കെ ടി അജ്മൽ പാണ്ടിക്കാട്
ലോകരാജ്യങ്ങളിലൊന്നാമതാകാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യയിൽ വിശപ്പ് അനുഭവിക്കുന്നവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് .ഇതര ദക്ഷിണേഷ്യൻ രാജ്യങ്ങളോടും ബ്രിക്സ് രാജ്യങ്ങളോടും തുലനം ചെയ്യുമ്പോൾ ഇന്ത്യയുടെ ദാരിദ്രനില വളരെയധികം പരിതാപകരമായ നിലയിലാണ്. ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സി(ആഗോള വിശപ്പ് സൂചിക)ന്റെ 2019 -ലെ വിശപ്പ് സൂചിക പ്രകാരം 117 രാജ്യങ്ങളിൽ നിന്നും ഇന്ത്യ നൂറ്റി രണ്ടാംസ്ഥാനത്താണ് .ഇന്ത്യയുടെ നൂറ്റിരണ്ടാം റാങ്ക് അർത്ഥമാക്കുന്നത് ഈ സൂചികയിൽ മറ്റ് പതിനഞ്ച് രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ മോശമായതെന്നാണ്. ആഫ്രിക്കൻ രാജ്യങ്ങളായ സിയറ ലിയോൺ, ഉഗാണ്ട, ജിബൂട്ടി, കോംഗോ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, തിമോർ-ലെസ്റ്റെ, ഹെയ്തി, ലൈബീരിയ, സാംബിയ, മഡഗാസ്കർ, ചാഡ്, യെമൻ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിങ്ങനെയുള്ള രാജ്യങ്ങളാണ് ഇന്ത്യക്ക് താഴെ പട്ടികയിലുള്ളത്.
അയൽ രാജ്യങ്ങളായ ചൈന( 25 ),ശ്രീലങ്ക (66), നേപ്പാൾ (73), ബംഗ്ലാദേശ് (88), പാകിസ്ഥാൻ (94 )എന്നീ അയൽ രാജ്യങ്ങൾ നമ്മുടെ രാജ്യത്തെക്കാൾ ഉയർന്ന സ്ഥാനത്താണ് നിലകൊള്ളുന്നത്. നമ്മുടെ രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വികസന നായകൻ എന്ന പേരിൽ സർക്കാർ വിശേഷിപ്പിക്കുന്ന നമ്മുടെ പ്രധാനമന്ത്രി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിലെ ഹൗഡിമോഡി പരിപാടിയിൽ പങ്കെടുത്ത് ഇന്ത്യൻ വംശജരായ അമേരിക്കക്കാരോട് പറഞ്ഞത് ഇന്ത്യയിൽ അച്ചേദിൻ വന്നിരിക്കുന്നുവെന്നും ഇന്ത്യ അതിവേഗ പുരോഗതിയിലാണെന്നും തട്ടിവിട്ടത് നാമെല്ലാം കേട്ടറിഞ്ഞവരാണ് .എന്നാൽ ആ സമയത്തും അമേരിക്കയിലെ മോഡി ഭക്തർ മോഡി മോഡി എന്ന് വിളിച്ചുകൂവുകയാണുണ്ടായത്.
എന്നാൽ, ഇന്ത്യയുടെ യഥാർത്ഥസ്ഥിതി ഈ വാചോടാപങ്ങൾക്ക് തീർത്തും വിരുദ്ധമാണ് .തകരുന്ന സാമ്പത്തിക വ്യവസ്ഥയും കൂപ്പുകുത്തുന്ന ജി ഡി പി യും ബാങ്കിംഗ് സമ്പ്രദായങ്ങളുമൊക്കെയാ ണ് ഇന്ന് നമ്മുടെ മുഖമുദ്ര. തെരുവോരങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങളും രാമഭക്തരുടെ ഗോരക്ഷാ വിളികളുമാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ പ്രതീകങ്ങൾ . പക്ഷേ അപ്പോഴും നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഷയിൽ, ഇന്ത്യ ദ്രുതവേഗതയിലുള്ള സാമ്പത്തിക പുരോഗതിയിലും അഭിവൃദിയിലുമാണെന്നാണ് .കേവലം പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങൾ മാത്രമല്ല ഇന്ത്യയുടെ ദാരിദ്ര്യരേഖയിലെ സ്ഥാനം. മറിച്ച് ആഗോള വിശപ്പ് സൂചികയുടെ കണക്കാണത്. പോഷകാഹാരക്കുറവ് ,കുട്ടികളുടെ വളർച്ച കുറവ് ,തൂക്കക്കുറവ് ,ശിശുമരണകണക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ആഗോള വിശപ്പ് സൂചിക തങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുള്ളത്.
