പ്രവാചക സ്നേഹം

മുത്തുനബിﷺയോട് മനസ്സില്‍ ഇരമ്പിയുയരുന്ന ഇഷ്ടങ്ങള്‍ ഏതെങ്കിലും പ്രത്യേക രീതിയില്‍ ഒതുക്കി വെട്ടിയും ചെത്തിയും ഒപ്പിച്ചെടുക്കണമെന്ന് ആരും ആവശ്യപ്പെടരുത്. വിശ്വാസപരമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തലാവും അത്. മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചവും നടപ്പില്‍ നബിസ്‌നേഹത്തിന്റെ തിളക്കവും നിറച്ചുവച്ചവരില്‍നിന്നുണ്ടാവുന്ന ഇഷ്ഖിന്റെ പ്രകടനങ്ങള്‍ക്ക് അതിരും അതിര്‍ത്തിയും തീരുമാനിക്കുന്നവര്‍ മറച്ചുപിടിച്ച താല്‍പ്പര്യങ്ങള്‍ എന്താണ്..?

എപ്പോഴും ഖുര്‍ആനിനു മഹത്വവും പരിഗണനയും ഉണ്ടെങ്കിലും അത് അവതീര്‍ണമായ റമളാനില്‍ കൂടുതൽ പ്രത്യേകമായുണ്ട് എന്നപോലെ എവിടെയും എപ്പോഴും നബിയോടുള്ള ഇഷ്ടങ്ങള്‍ നിറഞ്ഞുപൂത്തുണ്ടാവുമെങ്കിലും ജന്‍മ മാസത്തിലും ദിനത്തിലും അതിന്റെ വിശേഷങ്ങള്‍ സുവര്‍ണ ശോഭയോടെ ആവിഷ്‌കരിക്കപ്പെടുന്നത് സ്വാഭാവികമാണ്…

എന്നാല്‍, ഇപ്പോഴും ഒരു സംഘം അകതാരിലെ അഗാധമായ സ്‌നേഹത്തിന് പരിധികളും പരിമിതികളും കല്‍പ്പിക്കുന്നുണ്ടിവിടെ…

നബിദിനാഘോഷികളെ മുശ്‌രിക്കുകളും മുബ്തദ്ഈങ്ങളുമായി ചിത്രീകരിച്ച് ശിര്‍ക്കിന്റെ ഹോള്‍സെയില്‍ കച്ചവടക്കാരായി കവലകളില്‍ പ്രഭാഷണം നടത്തുന്ന ഇവര്‍ സാധാരണക്കാരുടെ മനസ്സിൽ സംശയത്തിന്റെ വിഷബീജങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ദുഃഖകരമാണ്. മൗലിദ് ബിദ്അത്താണെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞുനടക്കുന്ന ഇക്കൂട്ടരുടെ വാദഗതികളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ചാല്‍ ഇവരുടെ കള്ളത്തരങ്ങളും കാപട്യങ്ങളും മറനീക്കി പുറത്തു വരുന്നതാണ്…

ഭാഷാപരമായി മൗലിദിനെ ജന്മദിനം, ജന്മസമയം എന്നീ അര്‍ത്ഥങ്ങളാണുള്ളതെങ്കിലും മുസ്‌ലിം ലോകത്തിന്റെ സാങ്കേതിക പ്രയോഗത്തില്‍ അല്ലാഹുﷻവിന്റെ അനുഗ്രഹവും സാമീപ്യവും സംസിദ്ധമാക്കിയവരുടെ സംഭവബഹുലവും സദാചാരസമ്പുഷ്ടവുമായ പരിശുദ്ധ ജീവിതത്തിന്റെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രേമാ ആയി അവതരിപ്പിക്കുന്നതിനാണ് മൗലിദെന്ന് പറയുന്നത്. ഇന്നലെകളില്‍ വഴിവെളിച്ചം നല്‍കി വിടപറഞ്ഞവരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയുന്നതില്‍ മതത്തിന്റെ താത്വികമായ അംഗികാരമുണ്ട്…

