കാലഘട്ടത്തെ അതിജയിച്ച പ്രവാചക പുംഗവൻ

 

നുബില ഖരീർ
(റഹ്മാനിയ്യ വനിത കോളേജ് )

കത്തിജലിക്കുന്ന സൂര്യതേജസിന്റെ വർണ്ണന എവിടെ നിന്നാണ് തുടങ്ങുക. പതിനാലാം രാവിന്റെ ശോഭക്ക് തെളിച്ചക്കുടുതൽ എവിടെ. അതിന് ഏറ്റക്കുറച്ചിൽ ഉണ്ടായേക്കാം. എന്നാൽ ഇതെല്ലാം നിശ്പ്രഭമാക്കുന്ന അൽഭുത പ്രതിഭയായ മുഹമ്മദ് (സ്വ)യെ വർണ്ണിക്കാൻ തൂലികയെടുത്തവർ തോറ്റ് പോവുകയേ ഉള്ളൂ . ആ പുണ്യ പുരുഷൻ ലോകത്ത് ചർച്ച ചെയ്യപ്പെട്ട് കൊണ്ടരിക്കുന്നു. മണ്ണിലും വിണ്ണിലും ചർച്ച ചെയ്യുന്നു. പ്രപഞ്ചത്തിന്റെ തുടക്കം മുതൽ എന്നും മുഹമ്മദ് (സ്വ) ഒരു ചർച്ച വിഷയമാണ് . അനുയായികളുടെയും എതിരാളികളുടെയും ചർച്ചകൾ കേന്ദ്രീകരിക്കുന്നത് ആ പുണ്യ പ്രവാചകരിലാണ് .
ഇത്രമേൽ ചർച്ച ചെയ്യപ്പെടുന്ന ഒരു നായകനില്ല . ആത്മജ്ഞാനിയില്ല . നേതാവില്ല, അനുകരിക്കപ്പെടുന്നവരില്ല , ജനനവും ജീവിതവും വളർച്ചയുമെല്ലാം അത്ഭതമാണ് . വായിൽ വെള്ളിക്കരണ്ടിയുമായ് പിറന്ന ഒരു രാജകുമാരൻ ആയിരുന്നില്ല . മറിച്ച് അത് ഒരു വാഗ്ദത്ത പ്രവാചകരായിരുന്നു . ലോകം കാത്തുനിന്ന പ്രവാചകൻ . ജൂത ക്രൈസ്തവ പൂരോഹിതൻമാരും പണ്ഡിതരും കാത്തുനിന്നു, ആ തിരുപ്പിറവി അവരുടെതാക്കി എടുക്കാൻ . പക്ഷേ അവരെ നിരാശരാക്കി ഖുറൈശി കുടുംബത്തിലെ ഒരു സാധരണ കുടുംബത്തിലാണ് ആ സുന്ദര സൂനം വിരിഞ്ഞത് . ആമിന ബീവിയുടെ മൂത്ത് മോനായി, ലോകനായകൻ പിറവി കൊള്ളുകയായിരുന്നു. ഒരു ദിവസം പോലും തന്റെ പിതാവിന്റെ പരിലാളന ലഭിച്ചിട്ടില്ല. മാതാവിന്റെ മടിത്തട്ടും ഏറെകാലം ആ കുഞ്ഞിന് അഭയമേകിയില്ല .
തന്റെ പ്രിയ ഭർത്താവിന്റെ ഖബറിടം സന്ദർഷിച്ചു തിരിച്ചു വരുന്ന വഴി അബവാഅ എന്ന സ്ഥലത്ത് എത്തിയപ്പോൾ ആ പിഞ്ചു മകന്റെ കണ്ണിൽ കണ്ണ് ചേർത്ത് വെച്ച്‌ ആ മാതൃ ഹൃദയം നിലച്ചു . തന്റെ പ്രിയതമന്റെ വേർപാടന്റെ തീവ്രസ്മരണ ആ മാതൃ ഹൃദയത്തെ പിടിച്ചുലച്ചുവോ എന്തോ ? ആ രംഗം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ! ചുട്ടു പൊള്ളുന്ന മരുഭൂമി . ഒരു ആറ് വയസ്സ്കാരനും കൂടെ ഉമ്മയുടെ വേലക്കാരിയും . ആ കുഞ്ഞിന്റെ മുമ്പിൽ ഉമ്മയുടെ അനക്കമറ്റ ശരീരമുണ്ട് . ഗദ്ഗദകണ്ഠനായ് നിന്ന ആ കുഞ്ഞിന് നിർവഹിക്കാനുണ്ടായിരുന്നത് ആ മരുഭൂമിയുടെ മടിത്തട്ടിൽ തന്റെ പ്രിയമാതാവിന്റെ ഖബർ ഒരുക്കുന്ന ചുമതലയും. വിറയാർന്ന കൈകളോടെ ആ കുഞ്ഞ് വേലകാരിയുടെ സഹായത്തോടെ തന്റെ പ്രിയമാതാവിനെ മറവ് ചെയ്തു . ഹൃദയം നുറുങ്ങുന്ന വേദനയോടെ, വിങ്ങലോടെ മക്കയിലേക്ക് തിരിച്ച് പോയി .
മക്കയിൽ പാഠശാലകളിലൊന്നും പോവാതെ വളർന്നു വന്നു . പ്രത്യേകമായ കരുതി വെപ്പ് പോലെ ആ ബാല്യവും കൗമാരവും യുവത്വവും മുന്നോട്ട് പോയി. ചന്തയിലെ ആരവങ്ങളിൽ ആ യുവാവിനെ ആരും കണ്ടില്ല , അങ്ങാടിയിലെ ബഹളങ്ങളിൽ , മദ്യ ചഷകങ്ങൾ കൂട്ടിമുട്ടുന്ന സൗഹൃദവേദികളിൽ , ബഹുദൈവ സേവാമന്ദിരങ്ങളിൽ എവിടെയും ആ യുവാവ് പോയില്ല . ഒരു വിഗ്രഹാലയത്തിൽ ഒന്ന് എത്തി നോക്കിയപ്പോൾ ബോധരഹിതനായി വീഴുകയും ചെയ്തു .
തിന്മയുടെ സകല തോന്ന്യാസങ്ങളും അതിന്റെ മുഴുവൻ രൗദ്രഭാവങ്ങളിലും പത്തി വിടർത്തിയാടുന്ന, പെണ്ണ് , കള്ള്, യുദ്ധം എന്ന മൂന്ന് തിന്മകളിൽ (3w – wine war women ) യുവാക്കൾ മാത്രമല്ല , വൃദ്ന്മാർവരെ അഭിരമിച്ചിരുന്ന ആ ഉന്മാദത്തിന്റെ കാലഘട്ടത്തിൽ ആരോഗ്യദൃഡഗാത്രനായ ഒരു യുവ കോമളൻ മാത്രം ഇത്തരം ആഭാസങ്ങളിൽ നിന്നും പുറം തിരിഞ്ഞ്‍ നടക്കുന്നു . ആ കാട്ടാള യുഗത്തിൽ അത്യുൽകൃഷ്ട്ടമായ ജീവിത വിശുദ്ധിയിലും അനിതര സാദാരണമായ സത്യസന്ധതയിലും എല്ലാവരും അൽഅമീൻ( വിശ്വസ്തൻ) എന്ന് വിളിക്കപ്പെട്ട് സ്വന്തം സമൂഹത്താൽ ഒരു യുവാവ് ആദരിക്കപ്പെടുന്നത് അത്ഭുതം തന്നെയല്ലേ .കഠിന വിരോധം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ഹൃദയത്തിൽ പോലും തന്റെ സത്യസന്ധത ആഴത്തിൽ നട്ടുവളർത്തി ആ പരിശുദ്ധ പ്രവാചകൻ ലോകത്തെ വിസ്മയിപ്പിച്ചു .
അബൂത്വാലിബിന്റെ കൂടെ യാത്ര ചെയ്യവെ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആകാശത്ത് പ്രത്യേകമായി രൂപം കൊണ്ട മേഘത്തണലിന് താഴെ കടന്ന് പോവുന്ന കുട്ടിയെ കണ്ട കൈസ്ത്രവ പാതിരിയായ ബുഹൈറ “ഇത്‌ പ്രവാചകത്വത്തിന്റെ അടയാളമുള്ള കുട്ടിയാണ് .വേഗം നിങ്ങൾ തിരിച്ചു പോകുക. ജൂതന്മാർ ഇവന്റെ ശത്രുക്കളാണ് അവരിൽ നിന്നും സംരക്ഷിക്കുക “.ഇത്‌ അബൂത്വാലിബിന്റെ കാതിലോതി . ഇങ്ങനെ അനേകം അത്ഭുതങ്ങളുടെ കലവറകൾ ഉൾക്കൊണ്ടതാണ് ആ ജീവിതം .
