റാഷിദ് കെ.കെ ഒളവട്ടൂർ
കേരളവുമായുളള ഇസ്ലാമിന്‍റെ ബന്ധത്തിന് പുതിയൊരു മാനം കൈവരുന്നത് ഇസ്ലാമിക പണ്ഡിതര്‍ പ്രബോധനാര്‍ത്ഥം പലയാനം ആരംഭിച്ചതുമുതലാണ്. തിരുനബി (സ്വ)യുടെ കൽപ്പന ശിരസ്സാവഹിച്ച് ലോകത്തിന്‍റെ അഷ്ടദിക്കുകളിലേക്കും ഇറങ്ങിത്തിരിച്ച സ്വഹാബികള്‍ പണ്ഡിതന്മാര്‍, സുഫികള്‍, ഇവരിൽപ്പെട്ട വലിയൊരു വിഭാഗം തന്നെ കേരളത്തിന്‍റെ തീരദേശങ്ങളിൽ ഇസ്ലാമിക പ്രബോധനാര്‍ത്ഥം എത്തിച്ചേരുകയുണ്ടായി. അറേബ്യയുമായി പൗരാണികമായി നില നിന്ന ജലഗതാഗതമാണതിനു നിദാനമായത്.
കേരളത്തിലെ ഭരണാധിപരും പൊതുജനങ്ങളും അറേബ്യയിൽ നിന്നുളള പ്രബോധകരെ ഊഷ്മളമായി വരവേൽക്കുകയുണ്ടായി. ഈ സാഹചര്യമാണ് പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രവേഗം വര്‍ദ്ധിപ്പിച്ചത്. ഇങ്ങനെയുളള അനുകൂലമായ സാഹചര്യം മനസ്സിലാക്കി കേരളക്കരയിലെത്തിയ പണ്ഡിതന്മാര്‍ നിരവധിയാണ്. അവരിൽ തന്നെ ചിലര്‍ കേരളത്തെ പ്രബോധനത്തിനുളള ഇടത്താവളമായിട്ടുമാത്രമാണ് ദര്‍ശിച്ചത്. ചിലര്‍ പ്രബോധനം ലക്ഷ്യം വെച്ചുകൊണ്ട് ബന്ധുജനങ്ങളെയും സ്വദേശത്തെയും ത്യജിച്ച് ഇവിടേക്ക് സ്ഥിരതാമസം മാറ്റുകയുണ്ടായി. ഇവരാണ് ഇസ്ലാമിനെ ജീവസുറ്റതാക്കി മാറ്റിയത്.
മാലിക്ബ്നു ദീനാറിന്‍റെ നേതൃത്വത്തി വന്ന 44 പേരടങ്ങുന്ന സംഘത്തിൽ പെട്ടവരാണ് പ്രബോധനം ലക്ഷ്യംവച്ച് കേരളത്തിൽ സ്ഥിരതാമസമാക്കിയ ആദ്യ വിഭാഗക്കാര്‍. അവര്‍ കേരളത്തിന്‍റെ മുക്കുമൂലകളിൽ പളളികള്‍ സ്ഥാപിക്കുകയും , അവയെ കേന്ദ്രീകരിച്ചുകൊണ്ട് ഇസ്ലാമിക പ്രബോധനങ്ങള്‍ക്ക് കാര്‍മികത്വം നൽകുകയും ചെയ്തു. ചരിത്ര തീരമായ തമിഴ്നാട്ടിലെ കായൽ പട്ടണത്തുനിന്നും പഴയ കാലത്ത് ‘മഅ്ബര്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന കോറാമാണ്ഡ തീരത്തുനിന്നും തേങ്ങാപട്ടണം വഴിയുമാണ് പ്രധാനമായും തെക്കന്‍ കേരളത്തിലേക്ക് സൂഫി സഞ്ചാരങ്ങള്‍ നടന്നിട്ടുളളത്. കേരളീയ പ്രബോധന മണ്ഡലത്തെ സജീവമാക്കിയത് കേരളത്തിലേക്കെത്തിയ സൂഫികളുടെ സാന്നിധ്യമാണ്. ആത്മീയമായി ഉന്നത ശീര്‍ഷകത്തിൽ വിരാചിച്ച സൂഫിയാക്കള്‍ ഒരു മൂലയിൽ ഒതുങ്ങിക്കൂടുകയായിരുന്നില്ല ചെയ്തത് . കാലത്തിന്‍റെ ആവശ്യത്തിനൊത്ത് അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അതിനായി അവര്‍ തൂലികയെ ഉപയോഗപ്പെടുത്തി. അവരുടെ തൂലികയിൽ വിരിഞ്ഞ വീരോധിഹാസങ്ങള്‍ ജനങ്ങള്‍ക്ക് ആവേശവും ധൈര്യവും വേണ്ടുവോളം പകര്‍ന്നു നൽകത്തക്ക ശക്തിയുളളതായിരുന്നു. പൊന്നാനിയിലെ മഖ്ദൂമുമാരും മമ്പുറം സയ്യിദ് അലവി തങ്ങളുമെല്ലാം കേരളീയ സൂഫീപീഠത്തിൽ ഇരിപ്പിടമൊരുക്കിയ പണ്ഡിത സൂരികളും ആത്മീയ വല്ലരിയിൽ വിരാചിച്ച നിശ്കാമകര്‍മികളുമായിരുന്നു.
പൊന്നാനിയും സൂഫികളും
കേരള മുസ്ലീംകളുടെ വൈജ്ഞാനികവും സാംസ്കാരികവുമായ മണ്ഡലങ്ങളിൽ പൊന്നാനി മഖ്ദൂമുമാര്‍ വഹിച്ച സംഭാവനകള്‍ അവിസ്മരണീയമാണ്. ദീര്‍ഘകാലം പൊന്നാനി കേന്ദ്രീകരിച്ച് കൊണ്ടുളള പളളി ദര്‍സ് സമ്പ്രദായങ്ങളിലൂടെ കേരളത്തിന്‍റെ പ്രതിഛായ തന്നെ മഖ്ദൂമുമാര്‍ മാറ്റി വരക്കുകയുണ്ടായി. പൊന്നാനി കേന്ദ്രമാക്കി വൈജ്ഞാനിക വിപ്ലവത്തിനു തന്നെ അവര്‍ തിരികൊളുത്തി. വിശ്വാസവും യുക്തിയും യമനികളുടേതാണെന്ന നബിവാക്യത്തെ അന്വര്‍ത്ഥമക്കിയ അവര്‍ യമനിൽ നിന്നാണ് കേരളത്തിലെത്തിയത്. വിജ്ഞാന സമ്പാദനത്തിൽ അതീവ തൽ പരരായിരുന്ന മഖ്ദൂമുമാര്‍ അറബിക്കടലും താണ്ടി അറേബ്യന്‍ രാജ്യങ്ങളിൽ പോയി സകരിയ്യു അന്‍സാരി (റ), ഇബ്നു ഹജറുൽ ഹൈതമി (റ) തുടുങ്ങിയ ശ്രേഷ്ഠ ഗുരുക്കളുടെ ശിക്ഷ്യത്വം നേടി. തുടര്‍ന്നാണ് കേരളീയ ഇസ്ലാമിക പ്രബോധന മണ്ഡലത്തെ സജീവമാക്കുന്നത്.
വെളുത്ത ചെകുത്താന്‍ എന്ന പേരിലറിയപ്പെടുന്ന വാസ്കോഡഗാമക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനും പറങ്കികള്‍ക്കെതിരെ പോരാടാനും ജനങ്ങളെ പ്രേരിപ്പിച്ചത് ഒന്നാം മഖ്ദൂമിന്‍റെ തഹ്രീള് എന്ന ഗ്രന്ഥമാണ്. കേരളത്തിലുടനീളം ശാഫിഈ മദ്ഹബ് വ്യാപിപ്പിച്ചു കൊണ്ടുള്ള വൈജ്ഞാനിക മുന്നേറ്റം നയിക്കാന്‍ ഫത്ഹുൽ മുഈന്‍ പോലെയുളള ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ചരിത്ര ഗ്രന്ഥമായ തുഹ്ഫതുൽ മുജാഹിദീനും മന്‍ഖൂസ് മൗലിദും മഖ്ദൂമി സംഭാവനകളുടെ എണ്ണമറ്റ രചനകളിൽ ചിലത് മാത്രമാണ്. മഖ്ദൂമുകളുടെ സേവനം കേരളത്തെ ഇതര ദേശങ്ങളിൽ നിന്ന് വൈജ്ഞാനികമായും സാംസ്കാരികമായും ഒരുപാട് മുന്‍പന്തിയിലേക്ക് നയിച്ചിട്ടുണ്ട്. ഈ വിഭിന്ന പ്രതിഛായ കേരള ചരിത്ര സ്മൃതിയി ഇടം നേടിക്കൊടുക്കുകയും ചെയ്തു എന്നത് പ്രസ്താവ്യമാണ്.
സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ (ഒന്നാമന്‍)
യുക്തിയുടെയും വിശ്വാസത്തിന്‍റെയും ദേശമായ യമനിൽ നിന്നുവന്ന കുടുംബത്തിൽ 1467 മാര്‍ച്ച് 18 (871 ശഅ്ബാന്‍ 12 )ന് കൊച്ചിയിലെ കൊച്ചങ്ങാടിക്കടുത്ത മഖ്ദൂമിയ്യ കുടുംബത്തിലാണ് മഖ്ദൂം ഒന്നാമന്‍ പിറവികൊണ്ടത്. അബൂയഹ്യ സൈനുദ്ദീന്‍ ബിന്‍ ശൈഖ് അലി ബിന്‍ ശൈഖ് അഹ്മദ് അൽ മഅ്ബരി എന്നാണ് സൈനുദ്ദീന്‍ മഖ്ദൂം കബീറിന്‍റെ പൂര്‍ണനാമം. തന്‍റെ പിതാമഹനായ ശൈഖ് അഹ്മദ് മഅ്ബരിയാണ് കായൽ പട്ടണത്തു നിന്നും കൊച്ചിയിലേക്ക് താമസം മാറ്റിയത്. ശൈഖ് അഹ്മദ് മഅ്ബരിയുടെ പുത്രന്‍ സൈനുദ്ദീന്‍ ഇബ്രാഹീം കൊച്ചിയിലായിരിക്കുമ്പോഴാണ് മലബാറിൽ നിന്നുളള ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊന്നാനിയിലെത്തുന്നത്. പൊന്നാനിയിലെത്തിയ മഹാന്‍ തൊട്ടിങ്ങൽ പളളി കേന്ദ്രമാക്കികൊണ്ട് തന്‍റെ വിപ്ലവാത്മക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ തന്‍റെ പിതാവിൽ നിന്ന് തന്നയാണ് ആദ്യപാഠം നുകര്‍ന്നത് . തന്‍റെ ചെറുപ്പത്തിൽ (14 ാം വയസ്സി ) തന്നെ പിതാവ് വഫാത്തായി. തുടര്‍പഠനത്തിനായി കോഴിക്കോട് ഖാസിയായിരുന്ന അബൂബക്കര്‍ ഫഖ്റുദ്ദീന്‍ ബിന്‍ റമളാന്‍ അശ്ശാലിയാത്തിയുടെ അടുക്കൽ പോയി ശിക്ഷ്യത്വം നേടി. നീണ്ട ഏഴു വര്‍ഷക്കാലം ആ ശിക്ഷ്യത്തിനുകീഴിൽ വിജ്ഞാനം നുകര്‍ന്നിട്ടും അദ്ദേഹത്തിന്‍റെ വിജ്ഞാനക്കൊതിതീര്‍ന്നില്ല. ഇതുവരെ നേടിയെടുത്തത് എങ്ങുമെത്തിയില്ലെന്ന ധാരണയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിജ്ഞാനത്തിന്‍റെ ആഴം തേടി വീണ്ടും അദ്ദേഹം യാത്രകള്‍ നടത്തി. തുടര്‍പഠനത്തിനായി അദ്ദേഹം മക്കയിൽ എത്തിച്ചേര്‍ന്നു. ആ കാലത്ത് മലബാറിൽ നിന്നൊരാള്‍ വിജ്ഞാന സമ്പാദനത്തിനായി മക്കയിൽ പോവുകയെന്നത് വിചിത്ര സംഭവമായിരുന്നു. മക്കയിലെത്തിയ മഖ്ദൂം അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ ബിന്‍ ഉസ്മാന്‍ ബിന്‍ അബ്ദുൽ ഹില്ലി (റ) ന്‍റെ ശിക്ഷ്യത്വം നേടുകയും അവിടെ നിന്ന് വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. അവിടുത്തെ പഠനത്തിന് ശേഷം ഈജിപ്തിലെ അൽ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലേക്ക് പോയി അവിടെ നിന്ന് മഖ്ദൂമിന് ഹദീസിനുളള ഇജാസത്ത് ലഭിക്കുകയുണ്ടായി. മലബാറിൽ നിന്നും പുറംനാടുകളിലേക്ക് വിജ്ഞാന സമ്പാദനത്തിനായി യാത്രതിരിച്ചവരിൽ ആദ്യപേരിലൊരാളായ മഖ്ദൂമിന് ധാരാളം സൂക്ഷ്‌മദൃക്കുകളായ പണ്ഡിത തേജസ്സ്വികളുടെ ശിക്ഷ്യത്വം നേടാനായിട്ടുണ്ട്. ഇമാം ജലാലൂദ്ദീന്‍ അസ്സുയൂഥി, അബൂബക്കര്‍ അൽഹള്റമി, ഇമാം സയ്യിദ് മുഹമ്മദ് അസ്സഹൂദി , ഇമാം അബൂബക്കര്‍ അൽഹൈദറൂസി , ഇമാം ഹാഫിള് മുഹമ്മദ് അസ്സഖാഫി എന്നിവര്‍ മഖ്ദൂമിന്‍റെ ഗുരുശ്രേഷ്ഠരി ചിലരാണ്. നിരവധി പണ്ഡിത മഹത്തുകളുടെ ശിക്ഷ്യത്വം സമ്പാദിച്ച മഖ്ദൂമിന് പണ്ഡിതരും പ്രതിഭാധനരുമായ ധാരാളം സഹപാഠികളുണ്ട്. ഇമാം ജലാലുദ്ദീനുസ്സഖാഫി, ഇമാം നൂറുദ്ധീന്‍ മഹല്ലി, കമാലുദ്ധീന്‍ ദിമഷ്കി, ഇമാം ശിഹാബുദ്ധീന്‍ ഹിമ്മസി തുടങ്ങിയവരാണവര്‍. വിശ്വ പ്രസിദ്ധ പണ്ഡിതന്‍ സകരിയ്യുൽ അന്‍സാരി (റ)യുടെ ശിക്ഷ്യത്വം സ്വീകരിക്കാനും മഖ്ദൂമിന് ഭാഗ്യം ലഭിച്ചു. ശൈഖ് ഖുതുബുദ്ദീനിൽ നിന്നാണദ്ദേഹം തസ്വവ്വുഫിൽ അവഗാഹം നേടിയത്. ഖാദിരി ചിശ്തി തുടങ്ങിയ പ്രമുഖ ത്വരീഖത്തുകളുടെ സ്ഥാനവസ്ത്രമായ ഖിര്‍ഖ സ്വന്തമാക്കിയ മഖ്ദൂം തന്‍റെ ജീവിതം സദാ ഇലാഹീ സ്മരണയിലാണ് കഴിച്ചുകൂട്ടിയത്. തന്‍റെ ആത്മീയ വഴിയിലും ശോഭിക്കാനായിട്ടുണ്ട് എന്നതാണ് മഖ്ദൂമിന്‍റെ സവിശേഷത. ഖാസി ശിഹാബുദ്ദീന്‍ അഹ്മദിനെ പോലെ ബൃഹത്തായ ശിഷ്യഗണങ്ങളെ സമ്പാദിക്കാനും ശൈഖ് മഖ്ദൂമിന് സാധിച്ചിട്ടുണ്ട്.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സൂക്ഷ്മത നിഴലിക്കുന്ന ജീവിത രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. മഖ്ദൂമിന് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമായിരുന്നു ഉണ്ടായിരുന്നത്. അവരൊക്കെ പ്രതിഭാധനരായ സൂഫികളും പണ്ഡിതതേജസ്സ്വികളുമായിരുന്നു. മൂത്തമകന്‍ യഹ്യ ചെറുപ്പത്തിൽ തന്നെ വഫാത്തായി. രണ്ടാമത്തെ മകന്‍ മുഹമ്മദുൽ ഗസ്സാലി വലിയ പണ്ഡിതനായിത്തീര്‍ന്നു. കേരളക്കരകണ്ട മികച്ച പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂം സഗീരിക്ക് ജന്മം നൽകിയ ഇദ്ദേഹം ഹിജ്റ 947/1566 ലാണ് വഫാത്തായത്. മൂന്നാമത്തെ മകന്‍ അബ്ദുൽ അസീസ് ശാഫിഈ മദ്ഹബി അവഗാഹം നേടിയ പണ്ഡിതനാണ്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തെതുടര്‍ന്നാണ് മഖ്ദൂം ‘തഹ്രീള്’ എന്ന ഗ്രന്ഥമെഴുതുന്നത്. പോര്‍ച്ചുഗീസുകാരോടുളള യുദ്ധാഹ്വാനമായിരുന്നു തഹ്രീളിലൂടെ മഖ്ദൂം മുഴക്കിയത്. ഹിജ്റ 128 ശഅ്ബാന്‍ 26 / 1522 ജുലൈ 10 വെളളിയാഴ്ച മഖ്ദൂം ഒന്നാമന്‍ ഇഹലോകവാസം വെടിഞ്ഞു. മുര്‍ശിദുത്തുല്ലാബ്, സിറാജുൽ ഖുലൂബ്, മന്‍ഖൂസ് മൗലിദ്, അദ്കിയാഅ്, അൽഫിയയുടെ വ്യാഖ്യാനം, ഇര്‍ഷാദ് തുടങ്ങിയ വിവരണങ്ങളടങ്ങിയ അനവധി ഗ്രന്ഥങ്ങള്‍ കേരളക്കരക്ക് സമ്മാനിച്ചിട്ടാണ് മഖ്ദൂം ഒന്നാമന്‍ കേരളക്കരയെ വെടിഞ്ഞത്.
