മുഹമ്മദ് റാഷിദ് കെ.കെ ഒളവട്ടൂര്‍
അന്തരീക്ഷമാകെയും പ്രവാചകാനുരാഗികളുടെ അപദാന വര്‍ഷങ്ങള്‍ക്കൊണ്ട് മുഖരിതമാവുകയായി. നിറവസന്തത്തിന്‍റെ വര്‍ണ്ണചമയങ്ങളുമായി റബീഉൽ അവ്വൽ സമാഗതമായിരിക്കുന്നു. കുഞ്ഞിളം അദരങ്ങള്‍ മുതൽ വാര്‍ധക്യം നീലിമ പടര്‍ത്തിയവര്‍ വരെ, ഊഷര ഭൂമിയിൽ വിതറപ്പെട്ടതായി കിടക്കുന്ന ഓരോ മണൽ തരിയും മുതൽ ഭുവന വാനങ്ങളിൽ നിവേശിതമായ സകല ചേദനവും അചേദനവുമായ പദാര്‍ത്ഥങ്ങള്‍ വരെ ഹബീബിനോടുള്ള അനുരാഗത്തിൽ അലിഴുകയാണ്. മദീനയിൽ ഒഴുകിപ്പരക്കുന്ന മന്തമാരുതന് പറയാനുണ്ട് റഹ്മത്തുല്ലിൽ ആലമീനിന്‍റെ അപകീര്‍ത്തനത്തിന്‍റെ സാഗരസമാനമായ ചരിതങ്ങളെക്കുറിച്ച്. പ്രവാചക സ്നേഹികളുടെ മനാന്തരങ്ങളിൽ നിന്നും നിര്‍ഗളിക്കുന്ന അവിടത്തോടുള്ള പ്രണയം സകല സമസ്സ്യകളേയും ഭേദിച്ച് അവന്‍റെ മനസ്സിൽ ഇരുണ്ടുകൂടിയ കാലുശ്യത്തിന്‍റെ കാര്‍മേഘങ്ങളെ സ്ഫടികം പോൽ സംസ്കരിച്ച് പ്രശാന്തതയുടെ തീരമണയാന്‍ സഹായകമാകുന്നതാണ്.
സംസ്കാരങ്ങളുടെയും ദര്‍ശനങ്ങളുടെയും സാംക്രമിക വികാസത്തിൽ അതിശയിച്ച മനുഷ്യന്‍ സത്യമേതെന്ന തിരിച്ചറിവില്ലാതെ അധപതനത്തിന്‍റെ ചുഴിയിലകപ്പെട്ടിരിക്കുകയാണ്. ധര്‍മ്മബോധം അന്യം നിൽക്കുന്ന സംസ്കാരം അവന്‍ തോളിൽ വലിച്ചിട്ടിരിക്കുന്നു. ഉത്തമ സംസ്കൃതി വലിച്ചെറിഞ്ഞ സംസ്കാരത്തിന്‍റെ ജീര്‍ണ്ണിത മാനങ്ങളെ എത്രയും ലാഘവത്തോടെ അവന്‍ സ്വയത്തമാക്കിയിരിക്കുന്നു. വൈരുദ്ധ്യതിഷ്ഠിത ഭൗതിക വാദവും സ്വതന്ത്ര ചിന്തയും അന്തരീക്ഷത്തിൽ പടര്‍ത്തിവിട്ട ധൂമപടലങ്ങള്‍ യഥേഷ്ടം ആവാഹിച്ച അവന്‍ മുഹമ്മദ് മുസ്ത്വഫ (സ) ഒരു പുരുഷായുസ്സിന്‍റെ സിംഹഭാഗവും മനുഷ്യകുലത്തെ സംസ്കരിക്കുന്നതിനായി ചിലവിട്ട പര്‍വ്വത സമാനമായ ഉദ്യമത്തെ തമസ്കരിക്കുന്നു. മതത്തെയും അതിന്‍റെ പ്രവാചകനെയും തിരസ്കരിച്ച മാര്‍ക്സിസത്തിൽ നിന്നും യുക്തിവാദ നിരീക്ഷണങ്ങളിൽ നിന്നും ആശയങ്ങള്‍ സ്വംശീകരിച്ചുവെന്നതാണ് പാശ്ചാത്യ സംസ്കാരത്തിന്‍റെ അധപതനത്തിൽ കലാശിച്ചത് എന്ന് നാം മനസ്സിലാക്കണം. ക്രിസ്ത്യാനിറ്റി തുറുന്നുകാണിച്ച നിരര്‍ത്ഥക സൂഫിസവും സ്ത്രൈണതയുടെ ദാമ്പത്യ നിരാസവും മതത്തിന്‍റെ നിയന്ത്രിത വ്യവസ്ഥിതിയുമാണ് മാര്‍ക്സിനെയും എംഗൽസിനെയും മതവിരോധികളാക്കി മാറ്റിയത് എന്നത് നഗ്നമായ സത്യമാണ്. ക്രിസ്ത്യാനിറ്റിയുടെ പ്രതിലോമകരമായ ഈ സങ്കുചിത മാനവ ചിന്താഗതിയിൽ നിന്നാണ് മാര്‍ക്സ് തന്‍റെ ഭൗതികവാദ ദര്‍ശനങ്ങള്‍ക്ക് ഊടും പാവും നെയ്തതും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന നിരീക്ഷണത്തിലേക്ക് നയിക്കപ്പെട്ടതും. യൂറോപ്പിന്‍റെ അധപതനം ധാര്‍മ്മിക ച്യുതിയായിരുന്നുവെങ്കിൽ ഇസ്ലാമിന്‍റെ ഉയിര്‍പ്പ് മുഹമ്മദ് നബി (സ) ജീവിച്ചു കാണിച്ചു തന്ന മാനവിക ദര്‍ശനങ്ങളും മൂല്യങ്ങളും യഥാതഥാ അനുധാവനം ചെയ്തുവെന്നതിലായിരുന്നുവെന്നും കാണാം.
ഇവിടെയാണ് മുഹമ്മദ് നബി അനുകരണീയ വ്യക്തിത്വമായി മാറുന്നത്. ലോകത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെങ്കിൽ ഇസ്ലാമിക മൂല്യങ്ങള്‍ പിന്തുടര്‍ന്നെങ്കിൽ മാത്രമെ സാധ്യമാകൂ. ഇസ്ലാം മനുഷ്യ ബുദ്ധിയി നിന്ന് ഉരുവംകൊണ്ട ദര്‍ശനങ്ങളോ മൂല്യങ്ങളോ അല്ല എന്നതാണ് അതിന്‍റെ നിദാനം. ഈ മൂല്യ വ്യവസ്ഥിതി ഭുവനത്തി സ്ഥാപിക്കാന്‍ ദൈവ നിയോഗിതരായവരാണ് പ്രവാചകന്മാര്‍. ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം വരുന്ന പ്രവചാക പരമ്പരക്ക് മുദ്രവെക്കപ്പെട്ടത് മുഹമ്മദ് നബിയോടുകൂടിയാണ്.