എന്നാൽ ലോകത്തെ വിസ്മയിപ്പിച്ച യഥാർത്ഥ അത്ഭുതങ്ങൾ തുടങ്ങുന്നത് 40 വയസ്സ് മുതലാണ് . പല കാലങ്ങളിൽ അവിടുത്തെ മനസ്സിനെ മഥിച്ച്‌ ചിന്തകളുടെ വിസ്‌ഫോടനം നടന്നത് അപ്പോഴാണ് . അന്നം നൽകി , ആരോഗ്യം നൽകി , അവസരം നൽകി , ഭൂമിയെ ഒരു പറുദീസയെ പോലെ അണിയിച്ചൊരുക്കി അതിൽ വാസസ്ഥലമൊരുക്കി ,ഉല്ലസിപ്പിക്കുന്ന രക്ഷിതാവിന് ഈ ജനങ്ങളുടെ ജീവിതത്തിൽ എവിടെയുമില്ലല്ലോ സ്ഥാനം . ബുദ്ധിയും വിവേകവും ആലോചനശേഷിയും നൽകിയിട്ടും ഇവരെന്താ ഇങ്ങനെ . അവർ അവരുടെ രക്ഷിതാവിനെ കുറിച്ച്‌ ഒരു പരിചയഭാവം പോലും നടിക്കുന്നില്ലല്ലോ. ഇവരുടെ ജീവൻ, കേൾവി, കാഴ്‌ച, ബുദ്ധി, ആരോഗ്യം തുടങ്ങി അവരുടെ അംഗചലനങ്ങൾ പോലും അവന്റെ ദാനമല്ലോ ? ഇവർക്കുണ്ടോ എന്തെങ്കിലുമൊരു ആദിപത്യവും ഉടമസ്ഥതയും? എന്നിട്ടുമെന്തേ ഇവരുടെ മനസ്സ് ഇങ്ങനെ മരവിച്ച് പോയത് ? ഇവരെന്തിനാണ് സ്വന്തം സഹോദരങ്ങളെ കൊന്ന് തള്ളുന്നത് . പെണ്ണുങ്ങളുടെ മാനത്തിന് ഈ നാട്ടിൽ ഒരു വിലയുമില്ലല്ലോ. സ്ത്രീത്വം പിച്ചിചീന്തിയിട്ടും മൗനികളാവുന്ന ഇവർ ആണുങ്ങൾ തന്നെയോ. പല കാഴ്ചകളും കരൾ തകർക്കുന്നതാണല്ലോ .
ഒരു സ്ത്രീയുടെ ഏറ്റവും വലിയ വേദന പ്രസവമാണ് . അതിന്റെ മറുമരുന്നാണ് തന്റെ കുഞ്ഞിന്റെ മുഖം കാണൽ . മാതൃ സ്തനത്തിന്റെ മാധുര്യം നുണയുന്ന ആ കുഞ്ഞിനെ മാതകരങ്ങളിൽനിന്ന് ക്രുദ്ധനായി വലിച്ചെടുക്കുന്ന സ്വന്തം പിതാവ്. ഭാര്യ പ്രസവിച്ചത് പെണ്ണിനെയാണത്രെ ! ആ അഭിശപ്ത ജന്മം അവന്റെ അഭിമാനം തകർത്തുകളഞ്ഞത്രെ. എന്തൊരു വിവര ക്കേടാണിത് . അവൻ കുഴി വെട്ടുകയാണ് . ഉമ്മയുടെ മടിത്തട്ടിൽ നിന്ന് വലിച്ചെടുത്ത കുഞ്ഞിനെ അവൻ അതിലേക്ക് വലിച്ചെറിഞ്ഞു . ഉമ്മയുടെ വാത്സല്യമനസ്സിന്റെ അഗാധതയിൽ നിന്നല്ലേ അവൻ ആ കുഞ്ഞിനെ പറിച്ചെടുത്തത് . പൊട്ടിയൊഴുകിയ ഉമ്മയുടെയും കുട്ടിയുടെയും കണ്ണുനീരിൽ അവൻ ഉരുകിപ്പോവാത്തതെന്ത് ? മരുഭൂമിയെ വിറങ്ങലിപ്പിക്കുന്ന ആ ദയനീയ നിലവിളിയിൽ മണ്ണിട്ട് മൂടുന്ന ഇവന്റെ പേര് തന്നെയോ പിതാവ് !