സൈനുദ്ധീന്‍ മഖ്ദൂം സഗീര്‍(രണ്ടാമന്‍)
മഖ്ദൂമീ കുടുംബത്തിലെ മഹാപണ്ഡിതനായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍. സൈനുദ്ദീന്‍ മഖ്ദൂം കബീറിന്‍റെ രണ്ടാമത്തെ മകനായ മുഹമ്മദ് ഗസ്സാലിയുടെ മകനായിട്ടാണ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍ ജനിക്കുന്നത്. തന്‍റെ പിതാവ് മാഹിക്കടുത്ത ചോമ്പാല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതിനാൽ അവിടെ നിന്ന് തന്നെയാണ് വിവാഹം ചെയ്തത്. മാഹിയിലെ വലിയകത്ത് തറവാട്ടിൽ നിന്നുളള സ്ത്രീയെയായിരുന്നു മുഹമ്മദ് ഗസ്സാലി വധുവായി സ്വീകരിച്ചത്. ഹിജ്റ 938(1524) ലാണ് സൈനുദ്ദീന്‍ മഖ്ദൂം ജനിക്കുന്നത്. തന്‍റെ പ്രാഥമിക പഠനം പിതൃസഹോദരനിൽ നിന്ന് കരഗതമാക്കിയ അദ്ധേഹം അവിടെ നിന്ന് തന്നെയാണ് ഖുര്‍ആന്‍ മുഴുവന്‍ ഹൃദ്യസ്ഥമാക്കിയത്. വിശുദ്ധ ഖുര്‍ആനിൽ നിന്ന് തുടങ്ങിയ മഖ്ദൂമിന്‍റെ അടങ്ങാത്ത വിജ്ഞാന ദാഹം മഖ്ദൂമിനെ മക്കയിലെത്തിച്ചു. വളരെ ദുഷ്കരമായ പാത താണ്ടിക്കടന്ന് മക്കയിലെ പരിശുദ്ധഭവനത്തിലും തുടര്‍ന്ന് റൗളാശരീഫിലേക്ക് യാത്രയാകുകയും പത്തുവര്‍ഷക്കാലം മക്കയിൽ താമസിച്ച് ഹദീസിൽ അവഗാഹം നേടുകയും ചെയ്തു. തന്‍റെ വൈജ്ഞാനിക പര്യാടനങ്ങള്‍ക്കിടയി ഒട്ടനനവധി പണ്ഡിതന്മാരുടെ ശിക്ഷ്യത്വം സ്വീകരിക്കാന്‍ സാധിച്ചത് മഖ്ദൂമിന്‍റെ സവിശേഷതയാണ്. ഇമാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജര്‍ അൽ ഹൈതമി, ഇസ്സുദ്ദീന്‍ ബിന്‍ അബ്ദുൽ ഹമീദ് അസ്സുമരി, അല്ലാമ വജീഹുദ്ധീന്‍ അബ്ദുറഹ്മാന്‍ തുടങ്ങി ഒരുഗുരുനിര തന്നെ മഖ്ദൂമിനുണ്ട്. സയ്യിദ് അബൂബക്കര്‍ ബിന്‍ സാലിം അൽ ഹദ്റമി, അഹ്മദ് സയ്യിദ് മുല്ല അലിയ്യു ബാരി, അല്ലാമാ അബ്ദു അസീസ് എന്നിവരെല്ലാം മഖ്ദൂമിന്‍റെ സുഹൃത്തുക്കളും സഹപാഠികളുമാണ്. ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖായി മാറിയ മഖ്ദൂം രണ്ടാമന്‍ ശൈഖ് അബു ഹസന്‍ അസ്സിദ്ദീഖ് അൽബകരിയി നിന്നാണ് തസ്വവ്വുഫ് നുകര്‍ന്നത്.
തന്‍റെ വൈജ്ഞാനിക യാത്രകള്‍ക്കൊടുവിൽ തിരിച്ചു പൊന്നാനിയിലെത്തിയ മഖ്ദൂം 36 വര്‍ഷത്തോളം തന്‍റെ സമീപത്ത് വിദ്യനുകരാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നൽകുകയുണ്ടായി. അക്കാലത്താണ് വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇബ്നു ഹജറുൽ ഹൈതമി കേരളക്കരയിലെത്തുന്നതും കുറച്ചു കാലം കേരളത്തിൽ ചെലവഴിക്കുന്നതും. പൊന്നാനിയിൽ ദര്‍സ് എടുക്കുമ്പോള്‍ ഇമാം മുഹമ്മദ് റംലിയുമായും ഖതീബ് അശ്ശീര്‍ബീനിയുമായുമെല്ലാം ബന്ധം സ്ഥാപിച്ചിരുന്നു. തന്‍റെ കാലത്ത് ഉത്തരേന്ത്യന്‍ രാജാവായ അക്ബര്‍ ശായുമായും മലബാര്‍ രാജാവായ സാമൂതിരിയുമായും നല്ല ബന്ധം സ്ഥാപിക്കുകയുണ്ടായി. ആ ബന്ധത്തിന്‍റെ പേരിലാണ് തന്‍റെ ചില ഗ്രാമങ്ങള്‍ ഈ രാജാക്കന്മാര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായത്. ബീജാപൂര്‍ സുൽത്താന്‍റെ പേരിലാണ് പ്രസിദ്ധമായ തുഹ്ഫത്തുൽ മുജാഹിദീന്‍ എന്ന കേരള ചരിത്രത്തിന്‍റെ ആധികാരിക ഗ്രന്ഥം സമര്‍പ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ മരണദിനത്തിൽ ഇന്നും അഭിപ്രായവിത്യാസങ്ങള്‍ നിലനിൽക്കുന്നുണ്ട്. 1027 തുഹ്ഫത്തുൽ മുജാഹിദീന്‍ പൂര്‍ത്തീകരിച്ച ശേഷം 1028 /1619 ലാണ് മഖ്ദൂം ഇഹലോകവാസം വെടിഞ്ഞതെന്നാണ് പ്രബലാഭിപ്രായം.
കേരളക്കരയിൽ ശാഫിഈ മദ്ഹബിന്‍റെ പ്രബോധന നിസ്തുലമായ സംഭാവനകളര്‍പ്പിച്ച മഹാനാണ് മഖ്ദൂം രണ്ടാമന്‍. മഖ്ദൂമുകളുടെ പ്രബോധനഫലമായാണ് കേരളക്കരയിൽ ശാഫിഈ മദ്ഹബിന് വേരോട്ടം ലഭിച്ചത്. അന്താരാഷ്‌ട്ര സര്‍വകലാശാലകളിൽ പോലും പഠനവിഷയമായിട്ടുളള ഖുറത്തുൽ ഐനും അതിന്‍റെ ശറഹ് ഫത്ഹുൽ മുഈനും മഖ്ദൂം രണ്ടാമന്‍ കേരളക്കരക്ക് നൽകിയ അമൂല്യനിധിയാണ്. ചരിത്ര ഗ്രന്ഥമായ തുഹ്ഫതുൽ മുജാഹിദീന്‍, ഇര്‍ഷാദുൽ ഇബാദ്, ശറഹുസ്സുദൂര്‍ തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങള്‍ മഖ്ദൂമിന്‍റെ തൂലികയിൽ വിരിഞ്ഞ കിടയറ്റ കൃതികളാണ്. കൂടാതെ കര്‍മ്മ ശാസ്ത്ര രംഗത്ത് മഖ്ദൂം രചിച്ചിട്ടുളള ഗ്രന്ഥങ്ങള്‍ കേരളീയ മുസ്ലീംകളുടെ ധാര്‍മികാപചയത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുളളതാണ്. ഇന്നും അദ്ദേഹത്തിന്‍റെ കൃതികള്‍ അണയാത്ത വിളക്കുമാടമായി കെടാതെ ശോഭിക്കുന്നു.