നബി ﷺ പറയുന്നു,
അമ്പിയാക്കളെക്കുറിച്ചുള്ള സ്മരണ ഇബാദത്തും സ്വാലിഹീങ്ങളെ സംബന്ധിച്ച സ്മരണ നാം ചെയ്തു കൂട്ടിയ പാപങ്ങളെ പൊറുപ്പിക്കുകയും ചെയ്യുന്നു. നാം നിസ്‌കരിക്കുമ്പോഴും നോമ്പെടുക്കുമ്പോഴും മറ്റു ഇസ്‌ലാമികാരാധനകള്‍ ചെയ്യുമ്പോഴും പ്രതിഫലം ലഭിക്കുന്നതു പോല്‍ മൗലിദ് ഓതിയാലും പ്രതിഫലം ലഭിക്കുമെന്ന് ഹദീസിലൂടെ നമുക്ക് വ്യക്തമാക്കിത്തരുന്നു.
സ്വപിതാവിനെക്കാളും മക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ ഒരുവനും പൂര്‍ണ വിശ്വാസിയാവുകയില്ലെന്ന് പറയുന്നതിലൂടെ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ മാനദണ്ഡമായി പ്രവാചക പ്രേമം പരിണമിക്കുകയാണ്…

മൂന്നു കാര്യങ്ങള്‍ ആര്‍ക്കെങ്കിലും സ്വായത്തമാവുകയാണെങ്കില്‍ അവര്‍ ഈമാനിന്റെ മാധുര്യം എത്തിച്ചുവെന്ന് പറഞ്ഞതില്‍ പ്രഥമ സ്ഥാനം അല്ലാഹുﷻനെയും അവന്റെ റസൂൽ ﷺ യെയും സ്‌നേഹിക്കലാണെന്ന വചനത്തിലൂടെ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അനിവാര്യവും അത്യന്താപേക്ഷിതവുമാണ് പ്രവാചകസ്‌നേഹമെന്ന് നബിﷺതങ്ങള്‍ തന്നെ നമ്മെ ബോധ്യപ്പെടുത്തുകയാണ്…

ചുരുക്കത്തില്‍, കുറ്റമറ്റ മുസ്‌ലിമാവണമെങ്കില്‍ അവന്‍ പ്രവാചകനെ അത്യധികമായി സ്‌നേഹിക്കണം. ഒരാളുടെ പ്രേമഭാജനം മുഹമ്മദ് നബിﷺയാവുമ്പോഴേ അവന്‍ പൂര്‍ണ വിശ്വാസിയാവുന്നുള്ളൂ. നക്ഷത്ര തുല്യരായ സ്വഹാബാക്കള്‍ പ്രവാചകസ്‌നേഹം വിശ്വാസത്തിന്റെ പരമ പ്രധാനമാണെന്നു മനസ്സിലാക്കി പ്രവാചകരെ പ്രാണനുതുല്യം പ്രേമിച്ചിരുന്നു…

സൈദ്(റ)വിന്റെ ജീവിതത്തിലെ പ്രവാചകസ്‌നേഹത്തിന്റെ തീക്ഷ്ണതയും അഗാധതയും നമുക്ക് പറഞ്ഞുതരുന്നതും ഈയൊരു സത്യമാണ്. വധിച്ചുകളയാനായി ശത്രുക്കള്‍ സൈദ്(റ)വിനെ കൈക്കലാക്കിയപ്പോള്‍ അബൂസുഫിയാന്‍ ചോദിച്ചു: ”സൈദ്, ഇപ്പോള്‍ നിനക്കുപകരം തലയറുക്കപ്പെടാന്‍ ഞങ്ങളുടെ കൈയില്‍ പ്രവാചകര്‍ അകപ്പെടുന്നതും നീ സ്വകുടുംബവുമായി സുഖമായി കഴിയുന്നതും ഇഷ്ടപ്പെടുന്നുണ്ടോ?” അന്ത്യനിമിഷങ്ങള്‍ കാത്തുകഴിയുന്ന സൈദ്(റ)വിന്റെ പ്രതികരണം, ”ഇല്ലാ, പ്രവാചകന് (ﷺ) ഒരു മുള്ള് തറക്കുന്നതുപോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല” എന്നായിരുന്നു.
സ്‌നേഹത്തിന്റെ മാര്‍ദ്ദവതലങ്ങളാണ് ഇതിലൂടെ നാം സ്പര്‍ശിക്കുന്നത്…