സര്‍വ ലോകങ്ങളുടെയും കാരുണ്യം (സൂ.അന്‍മ്പിയാഅ്.107) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ തിരുനബിയെ വിശേഷിപ്പിക്കുന്നത്. പരമാര്‍ത്ഥത്തിന്‍റെ പ്രകാശനമാണാ ഖുര്‍ആനീക വാചകങ്ങള്‍. ഈ അണ്ഡകഠാഹത്തിൽ അനുപമനായി തിരുനബിയല്ലാതെ മറ്റാരാണുള്ളത്?. സാംസ്കാരികാധമത്വത്തിന്‍റെ പരമകാഷ്ഠയി നിലകൊണ്ടിരുന്ന, ജീര്‍ണ്ണ സംസ്കാരത്തിന്‍റെ സകല വിശേഷണങ്ങളും സന്നിവേഷിപ്പിക്കപ്പെട്ട, ഒരൊട്ടകം അതിരുകടന്ന് മേഞ്ഞതിന്‍റെ പേരിൽ നാല്പത് സംവത്സരങ്ങള്‍ ഘോരയുദ്ധം നടത്തിയ, മാനവ സാഹോദര്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന കുടില ഗോത്ര സംസ്കാരത്തെയെല്ലാം സംസ്കരിച്ച് നിങ്ങള്‍ക്കിഷ്ടമുള്ള തോപ്പ് ഏതെന്നു പറഞ്ഞോളൂ അതു ഞാന്‍ താങ്കള്‍ക്കു ധര്‍മ്മം നൽകാം. എന്‍റെ സഹധര്‍മിണിമാരിൽ താങ്കള്‍ക്കിഷ്ടമുള്ളവളാരെന്ന് കാണിച്ച് തരൂ അവളെ ഞാന്‍ താങ്കള്‍ക്കു വേണ്ടി വിവാഹ മോചനം നടത്തിത്തരാം.എന്നു പറയുന്ന മാനസാന്തരീകരണത്തിന്‍റെ പരമാനന്ദം പ്രകാശിക്കുന്ന തലത്തിലേക്ക് അറബ് ജനതയുടെ പരിവര്‍ത്തനം നടത്തിയെന്നതോ, ജീവിത വ്യവിസ്ഥിതിയെ വിവരിക്കാന്‍ നിയുക്തനായി എന്നതോ മാത്രമല്ല, ഒരു വിശ്വാസി മുഹമ്മദ് നബി (സ)ക്ക് പ്രാധാന്യം കൽപ്പിക്കാന്‍ കാരണം. മറിച്ച് നാമുള്‍ക്കൊള്ളുന്ന ഈ അണ്ഡകഠാഹത്തെ സൃഷ്ടിക്കപ്പെടാന്‍ തന്നെ നിമിത്തമായത് ആ പരിശുദ്ധ ജന്മം മൂലമാണ് എന്നത് കൊണ്ടാണ്.
ഇതുകൊണ്ടു മാത്രം അവസാനിക്കുന്നില്ല പ്രവാചകര്‍ (സ)യുടെ വിശേഷണങ്ങള്‍. ഓരോ നിമിഷത്തിലും നമുക്കവരോട് കടപ്പാടുകള്‍ രേഖപ്പെടുത്താനുണ്ട്. മുഹമ്മദ് നബി (സ) മുഖേനെയാണ് മാനവരാശിയുടെ അന്തിമവിജയം എന്നത് അടിവരയിടേണ്ട വസ്തുതയാണ്. സാഹോദര്യത്തെ പുതുക്കി പണിയുകയും സ്ത്രൈണതക്ക് മഹത്വം കല്പിക്കുകയും ചെയ്തു