തൂലികാ രംഗത്തെ സൂഫി സാന്നിധ്യം
കേരളത്തിലെത്തിയ സൂഫിവര്യര്‍ വാമൊഴിയായുളള വൈജ്ഞാനിക പ്രസരണത്തിന് മാത്രം മുന്‍തൂക്കം
നൽകപ്പെട്ടവരായിരുന്നില്ല. കാലഘട്ടത്തിന്‍റെ ആവശ്യത്തിനൊത്ത് കനപ്പെട്ട കൃതികള്‍ അവരുടെ തൂലികയിൽ നിന്ന് ജന്മമെടുക്കുകയുണ്ടായി. ബ്രിട്ടീഷ് അധിനിവേഷ കാലത്തും രോഗങ്ങളുടെ വ്യാപനം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടിലായ സാഹചര്യങ്ങളിലെല്ലാം ഈ കൃതികള്‍ വഹിച്ച പങ്ക് ചരിത്രം ചികഞ്ഞാ സുതരാം വ്യക്തമാകും. പൊന്നാനി മഖ്ദൂമുമാരുടെ കൃതികളെല്ലാം ഇവയിൽ വിശ്വപ്രസിദ്ധങ്ങളാണ്. അവരുടെ ഏതാനും കൃതികളെയും അവ രചിക്കാനുണ്ടായ സാഹചര്യത്തെയും ചവടെ വിവരിക്കുന്നു.
തഹ്രീള്
ഇന്ത്യന്‍ കമ്പോള സംവിധാനം പോര്‍ച്ചുഗീസ് അധീനതയി കൊണ്ടുവരുന്നതിന് വേണ്ടിയാണ് വെളളപിശാചായ ഗാമ കേരളക്കരയിൽ കപ്പലിറങ്ങിയത്. വിശിഷ്യ കേരളത്തെ തങ്ങളുടെ വരുതിയിൽ വരുത്തുകയെന്ന ലക്ഷിത്തോടെയാണവരുടെ വരവ്. കേരളത്തിലെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിയും മലബാറും നശിപ്പിക്കലും പരിശുദ്ധ കേന്ദ്രമായ മക്ക ആക്രമിക്കാനുമെല്ലാമായിരുന്നു അൽബുക്കര്‍ക്കിന്‍റെയും വാസ്കോഡഗാമയുടെയും പദ്ധതികളെന്ന് അവരുടെ ചരിത്രംതെളിയിച്ചതാണ്. ആ താൽപര്യത്തിന്‍റെ പാര്‍ശ്വഫലങ്ങളായാണ് അവര്‍ കേരളത്തിൽ നടത്തിയിട്ടുളള ക്രൂരതകളെ കാണാനാകുക. കേരളത്തിലെ മുസ്ലീംകളോട് വളരെ ക്രൂരമായി അക്രമണപരമ്പര അഴിച്ചുവിട്ടും ഇസ്ലാമിക പ്രവര്‍ത്തനങ്ങളിൽ വിലക്കേര്‍പ്പെടുത്തിയും ഗാമയും പോര്‍ച്ചുഗീസുകാരും മലബാറിലെ മുസ്ലീംകളെ ബുദ്ധിമുട്ടിച്ചു. മലബാറിൽ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് യാത്രയായ കപ്പൽ പോര്‍ച്ചുഗീസുകാര്‍ അഗ്നിക്കിരയാക്കുകയും അതിലുണ്ടായിരുന്ന ഹാജിമാരെ നിര്‍ദയാക്ഷീണ്യം കൊലപ്പെടുത്തുകയും ചെയ്തു. സമാധാന സംഭാഷണത്തിനയച്ച ദൂതന്‍റെ ചെവിമുറിക്കുകയും പകരം നായയുടെ ചെവി തുന്നിച്ചേര്‍ക്കുകയും കയ്യും മൂക്കും അരിഞ്ഞെടുത്ത് കഴുത്തിലിട്ട് നിങ്ങള്‍ ഭക്ഷിച്ചോളൂ.. എന്നടിക്കുറിപ്പോടെ തിരിച്ചയച്ച് കരാളഹസ്തം മുഴക്കിയ വാസ്കോഡഗാമ കേരളത്തോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. മലബാറിലെ പളളികള്‍ പൊളിച്ച് ചര്‍ച്ചാക്കി കേരളത്തിൽ ടിയാന്‍ അഴിഞ്ഞാടി. ക്രിസ്ത്യന്‍ പോപ്പ് മുസ്ലീംകള്‍ക്കെതിരെ അയച്ചതാണ് ഗാമയെ എന്ന് ശരിക്കും മനസ്സിലാക്കിയാണ് കൊച്ചിയിൽ നിന്നും പിതൃവ്യന്‍ ഇബ്റാഹീമുമൊത്ത് മഖ്ദൂം പൊന്നാനിയിലെത്തുന്നത്. പൊന്നാനിയിലെത്തിയ മഖ്ദൂമിനെ സാമൂതിരി കേരളമുസ്ലീംകളുടെ പ്രതിനിധിയാക്കി. 1502 ലാണ് മഖ്ദൂം തഹ്രീള് രചിക്കുന്നത് 177 കാവ്യശകലങ്ങളടങ്ങിയ ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥമാണ് തഹ്രീള്. നിങ്ങള്‍ നിസ്കാരത്തിലാണെങ്കിൽ പോലും നിങ്ങള്‍ യുദ്ധത്തിനിറങ്ങണമെന്ന ആഹ്വാനത്തിലൂടെ മഖ്ദൂം മാപ്പിളമാരുടെ ഹൃദയമുണര്‍ത്തി. അല്ലാഹുവിന്‍റെ മാര്‍ഗത്തിലായി വീരമൃത്യുവരിച്ചവരെ നിങ്ങള്‍ മരിച്ചവരായി കണക്കാക്കരുത്, അവര്‍ അല്ലാഹുവിന്‍റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ് എന്ന ഖുര്‍ആനിക വാക്യം ഉരുവിട്ട് ജനങ്ങളെ പോര്‍ച്ചിഗീസുകാര്‍ക്കെതിരെയുളള സമരത്തിന് സന്നദ്ധമാക്കാന്‍ മഖ്ദൂമിന് സാധിച്ചു.
