൃഢമായി അതിൽ ലയിക്കുമ്പോൾ സ്വയം അറിയാതെ സമൂഹം നിർമ്മിച്ചെടുക്കുന്ന കപടസദാചാര ബോധ്യങ്ങളുടെ അടരുകളോടും അലകളോടും മൗനിയായിത്തന്നെ കലാഹിക്കാൻ കഴിയുന്നു. മതപരമായ എന്തും ആധുനികതയ്ക്ക് പുറത്താണെന്ന വിചാര ബോധ്യത്തെ അതേ കാലങ്ങളിൽ ജീവിച്ചു തന്നെ വിശ്വാസി ചോദ്യം ചെയ്യുന്നു.അതു കൊണ്ട് മരണ ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം, മതം പങ്കുവെച്ചിട്ടുള്ള യുക്തി ബോധ്യങ്ങളുടെ യാന്ത്രികതയ്ക്കപ്പുറം സൗന്ദര്യാത്മകമായ ആത്മീയതയിലൂന്നുന്ന അഭിപ്രായത്തെ വിശ്വാസി അംഗീകരിക്കുകയും അറിയിക്കുകയും ചെയ്യുന്നു.ഈ നിലക്കുള്ള സ്വയം സമരസപ്പെടലിന്റെയും അപരവൽക്കാരണപ്പേടിയു ടെയും കാലത്തെ ഉത്തരം കിട്ടാത്ത ചോദ്യത്തിനുള്ള ഉറച്ച ഉത്തരമാണ് ശംസുദ്ധീൻ മുബാറക്കിന്റെ മരണ പര്യന്തം:റൂഹിന്റെ നാൽമൊഴികൾ എന്ന മികച്ച നോവൽ.

ഇതിഹാസ പുരാണങ്ങൾ ആഖ്യാന ശൈലിയാ യും ഇതിവൃത്തമായും നിലനിന്നു പോരുന്ന മേൽ കോയ്മാധികാരത്തെ ഉത്തരാധുനിക കാലത്ത് മരണവും മരണാനന്തര സംഭവങ്ങളും അതിസൂക്ഷ്മ മായി അവതരിപ്പിക്കുന്ന ഇസ്‌ലാമിക പ്രാമാണിക പിന്ബലത്തിലൂടെ കഥ പറഞ്ഞ് റദ്ദ് ചെയ്യുകയാണ് നോവലിസ്റ്റ്.

അധികമാരും പറഞ്ഞിട്ടില്ലാത്ത,പറഞ്ഞവർ തന്നെ പരകായ പ്രവേശവും ഏഴ് ജന്മങ്ങളും കലിയുഗങ്ങളും തുടങ്ങി ക്രൈസ്തവ ലിബറേഷൻ തിയോളജിയിൽ വരെ ചെന്നെത്തിക്കുന്ന കഥാതന്തു കൾക്ക് പകരം മനുഷ്യന്റെ മരണ ശേഷമുള്ള നൂറ്റാണ്ട് കാലത്തെ റൂഹിന്റെ അനുഭവക്കുറിപ്പാണ് മലയാളി മനസ്സുകളിൽ കഥാകാരൻ വിന്യസിപ്പിക്കുന്നത്. നാളിതു വരെ ഇസ്‌ലാമിക് തിയോളജിയെ തൊട്ടും തൊടാതെയും നടന്ന പുനത്തിലിനും വന്മരം ബഷീറിനുമപ്പുറം ഹൈന്ദവ ദർശനങ്ങൾ മാത്രം വായിച്ചിട്ടുള്ള മലയാളിക്കും യുക്തി വ്യാഖ്യാനങ്ങളിൽ കണ്ണും നട്ടിരിക്കുന്ന പൊതുമണ്ഡലങ്ങൾക്കും ദജ്ജാ ലും ഈസയും മഹ്ദിയും ഖിയാമവും കഴിഞ്ഞ് അപരിചിത്വത്തിന്റെ വഴികളിലേക്കും , തുടർന്നങ്ങോട്ട് വിധിനിർണ്ണയത്തിന്റെ ഹിസാബും വിചാരണയുടെ മഹ്ശറും പ്രതീക്ഷയുടെ ജന്നത്തും പ്രതികാര നീതിയുടെ ജഹന്നമും നവ്യവായനാനുഭവം പകരുന്നു.