ഹൃദയകത്തെ നുറുക്കി കളയുന്ന ഭീകര കാഴ്ച തന്നെ ഇത്‌ . ആർക്കുമില്ലെ രോഷം. ചുറ്റും ഇരുട്ട് പരക്കുന്നല്ലോ. തനിക്ക് എല്ലാം നല്കിയവനോട് നന്ദി ചെയ്യുന്നതിന് പകരം കടുത്ത നിന്ദയോ. പക്ഷേ ആർക്കുമില്ല ഇതൊന്നും ചോദ്യം ചെയ്യാൻ ധൈര്യം അങ്ങനെ ധൈര്യം കിട്ടിയവരെ നിശബ്ദമാക്കിയത് വാളാണ്. പിന്നെ ആര് പ്രതികരിക്കാൻ. ഇല്ല ഇല്ല ഞാനിതനുവദിക്കില്ല . സാധ്യമല്ലെനിക്ക്. ഈ തിന്മകളോട് കൂട്ട് നിൽക്കാൻ. ഇല്ല ഇതനുവദിക്കാനാവില്ല . ചിന്തകൾ വിചാരങ്ങൾ മാറിമറിയുകയാണ് . ആരുണ്ടാവും കൂട്ടിന് ? ആരുമുണ്ടാവില്ലെന്ന് വരും. പക്ഷേ എന്റെ രക്ഷിതാവ് എന്റെ കൂടെ ഉണ്ടാകും. തീർച്ച
ഒരു നാൾ ധീരനായ ആ യുവാവ് തന്റെ രക്ഷിതാവിന്റെ അനുവാദത്തോടെ അല്ല ആഞ്ജയോടെ ഉറക്കെ പ്രഖ്യാപിച്ചു. “അല്ലാഹു ഏകനാണ് അവൻ മാത്രമാണ് ആരാധ്യൻ . ഞാൻ അവന്റെ പ്രവാചകനാണ്.”
അധർമ്മത്തിന്റെ ആധാരശിലകളിൽ ഈ പ്രഖ്യാപനം ഊക്കോടെ ആഞ്ഞടിച്ചു . അനീതിയോടും അധർമ്മത്തോടും സന്ധിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു . ആ പ്രഖ്യാപനം അറേബ്യയെ പിടിച്ചുലച്ചു.മക്ക ഇളകിമറിഞ്ഞു . തിന്മകളിൽ മൗനിയായി അടയിരുന്നവർ അപ്പോൾ സടകുടഞ്ഞെഴുനേറ്റു . അംഗീകരിക്കാനല്ല. അടിച്ചമർത്താൻ .
അവർ അത്ഭുതം കൂറി . ആരിത് ? അൽഅമീനോ ? നമ്മുടെ പ്രതീക്ഷയായ ശാന്തനായ യുവാവിന് എന്തുപറ്റി? തല്ലാനും കൊല്ലാനുമുള്ള നമ്മുടെ അവകാശത്തിനെതിരെ ശബ്ദിക്കുന്നുവോ? നമ്മുടെ ആരാധ്യ വസ്തുക്കളെ തള്ളിപ്പറയുകയോ?
നാല് ഭാഗത്തുനിന്നും അവർ പാഞ്ഞടുക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു
അവിടുന്ന് ചിന്തിച്ചു. അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുന്ന തിന്മകളിൽ നിന്ന് ഈ ജനസഞ്ചയത്തെ രക്ഷപ്പെടുത്തണം. അതാണ് എന്റെ നിയോഗം. അല്ലാഹുവിന്റെ കാരുണ്യം അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. അവൻ ഉടമസ്ഥനാണ്. നമ്മൾ അടിമകൾ മാത്രം. അവന്റെ നിയമം ആണ് നിയമം. അതാണ് ജീവിതവിജയം മാർഗ്ഗം. ഇവർ എതിർക്കുന്നത് വിവരക്കേട് കൊണ്ട് മാത്രമാണ്. അതിനാൽ ഇവരുടെ രക്ഷാകവചമായി ഞാൻ നിലകൊള്ളണം.