പോര്‍ച്ചൂഗീസുകാര്‍ക്കെതിരെയുളള യുദ്ധത്തിൽ നിന്ന് മാറിനിൽക്കുന്നവരെ അടച്ചാക്ഷേപിക്കാനും മഖ്ദൂം വൈമനസ്യം കാട്ടിയില്ല. യുദ്ധമുഖത്ത് ഭീരുക്കളായി മാറി നിൽക്കുന്നവരെ ശക്തമായ അവഹേളനയിലൂടെ അദ്ധേഹം യുദ്ധമുഖത്തേക്കു തിരിച്ചുകൊണ്ടുവന്നു. അവരെ മടക്കിക്കൊണ്ടുവരാനായി അദ്ധേഹം സ്വര്‍ഗീയാനുഗ്രഹങ്ങളെക്കുറിച്ചും ആ മാര്‍ഗത്തിൽ വീരമൃത്യുവരിക്കുന്നവര്‍ക്ക് ലഭിക്കാന്‍പോകുന്ന പദവികളെക്കുറിച്ചും പ്രതിപാത്യ വിഷയമായി അനേകം കവിതകള്‍ രചിച്ചു. അതിന്‍റെ ഭാഗമായി മടിച്ചുനിന്നവരടക്കം സമരമുഖത്തേക്കു ധീരമായി മുന്നിട്ടിറങ്ങുകയുണ്ടായി. നായന്മാര്‍ക്ക് കടലിൽ യാത്ര ചെയ്യുന്നതുമെല്ലാം മതവിലക്കായിരുന്നതിനാൽ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധത്തിൽ മുസ്ലീംകളെയായിരുന്നു രാജാവ് കാര്യമായും ആശ്രയിച്ചിരുന്നത്. കേരളത്തെ ക്രൂരമായി മര്‍ദ്ദിച്ച വാസ്കോഡഗാമക്കും ഒരു വലിയ തിരിച്ചടിയായിട്ടാണ് മഖ്ദൂം തഹ്രീള് രചിക്കുന്നത്. മഖ്ദൂമിന്‍റെ കാവ്യശകലങ്ങള്‍ക്ക് സമശീര്‍ഷമായ മറ്റൊരു ഗ്രന്ഥവും ഇന്നേവരെ കേരളക്കരയിൽ രചിക്കപ്പെട്ടിട്ടില്ല എന്നതാണ് പരാമാര്‍ത്ഥം.
തുഹ്ഫതു മുജാഹിദീന്‍
സൂഫിയാക്കളായിരുന്ന മഖ്ദൂമുമാര്‍ തങ്ങളുടെ നാട്ടിൽ അധീശത്വം നേടാന്‍ ശ്രമിച്ചവരോട് സന്ധിയില്ലാ സമരം തന്നെ നടത്തുകയുണ്ടായി. പറങ്കികള്‍ക്കെതിരെ മുസ്ലീംകള്‍ നടത്തിയ സമരമുറകളുടെ സമ്പൂര്‍ണ്ണ ചരിത്രമാണ് തുഹ്ഫതുൽ മുജാഹിദീന്‍. 1498 1583 വരെയുളള കുഞ്ഞാലിമരക്കാര്‍മാരുടെ ചരിത്രം വരച്ചുകാട്ടുന്ന ഗ്രന്ഥവുമാണ് തുഹ്ഫതു മുജാഹിദീന്‍.
ചരിത്ര ഗ്രന്ഥമായ തുഹ്ഫതുൽ മുജാഹിദീന്‍റെ ഒന്നാം ഭാഗം ജിഹാദിനുളള പ്രചോദനങ്ങളെയും, രണ്ടാം ഭാഗം മലബാറിലെ ഇസ്ലാമിക പ്രചാരണത്തെയും, മൂന്നാം ഭാഗം ഹിന്ദു മതത്തിലുളള വിചിത്ര സമ്പ്രദാങ്ങളെയും, നാലാം ഭാഗം പോര്‍ച്ചിഗീസുകാരുടെ കേരളത്തിലേക്കുളള ആഗമനത്തെയും കേരളത്തി അവര്‍ ചെയ്ത ക്രൂരമായ പ്രവര്‍ത്തികളെയും വരച്ചുകാട്ടുന്നു. അവസാന ഭാഗം 14 ഭാഗങ്ങളായാണ് മഖ്ദൂം അവതരിപ്പിക്കുന്നത്. ഇതിൽ 1580 ലെ പോര്‍ച്ചുഗീസ് സ്പെയിന്‍ സംയോജനത്തെയും കേരളത്തിലെത്തിയ വൈസ്രോയിമാരെയും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മുമ്പുളള ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി തിയ്യതിക്ക് പ്രാധാന്യം നൽകിയിട്ടുളള ഗ്രന്ഥമാണ് തുഹ്ഫതുൽ മുജാഹിദീന്‍. 1793 ബ്രട്ടീഷുകാര്‍ കോഴിക്കോട്ടെത്തുകയും കോഴിക്കോട് ഖാളിയിൽ നിന്നും തുഹ്ഫതുൽ മുജാഹിദീന്‍റെ വാമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ രേഖ ഇന്നും മ്യൂസിയത്തിൽ സൂക്ഷിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ മുഹമ്മദ് മരക്കാരുടെ പതനവും അതുമൂലം കേരള മുസ്ലീംകള്‍ക്കേറ്റ പരാജയവും പ്രത്യേകം പ്രതിപാതിക്കുന്നു. കേരളത്തെക്കുറിച്ചും പോര്‍ച്ചിഗീസുകാരുടെ ആഗമനവും തുടര്‍ന്നുളള കാര്യങ്ങളും ചരിത്രപരമായി സത്യസന്ധതയോടെ അവതരിപ്പിക്കുന്ന ഒരമൂല്യ ഗ്രന്ഥമാണ് തുഹ്ഫതുൽ മുജാഹിദീന്‍.