തന്‍ഇതമില്‍വച്ച് ഖുബൈബിനെ വധിക്കാന്‍ കൊണ്ടുപോവുമ്പോഴും നാം കണ്ടു ആ സ്ഥൈര്യം. റസൂൽ ﷺ ക്ക് വേണ്ടി എന്തും സഹിക്കാനും ക്ഷമിക്കാനുമുള്ള അത്യപൂര്‍വ സ്‌നേഹം. ഒരു രാത്രി പടുവൃദ്ധ പ്രവാചക ഗീതങ്ങളാലപിക്കുന്നത് ശ്രവിച്ച് അവരുടെ വീട്ടുപടിക്കലില്‍ വിങ്ങിപ്പൊട്ടിയ ഉമര്‍(റ)വിന്റെ പ്രവാചക സ്‌നേഹത്തിന് ലോകചരിത്രത്തില്‍ മാതൃക കാണാന്‍ പ്രയാസം…

ഉമയ്യത്തെന്ന ക്രൂര കിരാതന്റെ കരാള കരങ്ങളില്‍ നിസ്സഹായനായി പിടയുമ്പോഴും യാ റസൂലല്ലായെന്ന മഹദ് മന്ത്രമുരുവിട്ട ബിലാല്‍(റ)വും ഹിറയ്ക്കകത്തുവച്ച് പാമ്പുകടിയേറ്റ് പുളയുമ്പോഴും പ്രവാചകനിദ്രയ്ക്ക് ഭംഗം വരാതിരിക്കാന്‍ വേദന കടിച്ചിറക്കിയ അബൂബക്കര്‍(റ)വും സ്‌നേഹദര്‍പണത്തില്‍ മായ്ക്കാനാവാത്ത പ്രതിബിംബങ്ങളായി ഇന്നും ജീവിക്കുന്നു…

പ്രവാചക കാലത്ത് പ്രവാചകന്റെ (ﷺ) സാമീപ്യത്തില്‍ അവര്‍ കാണിച്ച സ്‌നേഹപ്രകടനങ്ങളാണ് നാമിവിടെ വായിച്ചത്. പക്ഷേ, ഇഹലോകവാസം വെടിഞ്ഞ പ്രവാചകരെ നമുക്കെങ്ങനെ സ്‌നേഹിക്കാന്‍ കഴിയും..?

‘സ്‌നേഹിക്കപ്പെടുന്നവന്‍ സ്‌നേഹിതനാല്‍ ഏറെ പറയപ്പെടു’മെന്ന പ്രസ്താവ്യം പരിശോധിച്ചാല്‍ അടങ്ങാത്ത അനുരാഗത്തിന്റെയും ഒടുങ്ങാത്ത സ്‌നേഹത്തിന്റെയും ബഹിര്‍ പ്രകടനമായിരുന്നു മൗലിദ് രചിക്കാന്‍ അതിന്റെ രചയിതാക്കളെ പ്രേരിപ്പിച്ചതെന്ന് എളുപ്പം ഗ്രാഹ്യമാവും…

തിരുദൂതരുടെ ജന്മദിനത്തില്‍ മൗലിദ് പാരായണം ചെയ്യല്‍ ആപേക്ഷികമായി കൂടുതല്‍ പ്രായമേറിയ ബിദ്അത്താണ്..!
(അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ, പേജ് 60 -കുഞ്ഞീതു മദനി)

തടയിടാന്‍ കഴിയാത്ത മലവെള്ളപ്പാച്ചില്‍ പോലോത്ത പ്രവാചകാനുരാഗം വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിച്ച പൂർവസൂരികളെ മുബ്തദിഉകളാക്കുകയും നബിജീവിതത്തിന്റെ ഉല്‍കൃഷ്ടവും ഉദാത്തവുമായ അനുശീലങ്ങളവതരിപ്പിക്കുന്ന മൗലിദിനെ ബിദ്അത്തിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടുകയും ചെയ്തവര്‍ വസ്തുതാപരമായ തെളിവുകള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണ്…