മുകളിൽ പരാമർശിച്ചവയിൽ ശിശുമരണം ഒഴികെയുള്ള മറ്റു മൂന്നു കാര്യങ്ങളിലും ഇന്ത്യയുടെ അവസ്ഥ ആശങ്കാജനകമാണ്. ലോക വിശപ്പ് സൂചിക പ്രകാരം 2015 ൽ തൊണ്ണൂറ്റി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2019 ൽ നൂറ്റി രണ്ടാം സ്ഥാനത്തേക്കു കൂപ്പുകുത്തുകയായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത് .വായ തുറന്നാൽ ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടുന്നു ഇന്ത്യ ലോകത്ത് ഉയർന്നുനിൽക്കുന്നുവെന്നും വിളിച്ചുകൂവുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കടകവിരുദ്ധമാണ് മുകളിൽ പറഞ്ഞ കണക്കുകൾ .
ജിഡിപി താഴുമ്പോഴും ബാങ്കിങ് മേഖലയും സാമ്പത്തിക മേഖലയും തകർന്നടിയുമ്പോഴും ഇവിടെയൊന്നും സംഭവിച്ചിട്ടില്ലായെന്നാണ് നമ്മുടെ ധനമന്ത്രി പറഞ്ഞത് . ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടുത്തണമെന്നെ ചിന്ത അശേഷം നമ്മുടെ സർക്കാരിന് ഇല്ലെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത് . വെറും കാശ്മീരും മുന്നൂറ്റി എഴുപതാം വകുപ്പും മാത്രമാണ് നമ്മുടെ ആഭ്യന്തരമന്ത്രിയുടെ വാക്കുകളിലുള്ളത് .പ്രതിരോധ മന്ത്രിയുടെ സ്ഥിതിയും മറിച്ചല്ല .വെറും യുദ്ധം മാത്രമാണ് അദ്ദേഹത്തിന്റെ സംസാരവിഷയം. സർവ്വക്കറിന്റെ സങ്കല്പങ്ങൾക്കനുസരിച്ചുള്ള രാജ്യനിർമ്മാണ സ്വപ്നങ്ങളാണ് നമ്മുടെ കേന്ദ്രമന്ത്രിമാരുടെ മുഖ്യ സംസാരവിഷയം. കർഷക ആത്മഹത്യകളും ആൾക്കൂട്ട കൊലപാതകങ്ങളും സാമ്പത്തിക തകർച്ചയും അവരുടെ സംസാര വിഷയമേയല്ല .
വികസ്വര രാഷ്ട്രം എന്ന് നാം അഭിമാനിക്കുന്ന ഇന്ത്യ വിശപ്പിന്റെ കാര്യത്തിൽ ദാരിദ്ര്യം കൊണ്ട് പുതപ്പിട്ട് മൂടിയ പാകിസ്ഥാൻ, ബംഗ്ലാദേശ് ,നേപ്പാൾ എന്നീ രാജ്യങ്ങൾക്കും താഴെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള ചൈന പോലും ആഗോള വിശപ്പ് പട്ടികയിൽ ഇരുപത്തിയഞ്ചാം സ്ഥാനത്താണുള്ളത്. കോടാനുകോടി ദരിദ്രനാരായണന്മാരും വിശപ്പ് അനുഭവിക്കുന്ന കൈ കുഞ്ഞുങ്ങളുമുള്ള ഇന്ത്യക്ക് എങ്ങനെ ലോകത്തെ ശക്തിയായി മാറാൻ കഴിയും?