ഫത്ഹുൽ മുഈന്‍
ശാഫിഈ കര്‍മ്മശാസ്ത്ര ധാരയിൽ അമൂല്യമായ സമ്പത്തായ ഫത്ഹുൽ മുഈന്‍ മഖ്ദൂമുമാര്‍ കേരളക്കരക്ക് നൽകിയ അമൂല്യമായ സംഭാവനയാണ്. കേരളത്തെപോലെ തന്നെ വിവിധ ദേശങ്ങളിലും ഫത്ഹുൽ മുഈന്‍ പാഠ്യവിഷയമായി ഉപയോഗിച്ചുപോരുന്നുണ്ട്. ശൈഖ് സൈനുദ്ധീന്‍ ഹിജ്റ 982 റമളാന്‍ /1578 ജനുവരി 24 വെളളിയാഴ്ച രചിച്ചു പൂര്‍ത്തിയാക്കിയ ഖുര്‍റതുൽ ഐനിന്‍റെ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈന്‍. ശാഫിഈ ഇമാം, റാഫീ ഇമാം, ഇബ്നു ഹജറുൽ ഹൈതമി, സകരിയ്യ അന്‍സ്വാരി തുടങ്ങിയ വിശ്വപ്രസിദ്ധ ഗ്രന്ഥകര്‍ത്താക്കളുടെ ഗ്രന്ഥങ്ങള്‍ ആധാരമാക്കിയാണ് മഖ്ദൂം ഫത്ഹുൽ മുഈന്‍ രചിക്കുന്നത്. കേരളക്കരയിൽ ശാഫിഈ മദ്ഹബിന്‍റെ വ്യാപനത്തിൽ ഫത്ഹു മുഈന്‍റെ പങ്ക് വിസ്മരിക്കുക സാധ്യമല്ല. വിശ്വപ്രസിദ്ധ വ്യാഖ്യാതാക്കള്‍ ഫത്ഹുൽ മുഈനിന്ന് ധാരാളം വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. സയ്യിദ് ബക്രിയുടെ ഇയാനതുത്ത്വാലിബീന്‍, അല്ലാമ ശൈഖ് അലി എഴുതിയ ഇയാനതുൽ മുസ്തഈന്‍ ഫീ ഹല്ലി ഫത്ഹുൽ മുഈന്‍ തുടങ്ങിയവ ഇവയിൽ പ്രസിദ്ധമായതാണ്. മക്കയിലെ ദര്‍സി നിന്നാണ് ഇമാം സയ്യിദ് ബക്രി ഫത്ഹുൽ മുഈന്‍ പഠിക്കുന്നത്. അദ്ദേഹത്തിന്‍റെ പഠനകാലത്തെ ഗുരുവര്യരുടെ മൊഴിമുത്തുകളാണ് ഫത്ഹുൽ മുഈനിന് വ്യാഖ്യാനമെഴുതാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചതും സഹായിച്ചതും. കര്‍മ്മ ശാസ്ത്രത്തിന്‍റെ വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് വളരെ സരളവും സരസവുമായി പ്രതിപാതിക്കുന്ന കിതാബാണ് ഫത്ഹുൽ മുഈന്‍. പാഠ്യവിഷയമായും റഫറന്‍സ് ഗ്രന്ഥമായും ഫത്ഹുൽ മുഈന്‍ ലോകത്തിന്‍റെ നാനാ ദേശങ്ങളിലും ഉപയോഗിച്ച് വരുന്നു.
ഇര്‍ഷാദുൽ ഇബാദ്
ലോകപ്രസിദ്ധ ഗ്രന്ഥ കര്‍ത്താക്കളായ അല്ലാമാ ശിഹാബുദ്ധീന്‍ അഹ്മദുബ്നു ഹജറുൽ ഹൈതമിയുടെയും അല്ലാമാ സൈനുദ്ധീന്‍ അലിയ്യു മഅ്ബരിയുടെയും ഗ്രന്ഥങ്ങള്‍ കടഞ്ഞെടുത്ത കൃതിയാണ് ഇര്‍ഷാദുൽ ഇബാദ്. മുര്‍ഷിദുത്തുല്ലാബീന്‍ എന്ന ഗ്രന്ഥം ആധാരമാക്കിയാണ് ഈ ഗ്രന്ഥ രചന നടത്തുന്നത്. കര്‍മ്മ ശാസ്ത്രത്തിന്‍റെ വിവിധ വശങ്ങളെയും ചരിത്രസംഭവങ്ങളെയും ഹദീസ് വിജ്ഞാനീയങ്ങളെയും കോര്‍ത്തിണക്കി ഗ്രന്ഥ രചന നടത്താന്‍ മഖ്ദൂമിന് സാധിച്ചു. കര്‍മ്മശാസ്ത്രത്തെയും ഹദീസുകളെയും പ്രതിപാതിക്കുന്നതിനു പുറമെ മഖ്ദൂമിന്‍റെ വിലപ്പെട്ട സാരോപദേശങ്ങളും ഇര്‍ഷാദുൽ ഇബാദി നൽകുന്നുണ്ട്. ഹദീസിന് പ്രാമുഖ്യം നൽകിക്കൊണ്ടാണ് മഖ്ദൂം തന്‍റെ ഗ്രന്ഥരചനകള്‍ നടത്തിയിട്ടുളളത്. കേരളക്കരയിലെ പളളി ദര്‍സുകളിൽ ഇര്‍ഷാദുൽ ഇബാദ് ഇപ്പോഴും ഉപയോഗിച്ചു പോരുന്നു. അല്ലാഹുവിന്‍റെ അടിമകള്‍ക്ക് സ പാന്ഥാവിലേക്കുളള വഴിതുറന്നുകൊടുക്കുന്ന ഉത്തമ കൃതിയാണ് ഇര്‍ഷാദുൽ ഇബാദ്.