പ്രവാചകര്‍ ﷺ യുടെ കാലത്ത് മതസ്ഥാപനങ്ങള്‍ സ്ഥാപിക്കലുണ്ടായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, വര്‍ഷാവര്‍ഷം വാര്‍ഷികാഘോഷം കഴിക്കല്‍ നബിചര്യയാണോയെന്ന് മൗലിദ് വിരോധികള്‍ പറയണം. നബിﷺയുടെ കാലത്തില്ലാത്തതിനെല്ലാം ബിദ്അത്തിന്റെ പരിവേഷം നല്‍കുമ്പോള്‍ ഒരുവേള വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ മതവിദ്യാഭ്യാസം നല്‍കുന്ന മദ്‌റസാ സമ്പ്രദായം ബിദ്അത്താണെന്നു പറയേണ്ടിവരും. നബിﷺ ഏതെങ്കിലും മദ്‌റസയോ പള്ളിയോ ഇന്നുള്ള രീതിയില്‍ ഉദ്ഘാടനം ചെയ്യുകയോ വാര്‍ഷികമാഘോഷിക്കുകയോ ചെയ്തിട്ടുണ്ടോ? മതത്തിന്റെ ഏതു തത്വങ്ങളോട് അരുചേര്‍ന്നാണീ ആണ്‍-പെണ്‍ സമ്മേളനങ്ങളൊക്കെ നടത്തിയത്..?

മൗലിദിനെതിരേ നിരന്തരം സ്റ്റേജും പേജും ഉപയോഗപ്പെടുത്തിയിട്ടും റബീഇന്റെ ചന്ദ്രന്‍ വിരിയുന്നതോടെ ഉയരുന്ന പ്രവാചകാപദാനങ്ങള്‍ ചെറിയതോതിലൊന്നുമല്ല നവയാഥാസ്ഥിതികരെ ചൊടിപ്പിക്കുന്നത്. മുസ്‌ലിം മനസ്സുകളിലെ മൗലിദിനോടുള്ള അഭിനിവേശവും ആഗ്രഹവും പാടേ പിഴുതെറിയാനുള്ള അവസാന അസ്ത്രമായി അത് മുളഫ്ഫര്‍ രാജന്‍ കൊണ്ടുവന്ന ബിദ്അത്താണന്ന് പറയുന്നു. 2004 മെയില്‍ പ്രസിദ്ധീകരിക്കപ്പെട്ട (ലക്കം1 പുസ്തകം 2) ഇസ്വ്‌ലാഹ് മാസികയില്‍ പറയുന്നു:
”പ്രമുഖ പണ്ഡിതനും സുന്നി മതപ്രഭാഷകനുമായ തഴവാ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ എഴുതുന്നു:
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ.” (അല്‍ മവാഹിബുല്‍ ജലിയ്യ)
അപ്പോള്‍ മൗലിദും മൗലിദാഘോഷവും ഇാസ്‌ലാമില്‍ പില്‍ക്കാലത്ത് വന്ന അനാചാരവുമാണ്. ഇസ്‌ലാമുമായി ഇതിനു യാതൊരു ബന്ധവുമില്ലാ.” (ഇസ്വ്‌ലാഹ്)

മൗലിദ് എന്നത് മുളഫ്ഫര്‍ രാജാവ് ആരംഭംകുറിച്ചതും ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നും വാദിക്കുമ്പോള്‍ ഒറ്റവായനയില്‍ നമുക്കും അത് ബിദ്അത്താണെന്നു തോന്നാം. ഹിജ്‌റ 300നു ശേഷമാണ് മൗലിദിന്റെ ഉത്ഭവമെന്നും അതിന്റെ സ്ഥാപകന്‍ മുളഫ്ഫര്‍ രാജാവാണെന്നും അതിനുമുമ്പ് മൗലിദ് സമ്പ്രദായം ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെയില്ലെന്നും പറയുന്നവര്‍ക്ക് ചരിത്രം വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.
മൗസില്‍ എന്ന പ്രദേശത്ത് പണ്ഡിതനായ ശൈഖ് ഉമര്‍ മുല്ല നടത്തിയിരുന്ന മൗലിദാഘോഷം അനുകരിച്ചുകൊണ്ടാണ് മുളഫ്ഫര്‍ രാജാവ് അപ്രകാരം ചെയ്തിട്ടുള്ളതെന്ന് അല്‍ബാഇസ എന്ന ഗ്രന്ഥത്തില്‍ 1268ല്‍ ജീവിച്ച ഡമസ്‌കസിലെ സുപ്രസിദ്ധ പണ്ഡിതനും ഇമാം നവവി(റ) വിന്റെ ഗുരുവര്യരുമായ ഇമാം അബൂ ശാമ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല, മുളഫ്ഫര്‍ രാജാവ് പണ്ഡിതനും പ്രപഞ്ചപരിത്യാഗിയും തഖ്‌വയിലധിഷ്ഠിതമായി ജീവിതം നയിച്ച മഹാനുഭാവനുമാെണന്ന് മൗലിദ് വിരോധികള്‍ക്കുപോലും സര്‍വാംഗീകൃതനായ ഹാഫിള് ഇബ്‌നു കബീര്‍ അല്‍ ബിദായ വന്നിഹായയിലും ഇബ്‌നു ഖല്ലിഖാന്‍ തന്റെ വഫയാത്തുല്‍ അഹ്‌യൈറിലും ഹാഫിള് സ്വുയൂഥി തന്റെ അല്‍ഹാവീലില്‍ ഫതാവയിലും വ്യക്തമാക്കുന്നു…

