കെ.എം റഊഫ് കൊണ്ടോട്ടി
വര്‍ണ്ണശബളമായ ഭൂമിയും വശ്യമനോഹരമായ വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരന്‍ നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങളാണ്. റബ്ബിന്‍റെ സന്ദേശങ്ങള്‍ നമ്മിലേക്കെത്തിച്ചു തന്ന വിശുദ്ധ ദീനിന്‍റെ വാഹകനായിരുന്നു നബി (സ്വ) തങ്ങള്‍. അന്ത്യദൂതനായി കടന്നുവന്ന് ദീനിന്‍റെ പരിപൂര്‍ത്തീകരണം നടത്തിയ നബിതങ്ങളുടെ ജീവിതം ഏറെ വിശുദ്ധവും പവിത്രവുമായിരുന്നു. ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ പരം അമ്പിയാ മുര്‍സലുകള്‍ കടന്നുവന്നിട്ടും അവരിൽ ആരും തന്നെ നബി (സ്വ) തങ്ങള്‍ തന്‍റെ ഉമ്മത്തിനോട് പ്രിയം വെച്ചതുപോലെ സ്നേഹിച്ചു കാണില്ല. അന്ത്യ നിമിഷത്തിൽ പോലും ഉമ്മത്തീ… ഉമ്മത്തീ… എന്നു പറഞ്ഞ പുണ്യ റസൂലിന് തന്‍റെ ഉമ്മത്തിനോടുള്ള സ്നേഹം വിവരണാതീതമാണ്.
ജനങ്ങള്‍ക്കിടയിൽ സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാന്‍ ആവോളം യജ്ഞിച്ച നബി തങ്ങള്‍ തന്‍റടുത്തേക്ക് വേവലാതിയും പരാതിയും പറയാന്‍ വരുന്ന ആരെയും കൈയ്യൊഴിഞ്ഞിരുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഉറക്കമിളക്കുന്നതും അതിനായി കഠിന യത്നം ചെയ്യുന്നതും അവിടുന്ന് ഏറ്റവും വലിയ ഇബാദത്തായി കണ്ടു. ഒരിക്കൽ നബി (സ്വ) തങ്ങള്‍ പറയുകയുണ്ടായി: “ഒരു സഹോദരന്‍റെ ആവശ്യം നിറവേറ്റാന്‍ അവന്‍റെ കൂടെ നടക്കലാണ് എന്‍റെ ഈ പള്ളിയിൽ ഒരു മാസം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം”. ഒരാള്‍ പുണ്യ റസൂലിനോട് ചോദിച്ചു: “അല്ലാഹുവിന്‍റെ തിരുദൂതരേ, ജനങ്ങളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരന്‍ ആരാണ്?” നബി തങ്ങള്‍ പറഞ്ഞു; “ജനങ്ങള്‍ക്കേറ്റവും ഉപകാരപ്രദമായവനാരോ അവനാണ് അല്ലാഹുവിന് പ്രിയങ്കരന്‍”. സാമൂഹ്യ പ്രതിബദ്ധതയും സഹകരണ ബോധവും പഠിപ്പിക്കുന്നതാണ് ഈ രണ്ട് ഉദാഹരണങ്ങളും.
ജനസേവനം നൈതികവും വിശ്വസ്തവും ആത്മാര്‍ത്ഥവുമാവാനാണ് നബി(സ്വ)ക്കു താൽപര്യം. ഒരാള്‍ക്കു വേണ്ടി മറ്റൊരാള്‍ റെക്കമന്‍റ് ചെയ്യുകയും അയാളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി അയാളുടെ കൂടെ നടക്കുകയും ചെയ്താൽ ആ സേവനത്തിനു പകരമായി കൈക്കൂലി പറ്റുന്നതോ പ്രതിഫലം സ്വീകരിക്കുന്നതോ പാടില്ലാത്തതാണ്. ജനസേവനം മറ്റുള്ളവന്‍റെ അവകാശത്തിൽ കയ്യേറുന്ന രീതിയിലുള്ളതാകാനും പാടില്ല. തികച്ചും പരിശുദ്ധമായിരിക്കണം. അനര്‍ഹമായ അവകാശം മറ്റൊരാള്‍ക്ക് നേടിക്കൊടുക്കുന്ന രീതിയുമാകരുത്.
പരസ്പരം ദാനം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തയാളാണ് പുണ്യ റസൂൽ (സ്വ). സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ബന്ധം ഊട്ടിയുറക്കും വിധം ഹദ്യകള്‍ കൈമാറാന്‍ ആഹ്വാനം ചെയ്ത റസൂൽ (സ്വ) ഹദ്യ നിഷേധിക്കപ്പെട്ട കൈക്കൂലിയുടെ രൂപം പ്രാപിക്കുമ്പോള്‍ അതിശക്തമായി നിരോധിക്കുകയും ചെയ്തു.
ജനസേവനത്തെ ഇത്രയധികം പ്രോത്സാഹിപ്പിച്ച മറ്റൊരു നേതാവിനെയും കാണാനാവില്ല. ജനസേവനത്തെ ഉദാത്ത ദൗത്യത്തിലേക്ക് കടന്നുവരാന്‍ സാധ്യതയുള്ള സകലവിധ അശണ്ഡതകളെയും സ്വാര്‍ത്ഥ താൽപര്യങ്ങളേയും പുണ്യ റസൂൽ (സ്വ) എതിര്‍ത്തു. വിശുദ്ധവും സംശുദ്ധവുമായ രീതിയിൽ സേവനം ചെയ്യാന്‍ പറഞ്ഞ നബി തങ്ങള്‍ ഏതെങ്കിലും ഒരു അവകാശത്തെ ഇല്ലാതാക്കാന്‍ വക്രമാര്‍ഗ്ഗേണ ഒരാള്‍ ഒരു അക്രമിയെ സഹായിച്ചാൽ അയാള്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഉത്തരവാദിത്വത്തിൽ നിന്ന് മുക്തനായിരിക്കുന്നു എന്നും പറയുകയുണ്ടായി.
ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും നേരെ തന്‍റെ കവാടം കൊട്ടിയടച്ച് തന്‍റെയും തന്‍റെ പ്രിയപ്പെട്ടവരുടെയും വയറു നിറക്കുന്ന ചില ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും പുണ്യറസൂലിന്‍റെ ജീവിതത്തെയാണ്. അയൽവാസി പട്ടിണി കിടക്കുന്ന സമയത്ത് വയറു നിറയെ ഉണ്ണുന്നവന്‍ എന്നിൽ പെട്ടവനല്ലെന്ന് പഠിപ്പിച്ച റസൂൽ (സ്വ) ജീവിച്ചു തീര്‍ത്തത് എളിമയുടെയും ലാളിത്യത്തിന്‍റെയും പാന്ഥാവിലൂടെയായിരുന്നു.