മന്‍ഖൂസ് മൗലിദ്
പുണ്യപ്രവാചകര്‍ പിറവി കൊണ്ട മാസമായ റബീഉൽ അവ്വലിൽ ഏറെ പാരായണം ചെയ്യപ്പെടുന്ന ആത്മീയ ബോധമുളവാക്കുന്ന രചനയാണ് മന്‍ഖൂസ് മൗലിദ്. ഇമാം ഇബ്നുഹജറുൽ ഹൈതമിയുടെ ഹുജ്ജതുല്ലാഹി അല ആലമീന്‍ എന്ന കിതാബിനെയും ഇമാം ഗസ്സാലിയുടെ മൗലിദുന്നബി എന്ന കിതാബിനെയും അടിസ്ഥാനമാക്കിയാണ് മഖ്ദൂം ഈ രചന നിര്‍വ്വഹിക്കുന്നത്. കേരളീയ ജനങ്ങളിൽ പടര്‍ന്നുപിടിച്ച രോഗം മൂലം ആളുകള്‍ പ്രയാസത്തിലായ ഘട്ടത്തിലാണ് ജനങ്ങളുടെ ശക്തമായ പ്രേരണമൂലം ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. നബിയും സ്വഹാബത്തും ശത്രു സൈന്യത്തിൽ നിന്ന് രക്ഷനേടാനായി കിടങ്ങുകുഴിക്കുന്ന സന്ദര്‍ഭത്തിൽ പാട്ടാലപിക്കുകുയം സ്വാഹാബാക്കള്‍ അതേറ്റുപാടുകയും ചെയ്യുകയുണ്ടായല്ലോ. ഇതിനെ ആധാരമാക്കിയാണ് അതേ ശൈലിയിൽ തന്നെ മഖ്ദൂം മന്‍ഖൂസ് മൗലിദിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നബി (സ്വ)യുടെ ജനനവും ജീവിതവും ദര്‍ശനങ്ങളും വിവരിച്ച് നബിതങ്ങളെ തവസ്സുലാക്കി കേരളീയ സമൂദായത്തിന് വന്നുപെട്ട വിപത്തിൽ നിന്ന് കാവൽ ചോദിക്കുന്ന ശൈലിയാണ് സൈനുദ്ദീന്‍ മഖ്ദൂം മന്‍ഖൂസ് മൗലിദിൽ അവലമ്പിച്ചിരിക്കുന്നത്. കാവ്യ ഭംഗിയും അവതരണ ശൈലിയും മന്‍ഖൂസ് മൗലിദിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യ പിതാവ് ആദം നബി (അ) പടക്കുന്നതിന് മുമ്പുതന്നെ നബിയുടെ പ്രകാശത്തെ പടച്ചിട്ടുണ്ടെന്നും പിന്നീട് ആമിന അബ്ദുല്ല ദമ്പതിമാരിലൂടെ ഈ ലോകത്തേക്കു പിറവികൊളളുകയായിരുന്നു എന്നുമതി പ്രതിപാതിക്കുന്നുണ്ട്. കേരളക്കരയിൽ വമ്പിച്ച സ്വീകാര്യത ലഭിച്ച മന്‍ഖൂസ് മൗലീദ് പുറം ദേശങ്ങളിലേക്ക് വേണ്ടത്ര വ്യാപിച്ചിട്ടില്ലാ എന്നത് ഖേദകരമാണ്. ഏതേത് പ്രശ്നസാഹചര്യങ്ങളിലും നബി കീര്‍ത്തന സദസ്സുകളിലും മന്‍ഖൂസ് മൗലീദിനുളള സ്ഥാനം വിസ്മരിക്കാനാവാത്തതാണ്.
യമനിൽ നിന്നും കൊച്ചിയിലെത്തി തുടര്‍ന്ന് മലബാറിലെ ജനങ്ങളുടെ ശക്തമായ ആവശ്യപ്രകാരം മലബാറിൽ വന്നു പൊന്നാനി കേന്ദീകരിച്ച് ആത്മീയവും വൈജ്ഞാനികവും സാംസ്കാരികവുമായ നേതൃത്വം നൽകിയവരാണ് മഖ്ദൂമുകള്‍. മഖ്ദൂം കബീര്‍ ,മഖ്ദൂം സഗീര്‍ തുടങ്ങിയ പ്രമുഖരായ മഖ്ദൂം കുടുംബത്താൽ കേളത്തിന്‍റെ പ്രതിഛായ തന്നെ മാറ്റിമറിക്കപ്പെട്ടു. കേരളീയ മുസ്ലീംകളുടെ ജീവിതവഴിയിൽ വിജ്ഞാനവും ഇലാഹീഭീതിയും ആത്മീയ ബോധവും കോറിയിട്ട മഹാരതരാണ് മഖ്ദൂമുമാര്‍. ഈ പണ്ഡിത കുടുംബം സമാനതകളില്ലാത്ത സംഭാവനകളാണ് കേരളീയര്‍ക്ക് സമര്‍പ്പിച്ചത്. മലാബാറിൽ നിന്നും പുറം നാടുകളിൽ ചെന്ന് വിദ്യനുകരുക എന്നത് ചിന്തയിൽ പോലും ഉദിക്കാനിടയില്ലാത്ത സാഹചര്യത്തിൽ മക്കയിലും ഈജിപ്തിലും ലോകത്തിന്‍റെ വിവിധ ദേശങ്ങളിലും ശ്രമകരമായ യാത്രയിലൂടെ പ്രതിഭാധനരായ പണ്ഡിത തേജസ്സ്വികളുടെ ശിക്ഷ്യത്വം സ്വീകരിച്ച മഖ്ദൂമുമാര്‍, അവര്‍ നുകര്‍ന്ന വിജ്ഞാനത്തെ നാട്ടിൽ തിരിച്ചെത്തി ദീര്‍ഘകാലം സമൂഹത്തിനുപകര്‍ന്ന് കൊടുത്തു നാട്ടിൽ തെളിമ വിതക്കുകയുണ്ടായി. വാസ്കോഡഗാമയെയും പോര്‍ച്ചുഗീസുകാരെയും തുരത്തിയോടിച്ച തഹ്രീള് എന്ന ഗ്രന്ഥം മഖ്ദൂമുമാരുടെ തൂലികയിൽ വിരിഞ്ഞതാണ്. അവരുടെ ചരിത്ര സംഭാവനകളെയോ സ്മരണകളെയോ മലാബാറിലെ ജനങ്ങള്‍ക്കു മറക്കുക സാധ്യമല്ല. അവരുടെ തൂലികയിൽ പിറവികൊണ്ട ഗ്രന്ഥങ്ങളിലധികവും ലോകഭൂപടത്തിൽ ഇടം പിടിച്ചതും, ഇന്നും വിവിധ വിദ്യാഭ്യാസപീഠങ്ങളിൽ ഉപയോഗിക്കപ്പെടുന്നതുമാണ് എന്നത് തന്നെ അതിനു തെളിവാണ്. വിജ്ഞാനം ലോകാവസാനം വരെ നിലനിൽക്കുന്നതിൽ ഒരു പങ്ക് മഖ്ദൂമുമാര്‍ക്കുളളതാണ് എന്ന് അവരുടെ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.