കേവലമൊരു രാജാവിന്റെ നാട്ടാചാരമെന്ന് പറഞ്ഞ് മൗലിദിനെ തള്ളുമ്പോള്‍ അതിലുപരി ഭൗതികവിരക്തനാണെന്നും സ്വാഭിപ്രായമനുസരിച്ച് മൗലിദാഘോഷം തുടങ്ങിയതല്ലെന്നുമുള്ള സത്യം മനഃപൂര്‍വം മറച്ചു വയ്ക്കുകയാണ്. അനുവര്‍ത്തിച്ചുവരുന്ന ആചാരത്തിന് നൂതന ഭാവവും രൂപവും നല്‍കുക മാത്രമാണദ്ദേഹം ചെയ്തത്. പരിഷ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും പേരില്‍ ഇസ്‌ലാമില്‍ യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കിയ മുസ്തഫാ കമാലിനെ പോലെ തന്നിഷ്ടപ്രകാരം പുതിയ ആചാരം കൊണ്ടുവന്ന ഒരാളായി മുളഫ്ഫര്‍ രാജാവും രൂപാന്തരം ചെയ്യപ്പെടുകയായിരുന്നില്ലാ…

മുഹിയുദ്ദീന്‍ സുല്ലമി തെളിവെടുത്ത അല്‍ മവാഹിബുല്‍ ജലിയ്യയില്‍ തുടര്‍ന്നുള്ള വരികള്‍തന്നെ മൗലിദ് ഓതാമെന്നതിനു തെളിവാണ്. തഴവാ മൗലവി പറയുന്നു:
”നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസ്വീബത്തൊക്കെയും നീങ്ങുന്നതാ.”
എന്നാല്‍, താനനുധാവനം ചെയ്യുന്ന ആദര്‍ശം പൊള്ളത്തരമാണെങ്കിലും കളവ് പലതവണയാവര്‍ത്തിച്ച് സത്യത്തിന്റെ മുഖഭാവം നല്‍കുന്നത് പോലെ വിശ്വാസം സംരക്ഷിക്കാന്‍ തനിക്കനുകൂലമായ വരികള്‍ മാത്രം അടര്‍ത്തിയെടുത്ത് ജനസമക്ഷം പര്‍വതീകരിച്ചവതരിപ്പിക്കുന്നതിന്റെ തൊലിക്കട്ടി വിശ്വാസിക്ക് ഭൂഷണമല്ല.
നിരവധി പണ്ഡിതന്മാരും സൂഫികളും മൗലിദാഘോഷത്തില്‍ സമ്മേളിച്ചിരുന്നുവെന്നും പ്രസ്തുത കിതാബില്‍തന്നെ തഴവാ മൗലവി പറയുന്നുണ്ട്:
“ഉലമാക്കളനവധി ഹാജറുണ്ടേതിലന്ന്
അത് പോലെ സൂഫികള്‍ കൂടുമെഅതില്‍ വന്ന് ”