തയ്യിലപ്പറമ്പിൽ ബഷീറെന്ന സാധാരണക്കാര നായ പ്രവാസിയുടെ ഒടുക്കത്തിൽ തുടങ്ങുന്നകഥ, നെക്രോഫിലിയ എന്ന അനിതരസാധാരണമായ മനോവൈകൃതത്തെ പ്രതി ആത്മാവ് അനുഭവിക്കുന്ന ആത്മീയ ലോകത്തെ സംഭവ വികാസങ്ങളിലൂടെ യാണ് സഞ്ചരിക്കുന്നത്.മതത്തിന്റെ ആപ്തവാക്യ
ങ്ങളോടും അനുഷ്ഠാനങ്ങളോടും ആദരവോടെ സമീപിച്ചു തന്നെ മുന്നേറുന്ന ആഖ്യാനശൈലിയിൽ , ബഷീറിന്റെ അഭൗതിക ലോകത്തുണ്ടാകുന്ന വലിയ മാറ്റങ്ങൾക്ക് മൂന്നും പതിനാലും നാൽപ്പതും ചീര്ണിയും തുടങ്ങി വെള്ളിയാഴ്ച രാവുകളിലെ യാസീനോത്ത് വരെ കാരണമാകുന്നത് ചേർത്തെഴു തുന്നതിലൂടെ ആചാര പ്പെരുമകളുടെ വിലയെ വരെ വിശ്വാസിയിൽ കോറിയിടാൻ കഴിയുന്നു കഥാകാരന്. മരണാനന്തരമുള്ള സാമ്പ്രദായികതയുടെ പര്യായങ്ങളെ അതി സൂക്ഷ്മ മായി അവലംബിച്ച്, നാമൊരിക്കലും കാണാത്ത ലോകത്തെ വരച്ചു വർണിച്ച്, വായനക്കാരിൽ വലിയ മനസ്സംഘർഷത്തിലൂടെ ആത്മ പ്രകാശനം നടത്താൻ കഴിയുന്നു.

ഖബറിൽ കുറ്റവാളിയായി കഴിയുന്ന ബഷീറിന്റെ ആത്മാവിന് മോക്ഷത്തിനായി ഇടതേടി നടത്തുന്ന പതിവുസഞ്ചാരങ്ങളിൽ തന്റെ ഭൂതകാലാനുഭവങ്ങളു ടെയും ജീവിത ലക്ഷ്യത്തിന്റെയും തീവ്രമായ ലാഭേച്ഛയുടെയും അക്ഷരസഞ്ചാരമാണ് നടത്തുന്നത്. ഇടയ്ക്കെപ്പോഴോ കണ്ടുമുട്ടുന്ന ഭാര്യ സലീനയും കാറപകടത്തിൽ മരണപ്പെട്ട മകൻ അജ്മലും കുഞ്ഞുമോളും ചേർന്ന് കുടുംബത്തിന്റെ അഭൗതിക ഭംഗിയെ കൂടി ആവിഷ്കരിക്കുന്നു. നൂറ്റാണ്ടുകളുടെ അതിവേഗ സഞ്ചാരത്തിൽ ലോകാവ്യതിയാനങ്ങളുടെ , രാഷ്ട്രീയ വികാസങ്ങളുടെ സമകാലിക വർത്തമാനം പറയാൻ ഇബ്നു മുറാദെന്ന സിറിയക്കാരൻ രംഗപ്ര വേശം ചെയ്യുന്നതോടെ അലാമത്തുൽ ഖിയാമത്തി ന്റെ ചില ഭാഗങ്ങളെ ലയാത്മകമായി വിന്യസിക്കുന്നു കഥയിൽ.

ഗൗരവമായ ഈ അക്ഷരസഞ്ചാരത്തിനിടെ, നോവിന്റെ നീട്ടിപ്പറച്ചലിനിടെ നർമ്മത്തിന്റെ നറുനിലാവ് പൊഴിക്കുന്നുണ്ട് വൽയുപ്പയുടെയും വൽയുമ്മയുടെയും വിശേഷപ്പറച്ചിലിൽ. ആറ്റിപ്പോറ്റിയ മുംതാസ് എന്ന് വിളിക്കുന്ന കോഴിയുടെ സ്ഥിതിയെക്കു റിച്ചായിരുന്നു അവരുടെ ആധി.ലോകാവസാനം പെയ്തപരുമഴയിൽ പുനർജ്ജന്മമുണ്ടായ റൂഹിന്റെ ആശ്‌ചര്യമുളവാക്കുന്ന സഞ്ചാരമാണ് തുടർന്ന്. കാഹളമൂത്തും സ്വിറാത് പാലവുമായി വർണ്ണിക്കാൻ പോലുമാവാത്ത അതിശയകരമായ കഥാവിന്യാസ മാണ് മരണപര്യന്തം.

കഥാതന്തുക്കളെ ആശയങ്ങളാൽ സമ്പുഷ്ടമാ ക്കുന്ന സാക്ഷാൽ ഗബ്രിയേൽ ഗാർഷ്യാ മർക്വേസ് വരെ പരാചയപ്പെട്ട ഇതിവൃത്തലോകത്താ ണ് മരണാനന്തര ലോകത്തെ അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന ഇസ്‌ലാമിക പ്രമാണമൂല്യങ്ങളുടെ അനാവരണ വൈഭവത്താൽ ശംസുദ്ധീൻ മുബാറക് എന്ന പത്രപ്രവർത്തകൻ വിജയിച്ചത്.ഈ ശ്രമം ഇസ്‌ലാമിക ബൗദ്ധികനവോഥാനത്തിന്റെ അതികായനായി പല ചിന്തകരും വിശേഷിപ്പിക്കുന്ന ഇബ്നുൽ ഖയ്യിം രചിച്ച കിതബുൽ റൂഹിന്റെ അന്വേഷണ തുടർച്ചയെ വിലപേശാൻ മാത്രമുണ്ട്താനും.