പക്ഷേ മറുവശത്ത് വമ്പിച്ച കോളിളക്കം നടക്കുകയാണ്. ഇവൻ സമ്പത്തിൽ മേലുള്ള നമ്മുടെ അവകാശം നീക്കി കളയുമോ? നമ്മുടെ ജീവിത സ്വാതന്ത്ര്യം മുടക്കി കളയുമോ? നേതൃസ്ഥാനം ഇവൻ തട്ടിയെടുക്കുമോ? നമ്മുടെ ആരാധ്യരെ തള്ളിപ്പറഞ്ഞാൽ നമുക്കുമേൽ ദൈവശാപത്തിന്റെ ഇടിഞ്ഞുവീഴുമോ? അവർ ഈ വെളിച്ചം മുളയിലെ ഊതികെടുത്താൻ തീരുമാനിച്ചു. നൂറ് നൂറ് വാളുകൾ അന്തരീക്ഷത്തിലുയർത്തി. അവിടുത്തെ ഭീഷണിപ്പെടുത്തി. അനുനയത്തിന്റെ പഞ്ചാര വാക്കുകളുമായി അവർ സമീപിച്ചു. അവരോട് ശാന്തനായ എന്നാൽ ദൃഢനിശ്ചയത്തോടെ അവിടുന്ന് പറഞ്ഞു.” എന്റെ രണ്ട് കൈകളിലും സൂര്യനേയും ചന്ദ്രനേയും വെച്ചു തരാം എന്ന് നിങ്ങൾ പറഞ്ഞാൽ പോലും ഞാൻ ഈ ദൗത്യത്തിൽ നിന്ന് പിന്തിരിഞ്ഞ് പോവുകയില്ല” ആ പ്രഖ്യാപനം അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.
പിന്നീട് 23 കൊല്ലം തുല്യതയില്ലാത്ത ഒരു ജീവിതപ്രയാണം ആയിരുന്നു. അതിലെ സംഭവങ്ങൾ ഓരോന്നും വിറയാർന്ന കൈകളോടെ മാത്രം കുറിയ്ക്കേണ്ടതാണ്. അവർ എതിർപ്പിന്റെ മതിൽക്കെട്ടുകൾ തീർത്തു ഉപദ്രവിച്ചു. കഠിനമായി തന്നെ. എല്ലാം പുഞ്ചിരിയോട് കൂടി അവിടുന്ന് സ്വീകരിച്ചു. പക്ഷേ പലതിന്റെയും തീക്ഷ്ണ ഭാവങ്ങൾ ആ പരിശുദ്ധ ഹൃദയത്തെ തളരിത നാക്കി. പലപ്പോഴും വിങ്ങിപ്പൊട്ടി. ശിഅബ് അബീത്വാലിബിൽ മൂന്നുകൊല്ലം താനും കൂടെയുള്ളവരും ഉപരോധിക്കപ്പെ ട്ടപ്പോൾ ഭക്ഷണം ഇല്ലാത്തതിനാൽ ഇലകളും വള്ളികളും വേവിച്ചു കുട്ടികൾക്ക് കൊടുക്കുന്ന ഉമ്മമാരെ കണ്ടപ്പോൾ, മുലപ്പാൽ വറ്റിപ്പോയ അതിനാൽ ദാഹിച്ചുവലഞ്ഞ പൈതങ്ങളുടെ നിലവിളി പല നാളുകളിൽ ഉയർന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി.
ആ തിരുഹൃദയത്തെ നടുക്കിയ മറ്റൊരു കാഴ്ച ഇങ്ങനെ. തന്റെ പ്രിയസഖി ഖദീജാ ബീവി(റ ).മക്കയിലെ സമ്പന്നരായിരുന്നു ഖദീജ(റ). സമ്പത്ത് മുഴുവനും ആദർശത്തിനു വേണ്ടി ചിലവഴിച്ച ഖദീജ(റ). എനിക്ക് താങ്ങും തണലുമായി ഒരു ജീവിതം സമർപ്പിച്ചവൾ. ആരോഗ്യവതിയും അത്യുത്സാഹിയുമായ സ്നേഹ ധർമ്മിണി ഇപ്പോൾ ഇതാ ഭക്ഷണം കിട്ടാതെ ചുക്കിച്ചുളിഞ്ഞ ശരീരവുമായി, തുന്നി കൂട്ടിയ വസ്ത്രത്തിൽശാന്ത സ്വരൂപയായി നിലകൊള്ളുന്നു. ഈ രംഗം ആ സ്നേഹ സാഗരത്തെ പിടിച്ചുകുലുക്കി.