മൗലിദിന്ന് മുളഫ്ഫര്‍ രാജാവ് പ്രാരംഭം കുറിച്ചപ്പോള്‍ ആവേശപൂര്‍വം നിരവധി ഉലമാക്കളും സ്വൂഫികളും അതില്‍ സമ്മേളിച്ചുവെന്നതുതന്നെ ഈയൊരാചാരത്തിന്റെ സാധുതയ്ക്ക് വ്യക്തമായ തെളിവ് തന്നെ. ചരിത്രം വിശദമായി അനേഷിച്ചാല്‍ മൗലിദെന്ന പേരിലുള്ള രചനയും അനുസ്മരണവും സ്വഹാബിമാരുടെ കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് മിസ്വിറിലെ കിങ് ഫഹദ് യൂനിവേഴ്‌സിറ്റിയിലെ ഇബ്‌നു അബ്ബാസ്(റ)വിന്റെ മൗലിദിന്‍ നബി എന്ന പേരിലറിയപ്പെടുന്ന കിതാബ്…
(ബുക്ക് നമ്പര്‍ 2014)

ഇബ്‌നു അബ്ബാസ്(റ) വഫാത്താവുന്നത് ഹിജ്‌റ 68ലാണ്. മൗലിദ് കിതാബ് കേരളത്തിലെ മുസ്‌ലിയാക്കന്‍മാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന ബിദഇകളുടെ വാദത്തിനു ശക്തമായ താക്കീതാണ് മിസ്വിറില്‍ ഇന്നും നിലനില്‍ക്കുന്ന ഈ കിതാബ്.
പുണ്യനബിﷺയുടെ അപദാനങ്ങള്‍ തിരുസമീപത്തുതന്നെ പറഞ്ഞപ്പോഴും നബിﷺഅംഗീകരിക്കുകയും പ്രേത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണു ചരിത്രം…

മക്കം ഫത്ഹിനു ശേഷം നബി ﷺ വധശിക്ഷയ്ക്ക് ഉത്തരവിട്ടിരുന്ന കഅബ് ബ്‌നു സുഹൈര്‍ തിരുസന്നിധിയിലിരുന്ന് നബികീര്‍ത്തന ഗാനം (ബാനത്ത് സുആദ) പാടി മൂര്‍ധന്യാവസ്ഥയില്‍ അവിടുത്തെ പുണ്യ ശിരസ്സിലുണ്ടായിരുന്ന പുതപ്പ് കഅബ് ബ്നു സുഹൈറിനു സമ്മാനമായി നല്‍കിയത് നമുക്ക് സുപരിചിതമാണ്. മുമ്പ് പ്രവാചകരെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത കഅബിനു ഭാവി ഭാസുരമാക്കാനും പരിപൂര്‍ണ വിജയിയാവാനും കഴിഞ്ഞു ഈ നബികീര്‍ത്തനഗാനം കൊണ്ട്. ഇനി പറയൂ, നബി ﷺ പച്ച പുതപ്പ് കൊടുത്ത് പ്രചോദനവും പ്രോത്സാഹനവും നല്‍കിയത് ബിദ്അത്തിനെ പ്രചരിപ്പിക്കാനാണെന്നു പറയാനുള്ള ചങ്കൂറ്റം വല്ലാത്തതുതന്നെ…

ഹസ്സാനുബ്‌നു സാബിത്(റ)വിന് നബിﷺയെ പുകഴ്ത്തിപ്പാടാന്‍ നബിﷺതന്നെ പ്രത്യേകമായി സ്റ്റേജ് ഒരുക്കിക്കൊടുത്തതിനെക്കുറിച്ചും ബിദ്അത്തുകാര്‍ക്ക് എന്തുണ്ട് പറയാന്‍..?

ഒരിക്കല്‍ ആമിറുല്‍ അന്‍സാരിയുടെ വീടിന്റെയരികിലൂടെ നബിﷺയുടെ കൂടെ അബൂദര്‍റ്(റ) നടന്നുപോകവെ ആമിറുല്‍ അന്‍സാരി തന്റെ മക്കള്‍ക്കും കുടുംബത്തിനും നബിﷺയുടെ അമാനുഷികവും അസാധാരണവുമായ സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുകയായിരുന്നു. ഇതു കണ്ട് പ്രവാചകര്‍ ആമിറുല്‍ അന്‍സാരി(റ)വിനോട് പറഞ്ഞു: ”സര്‍വൈശ്വര്യങ്ങളും നിനക്കല്ലാഹു പ്രദാനംചെയ്യട്ടെ. ഈസമയം വാനത്തിലെ ഓരോ മലക്കുകളും നിന്റെ പ്രവൃത്തിമൂലം നിനയ്ക്കുവേണ്ടി പൊറുക്കലിനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. നീ ചെയ്തതുപോലെ ആരെങ്കിലും ചെയ്താല്‍ അവന്‍ രക്ഷയുടെ മാര്‍ഗ്ഗത്തിലാണ്…
(സലകുല്‍ മുഅള്ളം)

