പൗരത്വം

റംസാൻ ഇളയോടത്ത്

പൂക്കോട്ടൂരിലെ കല്ലറകൾക്കുള്ളിൽ
എന്റെ പൗരത്വം ജീവിച്ചിരിപ്പുണ്ട് …
കൊണ്ടോട്ടിയിലെ കാറ്റുകൾ മൂളുന്ന
പടപ്പാട്ടിന്റെ ഈരടികളിൽ
എന്റെ പൗരത്വം വാളൂരി നിൽപ്പുണ്ട് …
മമ്പുറത്തെ പച്ച ഖുബ്ബക്ക് താഴെ
എന്റെ പൗരത്വം എന്നെ വഴി കാട്ടുന്നുണ്ട് ..
നെല്ലിക്കുത്തിന്റെ മണ്ണിലൂടെ എന്റെ പൗരത്വം
തലയുയർത്തി നടന്നു പോകുന്നുണ്ട് …
വെളിയങ്കോട്ടെ അങ്ങാടിയിൽ
‘ആരെടാ’ എന്ന് ചോദിച്ച് എന്റെ പൗരത്വം നിൽപ്പുണ്ട് …
കോട്ടക്കുന്നിനെ പ്രകമ്പനം കൊള്ളിച്ച കാഞ്ചി ശബ്ദത്തിൽ
എന്റെ പൗരത്വമിപ്പോഴും നെഞ്ചും വിരിച്ചു നിൽപ്പുണ്ട് …
തിരൂരിലെ തീവണ്ടിപ്പാതയിലൂടെ
എന്റെ പൗരത്വമിപ്പോഴും ചൂളം വിളിച്ച് പായുന്നുണ്ട് …
ഈ നാട്ടിലിപ്പോഴും ഞാനും എന്റെ പൗരത്വവും ജീവിച്ചിരിപ്പുണ്ട് …..