എന്നുമാത്രമല്ല, സുഖിക്കാനും രമിക്കാനുമുള്ള വസ്തുമാത്രമായി ഗണിക്കപ്പെട്ടിരുന്ന അവര്‍ക്കുമേൽ ഭര്‍ത്താവിന്‍റെ അസാന്നിധ്യത്തിൽ ഗൃഹത്തിന്‍റെ ഭരണാധികാരം നൽ കുകയും അവള്‍ മഹത്തരമായ നിങ്ങളുടെ വസ്ത്രമാണെന്നുണര്‍ത്തുകയും അതിനപ്പുറം ഭര്‍തൃ – പിതൃ സ്വത്തുകളിൽ അനന്താരവാകാശം വകവെച്ചുകൊടുക്കുക കൂടി ചെയ്യുകയുണ്ടായി. വികസിത രാഷ്ട്രങ്ങളിലധികവും സ്ത്രീകളെ ഒരു പൗരയായി ഗണിക്കപ്പെടുന്നതും അവള്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവകാശം നൽകുന്നതും അനന്തര സ്വത്തിൽ ഒരു വിഹിതം അനുവദിക്കുന്നതും അര നൂറ്റാണ്ടിനിപ്പുറമാണെന്ന തിക്തയാഥാര്‍ത്ഥ്യം നാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അപ്പോഴാണ് മുഹമ്മദ് നബി പതിനഞ്ച് ശതാബ്ദങ്ങള്‍ക്കപ്പുറം സുസാധ്യമാക്കിയ ഈ മാനവിക നന്മകളുടെ വികാസ പരിസരം നമുക്ക് ബോധ്യമാവുകയുള്ളൂ. കിരാതമായി പീഢിപ്പിക്കപ്പെടുകയും കഠിന ഉദ്യമങ്ങള്‍ നിര്‍ബന്ധ പൂര്‍വ്വം നിവര്‍ത്തിക്കാന്‍ വിധിക്കപ്പെടുകയും ചെയ്തിരുന്ന അടിമ സമ്പ്രദായത്തെ ഉടച്ചുവാര്‍ക്കുകയും കുലമഹിമയുടെ ഹുങ്കും അഭിമാന ബോധത്തിന്‍റെ മേൽവിലാസവും ഉയര്‍ത്തിപ്പിടിച്ച, അറേബ്യന്‍ രക്തം സിരയിലോടുന്ന ചത്രാധിപന്മാര്‍ക്ക് മുമ്പിൽ ഹബ്ശയിലെ അടിമ ദമ്പതികള്‍ക്കു പിറന്ന ഇരുട്ടിന്‍റെ നിറമുള്ള ബിലാൽ ഇബ്നു റബാഹിനെ ദൈവഗേഹത്തിന്‍റെ ഏറ്റവും മുകളിലത്തെ ഇഷ്ടികക്കുമേൽ കയറ്റി നിര്‍ത്തി, അവസാന സമുദായത്തിന് സ്രഷ്ടാവിങ്കൽ നിന്ന് പുരസ്കാരമായി ലഭിച്ച ഇസ്ലാമിന്‍റെ സ്തംഭങ്ങളിലൊന്നായ നിസ്കാരത്തിലേക്ക് വിളിക്കാന്‍ അനുമതി നൽകിയ പ്രവാചകന്‍ ഇദംപ്രഥമമായി പൂര്‍വ്വ സമുദായങ്ങള്‍ മനുഷ്യബന്ധങ്ങള്‍ക്കിടയിൽ പണിത അദൃശ്യ ഭിത്തികളെ അനന്തമായ മരുപ്പരപ്പിലേക്ക് കശക്കിയെറിയുകയായിരുന്നു.