മറ്റൊരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) സ്വസന്തതികള്‍ക്ക് നബിﷺയുടെ ജന്മസമയത്തിലെ അനിതരസാധാരണമായ സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുകയായിരുന്നു. അപ്പോഴാണ് പ്രവാചകര്‍ ﷺ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. തിരുനബിﷺ ഇപ്രകാരം പറഞ്ഞു: ”ഇബ്‌നു അബ്ബാസ്, നാളെ മഹ്ശറാ വന്‍സഭയില്‍ ഒരുചാണ്‍ വ്യത്യാസത്തില്‍ സൂര്യന്‍ കത്തിജ്വലിക്കുമ്പോള്‍ നിനയ്ക്കുവേണ്ടി ശഫാഅത്ത് ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനായി”

പുണ്യനബിﷺയുടെ സ്മരണകള്‍ സ്മരിക്കുന്നത് പുണ്യാര്‍ഹമാണെന്നു മേല്‍ചരിത്രങ്ങള്‍ നമ്മോട് വിളിച്ചുപറയുന്നു.
പ്രവാചക ജന്മദിനത്തില്‍ സന്തോഷാധിക്യത്താല്‍ നബിﷺയുടെ ചരിത്രങ്ങള്‍ സ്മരിക്കുന്നതു മാത്രം പിന്നെയെങ്ങന്നെ ബിദ്അത്താവും..? ഒരു അവിശ്വാസിക്കുപോലും ആ സന്തോഷം കൊണ്ട് ഉപകാരം ലഭിച്ചിട്ടുണ്ട്. ഹാഫിള് ശംസുദ്ദീന്‍ മുഹമ്മദിബ്‌നു നാസിറുദ്ദീന്‍ ദിമിശ്കി ഇതുസംബന്ധമായി പറയുന്നുണ്ട്.
പ്രവാചക ജന്മമറിഞ്ഞു സന്തോഷത്തോടെ വാര്‍ത്തയറിയിച്ച സുവൈബയെന്ന അടിമയെ വിമോചിപ്പിച്ച അബൂലഹബിന് തിങ്കളാഴ്ചതോറും ശിക്ഷയിളവു ലഭിക്കുന്നു.
ഇരുകരവും നശിച്ചുപോകട്ടെയെന്ന ആക്ഷേപത്തിനിരയായ നരകാവകാശിയായ അവിശ്വാസിക്കുപോലും നബിﷺയുടെ ജന്മദിനത്തില്‍ സന്തോഷിച്ചതുകാരണം ശിക്ഷയിളവ് ലഭിച്ചെങ്കില്‍ ജീവിതം മുഴുവന്‍ പ്രവാചകനെ സ്മരിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന വിശ്വാസിയെ കാത്തിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രവലുതായിരിക്കും..?

പ്രവാചകനോടുള്ള അവിരാമവും അദമ്യവുമായ സ്‌നേഹം കൊണ്ട് റബീഇന്റെ ദിനരാത്രികള്‍ വിശ്വാസികള്‍ മൗലിദിനാല്‍ ധന്യമാക്കുമ്പോള്‍ ബുദ്ധിക്ക് നിരക്കാത്ത അല്‍പ്പത്തരങ്ങള്‍ വിളിച്ചു കൂവുന്നവര്‍ ഓര്‍ക്കുക, നാളെ മഹ്ശറാ വന്‍സഭയില്‍ ഇണയോ തുണയോ ഇല്ലാത്ത വിപത്ഘട്ടത്തില്‍ മുഹമ്മദ് നബിﷺയുടെ അടുത്തേക്ക് തന്നെയാണ് പോവേണ്ടത്.
🔹