അനർഹക്കും കോടീശ്വരന്മാർക്കും മാത്രം പണം വാരിക്കോരി നൽകുന്ന സർക്കാരാണ് ഈ ദരിദ്രങ്ങൾക്കും വിശപ്പിനും കാരണമെന്ന് പറഞ്ഞാൽ തെറ്റില്ല .രാജ്യത്തിന്റെ 65% സാമ്പത്തികവും കോടീശ്വരന്മാരുടെയും കോർപ്പറേറ്റ് ഭീകരന്മാരുടെയും കൈകളിലാണെന്നത് വളരെ കൃത്യമായ സത്യമാണ് .
രാജ്യത്ത് പ്രതിദിനം 20.8 ശതമാനം ഭക്ഷണം വേസ്റ്റാക്കുന്നുണ്ടെന്ന് പറയുമ്പോഴാണ് നമുക്ക് അത്ഭുതം വർദ്ധിക്കുന്നത് .രാജ്യത്തിന്റെ ഒരുവശത്ത് വിശപ്പിന്റെ അട്ടഹാസങ്ങളും ആക്രോശങ്ങളും നടക്കുമ്പോൾ മറുഭാഗത്ത് കോടീശ്വരന്മാരുടെ ആഘോഷം പൂരങ്ങളാണ് .
“ഗരീബി ഹഠാവോ” അടക്കമുള്ള പദ്ധതികൾക്ക് പോലും നമ്മുടെ രാജ്യത്തെ ദാരിദ്ര്യം അകറ്റാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് രാജ്യത്തെ ജനങ്ങളാണ്. ആ ജനങ്ങൾ വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്നത് രാജ്യത്തിന്റെ വളർച്ചയെയല്ല സൂചിപ്പിക്കുന്നത് .ദാരിദ്ര രാജ്യങ്ങളായ ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകളെക്കാൾ പോഷകാഹാരക്കുറവുള്ളവരാണ് നമ്മുടെ സ്ത്രീകൾ എന്നതാണ് സത്യം.
ഇന്ത്യൻ വൈദ്യ പരിശോധന കേന്ദ്രം, ഗവൺമെന്റ്ആരോഗ്യ വകുപ്പ് എന്നിവ നടത്തിയ സർവേ റിപ്പോർട്ടുകൾ കാണുമ്പോൾ നാണമാകുന്നു.
എഴുപത് വർഷത്തെ ചരിത്രത്തിന്റെകഥ പറഞ്ഞിരുന്നാൽ വിശപ്പിനുള്ള പരിഹാരം അവസാനിക്കുമോ ? തീർച്ചയായും നിലവിലുള്ള ദാരിദ്ര്യ സൂചികയിലെ സ്ഥാനം കുറക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലാണ് . നോബൽ സമ്മാന ജേതാവായ അഭിജിത് ബാനർജിയും ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ ഈ സർക്കാരിന്റെ നിയമനിർമ്മാണങ്ങളിൽ ദാരിദ്ര നിർമ്മാർജനത്തിനോ മറ്റോ ആവശ്യമായ നിയമങ്ങളില്ല എന്നതാണ് സത്യം. ഫാക്ടറികൾ അടച്ചുപൂട്ടി ലക്ഷക്കണക്കിന് യുവാക്കൾ രാജ്യത്ത് തൊഴിൽരഹിതരായിരിക്കുന്നു. വർഷത്തിൽ രണ്ട് കോടി ജോലിയവസരങ്ങൾ നൽകുമെന്ന വാഗ്ദാനം കാറ്റിൽ പറക്കുന്ന ധൂളിയായി മാറിയിരിക്കുന്നു .ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാതെയും ഇതിനൊന്നും പരിഹാരം കാണാതെയും തങ്ങളുടെ ആശയങ്ങളും ഫാസിസ്റ്റ് ചിന്തകളെയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വിരോധാഭാസം തന്നെ.വിശപ്പുകൊണ്ട് മരിക്കുന്നവരോട് നമ്മുടെ കേന്ദ്ര സർക്കാർ നേരിയ കരുണകാണിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാത്ത ഇന്ത്യക്കാരുണ്ടാവില്ലായെന്നത് തന്നെയാണ് സത്യം.
(അവലംബം: കർണാടകയിലെ മുഖ്യന്യൂനപക്ഷ ദിനപത്രമായ വാർത്താ ഭാരതി)