ഇസ്ലാമിന്‍റെ ഐതിഹാസികമായ യുദ്ധവിജയങ്ങളെ എടുത്തുദ്ധരിച്ച് ഇസ്ലാം ഖഡ്ഗം കൊണ്ടാണ് പ്രചരിച്ചതെന്നും അതിനു മുസ്ലിംകളെ പ്രേരിപ്പിച്ചതും മുന്നിൽ നിന്ന് നയിച്ചതും മുഹമ്മദ് നബിയാണെന്നും വാദമുന്നയിക്കുന്നവരുണ്ട്. നിക്ഷിപ്ത താൽപര്യമാണവരെ ഇത്തരം മുരട്ടു വാദങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. പ്രവാചകരുടെ യുദ്ധനിയങ്ങളെക്കുറിച്ചവര്‍ അശേഷം വായിക്കാനോ അറിയാനോ ശ്രമിച്ചുകാണില്ല. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍ തുടങ്ങിയവരെയെല്ലാം അക്രമിക്കുന്നതും അവഹേളിക്കുന്നതും പ്രവാചകര്‍ കണിശമായി വിലക്കിയിരുന്നുവെന്നത് നമ്മുടെ ബോധമണ്ഡലത്തെ തട്ടിയുണര്‍ത്തേണ്ടതുണ്ട്. സൈനിക നീക്കങ്ങള്‍ക്കു മുന്നോടിയായി പ്രവാചകര്‍ യുദ്ധങ്ങളിൽ പാലിക്കേണ്ട നിഷ്ടകളെ സംബന്ധിച്ച് സംസാരിച്ചിരുന്നു. സാമ്രാജ്യത്വ ശക്തികള്‍ നിര്‍ബാധം തുടര്‍ന്ന മനുഷ്യക്കുരുതിയുടെയും പ്രകൃതി നശീകരണത്തിന്‍റെയും ചരിത്ര ഭാഗങ്ങള്‍ നമുക്കു മുമ്പിൽ കുമിഞ്ഞു കൂടിയതായുള്ളപ്പോള്‍ പ്രവാചകര്‍ തന്‍റെ ശത്രുവിനോടു പോലും പുലര്‍ത്തിയ സ്നേഹമസൃണതയുടെ ആഴം പരിശോധിക്കുന്നതിൽ നമുക്ക് നിസ്സഹായത സമ്മതിക്കേണ്ടിവരുന്നു.
സ്വന്തം ജീവനേക്കാള്‍ അവിടത്തോട് സ്നേഹ സമീപനവും അനുരാഗ പാരവശ്യവുമുണ്ടാകണമെന്നാണ് തിരുനബി (സ) യുടെ അധ്യാപനം. തദ്വിഷയകമായി പ്രവാചകരെ സമീപിച്ച ഉമറു ഖത്വാബ് (റ) നോട് എന്താണ് പ്രവാചകര്‍ പ്രതിവചിച്ചതെന്തെന്ന് ഇവിടെ പരാമര്‍ശമര്‍ഹിക്കാത്ത വിധം സുപ്രസിദ്ധമാണല്ലോ.
നാം പ്രവാചക പാതയിലേക്ക് തിരിഞ്ഞുനടക്കേണ്ടതുണ്ട്. കാലുശ്യം വരുത്തുന്ന അപഭ്രംശങ്ങളിൽ മുഖം കുത്തിവീഴാതെ പ്രവാചകചര്യ നമുക്ക് മുമ്പിലെപ്പോഴും വഴിവെളിച്ചം വിതറണം. പ്രവാചക പൂങ്കവര്‍ പിറവി കൊണ്ട മാസമാണിത്. മൗലീദുകളാലും അപദാനങ്ങളാലും വിശ്വാസിയുടെ അന്തരംഗം തരളിതമാകണം. തിരുപിറവിയിൽ സന്തോഷിക്കൽ പുണ്യമാണെന്നാണ് പ്രാമാണിക മതം. നബിദിനാഘോഷങ്ങള്‍ വിപുലമായി കൊണ്ടാടപ്പെടണം. വിശ്വാസികള്‍ അതിനായി ബദ്ധശ്രദ്ധ കാണിക്കേണ്ടതുണ്ട്. നബിദിനാഘോഷം ബിദ്അത്താണെന്ന് ജല്പിക്കുന്നവരുടെ വാദങ്ങളെ പരിഗണിക്കേണ്ടതില്ല. സമുദ്ര ജലത്തിലെ ലവണാംശം ഇല്ലാതാക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്നവരാണവര്‍. അവരോട് നമുക്ക് സഹതപിക്കാനെ നിര്‍വാഹമുള്ളൂ. അല്ലാഹു നമ്മെ സ്വര്‍ഗ്ഗീയ ലോകത്ത് നബി(സ)തങ്ങളോടുകൂടെ ഒരുമിച്ചുകൂട്ടട്ടെ……..ആമീന്‍.