ഈ കഠിന യാതനകൾ ക്കിടയിലും ആകാശത്തേക്ക് കൈകളുയർത്തി ബുദ്ധിമുട്ടിച്ച ജനങ്ങൾക്കുവേണ്ടി നാഥാ നീ അവർക്ക് പുറത്ത് കൊടുക്കണമേ എന്ന് പലവട്ടം പ്രാർത്ഥിച്ചു. ശത്രുക്കൾക്ക് നന്മ തേടിക്കൊണ്ടുള്ള ഈ പ്രാർത്ഥന ലോകത്തെ അത്ഭുതപ്പെടുത്തി. 23 വർഷം കൊണ്ട് പതിനായിരക്കണക്കിന് എതിരാളികൾ അനുയായികളായി മാറി. ആ പൂ ചുണ്ടിലെ പുഞ്ചിരി കണ്ട് സായൂജ്യമടയാൻ, ആ വിരൽതുമ്പിലെ ആജ്ഞകൾ സ്വീകരിക്കാൻ, വാളുകൾ താഴ്ത്തി ശാന്തരായി പതിനായിരങ്ങൾ കാത്തുനിൽക്കുന്ന അത്ഭുതത്തിനു ലോകം സാക്ഷ്യം വഹിച്ചു.
നുബുവ്വത്ത് കിട്ടി 22 വർഷം പൂർത്തിയായി. അന്നത്തെ ഹജ്ജ് വേളയിൽ അറഫയുടെ മലമുകളിൽ പ്രവാചക സുവർണ്ണ ശ്രേണിയിലെ അവസാന വെള്ളിനക്ഷത്രം മുഹമ്മദ് മുസ്തഫ (സ്വ ) കയറി നിന്നു. മുഴുവൻ പ്രവാചകന്മാരുടെയും സന്ദേശത്തിന്റെ സമാപന പ്രഖ്യാപനം അഥവാ ഇസ്ലാമിന്റെ സമ്പൂർണ്ണ പ്രഖ്യാപനം നടത്തി. വിശ്വമാനവികതയുടെ യും ദാർശനിക അച ഞ്ചലതയുടെയും ധർമ്മാധർമ്മ വിവേചനത്തിനും എക്കാലത്തെയും ഉജ്ജ്വല പ്രഖ്യാപനങ്ങൾ. വിനയം വിനാശവും ഒഴിവാക്കി വിനയവും വിചാരവും വിവേകവും ഉൾക്കൊള്ളാൻ അവിടുന്ന് ആഹ്വാനം ചെയ്തു. മനുഷ്യ സേവന തലങ്ങളുടെ വിശാലത സ്വീകരിക്കാൻ അവിടുന്ന് കൽപിച്ചു. വികല ജീവിത സമീപനങ്ങൾ വെടിഞ്ഞ് വിശുദ്ധിയുടെ വഴി തേടാനുള്ള വചനാമൃതങ്ങൾ ഒന്നൊന്നായി ഒഴുകിവന്നു. പൊട്ടി നുറുങ്ങിയ മനുഷ്യബന്ധങ്ങൾ തന്റെ വിശുദ്ധ കരങ്ങളിൽ കെട്ടി ശരിയാക്കി. പാരുഷ്യങ്ങളും പാതകങ്ങളും ഒഴിവാക്കി ആർദ്രതയും സ്നേഹവും കൈക്കൊള്ളാൻ അവിടുന്നു ആജ്ഞാപിച്ചു. ആദർശ പ്രചരണവും ആദർശ പ്രയോഗവും രണ്ടാണെന്ന് അവിടുന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. സ്വജീവിതം ഏറ്റെടുക്കാത്ത ആദർശ പ്രസ്താവ്യങ്ങൾ വെറും പൊള്ളയായ പ്രഹേളികയാണെന്ന് ജീവിതം കൊണ്ടു അവിടുന്ന് സാക്ഷി നിന്നു. എക്കാലത്തെയും മാത ദർശന പഥങ്ങൾ സമ്മാനിച്ചു ലോകത്തെ അവിടുന്ന് ധന്യമാക്കി. പരിധി രഹിതമായ സ്നേഹം വാരിയെറിഞ്ഞും സ്നേഹം സ്വീകരിക്കും സ്നേഹനിധിയായ രക്ഷിതാവിന്റെ ചാരത്തേക്ക് നീങ്ങി
ആ സൗരഭ്യവും സുഗന്ധവും ഇതാ ഇന്നും ലോകത്ത് പരന്നൊഴുകി കൊണ്ടിരിക്കുന്നു.
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വ സല്ലം